25 April Thursday

ഗാന്ധിഘാതകരുടെ തോക്ക് ഇന്ത്യയുടെ ആത്മാവിനുനേരെ

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2016

ഗാന്ധിഘാതകരെന്ന വിളികേട്ടാല്‍ മാനം നഷ്ടപ്പെടുന്ന സംഘടനയാണ് ആര്‍എസ്എസ്. അങ്ങനെ ആരു വിളിച്ചാലും അവര്‍ കോടതിയെ സമീപിക്കാറുണ്ട്. നാഥുറാം വിനായക് ഗോഡ്സെ ആര്‍എസ്എസ് അല്ല, രാഷ്ട്രപിതാവിനെ വധിച്ച സംഭവത്തില്‍ ആര്‍എസ്എസ് കുറ്റംചെയ്തുവെന്ന് ഒരു കോടതിയും കണ്ടെത്തിയിട്ടില്ല, ആര്‍എസ്എസ് നിരോധിക്കപ്പെട്ടത് ഗാന്ധിജിയെ കൊന്നതിനല്ല എന്നിങ്ങനയുള്ള വാദങ്ങളും പതിവായി ഉയര്‍ത്തുന്നതാണ്. താന്‍ ആര്‍എസ്എസ് വിട്ടുവെന്ന് നാഥുറാം നല്‍കിയ മൊഴിയുടെ സാങ്കേതികത്വത്തില്‍ ആര്‍എസ്എസ് പരിരക്ഷ തേടുകയാണ്. നാഥുറാമിനെ ഇന്നുവരെ ആര്‍എസ്എസ് തള്ളിപ്പറഞ്ഞിട്ടില്ല. നാഥുറാമിന്റെ ആര്‍എസ്എസ് ബന്ധം അടിവരയിട്ടുറപ്പിച്ച സഹോദരന്‍ ഗോപാല്‍ ഗോഡ്സെയെ തിരുത്തിയിട്ടുമില്ല. ഒടുവില്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഗാന്ധിവധവും ആര്‍എസ്സുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോഴും കോടതിയില്‍ അഭയംതോടാനാണ് ആര്‍എസ്എസ് തയ്യാറായത്്. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ മധുരപലഹാരം വിതരണംചെയ്ത് ആഘോഷിച്ച സംഘമാണത്. പക്ഷേ, സാങ്കേതിക ന്യായങ്ങള്‍കൊണ്ട് എക്കാലത്തും ആര്‍എസ്എസിന് രക്ഷപ്പെടാന്‍ കഴിയില്ലാ എന്നാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പുറത്തുവന്ന രേഖകള്‍  തെളിയിക്കുന്നത്. 

ഡല്‍ഹിക്കടുത്ത് റോത്തക്ക് റോഡില്‍ 1947 ഡിസംബര്‍ എട്ടിന് ചേര്‍ന്ന ആര്‍എസ്എസ് ഉന്നതതല യോഗത്തില്‍, അന്നത്തെ സര്‍സംഘ് ചാലക്കും ആര്‍എസ്എസിന്റെ എന്നത്തെയും പരമ പൂജനീയ ഗുരുജിയുമായ മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍, മുസ്ളിങ്ങളെ സഹായിക്കുന്നതിന്റെ പേരില്‍ ഗാന്ധിയെ വധിക്കേണ്ടിവരുമെന്ന് പ്രസംഗിച്ചതിന്റെ രേഖകളാണ് പുറത്തുവരുന്നത്. ആ പ്രസംഗം  നടത്തി 53 ദിവസത്തിനകം ഗാന്ധി കൊല്ലപ്പെടുകയും ചെയ്തു. ഗോള്‍വാള്‍ക്കറുടെ പ്രസംഗത്തിലെ ഒരുഭാഗം ഇങ്ങനെയാണ്: "മുസ്ളിങ്ങളെ ഹിന്ദുസ്ഥാനില്‍ നിലനിര്‍ത്താന്‍ ഒരു ശക്തിക്കുമാകില്ല. അവര്‍ രാജ്യംവിട്ട് പോയേ മതിയാകൂ. മുസ്ളിങ്ങളെ നിലനിര്‍ത്താന്‍ ഗാന്ധി താല്‍പ്പര്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാണിത്. എന്നാല്‍, ആ സമയമാകുമ്പോള്‍ ഒരു മുസ്ളിമും ഇന്ത്യയില്‍ ശേഷിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. ഹിന്ദുസമൂഹത്തിനായിരിക്കില്ല. ഹിന്ദുക്കളെ അധികനാള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഗാന്ധിക്കാകില്ല. ഇത്തരക്കാരെ വേഗത്തില്‍ നിശ്ശബ്ദരാക്കാന്‍ നമുക്ക് മാര്‍ഗമുണ്ട്. ഹിന്ദുക്കളോട് ശത്രുത പുലര്‍ത്തല്‍ നമ്മുടെ പാരമ്പര്യമല്ല. എന്നാല്‍, നിര്‍ബന്ധിതരായാല്‍ നമുക്ക് അതും ചെയ്യേണ്ടിവരും.'' മതസൌഹാര്‍ദത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന ഗാന്ധിജിക്ക്, ഹിന്ദുവായതിന്റെ പേരില്‍ ആനുകൂല്യം നല്‍കില്ല, വേണ്ടിവന്നാല്‍ നിശ്ശബ്ദനാക്കും എന്നതിനര്‍ഥം കൊല്ലുമെന്നു തന്നെയാണ്.

