19 April Friday

പെരിഞ്ചാംകുട്ടി: വാക്കുപാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 28, 2017

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനപക്ഷബദലിന്റെ തിളക്കമാര്‍ന്ന ഒരേടാവുകയാണ് ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 161 ആദിവാസികുടുംബത്തെ അതേസ്ഥലത്തുതന്നെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം. അത് ദുര്‍ബല ജനവിഭാഗങ്ങളോട് ഈ സര്‍ക്കാരിനുള്ള കരുതലിന്റെ തെളിവുമാണ്. യുഡിഎഫ് ഭരണകാലത്ത് സ്വന്തം മണ്ണില്‍നിന്ന് ക്രൂരമായി ആട്ടിയോടിക്കപ്പെട്ടവരാണ് ഈ കുടുംബങ്ങള്‍. 2012 ഫെബ്രുവരിയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വനംവകുപ്പിനെ ഉപയോഗപ്പെടുത്തി അവരെ കുടിയിറക്കിയത്. രാത്രി പൊലീസുകാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഇറക്കി പെരിഞ്ചാംകുട്ടി വളഞ്ഞശേഷം ആദിവാസികളെ മൃഗീയമായി തല്ലിച്ചതച്ചു. അമ്മമാരുടെ കൈകളില്‍നിന്ന് പിഞ്ചുകുഞ്ഞുങ്ങളെപ്പോലും പിടിച്ചെടുത്ത് വലിച്ചെറിഞ്ഞത് ചിത്രങ്ങള്‍ സഹിതം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അന്ന് റിപ്പോര്‍ട്ട് ചെയ്തു. വൃദ്ധരെയും ഗര്‍ഭിണികളടക്കമുള്ള സ്ത്രീകളെയും തല്ലിച്ചതച്ചശേഷം ദേവികുളം സബ്ജയിലില്‍ മാസങ്ങളോളം അടച്ചു. മനുഷ്യത്വരഹിതമായ നടപടികളാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ മണ്ണിന്റെ മക്കള്‍ക്കെതിരെ ഉണ്ടായത്. എന്നിട്ടും കിടപ്പാടത്തിനായി അവര്‍ സമരരംഗത്ത് ഉറച്ചുനിന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ അവരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതലയോഗത്തില്‍ അവരുടെ ഭൂപ്രശ്നത്തിന് പരിഹാരവുമായി. യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിവിട്ട അതേമണ്ണില്‍ അവര്‍ക്ക് അവകാശം ലഭിക്കുകയാണ്. റവന്യൂവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ ഒരേക്കര്‍വീതമാണ് 161 കുടുംബങ്ങള്‍ക്ക് നല്‍കുക. മന്ത്രിമാരായ എ കെ ബാലന്‍, എം എം മണി, ഇ ചന്ദ്രശേഖരന്‍, കെ രാജു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

