25 April Thursday

ധനകമീഷൻ ശുപാർശകൾ സംസ്ഥാനങ്ങളെ ശിക്ഷിക്കാനോ?

വെബ് ഡെസ്‌ക്‌Updated: Thursday Mar 29, 2018


സംസ്ഥാനം മറ്റൊരു സാമ്പത്തിക തിരിച്ചടിയുടെ കൂടി നിഴലിലാണ്.  ജിഎസ്ടിയും കേന്ദ്രനയങ്ങളും സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിൽ അടുത്ത ധനകമീഷൻ ശുപാർശയും സംസ്ഥാനത്തിന് വൻ നഷ്ടം വരുത്തുമെന്നാണ് സൂചന. ഇക്കുറി കേരളം ഒറ്റയ്ക്കല്ല. താരതമ്യേന മെച്ചപ്പെട്ട സാമൂഹ്യവികസന സൂചകങ്ങളും കുടുംബാസൂത്രണമേഖലയിൽ മികവുമുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഈ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.

2011ലെ ജനസംഖ്യ ആധാരമാക്കി ശുപാർശകൾ തയ്യാറാക്കാനുള്ള പതിനഞ്ചാം ധനകമീഷൻ തീരുമാനമാണ് കേരളത്തിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും വൻ നഷ്ടം വരുത്തുക. കേന്ദ്രവും സംസ്ഥാനങ്ങളുമായി രാജ്യത്തിന്റെ വരുമാനം വീതംവയ്ക്കുകയാണ് ധനകമീഷന്റെ ഉത്തരവാദിത്തം. 2020 മുതൽ 2025 വരെ അഞ്ചുവർഷം രാജ്യത്ത് നടപ്പാക്കാനുള്ള സാമ്പത്തിക നിർദേശങ്ങളാണ് പതിനഞ്ചാം ധനകമീഷൻ സമർപ്പിക്കേണ്ടത്. ഇതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ സംസ്ഥാനങ്ങൾക്കുകൂടി സ്വീകാര്യമാകണം എന്നത് ജനാധിപത്യ മര്യാദ. എന്നാൽ, എല്ലാ രംഗത്തും ജനാധിപത്യവിരുദ്ധത മുഖമുദ്രയാക്കിയ ബിജെപി സർക്കാരിനു കീഴിൽ രൂപംകൊണ്ട പതിനഞ്ചാം ധനകമീഷൻ തീർത്തും ഏകപക്ഷീയ നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ്.

കുടുംബാസൂത്രണപരിപാടികൾ വ്യാപകമായി രാജ്യത്ത് നടപ്പാക്കുന്നതിനുമുമ്പുള്ള ജനസംഖ്യാകണക്കെടുപ്പാണ് 1971ലേത്. പതിമൂന്നാം ധനകമീഷൻവരെ 1971ലെ സെൻസസ് കണക്കുകൾ അനുസരിച്ചായിരുന്നു സംസ്ഥാനങ്ങൾക്കുള്ള വിഹിതം നിർണയിച്ചിരുന്നത്. പതിനാലാം ധനകമീഷൻ 2011ലെ സെൻസസ് ആധാരമാക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഈ നീക്കം ഭാഗികമായി ഉപേക്ഷിച്ചു. 2011ലെ സെൻസസിന് 10 ശതമാനം അധിക പരിഗണനമാത്രം നൽകിക്കൊണ്ടായിരുന്നു പതിനാലാം ധനകമീഷൻ നിർദേശങ്ങൾ സമർപ്പിച്ചത്. അപ്പോൾത്തന്നെ, തമിഴ്നാടുപോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് വലിയ നഷ്ടമുണ്ടാക്കി. പതിമൂന്നാം ധനകമീഷനെ അപേക്ഷിച്ച് തമിഴ്നാടിന്റെ റവന്യൂ വിഹിതം 19 ശതമാനം വെട്ടിക്കുറച്ചുകൊണ്ടായിരുന്നു പതിനാലാം ധനകമീഷൻ നിർദേശങ്ങൾ. 6000 കോടി രൂപയുടെ കുറവ് ഇങ്ങനെ വന്നു.

കേന്ദ്ര നികുതിവിഹിതത്തിൽത്തന്നെ കടുത്ത അനീതി നിലനിൽക്കുന്നുണ്ട്. നിലവിൽ നികുതിയിലൂടെയും മറ്റും കേരളം കേന്ദ്രത്തിന് കൊടുക്കുന്ന ഓരോ രൂപയ്ക്കും കേവലം 25 പൈസയാണ് നികുതിവിഹിതമെന്ന നിലയ്ക്ക് തിരികെ ലഭിക്കുന്നത്. തമിഴ്നാടിന്റെ സമാനമായ വിഹിതം 40 പൈസയും കർണാടകത്തിന്റേത് 47 പൈസയുമാണ്. അതേസമയം, ഉത്തർപ്രദേശിന് ഒരു രൂപയ്ക്ക് തിരികെ ലഭിക്കുന്നത് ഒരു രൂപ 79 പൈസയാണ്. പുതിയ നിർദേശം നടപ്പാക്കപ്പെടുകയാണെങ്കിൽ വിഹിതവിതരണത്തിലെ ഈ അസന്തുലിതാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു.

