02 October Monday

നിയമവാഴ്‌ചയെ വെല്ലുവിളിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 28, 2021കിഴക്കമ്പലം കിറ്റെക്‌സ്‌ ലേബർ ക്യാമ്പിലെ വലിയവിഭാഗം ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെ കടന്നാക്രമിച്ചതിൽ, ക്രമസമാധാന പ്രശ്‌നത്തിനപ്പുറമുള്ള മാനങ്ങളുണ്ട്‌. അഞ്ഞൂറോളംപേർ ആയുധങ്ങളുമായി അക്രമത്തിൽ പങ്കാളികളായെന്നാണ്‌ റിപ്പോർട്ട്‌. ലഹരിക്ക്‌ അടിപ്പെട്ട വലിയൊരു കൂട്ടം സൃഷ്ടിച്ച അരാജകാവസ്ഥ വലിയ ദുരന്തമായി പരിണമിക്കുമായിരുന്നു. എന്നാൽ, പൊലീസ്‌ പക്വതയോടെ ഇടപെട്ടതിനാലാണ്‌ അത്  ഒഴിവായത്‌. സിഐ ഉൾപ്പെടെ 13 ഉദ്യോഗസ്ഥർക്ക്‌ സാരമായി പരിക്കേറ്റതും പൊലീസ്‌ വാഹനങ്ങൾ കത്തിച്ചതും നിസ്സാരമല്ല. അർധരാത്രിമുതൽ പുലരുംവരെ തുടർന്നു അതിക്രമങ്ങൾ. വെടിവയ്‌പ്‌ അനിവാര്യമാക്കുംവിധം പ്രകോപനപരമായിരുന്നു അഴിഞ്ഞാട്ടം. അറ്റകൈയ്ക്ക്‌ മുതിരാതെ കൂടുതൽ സേനയെ എത്തിച്ച്‌ അനുനയവും മിതമായ ബലപ്രയോഗവുംവഴി രംഗം ശാന്തമാക്കി. അക്രമികളോട്‌ അതേ നാണയത്തിൽ പൊലീസ്‌ പ്രതികരിച്ചിരുന്നെങ്കിൽ നിരവധി ജീവൻ നഷ്ടപ്പെടുമായിരുന്നു.

ചെയ്‌തികളുടെ ഗൗരവം ചിന്തിക്കാനാകാത്തവിധം തൊഴിലാളികൾ ലഹരിയിലായത്‌ യാദൃച്ഛികമല്ല. ക്രിസ്‌മസ്‌ രാത്രി കിഴക്കമ്പലത്ത്‌ നടന്ന അസാധാരണ സംഭവങ്ങൾക്കു പിന്നിൽ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു. ആസൂത്രകർ ആഗ്രഹിച്ച വഴിയിൽ മുന്നോട്ടുപോയില്ലെങ്കിലും നിയമവാഴ്‌ചയിൽ വിശ്വാസമർപ്പിക്കുന്നവരിൽ അതുണ്ടാക്കിയ ആഘാതം ചെറുതല്ല. കേരളത്തിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം 35 ലക്ഷത്തിലധികമാണ്‌. ഇവരെ അന്യരായല്ല, അതിഥികളായാണ്‌ എൽഡിഎഫ്‌ സർക്കാർ ചേർത്തുപിടിച്ചത്‌. രജിസ്‌ട്രേഷനും താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കും വ്യവസ്ഥയുണ്ടാക്കി. കോവിഡ്‌ കാലത്ത്‌ ഭക്ഷണം നൽകി. നാട്ടിൽ പോകാനും സൗകര്യങ്ങളേർപ്പെടുത്തി. അവർക്ക്‌ അന്യതാബോധം ഉണ്ടാകാതിരിക്കാൻ എല്ലാ കരുതലുമെടുത്തു.

കിഴക്കമ്പലം അക്രമം അതിഥിത്തൊഴിലാളികളുടെ പൊതുവായ എന്തെങ്കിലും പ്രശ്‌നങ്ങളുടെ പ്രതിഫലനമല്ല. ലഹരിയിൽ സംഭവിച്ചതുമല്ല. മറിച്ച്‌ കിറ്റെക്‌സ്‌ ഉടമയുടെ കീഴിൽ അനുഭവിക്കുന്ന പീഡനങ്ങളാണ്‌ പലരെയും ക്രിമിനലുകളാക്കിയത്‌. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ലേബർ ക്യാമ്പുകളിൽ കുത്തിനിറച്ചാണ്‌ പാർപ്പിക്കുന്നത്‌. തൊഴിൽ വകുപ്പിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ വ്യവസ്ഥകൾ പാലിക്കാതെയാണ്‌ കിറ്റെക്‌സ്‌ തൊഴിലാളികളെ കൈകാര്യം ചെയ്യുന്നത്‌. പരിശോധനയ്‌ക്ക്‌ വരുമ്പോൾ സർക്കാർ വ്യവസായം പൂട്ടിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഉടമയുടെ പരിദേവനം. വ്യവസായം തുടങ്ങാൻ തെലങ്കാന സർക്കാർ വിമാനം അയച്ചുവിളിപ്പിച്ച നാടകവും അരങ്ങേറി.

