29 March Friday

കോർപറേറ്റുകൾക്ക്‌ കേന്ദ്രത്തിന്റെ സമ്മാനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 29, 2020

ഇന്ത്യയിൽ വമ്പൻ കോർപറേറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ‌ വക ലോട്ടറി. രാജ്യത്തെ 50 കോർപറേറ്റ് മുതലാളിമാർ പൊതുമേഖലാ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത കോടിക്കണക്കിനു രൂപ റിസർവ് ബാങ്ക് എഴുതിത്തള്ളിയിരിക്കുന്നു. എഴുതിത്തള്ളിയത് 68,000 കോടിയിലേറെ രൂപയുടെ കിട്ടാക്കടം. പഞ്ചാബ് നാഷണൽ ബാങ്കിനെ ജാമ്യം നിർത്തി 14,000 കോടി രൂപ തട്ടിച്ച് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയടക്കമുള്ളവരുടെ വായ്പ ഇതിലുൾപ്പെടും. ബാബാ രാംദേവിന്റെ കമ്പനിക്കും ആനുകൂല്യം ലഭിച്ചു. കേന്ദ്ര സർക്കാർ‌ റിസർവ് ബാങ്കിനെ ഉപയോഗിച്ച്‌ രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നാണ് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുന്നത്.

നേരത്തേ തന്നെ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലമർന്നിരിക്കുകയാണ്‌ രാജ്യം. നയാപൈസ വരുമാനമില്ലാതെ, കോടികളുടെ വരുമാനനഷ്ടത്തിൽ ശമ്പളംപോലും കൊടുക്കാനാകാതെ സംസ്ഥാന സർക്കാരുകൾ വട്ടംചുറ്റുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കർഷകരും ഗ്രാമീണരും വരുമാനമില്ലാതെ തളരുകയാണ്‌. പ്രതികൂലസാഹചര്യത്തിലും കോർപറേറ്റുകളുടെ വായ്പ എഴുതിത്തള്ളാൻ കേന്ദ്രം തിരക്കിട്ട് ശ്രമിക്കുകയായിരുന്നു എന്നുവേണം കരുതാൻ. അങ്ങനെ, മുതലാളിമാർ അപഹരിച്ച രാജ്യത്തിന്റെ പൊതുമുതൽ ഒരുളുപ്പുമില്ലാതെ എഴുതിത്തള്ളി. ഇവർ ബാങ്കിൽനിന്ന്‌ എടുത്തത് ജനങ്ങളുടെ നിക്ഷേപമാണല്ലോ. അത് പൊതുപണംതന്നെ. നേരത്തേ കോർപറേറ്റുകൾക്ക് നികുതിയിളവായി രണ്ടുലക്ഷം കോടി രൂപയുടെ ഔദാര്യം നൽകിയതിനു പുറമെയാണിത്.

പൊതുമേഖലാ ബാങ്കുകളിൽനിന്ന് വൻ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി‌ക്കടക്കം അറിയാമെന്ന കാര്യം നേരത്തേതന്നെ വെളിപ്പെട്ടിട്ടുണ്ട്. കിട്ടാക്കടക്കാരുടെ പേരുവിവരമുൾപ്പെടെ റിസർവ് ബാങ്കിന്റെ മുൻ ഗവർണർ രഘുറാം രാജൻ പ്രധാനമന്ത്രി കാര്യാലയത്തിനും ധനമന്ത്രാലയത്തിനും നൽകിയിരുന്നു. പക്ഷേ, പണം തിരിച്ചുപിടിക്കാൻ ഒരു നടപടിയുമുണ്ടായില്ല. പകരം എഴുതിത്തള്ളൽ തുടർച്ചയായി നടന്നു.

വാസ്തവത്തിൽ, വൻകിട കോർപറേറ്റ് മുതലാളിമാർക്ക് രാജ്യത്തെ ബാങ്കുകൾ കൊള്ളയടിക്കാൻ കേന്ദ്ര സർക്കാർതന്നെ അവസരമൊരുക്കുകയാണ് ചെയ്യുന്നത്. റിസർവ് ബാങ്കിന്റെ സ്വയംഭരണം തകർത്ത് വരുതിയിൽ നിർത്തുന്നതും ഈ ലക്ഷ്യത്തോടെ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ രാജ്യം കണ്ടത്. പുതിയ കണക്കുപ്രകാരം ഒമ്പതു ലക്ഷം കോടിയാണ് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം. കിട്ടാക്കടം തിരിച്ചുപിടിക്കാൻ നിയമമുണ്ടെങ്കിലും അതൊന്നും നടപ്പാക്കുന്നില്ല.

കേന്ദ്രസർക്കാർ സമ്മർദം ചെലുത്തിയാണ് കോർപറേറ്റുകൾക്ക് പൊതുമേഖലാ ബാങ്കുകളിൽനിന്ന് വായ്പ കൊടുപ്പിക്കുന്നത്. അത് പിന്നെ റിസർവ് ബാങ്കിനെ ഉപയോഗിച്ച് എഴുതിത്തള്ളും. ഇതാണ് തുടർക്കഥ. എന്നാൽ, പണമില്ലാതെ വിഷമിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത്‌ നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടാനും കേന്ദ്രം ഇതുവരെ സമ്മതിച്ചിട്ടില്ല. കേരളം നിരന്തരമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. അതിനൊന്നും വഴങ്ങാത്ത കേന്ദ്രസർക്കാർ സാമ്പത്തികപ്രതിസന്ധിയുടെ മറവിലും കോർപറേറ്റ് വായ്പ എഴുതിത്തള്ളാൻ മടിക്കുന്നില്ല. രാജ്യത്തിന് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല ഇത്. ശക്തമായ പ്രതിഷേധമുയരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top