26 May Sunday

കരസേനാമേധാവിയോ ആർഎസ്എസ് തലവനോ ?

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2019


ഇന്ത്യൻ ജനാധിപത്യക്രമത്തിന്റെയും ഭരണഘടനയുടെയും അവസാന തുടിപ്പും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് നരേന്ദ്ര മോഡിയും അമിത് ഷായും പരിവാരങ്ങളും അവരുടെ കുഴലൂത്തുകാരായ ഉന്നതോദ്യോഗസ്ഥരും. അനാവശ്യ ഭയവും അരക്ഷിതാവസ്ഥയും ശത്രുനിർവചനവും ഉയർത്തിപ്പിടിച്ച് പൊതുസമൂഹത്തെ സൈനികവൽക്കരിക്കുകയും  സൈന്യത്തെ കാവിവൽക്കരിക്കുകയുമെന്ന ഗൂഢപദ്ധതി ഇതാ പ്രകടമായി പുറത്തെടുത്തിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമാധാന പ്രക്ഷോഭങ്ങൾക്കെതിരായ കരസേനാമേധാവി ബിപിൻ റാവത്തിന്റെ അഭിപ്രായം അത്യന്തം ഭീഷണവും വിനാശകരവുമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കൾ. പല സർവകലാശാലകളിലും കോളേജുകളിലും ആൾക്കൂട്ടങ്ങളെ നയിച്ച് വിദ്യാർഥികൾ പ്രക്ഷോഭം ഏറ്റെടുക്കുകയാണ്. അതിനെ നേതൃത്വം എന്നു വിളിക്കാനാകില്ല. രാജ്യത്ത് നടക്കുന്നത് വഴിവിട്ട സമരങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങളെ അനുചിത വഴികളിലേക്ക് തള്ളിയിടുന്നവരല്ല നേതാക്കളെന്നും തീവയ്പിലേക്കും അക്രമത്തിലേക്കും നയിക്കുന്നത് നല്ല നേതൃത്വമല്ലെന്നുമായിരുന്നു വിമർശനം. വിരമിക്കാൻ അഞ്ചു ദിവസംമാത്രം ശേഷിക്കെയാണ് ആ രാഷ്ട്രീയപ്രസ്താവം എന്നോർക്കണം. അതുപോലെ ചീഫ് ഓഫ് ആർമി സ്റ്റാഫായി റാവത്തിനെ പ്രഖ്യാപിക്കുമെന്ന വാർത്തയുമുണ്ട്.

