13 June Thursday

ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ

വെബ് ഡെസ്‌ക്‌Updated: Monday Aug 29, 2016

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയുടെ തീവ്രത അതികഠിനമാക്കിയതില്‍ കൃത്യമായ പങ്കാളിത്തം ബാര്‍കോഴക്കേസിനുണ്ട്. നിലവാരം ഉറപ്പാക്കുന്നതിന്റെ മറവില്‍ ബാറുടമകളുമായി വിലപേശി കോഴപ്പണം നിശ്ചയിക്കുന്നതില്‍ നേരിട്ട ചില സാങ്കേതികതടസ്സമാണ് യുഡിഎഫ് സര്‍ക്കാരിന്റെ 'മദ്യനയ'മായി പരിണമിച്ചത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ആ 'മദ്യനയ'ത്തിന്റെ ഭാഗമായി നടന്നത്. കൊടുത്ത പണത്തിന്റെ കണക്ക് ബാറുടമകള്‍തന്നെയാണ് വിളിച്ചുപറയാന്‍ തുടങ്ങിയത്.  കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റമാണെന്നിരിക്കെ, തങ്ങള്‍ പ്രതിക്കൂട്ടിലെത്തിയാലും സാരമില്ല, അഴിമതിയുടെയും വഞ്ചനയുടെയും ചിത്രം ജനം കാണട്ടെ എന്ന നിലപാടോടെയാണ് ബാറുടമകളില്‍ ചിലര്‍ രംഗത്തുവന്നത്. അങ്ങനെ കേസ് അനിവാര്യമായി വന്നു. അന്വേഷണ ഏജന്‍സിയെ വരുതിയില്‍ നിര്‍ത്തിയും ഉദ്യോഗസ്ഥര്‍ക്കുനേരെ ഭീഷണി ഉയര്‍ത്തിയും പ്രലോഭിപ്പിച്ചും കോടതിയില്‍നിന്ന് വസ്തുതകള്‍ മറച്ചുപിടിച്ചും കുറ്റവാളികളെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായത്. എന്നിട്ടും, ഹൈക്കോടതിപരാമര്‍ശം വന്നപ്പോള്‍ ധനമന്ത്രിസ്ഥാനത്തുനിന്ന് കെ എം മാണിക്ക് രാജി വയ്ക്കേണ്ടിവന്നു. എക്സൈസ്മന്ത്രിസ്ഥാനത്തുനിന്നുള്ള കെ ബാബുവിന്റെ രാജിക്കത്ത് കൈവശം വയ്ക്കാനുള്ള അവസരവും അല്‍പ്പനേരത്തേക്ക് ഉമ്മന്‍ചാണ്ടിക്കുണ്ടായി. മാണിയെ കുറ്റമുക്തനാക്കിയും ബാബുവിനെതിരെ കേസെടുക്കാതെയും ബാര്‍കോഴ തേച്ചുമാച്ചുകളയാനാണ് യുഡിഎഫ് സര്‍ക്കാര്‍ കരുനീക്കിയത്.

ബാര്‍ കോഴയും ആ കേസ് അട്ടിമറിക്കാനുള്ള യുഡിഎഫ് ശ്രമവും തിരിച്ചറിഞ്ഞ് ആദ്യം പ്രതികരിച്ചത് കേരളത്തിലെ ജനങ്ങളാണ്. ആ പ്രതികരണത്തിന്റെകൂടി ഫലമാണ് യുഡിഎഫിന്റെ ദയനീയ തോല്‍വിയും തുടര്‍ന്നുള്ള ശിഥിലീകരണവും. ഒരു തെരഞ്ഞെടുപ്പുതോല്‍വികൊണ്ട് അവസാനിക്കേണ്ടതല്ല ഈ വിഷയത്തില്‍ യുഡിഎഫിനുള്ള ശിക്ഷ. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ കോടതി ഉത്തരവിട്ടതോടെ, കോഴ വാങ്ങിയവര്‍ക്കും അധികാരദുര്‍വിനിയോഗം നടത്തിയവര്‍ക്കും അര്‍ഹമായ ശിക്ഷ ലഭിക്കാനുള്ള വാതിലാണ് തുറന്നത്.

വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍ ശങ്കര്‍റെഡ്ഡി കേസ് അട്ടിമറിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍ സുകേശന്‍ കോടതിയെ സത്യവാങ്മൂലത്തിലൂടെ ബോധ്യപ്പെടുത്തിയത്.   അന്വേഷണം അട്ടിമറിച്ചതിനാല്‍ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും യഥാവിധി അന്വേഷിക്കാന്‍ സമ്മതിച്ചിട്ടില്ലെന്നും  തെളിവുകള്‍  നശിപ്പിച്ചെന്നും  ഇതെല്ലാം പുറത്തുകൊണ്ടുവരാന്‍ തുടരന്വേഷണം നടത്തിയേതീരൂ എന്നുമാണ് സുകേശന്‍ കോടതിയെ അറിയിച്ചത്. അതു ബോധ്യപ്പെട്ടാണ് കോടതിഉത്തരവുണ്ടായത്. കേസിന്റെ സത്യാവസ്ഥ പുറത്തുവരുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം അംഗീകരിക്കുന്നു എന്നാണ് കോടതി പറഞ്ഞത്. അതിനര്‍ഥം സത്യാവസ്ഥ മൂടിവച്ചു എന്ന് കോടതിക്ക് ബോധ്യമായി എന്നാണ്. അങ്ങനെ മൂടിവച്ച ഒരാളുടെ പേരാണ്  സുകേശന്‍ പറഞ്ഞത്– അന്നത്തെ വിജലന്‍സ് ഡയറക്ടറായിരുന്ന എന്‍ ശങ്കര്‍റെഡ്ഡിയുടെ.