  ഗോള്‍വാള്‍ക്കറുടേത് ഒറ്റപ്പെട്ട ശബ്ദമായിരുന്നില്ല. "ഹിന്ദുരാഷ്ട്രത്തെ അനുസ്യൂതം അപമാനിച്ച ഒരാളെ രാഷ്ട്രത്തിനുവേണ്ടി ഉന്മൂലനംചെയ്യുകയായിരുന്നു എന്റെ സഹോദരന്‍'' എന്ന ഗോപാല്‍ ഗോഡ്സെയുടെ വാക്കിനോട് ഒത്തുനില്‍ക്കുന്നതാണത്.  ഡല്‍ഹി പൊലീസ് ക്രിമിനല്‍ അന്വേഷണവിഭാഗത്തിന്റെ (സിഐഡി) രഹസ്യ റിപ്പോര്‍ട്ടിലാണ് 1947 ഡിസംബര്‍ എട്ടിന് ചേര്‍ന്ന ആര്‍എസ്എസ് യോഗത്തെക്കുറിച്ചുള്ള  വിവരങ്ങളുള്ളത്. ഇന്‍സ്പെക്ടര്‍ കര്‍ത്താര്‍ സിങ് തയ്യാറാക്കിയ ആ റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് ആര്‍ക്കൈവ്സിലുണ്ട്. ഗാന്ധിവധത്തില്‍ പങ്കാളിത്തമില്ലെന്ന ആര്‍എസ്എസിന്റെ എല്ലാ അവകാശവാദങ്ങളുടെയും മുനയൊടിക്കുന്നതാണിത്. 2500  പ്രതിനിധികളെ അഭിസംബോധന ചെയ്താണ് ഗോള്‍വാള്‍ക്കര്‍ ഗാന്ധിജിയെ ഉന്മൂലനംചെയ്യേണ്ടതിന്റെ 'അനിവാര്യത' വിശദീകരിച്ചതെന്നും ഓര്‍ക്കണം. അതിനര്‍ഥം സംഘം അക്കാര്യത്തില്‍ ഉറച്ച തീരുമാനമെടുത്തിരുന്നു എന്നുതന്നെയാണ്. ഗാന്ധിയെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് ഗോഡ്സെയ്ക്ക് കൈമാറിയത് മുതിര്‍ന്ന ആര്‍എസ്എസ് നേതാവാണെന്ന് 1948 ഫെബ്രുവരി ആറിന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍എസ്എസ് ആസൂത്രണം ചെയ്താണ് കാലപാതകമെന്ന്  പ്രധാനമന്ത്രി നെഹ്റുതന്നെ അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലിന് കത്തയച്ചിരുന്നു. ഇതൊന്നും ആര്‍എസ്എസിന് നിഷേധിക്കാനാകില്ല. അവര്‍ ഇപ്പോഴും ആശ്രയിക്കുന്നത് നാഥുറാം ഗോഡ്സെയുടെ വാക്കുകളിലാണ്. ഗോഡ്സെയിലാണ് ആര്‍എസ്എസിന്റെ നിരപരാധിവാദം കേന്ദ്രീകരിക്കുന്നത്. അതാണ് ആര്‍എസ്എസിന്റെ രീതി.

ജനങ്ങള്‍ക്കുമുന്നില്‍ സംശയരഹിതമായി തെളിയുന്ന കാര്യങ്ങള്‍പോലും ലജ്ജയില്ലാതെ മറ്റൊന്നായി അവര്‍ പ്രചരിപ്പിക്കും. രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച മഹാദ്രോഹികള്‍ എന്ന പേരില്‍ അറിയപ്പെടുന്നതിലേ ആര്‍എസ്എസിന് അസ്വസ്ഥതയുള്ളൂ. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മതസൌഹാര്‍ദ സങ്കല്‍പ്പത്തെയും ഇന്ത്യയുടെ ബഹുസ്വരതയെയും ഭരണഘടനയെത്തന്നെയും നിരന്തരം ആക്രമിക്കുന്നതില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കുന്നില്ല.

അനുയായികളെ പ്രച്ഛഹ്നവേഷമണിയിച്ച് ബജ്രംഗ്ദളിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും ഗോരക്ഷാ സമിതിയുടെയും രൂപത്തില്‍ മതനിരപേക്ഷതയ്ക്കുനേരെ യുദ്ധം നടത്തുന്നതിലും അവര്‍ അറച്ചുനില്‍ക്കുന്നില്ല. ആ വിചിത്രഭാവവും രീതിയും തിരിച്ചറിഞ്ഞുകൊണ്ടേ ആര്‍എസ്എസിനെ വിലയിരുത്താനാകൂ– അത് കേവലം സന്നദ്ധ സംഘടനയല്ല, വിനാശകാരിയായ ഒന്നാണെന്ന് തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിക്കൊണ്ടേ മതനിരപേക്ഷ ഇന്ത്യക്ക് മുന്നോട്ടുപോകാനാകൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top