13 July Saturday

പ്രതീക്ഷ പകരുന്ന തൊഴിൽ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


കോവിഡ് വ്യാപനം ആരോഗ്യ പ്രതിസന്ധി മാത്രമല്ല സൃഷ്ടിച്ചിരിക്കുന്നത്; നാടിന്റെ സമ്പദ്‌ഘടനയെക്കൂടെ അത് ഞെരിച്ചമർത്തുകയാണ്. എല്ലാ മേഖലയിലും ആശങ്ക മൂടുന്നു. തൊഴിൽ ഇല്ലാതാകുന്നു. ഉള്ളവർക്ക് വേതനം കിട്ടാതാകുന്നു. ഈ അവസ്ഥയിൽ വളരെ കൃത്യമായ ആസൂത്രണത്തോടെയുള്ള സർക്കാർ ഇടപെടൽ മാത്രമാണ് പരിഹാരം. ഈ കാഴ്ചപ്പാടോടെയുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാരിൽനിന്ന് ഉണ്ടാകുന്നില്ല. ഇടയ്ക്കിടെ ടെലിവിഷനിൽ എത്തുന്ന പ്രധാനമന്ത്രി പൊതു അഭ്യർഥനകളും ഉപദേശങ്ങളും നൽകി മടങ്ങുന്നു. മൂർത്തമായ കർമപരിപാടികൾ വളരെ കുറവ്.

ഈ ഘട്ടത്തിൽ കേരള സർക്കാർ വ്യത്യസ്‌തമാകുകയാണ്. കഴിഞ്ഞ ആഗസ്ത് 30നു പ്രഖ്യാപിച്ച 100 ദിന കർമപദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നു. പ്രഖ്യാപനം മാത്രമല്ല, അതിന്റെ പുരോഗതിയും അപ്പപ്പോൾ ജനങ്ങളെ അറിയിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ഭയപ്പെടുത്തുന്ന തോതിൽ സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയെ നേരിടാൻ കൂടുതൽ വിപുലമായ നടപടികളും സർക്കാർ സ്വീകരിക്കുകയാണ്.

ഒക്ടോബർ ഒന്നിന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ച സംയോജിത തൊഴിൽ പദ്ധതി ഇതിലൊന്നാണ്. സാധാരണ അഞ്ചുവർഷ  വാഗ്ദാനങ്ങളുമായാണ് മുന്നണികൾ അധികാരത്തിലെത്തുക. അഞ്ചുവർഷത്തിനുശേഷം ആ വാഗ്ദാനങ്ങളുടെ വിലയിരുത്തൽ പലപ്പോഴും എളുപ്പമാകില്ല. എൽഡിഎഫ് സർക്കാർ അക്കാര്യത്തിലും സവിശേഷത പുലർത്തി. വാഗ്ദാനങ്ങൾ ഏതെല്ലാം നടപ്പാക്കിയെന്നും ഓരോന്നും എവിടെവരെ എത്തിയെന്നും നടപ്പാക്കാൻ കഴിയാത്തവയുണ്ടെങ്കിൽ അത് എന്തുകൊണ്ടെന്നും ജനങ്ങളെ തുടർച്ചയായി അറിയിക്കുന്ന രീതി സർക്കാർ സ്വീകരിച്ചു. പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു.


 

എന്നാൽ, ഇപ്പോൾ പ്രഖ്യാപിച്ച തൊഴിൽ പദ്ധതി  100 നാൾക്കകം നടപ്പാക്കേണ്ടതാണ്. നമ്മുടെ കൺമുമ്പിൽ ഓടിയടുക്കുന്ന ദിവസങ്ങളിൽ അത് യാഥാർഥ്യമാകണം. ജനങ്ങൾക്ക് അത് ബോധ്യമാകുകയും വേണം. ആ വെല്ലുവിളിയാണ് സർക്കാർ ഏറ്റെടുത്തത്; അതും ഈ സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളിൽ. ലോക്ഡൗണിനു മുന്നേ ഒരു തൊഴിൽ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 1000 ആളുകൾക്ക് അഞ്ച്‌ എന്ന തോതിൽ  ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാർഷികേതര മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ളതായിരുന്നു ഈ പദ്ധതി. എന്നാൽ, കോവിഡ് വ്യാപനം പദ്ധതി നടപ്പാക്കലിനു പ്രയാസം സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് 50,000 തൊഴിലവസരം 100 ദിവസംകൊണ്ട് കാർഷികേതര മേഖലകളിൽ സൃഷ്ടിക്കുന്ന പദ്ധതി സർക്കാർ കൊണ്ടുവന്നത്.

ഓരോ മേഖല തിരിച്ച് എത്ര തൊഴിലെന്ന് വ്യക്തമാക്കിയാണ് പദ്ധതി പ്രഖ്യാപിച്ചത്. 90,000 തൊഴിൽ അവസരംവരെ സാധ്യമാകുമെന്ന് സർക്കാർ കരുതുന്നു. എന്നാൽ, ഡിസംബർ 31നു മുമ്പ് 50,000 തൊഴിലെന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പുപറഞ്ഞിരുന്നു. സർക്കാർ മേഖല, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ മേഖല, ഐടി മേഖല, സഹകരണ മേഖല, കുടുംബശ്രീ, വികസന കോർപറേഷനുകൾ എന്നിങ്ങനെ തൊഴിൽ മേഖല വിഭജിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. സർക്കാർ സ്ഥാപനങ്ങൾ നേരിട്ട് തൊഴിൽ നൽകുന്നതിനു പുറമെ സംരംഭകത്വ പ്രോത്സാഹനത്തിന് ഊന്നൽ നൽകി വായ്പാ സഹായവും മറ്റും നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

പ്രഖ്യാപനത്തിനുശേഷം 28 ദിവസം പിന്നിടുന്നു. എന്തായി ഈ പദ്ധതിയെന്ന പരിശോധനയ്ക്ക് സമയമായി. ആ കണക്കുകൾ പുറത്തുവരുന്നുണ്ട്. മൂന്നാഴ്ചത്തെ കണക്കുകളാണ് ലഭ്യമായത്. ഇതുവരെ കാൽലക്ഷം പേർക്ക് തൊഴിൽ നൽകാനായി എന്നാണു വ്യക്തമാകുന്നത്. 25,109 പേർക്ക് തൊഴിലായി. ഇതിൽ മൂവായിരത്തിൽപ്പരം സ്ഥിരം നിയമനമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പിലും കൃഷി വകുപ്പിലും വ്യവസായ വകുപ്പിലുമെല്ലാം നടന്ന നിയമനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. വായ്പകളും ആഭ്യന്തര സൗകര്യങ്ങളും ലഭ്യമാക്കി സംരംഭകത്വ മേഖലയിൽ 18,546 പേർക്കാണ് തൊഴിൽ ലഭിച്ചത്.

അതെ, ഈ കൊടുംപ്രതിസന്ധിയുടെ നാളുകളിലും കേരളം മാതൃക കാട്ടുകയാണ്. വെറും വാക്കുകളല്ലാത്ത മൂർത്ത പദ്ധതികളിലൂടെ ഒരു സർക്കാർ നമ്മളെ മുന്നിൽനിന്ന് നയിക്കുകയാണ്. വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണെന്ന്‌ തെളിയിക്കുകയാണ്. ഈ പ്രതിസന്ധിയും മുറിച്ചുകടക്കുമെന്ന ആത്മവിശ്വാസം ജനങ്ങളിൽ സൃഷ്ടിക്കാൻ സർക്കാരിന് കഴിയുമെന്ന പ്രതീക്ഷ പകരുന്നതാണ് ഈ സമീപനം.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top