23 April Tuesday

വീണ്ടും ‘സുവർണാവസരം' ആരും പ്രതീക്ഷിക്കേണ്ട

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2019

ശബരിമല ‘സുവർണാവസര'മാണെന്നു പറഞ്ഞത് ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റാണെങ്കിലും അത് അങ്ങനെതന്നെയാണെന്ന് കരുതിയവരായിരുന്നു കേരളത്തിലെ യുഡിഎഫ് നേതാക്കൾ. കഴിഞ്ഞ മണ്ഡലകാലത്ത് അവർ ഒന്നിച്ച് ഈ സുവർണാവസരം വിനിയോഗിച്ചു. ശബരിമല സംഘർഷഭൂമിയാക്കി. അതിന്റെ മറവിൽ സർക്കാരിനെതിരെ നുണ പരത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിന്റെ ഫലം കൊയ്യുകയും ചെയ്‌തു.

വീണ്ടും മണ്ഡലകാലം വന്നപ്പോൾ ഇരുകൂട്ടർക്കും സ്വാഭാവികമായും ആവേശം വന്നിട്ടുണ്ട്. ശബരിമലയിൽ എന്തെങ്കിലും ബഹളം ഉണ്ടാക്കിക്കിട്ടിയാൽ ലാഭമാകുമെന്ന്‌ അവർ കരുതുന്നു. പക്ഷേ, ഇതുവരെ ഒന്നും നടന്നില്ല. അപ്പോഴാണ്‌ തൃപ്തി ദേശായിയുടെ ചൊവ്വാഴ്ചത്തെ വരവ്. തികച്ചും ആസൂത്രിതമെന്ന് തോന്നിപ്പിക്കുന്ന മട്ടിലായിരുന്നു അവരുടെ വരവുമായി ബന്ധപ്പെട്ട് ഉണ്ടായതെല്ലാം. അതിവെളുപ്പിന് അവർ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമ്പോൾത്തന്നെ ബിജെപിയുടെ ചാനൽ അവിടെ ഹാജരുണ്ടായിരുന്നു എന്നാണ്‌ സൂചന. ശബരിമലയിലേക്ക് പോകാൻ വന്ന അവർ വഴിമാറ്റി കൊച്ചി പൊലീസ് കമീഷണർ ഓഫീസിൽ എത്തുമ്പോൾ ബിജെപി ജില്ലാ നേതാക്കൾ അടക്കമുള്ളവർ നേരത്തേ പ്രതിഷേധത്തിനൊരുങ്ങി കാത്തുനിന്നു. പിന്നീട് കണ്ടതൊക്കെ കഴിഞ്ഞ മണ്ഡലകാലത്ത് കേരളം കണ്ട അപഹാസ്യനാടകങ്ങൾതന്നെ. നാമജപ സമരം എന്ന പേരിൽ നടുറോഡിൽ സംഘപരിവാർ സംഘങ്ങളുടെ കുത്തിയിരിപ്പ്. ചാനലുകളിൽ യുഡിഎഫ് നേതാക്കളുടെ കുത്തിത്തിരിപ്പ്. അതിനിടയിൽ തൃപ്തിക്കൊപ്പം ചേരാനെത്തിയ ബിന്ദു അമ്മിണിക്കുനേരെ  സാമൂഹ്യവിരുദ്ധനായ ഒരു ‘സംഘപുത്ര'ന്റെ ആക്രമണം.

ശബരിമല സംബന്ധിച്ച നിലപാട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്ത് സുവ്യക്തമായ ഒരു സുപ്രീംകോടതി വിധി നിലവിലുണ്ടായിരുന്നു. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് കയറാം എന്നായിരുന്നു വിധി. ഒരു സംശയത്തിന്റെ കണികയുമില്ലാതെ വന്ന ഈ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമായിരുന്നു. അതിന് അനുസൃതമായ നിലപാട് സർക്കാർ കൈക്കൊണ്ടു. കോടതിവിധി അനുസരിച്ച്‌ ക്ഷേത്രത്തിലേക്ക് വന്ന സ്ത്രീകളെ കാത്തുനിന്ന സംഘപരിവാറിന്റെ അക്രമികളിൽനിന്ന് അവരെ പൊലീസ് സംരക്ഷിച്ചു.

ഇപ്പോൾ സ്ഥിതിമാറി. ആ വിധി സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച്‌ പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കി. അന്തിമതീർപ്പിന് ഏഴംഗ ബെഞ്ചിനു വിട്ടു. എന്നാൽ, പഴയ വിധി സ്റ്റേ ചെയ്‌തു എന്ന് പറഞ്ഞില്ല. ഇത് തികഞ്ഞ അവ്യക്തതയാണ് സൃഷ്ടിച്ചത്. ആ അവ്യക്തത സാധാരണക്കാർക്കുമാത്രമല്ല; നിയമ വിദഗ്‌ധർക്കും സുപ്രീംകോടതി ജഡ്‌ജിമാർക്കുപോലുമുണ്ട്. പഴയ വിധിക്ക്‌ സ്റ്റേ ഇല്ല എന്നതുകൊണ്ട്‌ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന് ഒരു ഭാഗം വാദിക്കുന്നു. എന്നാൽ, ആ വിധിക്ക്‌ ആധാരമായ അടിസ്ഥാന വിഷയങ്ങൾതന്നെ ഏഴംഗ ബെഞ്ചിനു വിട്ട സാഹചര്യത്തിൽ പഴയ വിധി മരവിക്കപ്പെട്ടതായി മറുഭാഗം വാദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥയിൽ സർക്കാരിനു ചെയ്യാൻ കഴിയുക വിധിക്ക്‌ വ്യക്തത വരുന്നതുവരെ കാത്തിരിക്കുക എന്നതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കോടതിവിധികൾ മാനിക്കപ്പെടണം. അതിനുതകുന്ന സമീപനം സർക്കാർ സ്വീകരിക്കണം. അതാണ്‌ സർക്കാർ ചെയ്യുന്നത്