മറ്റ് തരത്തിലും സംസ്ഥാനങ്ങൾക്ക് വിനയാകുന്ന നിർദേശങ്ങൾ തയ്യാറാക്കാനും  ധനകമീഷനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ റവന്യൂവരുമാനവും ചെലവും തമ്മിലുള്ള അന്തരം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ നൽകുന്ന പ്രത്യേക സഹായം (റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്) സംബന്ധിച്ച പുനഃപരിശോധനയാണ് ഇത്തരത്തിൽ കമീഷന് നൽകിയ മറ്റൊരു പ്രധാന ചുമതല. ഗ്രാന്റ് അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് സംശയിക്കപ്പെടുന്നു. ഇതും കേരളത്തിന് തിരിച്ചടിയാകും. 2015‐16ൽ ഈ ഇനത്തിൽ 4300 കോടി രൂപ കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിച്ചിരുന്നു. സാമൂഹ്യസുരക്ഷാ മേഖലയിലടക്കമുള്ള ഇടപെടലുകൾമൂലം വൻതോതിൽ റവന്യൂ വിടവ് നേരിടുന്ന സംസ്ഥാനമാണ് കേരളം.

സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള സ്വാതന്ത്ര്യം കവരാനുള്ള നീക്കമുള്ളതായും സംശയം ഉയരുന്നുണ്ട്. കേന്ദ്രത്തിൽനിന്ന് എടുക്കുന്ന കടം പൂർണമായും അടച്ചുതീർത്താൽ, പിന്നീട് പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിന് സംസ്ഥാനം മുൻകൂർ അനുവാദം തേടേണ്ടതില്ലെന്നാണ് നിലവിലെ വ്യവസ്ഥ. ഈ ഭരണഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ന്യൂ ഇന്ത്യ‐2022 എന്ന പേരിൽ പദ്ധതി കൊണ്ടുവന്ന് അതിന് ഭരണഘടനാ സാധുത നൽകാനുള്ള ആലോചനയും പതിനഞ്ചാം ധനകമീഷന്റെ പരിഗണനാവിഷയത്തിലുണ്ട്.

സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന ഈ നടപടികൾ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സംസ്ഥാനങ്ങൾക്ക് സ്വന്തമായി നികുതിവരുമാനം കണ്ടെത്താനുള്ള സാധ്യത ജിഎസ്ടിയിലൂടെ ഇല്ലാതാക്കിയതിനു പുറമെയാണ് പുതിയ നീക്കമെന്നത് കൂടുതൽ ആപൽക്കരമാകുന്നു. 

ബിജെപി സർക്കാർ വന്നശേഷം നിയമിക്കപ്പെട്ട പതിനഞ്ചാം ധനകമീഷന്റെ ഈ നീക്കത്തിനു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളും സംശയിക്കപ്പെടുന്നു. സാമൂഹ്യവളർച്ചയിൽ മുന്നിലും ബിജെപിയുടെ സ്വാധീനത്തിൽ പിന്നിലും നിൽക്കുന്ന തെക്കൻ സംസ്ഥാനങ്ങളെ തകർക്കുന്ന നടപടിയാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തെക്കും വടക്കും ഇന്ത്യകൾ തമ്മിൽ വലിയ ഭിന്നതയ്ക്കും ഇത് ഇടവരുത്താം. ബ്രിട്ടനും സ്കോട്ലൻഡും തമ്മിലും സ്പെയിനും കത്തലൂണിയയും തമ്മിലും രൂപപ്പെട്ട വിഘടനവാദത്തോളമെത്തിയ പ്രശ്നങ്ങൾപോലെ ധനകമീഷന്റെ നടപടി ഇന്ത്യയെയും അപകടത്തിലാക്കിയേക്കാം എന്നുപോലും വിദഗ്ധർ പറയുന്നു.
ഏതായാലും കേരളം വെറുതെയിരിക്കുകയല്ല. എപ്പോഴും ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാറുള്ള സംസ്ഥാനം ഇക്കുറി സർക്കാർ മുൻകൈയോടെതന്നെ ധനകമീഷൻ നീക്കത്തിനെതിരെ പോർമുഖം തുറക്കുകയാണ്. പതിനഞ്ചാം ധനകമീഷന്റെ സംസ്ഥാനവിരുദ്ധ നീക്കങ്ങളെ ചെറുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഏപ്രിൽ 10ന് തിരുവനന്തപുരത്ത് വിളിച്ചുചേർത്തിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങളും വിഭവങ്ങളും കവരാനുള്ള കേന്ദ്രനീക്കത്തിനെതിരെ രാജ്യമാകെ അണിചേർന്ന് നടത്തേണ്ട പോരാട്ടത്തിന് ഇവിടെനിന്ന് തുടക്കമാകുമെന്ന് പ്രത്യാശിക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top