  എല്‍ഡിഎഫിന്റെ ജനപക്ഷനയവും യുഡിഎഫിന്റെ ജനവിരുദ്ധതയും വിലയിരുത്താനുള്ള ഒരവസരംകൂടിയാണ് ഈ തീരുമാനം നല്‍കുന്നത്. ആദിവാസികള്‍ അടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങളെ സംരക്ഷിക്കുമെന്ന വാചകമടിയല്ലാതെ നടപടികളൊന്നും യുഡിഎഫ് ഭരണകാലത്തുണ്ടായിട്ടില്ല. ആനുകൂല്യങ്ങള്‍ തട്ടിപ്പറിച്ചും ക്ഷേമപദ്ധതികള്‍ നിഷേധിച്ചും മറ്റും അവരെ പരമാവധി ദ്രോഹിക്കുകയും ചെയ്തു. സ്വന്തമായി ഇത്തിരി മണ്ണ് ചോദിച്ചവരെ എങ്ങനെയാണ് യുഡിഎഫ് സര്‍ക്കാരുകള്‍ കൈകാര്യം ചെയ്തത് എന്നതിന് പെരിഞ്ചാംകുട്ടിക്കുപുറമെ മുത്തങ്ങയുള്‍പ്പെടെ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. അടിച്ചമര്‍ത്തുകമാത്രമല്ല, ഒട്ടും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലേക്ക് ആദിമജനവിഭാഗങ്ങളെ തുരത്താന്‍ ശ്രമിക്കുകയും ചെയ്തവരാണ് യുഡിഎഫുകാര്‍. എല്‍ഡിഎഫ് അധികാരമേറ്റശേഷം മന്ത്രി എ കെ ബാലന്റെ മുന്‍കൈയില്‍ പട്ടികജാതി- വര്‍ഗക്ഷേമവകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന അനേകം പദ്ധതികള്‍ ദുര്‍ബലവിഭാഗങ്ങളില്‍ പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും വളര്‍ത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആട്ടിപ്പായിച്ച ആദിവാസികള്‍ക്ക് തലചായ്ക്കാന്‍ ഇടംനല്‍കിയതിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനകീയമുഖം ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ഭൂമിചോദിച്ച ആദിവാസികളെ കാക്കിക്കരുത്തുകൊണ്ട് നേരിട്ട ഉമ്മന്‍ചാണ്ടിക്കേറ്റ പ്രഹരംകൂടിയാണ് ചൊവ്വാഴ്ചത്തെ സര്‍ക്കാര്‍തീരുമാനം.

  ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറക്കിവിട്ട ആദിവാസികള്‍ കലക്ടറേറ്റിനുമുന്നില്‍ കുടില്‍കെട്ടി ദീര്‍ഘകാലം സമരം നയിച്ചു. സമരത്തിനിടെ 16 ആദിവാസികള്‍ രോഗങ്ങള്‍ക്കിരയായി മരിച്ചു. അക്കാലത്ത് പെരിഞ്ചാംകുട്ടി സന്ദര്‍ശിച്ച എല്‍ഡിഎഫ് നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍, എം എം മണി തുടങ്ങിയവര്‍ ആദിവാസികളെ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട‘ഭൂമി തിരിച്ചുനല്‍കുമെന്നും പ്രഖ്യാപിച്ചു. എല്‍ഡിഎഫ് നല്‍കിയ വാക്ക് അക്ഷരാര്‍ഥത്തില്‍ പാലിക്കുകയാണ് പിണറായി സര്‍ക്കാര്‍. മനുഷ്യത്വത്തിന് വിലകല്‍പ്പിക്കാത്ത യുഡിഎഫിന്റെ തെറ്റായ നടപടികള്‍ക്കുള്ള താക്കീതാണ് സര്‍ക്കാര്‍തീരുമാനം. 

ഇടുക്കി ജില്ലയില്‍ ആദിവാസികളും കൃഷിക്കാരും മറ്റ് കൈവശക്കാരും നേരിടുന്ന ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ശക്തമായ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തുവരുന്നത്. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ പത്തുചങ്ങല പ്രദേശത്തെ താമസക്കാരായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍തീരുമാനം ഇതിലൊന്നാണ്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇരട്ടയാര്‍ പദ്ധതിപ്രദേശത്ത് താമസിക്കുന്ന എല്ലാ കൈവശക്കാര്‍ക്കും പട്ടയം ലഭിക്കും. പദ്ധതിപ്രദേശത്ത് കെഎസ്ഇബിക്ക് ആവശ്യമായ സ്ഥലം, പരമാവധി ജലനിരപ്പുവരെയുള്ള സ്ഥലമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിനാലാണ് ഇരട്ടയാര്‍ വില്ലേജിലെ കുടിയേറ്റകര്‍ഷകര്‍ക്കെല്ലാം പട്ടയം നല്‍കുന്നത്. മറ്റുള്ള പദ്ധതിപ്രദേശങ്ങളില്‍ നിലവില്‍ ഏഴുചങ്ങലവരെയുള്ള പ്രദേശത്താണ് പട്ടയം നല്‍കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top