ശബരിമലയിൽ ലക്ഷങ്ങളാണ് എത്തുന്നത്. അവിടെ ഒരുവിധ ക്രമസമാധാന പ്രശ്നവും ഉണ്ടാകരുത് എന്ന നിർബന്ധബുദ്ധി സർക്കാരിനുണ്ട്. ആ ജാഗ്രതയോടെയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും സർക്കാർ ഇടപെടുന്നത്. പുരുഷന് കയറാവുന്ന എവിടെയും സ്ത്രീകൾക്കും കയറാൻ കഴിയണം എന്നത് ഏത് പരിഷ്‌കൃത സമൂഹവും അംഗീകരിക്കുന്ന കാര്യമാണ്. സ്ത്രീ സമത്വത്തിൽ ഊന്നുന്ന  ഈ നിലപാട് സിപിഐ എം ഉൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്കുണ്ട്. അതിൽ ഉറച്ചുനിൽക്കുകയാണെന്ന് ആ പാർടികളും പ്രസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുമുണ്ട്. സംസ്ഥാന സർക്കാരിന്റെയും സമീപനം ഇതുതന്നെ. പക്ഷേ, കോടതിവിധികൾ മാനിക്കപ്പെടണം. അതിനുതകുന്ന സമീപനം സർക്കാർ സ്വീകരിക്കണം. അതാണ്‌ സർക്കാർ ചെയ്യുന്നത്.

സർക്കാരിന്റെ ഈ നിലപാടോടെ ശബരിമലയിലെ മണ്ഡലകാലം സമാധാനപരമായി നീങ്ങുകയാണ്. അത് സഹിക്കാൻ കഴിയാത്തവരുടെ ഒത്താശയോടെയാണ് ചൊവ്വാഴ്‌ചത്തെ തൃപ്തി ദേശായി നാടകം എന്നുതന്നെ കരുതണം. മനുഷ്യന്റെ അടിസ്ഥാനവിഷയങ്ങൾ വിട്ട് വൈകാരികവിഷയങ്ങളിൽ കേന്ദ്രീകരിക്കുക. അതിനു പിന്നിൽ ആളെ നിരത്തുക. നുണക്കെട്ടുകൾ പൊട്ടിച്ചുവിട്ട് തെറ്റിദ്ധാരണ പരത്തുക. അക്രമവും അരാജകത്വവും സൃഷ്ടിക്കുക എന്നതൊക്കെ എവിടെയും ഫാസിസ്റ്റ് രീതിയാണ്. ഇന്നലെയും ഇതെല്ലാം കണ്ടു. തൃപ്തിയുടെ ഒപ്പം കൂടിയ ബിന്ദു അമ്മിണി മന്ത്രി എ കെ ബാലനെ കണ്ടിട്ടാണ് വന്നത് എന്ന കൊടുംനുണ പരത്തിയത് ബിജെപിയാണെങ്കിലും ഏറ്റുപിടിച്ചത് യുഡിഎഫ് നേതാക്കളാണ്. കൊച്ചിയിൽ അക്രമത്തിനുള്ള എല്ലാ സന്നാഹവും ഒരുങ്ങിയിരുന്നു. ബിന്ദു അമ്മിണിക്കുനേരെ നടന്ന ഹീനമായ കൈയേറ്റം അത് വ്യക്തമാക്കുന്നു. ഇത്തരം അക്രമങ്ങളിൽ പൊലീസ് ഒരു വിട്ടുവീഴ്‌ചയും കാട്ടരുത്. കർശനമായ ശിക്ഷ അക്രമികൾക്ക് കിട്ടുംവിധംതന്നെ നടപടിയുണ്ടാകണം.

ശബരിമല വീണ്ടും ‘സുവർണാവസര’മാക്കാം എന്നാണ്‌ ബിജെപിയും യുഡിഎഫും കരുതുന്നതെങ്കിൽ അതിനെതിരെ ജനാധിപത്യ മതനിരപേക്ഷ കേരളം തികഞ്ഞ ജാഗ്രത പുലർത്തണം. സുപ്രീംകോടതി വിധിയിലെ അവ്യക്തത നിലനിൽക്കുമ്പോൾത്തന്നെ ക്ഷേത്രത്തിൽ കയറിയേ തീരൂ എന്ന് വാശിപിടിക്കുന്നവർ ഫലത്തിൽ സഹായിക്കുന്നത് അവരെ തടഞ്ഞേ അടങ്ങൂ എന്ന് കൊലവിളി നടത്തുന്നവരെയാണ്. ഇപ്പോൾ പ്രശ്നങ്ങൾ  ഉണ്ടാക്കുന്നവർക്ക് മുഖ്യ വിഷയം വിശ്വാസമോ ഭക്തിയോ അല്ല. അവർ ആഗ്രഹിക്കുന്നത് അശാന്തിയും സംഘർഷവും അതിന്റെ മറവിൽ മുതലെടുപ്പുമാണ്. അത് തടഞ്ഞേ തീരൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top