കഴിഞ്ഞ ജൂണിൽ നടന്ന പരിശോധനാ വിവാദവും ഇപ്പോഴത്തെ കലാപശ്രമവും കൂട്ടിവായിക്കേണ്ടതുണ്ട്‌. അന്ന്‌ കരാർ തൊഴിലാളി നിയമം, അന്തർ സംസ്ഥാന പ്രവാസി തൊഴിലാളി നിയമം എന്നിവയുൾപ്പെടെ 11 നിയമത്തിൽ ലംഘനം കണ്ടത്തി. 74 കുറ്റത്തിന്‌ നോട്ടീസും നൽകി. നിശ്ചിത കാലാവധി പിന്നിട്ടിട്ടും ഒരു നടപടിയും ഉടമ സ്വീകരിച്ചില്ല. തൊഴിലാളികളുടെ അസംതൃപ്‌തി വളർന്നപ്പോൾ ഉടമയുടെ സ്വകാര്യ സേനയെ ഉപയോഗിച്ച്‌ അടിച്ചൊതുക്കി. തൊഴിലാളികളിൽ വിഭാഗീയത വളർത്തുന്നതും പരസ്‌പരം ഏറ്റുമുട്ടാൻ വഴിവയ്‌ക്കുന്നതും ഈ ഗുണ്ടാ സേനയാണ്‌. ലഹരിവസ്‌തുക്കൾ എത്തിക്കുന്നതിനും ഇവർക്ക്‌ പ്രത്യേക ശൃംഖലയുണ്ട്‌.

മലിനീകരണത്തിനെതിരെ പ്രക്ഷോഭം നടന്നപ്പോഴെല്ലാം ഗുണ്ടാസേന അതിഥിത്തൊഴിലാളികളെ നാട്ടുകാർക്കെതിരെ ഇളക്കിവിട്ടു. ക്രിസ്‌മസ്‌ ദിനത്തിൽ സെക്യൂരിറ്റിക്കാർ തൊഴിലാളികളെ ക്രൂരമായി മർദിച്ചതാണ്‌ തുടക്കം. സ്ഥലത്തെത്തിയ പൊലീസിനുനേരെ ഇരുമ്പുവടികളുമായി പാഞ്ഞടുത്തതും മണിക്കൂറുകളോളം അക്രമം അരങ്ങേറിയതും ദുരൂഹമാണ്‌. ലഹരിയിൽ ചെയ്തതെന്ന്‌ അക്രമത്തെ ലഘൂകരിക്കുന്ന കിറ്റെക്‌സ്‌ ഉടമ, പൊലീസിനെ കുറ്റപ്പെടുത്താനും തയ്യാറായി. സിസിടിവി നോക്കി കുറ്റവാളികളെ പിടിച്ചുതരാമെന്ന വാഗ്‌ദാനവുമുണ്ട്‌. ട്വന്റി ട്വന്റി എന്ന കോർപറേറ്റ്‌ അരാഷ്‌ട്രീയ പരീക്ഷണത്തിലൂടെ നേടിയ ഏതാനും പഞ്ചായത്തിന്റെ ഭരണം കൈയിലുണ്ടെന്നു കരുതി, നാടിന്റെ നിയമവാഴ്‌ചയെ വെല്ലുവിളിക്കാമെന്ന്‌ കിറ്റെക്‌സ്‌ ഉടമ കരുതുന്നത്‌ മൗഢ്യമാണ്‌. ജനങ്ങളെ എക്കാലവും സാമ്പത്തിക വ്യാമോഹങ്ങളിൽ കുടുക്കിയിടാനാകില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിക്ക്‌ ലഭിച്ചത്‌. സർക്കാർ വിരുദ്ധ അജൻഡ കിഴക്കമ്പലം അക്രമത്തിനു പിന്നിലുണ്ടോയെന്ന്‌ പരിശോധിക്കണം. എല്ലാ അക്രമികളെയും പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top