26 April Friday

ലഹരിമുക്ത കേരളത്തിന് ബഹുജന മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Jun 29, 2017

ലഹരിയുടെ പിടിയിലേക്ക് അറിഞ്ഞും അറിയാതെയും തെന്നിനീങ്ങുന്ന തലമുറകളെ രക്ഷിച്ചെടുക്കുക എന്ന വലിയ ദൌത്യം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഏഴുമാസം പിന്നിട്ടു. ഈ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കൂടുതല്‍ ഫലപ്രദമായി മുന്നേറാനുമുള്ള ഗൌരവപൂര്‍ണമായ തീരുമാനങ്ങളാണ് കണ്ണൂരിലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണവേദിയില്‍ മുഴങ്ങിക്കേട്ടത്.

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'വിമുക്തി' പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം നമ്മുടെ നാടിനെ ചൂഴ്ന്നുനില്‍ക്കുന്ന ലഹരിവിപത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. ലഹരിവസ്തുക്കള്‍ ഏതായാലും, അത് നിയമവിരുദ്ധമായി വില്‍ക്കുകയോ കടത്തുകയോ ചെയ്യുന്ന ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച വച്ചുപൊറുപ്പിച്ചുകൂടാ. മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗം കേരളത്തില്‍ അപകടകരമാംവിധം വര്‍ധിക്കുകയാണ്. ഇത് തടയാനുള്ള സര്‍വതല സ്പര്‍ശിയായ ബോധവല്‍ക്കരണ പരിപാടിയാണ് വിമുക്തി മിഷനിലൂടെ നടപ്പാക്കുന്നത്. ഇതോടെപ്പം ലഹരിവ്യാപനം തടയാനുള്ള എല്ലാവഴിയും സര്‍ക്കാര്‍ തേടണം.

മയക്കുമരുന്നുമാഫിയയെ എന്ത് വിലകൊടുത്തും അടിച്ചമര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം താഴെതട്ടുവരെ നടപ്പാക്കാന്‍ അടിയന്തര നടപടി വേണം. മദ്യത്തെ മറികടന്ന് മയക്കുമരുന്ന് ഉപയോഗം കുതിക്കാന്‍ തുടങ്ങിയതോടെ ഗ്രാമ- നഗര ഭേദമെന്യേ ലഹരിവ്യാപാരികള്‍ വ്യാപകമായിരിക്കുന്നു. സ്കൂള്‍- കോളേജ് വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള ലഹരികടത്ത് വര്‍ധിച്ചുവരികയാണ്. 12നും 40നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും ലഹരിക്ക് അടിമപ്പെടുന്നത്. ജീവിതം വഴിമുട്ടി ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരില്‍ കൂടുതലും  ഈ പ്രായക്കാര്‍തന്നെ. ഉപയോഗിക്കുന്നവരെ മാത്രമല്ല, കുടുംബത്തെതന്നെ മയക്കുമരുന്ന് തകര്‍ക്കുന്നു. കാരിയര്‍മാരായി തുടങ്ങി ലഹരിയുടെ അടിമകളായി വന്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടുന്നവര്‍ അനവധിയാണ്.

മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തിലൂന്നിയുള്ള നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജനപങ്കാളിത്തത്തോടെ വ്യാപക ബോധവല്‍ക്കരണംവഴിയേ മദ്യവര്‍ജനം സാധ്യമാവുകയുള്ളൂ. എടുത്തുചാടിയുള്ള മദ്യനിരോധനം പ്രതികൂലഫലം ഉളവാക്കുമെന്നതാണ് എക്കാലത്തെയും അനുഭവം. കേരളത്തിലാകട്ടെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ബാര്‍ അടവുവഴി മദ്യം ഉപഭോഗം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് കണക്ക് വ്യക്തമാക്കുന്നു. മറുവശത്ത് നിരോധിത ലഹരിവസ്തുക്കള്‍ നിര്‍ബാധം വിറ്റഴിക്കപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റപ്പോള്‍ത്തന്നെ ഈ ആപത്തിനെ നേരിടാനുള്ള പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചു. കഴിഞ്ഞ നവംബറില്‍ വിമുക്തി ദൌത്യത്തിന് ഔപചാരിക തുടക്കമായി. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ടുവരിക, നിയമവിരുദ്ധ ലഹരിവസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്നീ പ്രവര്‍ത്തനമാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്. സ്കൂള്‍, കോളേജ് ലഹരിവിരുദ്ധ ക്ളബ്ബുകള്‍, കുടുംബശ്രീ, ലൈബ്രറി കൌണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി- യുവജന- മഹിളാ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനം സംഘടിപ്പിച്ചുവരികയാണ്.

മുഖ്യമന്ത്രി ചെയര്‍മാനും എക്സൈസ് മന്ത്രി വൈസ് ചെയര്‍മാനുമായ ഗവേണിങ് ബോഡിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു. ജില്ല, ബ്ളോക്ക്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളിലും  സമിതികള്‍  പ്രവര്‍ത്തിക്കും. ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ബോധവല്‍ക്കരണംവഴി എന്ത് മാറ്റമാണ് സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുക എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. ലഹരിയിലേക്ക് വഴിമാറിപ്പോകുന്നവരെ തിരുത്തിക്കാനുള്ള ക്രിയാത്മക നടപടികള്‍ മുന്നോട്ടുവച്ച്് സര്‍ക്കാര്‍ പുതിയൊരു പാത വെട്ടിത്തുറന്നിരിക്കുന്നു. ജനകീയ ഇടപെടലാണ് ദൌത്യത്തിന്റെ അടിത്തറ. താഴെതട്ടുവരെ പ്രവര്‍ത്തനസംവിധാനം ഒരുക്കാനായിരിക്കുന്നു. ഇനി എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ കൂട്ടായ മുന്നേറ്റമാണ് ആവശ്യം. പലയിടങ്ങളിലും സന്നദ്ധസംഘടനകളും സ്കൂള്‍- കോളേജ് വിദ്യാര്‍ഥികളും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

സാമൂഹ്യമായ ചുവടുവയ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, മദ്യം- മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയവരെ തിരുത്തല്‍, ലഹരി ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിപണനവും ഇല്ലാതാക്കല്‍, ലഹരിക്ക് അടിമപ്പെട്ടുപോയവരുടെ പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങളാണ് ഇനി മുന്നോട്ടുപോകേണ്ടത്. ഇതൊരു വലിയ ബഹുജനമുന്നേറ്റമായി രൂപപ്പെടുന്നതോടൊപ്പം മയക്കുമരുന്നു മാഫിയക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടിയുംകൂടിയാകുമ്പോള്‍ ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം ഏറെ അകലെയല്ല *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top