02 June Friday

എൽഐസിയും തൂക്കിവിൽക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 30, 2022


അമൂല്യ ആസ്‌തിയുള്ള എൽഐസിയുടെ പൊതുഉടമാ സ്വഭാവവും അതിന്റെ അനുബന്ധമായ പ്രതിബദ്ധതയും  തകർക്കാനാണ്‌ പ്രാഥമിക ഓഹരിവിൽപ്പന (ഐപിഒ)യ്‌ക്ക്‌ മോദി സർക്കാർ ശരവേഗത്തിൽ മുന്നിട്ടിറങ്ങുന്നത്‌.   245 സ്വകാര്യ കമ്പനിയെ ദേശസാൽക്കരിച്ച് 1956 സെപ്തംബർ ഒന്നിനാണ് കേന്ദ്രം എൽഐസി സ്ഥാപിച്ചത്. സമ്പാദ്യവും അടിയന്തരസാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതലും കൂട്ടിയിണക്കിയുള്ള കാഴ്‌ചപ്പാടുകൾ ജനങ്ങൾക്ക്‌ സ്വീകാര്യമായി; ഏറെ വിശ്വാസ്യത നേടുകയും ചെയ്‌തു.  ഇടപാടുകൾ വൻതോതിൽ വിസ്‌തൃതമാകുകയുമുണ്ടായി.  കേന്ദ്രം അഞ്ചുകോടി നിക്ഷേപിച്ചിടത്ത്‌  ആകെ ഫണ്ട്‌ 34 ലക്ഷം കോടിയായി വർധിച്ചു. ഓഹരിവിൽപ്പന എന്നാൽ പോളിസി ഉടമകളിലേക്ക്‌ ഭാവിയിൽ എത്താവുന്ന വരുമാനവിൽപ്പന എന്നതാണ്‌. പ്രത്യാഘാതം പോളിസി ഉടമകളോട്‌ വിശദീകരിച്ചിട്ടില്ല. എൽഐസിയുടെ എംബഡഡ്‌ മൂല്യം (ഭാവി ഓഹരിഉടമകൾ കമ്പനിക്ക്‌ കൽപ്പിക്കുന്ന മൂല്യം) 5.40 ലക്ഷം കോടിയായി നിശ്ചയിച്ചു. യഥാർഥ മൂല്യം രണ്ടരമുതൽ മൂന്ന്‌ മടങ്ങുവരെയാകുമെന്ന്‌ വളരെയടുത്ത്‌ കരുതിയതാണ്‌. പക്ഷേ, വിദേശനിക്ഷേപകരുടെ സമ്മർദത്താൽ ഗുണനഘടകം 1.1 ആയി മോദിഭരണം ഇടിച്ചു.

വിപണിമൂല്യത്തിൽ  ലോകത്തെ ഏറ്റവും  ഉയരമുള്ള ഇൻഷുറൻസ്‌ സ്ഥാപനമാണ്‌ എൽഐസി. ലക്ഷത്തോളം ജീവനക്കാരും  14 ലക്ഷം ഏജന്റുമാരും 29 കോടിക്കടുത്ത്‌  പോളിസി  ഉടമകളും അനുബന്ധ സംവിധാനങ്ങളും. ഷൈലോക്കിയൻ കത്തിയുമായി പാത്തുനിൽക്കുന്ന  അന്താരാഷ്‌ട്ര കഴുകന്മാരുടെ താൽപ്പര്യത്തിനു വഴങ്ങി എൽഐസിയുടെ മൂല്യം ഇടിച്ചുകാണിക്കുന്നത്‌ അധാർമികമാണ്‌; അതുപോലെ  ധനക്രമക്കേടിന്റെ നഗ്നരൂപവും. അത്തരത്തിലുള്ള പ്രഥമ ഓഹരിവിൽപ്പന മേയ് നാലിനു തുടങ്ങാനാണ്‌ തീരുമാനം. 902 രൂപ മുതൽ 949 വരെയാണ് ഓഹരിവില. മെയ്‌  ഒമ്പതിന് ക്ലോസ് ചെയ്യും. ഐപിഒയിലൂടെ 22,13,74,920 ഓഹരിയാണ് ധനമന്ത്രാലയം വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുന്നതും.