ഇതിനുമുമ്പ് സൈന്യാധിപന്മാർ പ്രത്യക്ഷരാഷ്ട്രീയം പറഞ്ഞിരുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും അതായിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആവർത്തിച്ച് പറഞ്ഞിരുന്നത് സിവിലിയൻകാര്യങ്ങളിൽ സൈന്യം ഇടപെടരുതെന്നായിരുന്നു. എന്നാൽ, റാവത്ത് അത് ലംഘിച്ചു. കശ്മീരിൽ മനുഷ്യനെ സേനാവാഹനത്തിന്റെ കവചമാക്കിയതിനെ പിന്തുണച്ച അദ്ദേഹം സൈന്യത്തെ വിശ്വസിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന ജനതയ്ക്ക് പകരം, ഭയത്തോടെ കാണുന്ന ജനതയുടെ രാജ്യമാണ് കിനാവുകാണുന്നതും. കല്ലിന് പകരം കശ്മീരികൾ ആയുധം കൈയിലേന്തിയിരുന്നെങ്കിൽ അവസാനിപ്പിച്ചു കളയാമായിരുന്നുവെന്ന് വ്യാമോഹിക്കുകയുംചെയ്തു. അത് നടക്കാതെവന്നതിൽ പരസ്യമായി നിരാശ പ്രകടിപ്പിക്കുകയുമുണ്ടായി. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെയും റാവത്ത് വിമർശിച്ചിരിക്കുന്നു. ആർമി ആക്ടിലെ 21–ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണിത്. അതുകൊണ്ടുതന്നെയാണ് നാവികസേനാ മുൻ മേധാവി അഡ്മിറൽ രാംദാസും മുൻ എയർ വൈസ് മാർഷൽ കപിൽ കാക്കും ബിപിൻ റാവത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയത്. റാവത്തിനെതിരെ ക്ഷോഭിച്ച അഡ്മിറൽ രാംദാസ്, സായുധ സേന സേവിക്കേണ്ടത് രാഷ്ട്രീയശക്തികളെയല്ല, രാജ്യത്തെയാണെന്നാണ് പറഞ്ഞത്. മൂന്ന് സേനകൾക്കുമുള്ള ആഭ്യന്തര നിർദേശമുണ്ട്. ഏവരും നിഷ്പക്ഷരാകണം, രാഷ്ട്രീയചായ് വ് പാടില്ല. പതിറ്റാണ്ടുകളായി ഇത്തരം തത്വങ്ങളാണ് സേനയിൽ. മോഡിക്കുകീഴിൽ അവസ്ഥ എത്രമാത്രം അധഃപതിച്ചെന്നാണ് റാവത്തിന്റെ അഭിപ്രായപ്രകടനം തെളിയിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ ചാടിവീണ കരസേനാമേധാവിക്കെതിരെ സിപിഐ എം ശക്തമായാണ് രംഗത്തെത്തിയത്. ജനകീയസമരങ്ങളെ വിമർശിച്ച റാവത്തിന്റെ പ്രസ്താവം അതീവ ഗുരുതര ചട്ടലംഘനമാണെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പദവിക്കപ്പുറം കടന്ന് പെരുമാറിയതിനാൽ ശാസിക്കണമെന്നും റാവത്ത് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഒരാളുടെ ബുദ്ധിശൂന്യത ഭരണഘടനാസംവിധാനത്തെയാകെ ദോഷകരമായി ബാധിച്ചിരിക്കയാണ്. ജനങ്ങളോട് പ്രതികാരംചെയ്യാനുള്ള അധികാരം ആരും നൽകിയിട്ടില്ല. മോഡിഭരണത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന അധഃപതനത്തിന്റെ ആഴം തെളിയിക്കുന്നതാണ് മേധാവിയുടെ പ്രസ്താവന.

ജനാധിപത്യത്തിൽ വിശ്വാസമർപ്പിക്കുന്നുവെങ്കിൽ വിവാദപരാമർശത്തിന്റെപേരിൽ റാവത്തിനെ ശാസിക്കാൻ കേന്ദ്രം മുന്നോട്ടുവരണം. എന്നാൽ, തികഞ്ഞ മൗനത്തിലൂടെ റാവത്തിന് പിന്തുണയേകുകയാണ് കേന്ദ്രം ചെയ്യുന്നത്. സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിലൂടെ പാകിസ്ഥാന്റെ വഴിയിലേക്കാണോ ഇന്ത്യയും എന്ന സംശയം പ്രബലമാകുകയാണ്. ജനാധിപത്യപ്പോരാട്ടങ്ങളിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരിൽനിന്നുള്ള അനുചിത ഇടപെടൽ സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിൽ ആദ്യമാണ്. രാഷ്ട്രീയസമസ്യകളിൽ പ്രതികരിക്കാൻ സൈനികമേധാവികൾക്ക് അവസരം നൽകിയാൽ അവർ ഭരണം ഏറ്റെടുക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾക്കുമേൽ പട്ടാളമേധാവികളും തീവ്രവാദികളും അധികാരകേന്ദ്രങ്ങളായി മാറുകയും ഭരണത്തിലും രാഷ്ട്രീയത്തിലും അഭിപ്രായമുള്ളവരായി ത്തീരുകയും ചെയ്യുന്ന സാഹചര്യമാണ് പാകിസ്ഥാൻ നേരിട്ട വലിയ ദുര്യോഗം. പട്ടാള അട്ടിമറികളാൽ രാജ്യത്തെ ശിഥിലമാക്കിയപ്പോൾ ഭരണാധികാരികൾ നോക്കുകുത്തികളായി. ആർഎസ്എസും പട്ടാളമേധാവിയും ചേർന്ന് ആ വഴിയിലേക്ക് ഇന്ത്യയെയും തള്ളിയിടുകയാണോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top