25 April Thursday

കസേര വിടില്ല; ജയിലിലടച്ചാലും!

വെബ് ഡെസ്‌ക്‌Updated: Friday Jan 29, 2016

ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ ഒരിക്കലും ഒടുങ്ങാത്ത അധികാരദുരയും ധനാര്‍ത്തിയും മാനാപമാനങ്ങള്‍ വേര്‍തിരിച്ചറിയാനാകാത്ത മാനസിക ജഡത്വത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. അതല്ലെങ്കില്‍ ആത്മാഭിമാനമുണ്ടെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയെങ്കിലും രാജിവച്ചിറങ്ങിപ്പോയേനെ അദ്ദേഹം. അഭിമാനത്തിനും മേലെയാണ് അധികാരമെന്ന ജീര്‍ണബോധത്തിലേക്ക് വീണുപോയിരിക്കുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്നു, "രാജിയില്ല.'' 

ധാര്‍മികതയെക്കുറിച്ച് നാഴികയ്ക്കു നാല്‍പ്പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ധാര്‍മികതയ്ക്കുമേലെയാണ് മനഃസാക്ഷി എന്നാണ്. കോടതിയോടുള്ള ആദരവിനെക്കുറിച്ച് വാചാലനായിക്കൊണ്ടിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് കോടതിക്കുമേലെയാണ് ജനകീയ കോടതി എന്നാണ്. എന്താണ് ഇങ്ങനെ നിലപാടുകളില്‍ തകിടംമറിയാനുള്ള കാരണം? ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. നാണകേട് മറയ്ക്കാന്‍ അദ്ദേഹത്തിന് കൈവന്നിട്ടുള്ള കീറപ്പഴന്തുണി ഈ മുടന്തന്‍ ന്യായങ്ങള്‍ മാത്രമാണ്. 164–ാം വകുപ്പ് പ്രകാരമുള്ള മൊഴിയില്‍ പേരുവന്നപ്പോഴേ രാജിവയ്ക്കേണ്ടതായിരുന്നു ഈ മുഖ്യമന്ത്രി. പ്രതിപക്ഷ സമ്മര്‍ദങ്ങളുടെ ഫലമായിട്ടാണെങ്കിലും നിവൃത്തിയില്ലാതെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നപ്പോഴെങ്കിലും രാജിവയ്ക്കണമായിരുന്നു. അതൊന്നും ചെയ്തില്ല. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴോ ജുഡീഷ്യല്‍ കമീഷന്‍ അന്വേഷണപരിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൊണ്ടുവന്നപ്പോഴോ രാജിവച്ചില്ല. സ്വന്തം മന്ത്രിമാര്‍തന്നെ കോടതിയുടെ വാക്കിന്റെ കത്തിയേറില്‍ വീണപ്പോഴോ വിജിലന്‍സിനെ ദുരുപയോഗിച്ച് മുഖ്യമന്ത്രി കേസുകള്‍ ഇല്ലാതാക്കുന്നതില്‍ അമര്‍ഷം പ്രകടിപ്പിച്ച് കോടതി രൂക്ഷമായി വിമര്‍ശിച്ചപ്പോഴോ രാജിവച്ചില്ല. തനിക്കെതിരെയുള്ള കേസ് ഇല്ലാതാക്കാനുള്ള ഈ തീരുമാനമെടുത്തത് കേസിലെ പ്രതിതന്നെ അധ്യക്ഷത വഹിച്ച മന്ത്രിസഭായോഗമല്ലേ എന്നു സുപ്രീംകോടതി ചോദിച്ചിട്ടുപോലും അദ്ദേഹത്തിനു രാജിവയ്ക്കാന്‍ തോന്നിയില്ല. ഇപ്പോഴിതാ പ്രഥമ വിവരറിപ്പോര്‍ട്ടിട്ട് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നു നിര്‍ദേശിച്ചിരിക്കുന്നു വിജിലന്‍സ് കോടതി. എന്നിട്ടും രാജിയില്ല. ഒരു കാര്യം ചോദിക്കട്ടെ മുഖ്യമന്ത്രീ, ജനാധിപത്യത്തില്‍ ഒരു മുഖ്യമന്ത്രിയെക്കൊണ്ട് രാജിവയ്പിക്കാന്‍ ഇതിനപ്പുറം എന്തുവേണമെന്നാണ് അങ്ങ് കരുതുന്നത്? ഇക്കണക്കിനു പോയാല്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലടയ്ക്കപ്പെട്ടു കഴിഞ്ഞാല്‍പ്പോലും ജയില്‍ ഭരണകേന്ദ്രമാക്കി താന്‍ ഭരിക്കും എന്നു പറയുമോ ഇദ്ദേഹം! കോടതിക്കുമേലെയാണ് ജനകീയ കോടതി എന്നും ജനകീയ കോടതി തീര്‍പ്പുകല്‍പ്പിക്കട്ടെ എന്നും ഇപ്പോള്‍ പറയുന്ന ഉമ്മന്‍ചാണ്ടീ താങ്കള്‍ക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ നീതിന്യായ കോടതികളെയാകെ ഇതിനകം പിരിച്ചുവിട്ടുകളയുമായിരുന്നല്ലൊ!

ഉമ്മന്‍ചാണ്ടി രക്ഷപ്പെടാന്‍ കുതറുകയാണ്. ഓരോ കുതറലിലും കുരുക്കുമുറുകുകയാണ്. അതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് സരിതയെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ തമ്പാനൂര്‍ രവി വഴി നടത്തിയ ശ്രമവും ആ ശ്രമം ആരോപണങ്ങളുടെ സംശയാതീതമായ സ്ഥിരീകരണത്തില്‍ കലാശിച്ച സംഭവവും.

മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും നിയമത്തിനതീതനല്ല എന്നാണ് വിജിലന്‍സ് കോടതി പറഞ്ഞത്. അതുമാത്രം മതി രാഷ്ട്രീയ ഔചിത്യമുള്ള ഏതൊരാള്‍ക്കും രാജിവച്ചുപോകാന്‍. ഇവിടെ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്നു കോടതി നിര്‍ദേശിച്ചു. എന്നിട്ടും രാജിയില്ലത്രെ. കെ എം മാണിക്കും കെ ബാബുവിനും രാജിവയ്ക്കാന്‍ സമാനമായ സാഹചര്യം മതിയായിരുന്നു. എന്നാല്‍, ആ സാഹചര്യം അതേക്കാള്‍ രൂക്ഷമായി മുഖ്യമന്ത്രിയെ ചൂഴ്ന്നുനില്‍ക്കുമ്പൊഴും അദ്ദേഹം രാജിക്ക് തയ്യാറല്ല. രാജിവച്ചാല്‍ പിന്നെ അധികാരം ദുരുപയോഗിച്ച് സ്വന്തം വിജിലന്‍സിനെക്കൊണ്ട് തനിക്കനുകൂലമായി റിപ്പോര്‍ട്ട് എഴുതിച്ച് കുറ്റവിമുക്തനാകാന്‍ കഴിയില്ലല്ലൊ!

ജനങ്ങള്‍ക്ക് എല്ലാം വ്യക്തമായിക്കഴിഞ്ഞു. നുണപരിശോധനയ്ക്ക് തയ്യാറാണെന്നു സരിത പറയുമ്പോള്‍ 'നുണപരിശോധന വയ്യേ വയ്യ' എന്നു മുഖ്യമന്ത്രി പറയുന്നു. ഇതില്‍ത്തന്നെയുണ്ട് മുഖ്യമന്ത്രി കള്ളമാണ് പറയുന്നതെന്നതിനുള്ള തെളിവ്. ടീം സോളാറിനെ സരിതയുടെ അറസ്റ്റിനുമുമ്പ് അറിയുമായിരുന്നില്ല എന്നു കമീഷന്‍ മുമ്പാകെയുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ, അതിനു വളരെ മുമ്പേതന്നെ കമ്പനിയെ വിഷ്ണുനാഥിന് പരിചയപ്പെടുത്തിക്കൊടുക്കുന്ന കത്ത് മുഖ്യമന്ത്രി നല്‍കിയിരുന്നുവെന്ന വാദം കൊണ്ടു സരിത പൊളിച്ചു. കത്ത് ഹാജരാക്കാന്‍ തയ്യാര്‍ എന്ന് അവര്‍ പറഞ്ഞു. കടപ്ളാമറ്റത്തു സരിത ചെവിയില്‍ മന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം അവിടെ ചെന്നപ്പോഴാണെന്നതു വ്യക്തമായി. ജയിലില്‍വച്ച് എഴുതിയ 30 പേജുള്ള കത്ത് 4 പേജാക്കി ചുരുക്കിയത് മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നുവെന്നു വ്യക്തമായി. രേഖകളില്ലാത്ത ഒരു ഫോണ്‍ മുഖ്യമന്ത്രി വീട്ടില്‍ സൂക്ഷിക്കുന്നുണ്ട് എന്നും അതിലൂടെയായിരുന്നു പല 'ഓപ്പറേഷനും' എന്നും വ്യക്തമായി.

എല്ലാം ജനം കാണുന്നുണ്ട്. അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് കേരളജനതയോട് മാപ്പുപറയുകയാണ് വേണ്ടത്. ഹൈക്കോടതിയില്‍ പോയി വിജിലന്‍സ് കോടതി വിധിക്കെതിരെ സ്റ്റേ വാങ്ങി പിടിച്ചുനില്‍ക്കാനാകും മുഖ്യമന്ത്രി ശ്രമിക്കുക. കോടതിക്കുമേലെയാണ് ജനകീയ കോടതി എന്നു പുറത്തുപറയുകയും ജനകീയ കോടതിയെ ഭയന്ന് കോടതിയില്‍ അഭയംതേടുകയും ചെയ്യുന്ന ഈ കള്ളക്കളി കോടതിയും ജനങ്ങളും കാണുന്നുണ്ട് എന്നു മാത്രം പറയട്ടെ. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിമാരുടെ രാജികളുടെ ചരിത്രം ഒന്നു നോക്കട്ടെ. ഇത്ര ഗുരുതരമായ അവസ്ഥകള്‍ക്ക് ഏഴയലത്തെത്തുംമുമ്പുതന്നെ രാജിവച്ചു പോയവരേയുള്ളൂ ചരിത്രത്തില്‍. അവരുടെ വഴി പിന്തുടരുക; കോടതിയില്‍ പ്രതിയാക്കപ്പെട്ട ഒരാളാണ് മുഖ്യമന്ത്രി എന്ന അപമാനത്തില്‍നിന്ന് കേരളജനതയെ രക്ഷിക്കുക. താങ്കള്‍ അതു ചെയ്യില്ല എന്നറിയാം. എങ്കിലും ജനവികാരം മുന്‍നിര്‍ത്തി ഈ ആവശ്യം ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാകില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top