ഓഹരിവിൽപ്പന മോദി  സർക്കാർ ഉടൻ നിർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ജീവനക്കാരും പോളിസി ഉടമകളും ട്രേഡ്‌ യൂണിയനുകളും പ്രക്ഷോഭരംഗത്താണ്‌. തികച്ചും കഴുത്തറുപ്പൻ വലതുപക്ഷ പിന്തിരിപ്പൻ നടപടിയാണത്‌. സർക്കാരിന്റെ ദൈനംദിന ചെലവുകൾക്ക്‌  ദീർഘകാല സമ്പാദ്യങ്ങൾ വിറ്റഴിക്കുന്നത്‌ അതിജീവിക്കാനാകാത്ത ദുരന്തമാകുമെന്നതിന്‌ പല ലോക ഉദാഹരണങ്ങളുമുണ്ട്‌.  അതറിഞ്ഞിട്ടും അമേരിക്കൻ മോഡൽ സാമ്പത്തികനയങ്ങൾ പകർത്താനാണ്‌ ശ്രമം. ഇന്ത്യയിലെ പൊൻമുട്ടയിടുന്ന താറാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന എൽഐസിയുടെ ആസ്തി 38 ലക്ഷം കോടിയാണ്. വർഷത്തിൽ  സമാഹരിക്കുന്നതിൽനിന്ന്‌ നിക്ഷേപമാകുന്നത് മൂന്നു  മുതൽ നാലു ലക്ഷം കോടിയോളവും. ഇതുവരെ സർക്കാരിനു നൽകിയ ലാഭവിഹിതമാകട്ടെ 28,695 കോടിയും. ഈ പശ്ചാത്തലത്തിൽ മോദി സർക്കാർ എൽഐസി സ്വകാര്യവൽക്കരിക്കുന്നത് പ്രതിഷേധാർഹമാണെന്നാണ്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രഖ്യാപിച്ചത്‌.

മൻമോഹണോമിക്സ്  സാമ്രാജ്യത്വ ഫിനാൻസ് മൂലധന പ്രതിസന്ധിയെ രാജ്യത്തിന്റെ കതകുകൾ മലർക്കെ തുറന്ന് അനുസ്യൂതം കടത്തിവിട്ടുകൊണ്ടിരുന്നു. മോദിണോമിക്സ് അളവുപരമായ വളർച്ചാ കാലം കടന്ന്  ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും  കൊലചെയ്ത് വീടിനുതന്നെ തീയിടുകയാണ്. യഥാർഥത്തിൽ സാർവദേശീയ (സാമ്രാജ്യത്വ ) ധനമൂലധന - ഇന്ത്യൻ വൻകിട കുത്തക മൂലധന കൂട്ടുകെട്ടുമായി ഭരണകൂടം പൂർണമായി സന്ധിച്ച്‌ പേടിപ്പെടുത്തുന്ന അവസ്ഥയാണ്‌. എൽഐസി പോളിസി ഉടമകൾക്ക് ഇടപാടുകളിൽ ഇപ്പോൾ ചെറിയ പരിഗണന ലഭിക്കാറുണ്ട്. അമിത സ്വകാര്യവൽക്കരണം സ്ഥിതിയാകെ  തകിടംമറിക്കും. സ്വകാര്യ താൽപ്പര്യങ്ങൾക്ക് കഴുത്തറുപ്പൻ  ലാഭം കൊയ്യാവുന്നനിലയിൽ പോളിസികളിൽ മാറ്റംവരുത്തുകയോ, കൂടിയാലോചനയില്ലാതെ പുതിയ പദ്ധതികൾ   അവതരിപ്പിക്കുകയോ ചെയ്യും. ലാഭം ഓഹരി ഉടമകളിലേക്ക്‌ മാറ്റാൻ (പ്രത്യക്ഷമായും പരോക്ഷമായും) ലക്ഷ്യംവയ്ക്കും. അത് പോളിസി ഉടമകളോടുള്ള അനീതിയാണ്. ചുരുക്കത്തിൽ എൽഐസിയെ തകർത്ത്‌ കോർപറേറ്റുകൾക്ക്‌ കാണിക്കവയ്‌ക്കാനുള്ള  തകൃതിയായ നീക്കങ്ങളാണ്‌ അണിയറയിൽ അവസാനഘട്ടത്തിലെത്തി നിൽക്കുന്നത്‌. എൽഐസിയുടെ ഹൃദയമായ ജീവനക്കാരും പോളിസി ഉടമകളും ഒറ്റക്കെട്ടായി ചെറുത്തുനിന്നേ പറ്റൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top