ശങ്കര്‍റെഡ്ഡിയെ വിജിലന്‍സില്‍ എത്തിക്കുന്നതുതന്നെ ബാര്‍കോഴക്കേസടക്കം യുഡിഎഫ് സര്‍ക്കാരിലെ പ്രമുഖര്‍ക്കെതിരെയുള്ള കേസുകള്‍ അട്ടിമറിക്കാനാണ്. വജിലന്‍സ് ഡയറക്ടര്‍ ഒരായുധമായി ഉപയോഗിക്കപ്പെട്ടു. ഉപയോഗിച്ചത് വേറെ ചിലരാണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര–വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തലയുമാണ് ആ ചിലരില്‍ മുമ്പന്മാര്‍. ആസൂത്രിത ഇടപെടലിലൂടെ തെളിവുകള്‍ നശിപ്പിച്ചും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും പാദസേവകരെ നിര്‍ണായകസ്ഥാനങ്ങളില്‍ തിരുകിക്കയറ്റിയും ബാര്‍കോഴക്കേസ് ഇല്ലാതാക്കാനുള്ള യുഡിഎഫിന്റെ ശ്രമങ്ങള്‍ ഓരോന്നായി തുടരന്വേഷണത്തില്‍ പുറത്തുവരും.

കോഴ വാങ്ങിയതിന് തെളിവ് നിലനില്‍ക്കെ, കെ എം മാണിക്ക് ക്ളീന്‍ചിറ്റ് നല്‍കിയത് യുഡിഎഫ് ഭരണം നിലനിര്‍ത്താനുള്ള അത്യാര്‍ത്തിമൂലമായിരുന്നു. ഇപ്പോള്‍, തെരഞ്ഞെടുപ്പുപരാജയത്തിനുശേഷം യുഡിഎഫ് വിട്ടുപോയ കെ എം മാണി പറയുന്നത് തനിക്ക് നീതി കിട്ടിയില്ല എന്നാണ്. കെ ബാബുവിന് കിട്ടിയത് തനിക്ക് കിട്ടിയില്ല എന്നാണതിനര്‍ഥം. ഒരേപോലെ കുറ്റംചെയ്ത രണ്ടുപേരില്‍ ഒരാളെ രക്ഷിക്കുകയും മറ്റേയാളെ ശിക്ഷിക്കുകയുമാണെന്ന ഇരട്ടനീതി ആരോപണം നേരത്തേതന്നെ കെ എം മാണിയുടെ പാര്‍ടി ഉന്നയിച്ചതാണ്. വഴിവിട്ട് മാണിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കേരളമായതുകൊണ്ട്, ഇവിടത്തെ ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ജാഗ്രതകൊണ്ട് മാണിയുടെ രാജി അന്ന് ഒഴിവാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. എന്നാല്‍, ബാബുവിന്റെ കേസ് വന്നപ്പോള്‍ ആ ഔചിത്യബോധം പോലും ഉമ്മന്‍ചാണ്ടി സംഘം കൈവിട്ടു. ഇന്ന് വിജലന്‍സിന് സര്‍ക്കാരിന്റെ കൂച്ചുവിലങ്ങില്ല; ആരെയെങ്കിലും രക്ഷിക്കണം എന്ന അജന്‍ഡയുമില്ല. നിയമം നിയമത്തിന്റെ വഴിക്കാണ് സഞ്ചരിക്കുന്നത്. നട്ടെല്ലുള്ള സര്‍ക്കാരിന്‍കീഴില്‍ സത്യസന്ധമായ അന്വേഷണം നടക്കും. ബാര്‍കോഴക്കേസിന്റെ സൂക്ഷ്മാംശങ്ങളിലടക്കം കടന്നുചെന്ന്, കുറ്റംചെയ്ത എല്ലാവരെയും നിയമത്തിനുമുന്നിലെത്തിക്കാനുള്ള പരിശ്രമമാണ് വിജിലന്‍സില്‍നിന്നുണ്ടാകുന്നത്. അപരാധികള്‍ ആരുംതന്നെ രക്ഷപ്പെടരുത്. മഹാപരാധികളായ യുഡിഎഫ് രാഷ്ട്രീയനേതൃത്വം പ്രതിക്കൂട്ടില്‍കയറി കുറ്റം ഏറ്റുപറയണം; ജനങ്ങള്‍ നല്‍കിയ ശിക്ഷയ്ക്കുപുറമെ നിയമത്തിന്റെ ശിക്ഷയും ഏറ്റുവാങ്ങാനുള്ള ബാധ്യത അവര്‍ക്കുണ്ട്. ഇത്തരം അനീതികള്‍ക്കും അഴിമതിക്കും അധ്യക്ഷപദമലങ്കരിക്കുകയും അട്ടിമറികള്‍ക്ക് മൂകസാക്ഷിയാകുകയും കളങ്കിതരെ മത്സരിപ്പിച്ചപ്പോള്‍ ലജ്ജാശൂന്യമായി വോട്ടുപിടിക്കാന്‍ ചെല്ലുകയുംചെയ്ത വി എം സുധീരനെപ്പോലുള്ളവരുടെ യഥാര്‍ഥ മുഖം വീണ്ടും വീണ്ടും തുറന്നുകാട്ടപ്പെടുന്ന അനുഭവവുമാണിത്. കുറ്റവാളികള്‍ക്കെതിരായ ഈ നീക്കത്തിന് സത്യസന്ധതയെയും ജനാധിപത്യത്തെയും മതിക്കുന്ന എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ട് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top