27 April Saturday

റെയില്‍വേ വില്‍പ്പനയെ പ്രതിരോധിച്ച് കോഴിക്കോട്

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2017

ലോകത്തെ പൊതുമേഖലാസംരംഭങ്ങളില്‍ ഏറ്റവും ബൃഹത്തായ ഇന്ത്യന്‍ റെയില്‍വേയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കംകുറിച്ചുകൊണ്ടാണ് ചരിത്രനഗരമായ കോഴിക്കോട്ട് ബുധനാഴ്ച മനുഷ്യമതില്‍ തീര്‍ത്തത്. നവീകരണത്തിന്റെമറവില്‍ റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള ജനകീയ ഇടപെടലിന്റെ നിര്‍ണായകഘട്ടമെന്ന നിലയില്‍ കോഴിക്കോട്ടെ സമരത്തിന് ദേശീയപ്രാധാന്യംതന്നെയുണ്ട്്.

അധികാരമേറ്റ നാളുകളില്‍ റെയില്‍വേയില്‍ ഒരുതരത്തിലുമുള്ള സ്വകാര്യവല്‍ക്കരണവും നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരുവര്‍ഷം കഴിഞ്ഞ്  2015 ജൂലൈയില്‍ നാനൂറോളം വലിയ സ്റ്റേഷനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ കൈക്കൊണ്ടു. സുപ്രധാനമായ ഒരു സേവനരംഗത്തിന്റെ പ്രാധാന്യം അപ്പടി നിരാകരിച്ചുകൊണ്ട് 'സ്വിസ് ചാലഞ്ച് മോഡല്‍'എന്ന പരസ്യലേലമാണ് റെയില്‍വേ സ്റ്റേഷനുകള്‍ പാട്ടത്തിന് നല്‍കാന്‍വേണ്ടി സ്വീകരിച്ചത്.


 യാത്രക്കാരുടെ സൌകര്യങ്ങള്‍ വിപുലപ്പെടുത്താനുള്ള ചുമതലയും വരുമാനവും റെയില്‍വേക്ക് ഉണ്ട്. പരിമിതികളോടുകൂടിയാണെങ്കിലും മിക്ക എ ക്ളാസ് റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാനസൌകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അത് ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ടെന്നത് വസ്തുതയാണ്. ബഹുഭൂരിപക്ഷവും താഴ്ന്ന ക്ളാസുകളിലെ യാത്രക്കാരായതിനാല്‍ അധികപണംകൊടുത്ത് അനുഭവിക്കേണ്ട പ്രത്യേകസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ റെയില്‍വേക്ക് താല്‍പ്പര്യമില്ല. സ്റ്റേഷനുകളിലെ പ്രാഥമികസൌകര്യങ്ങളടക്കം പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ച്  ചാര്‍ജ് ഈടാക്കലാണ് റെയില്‍വേ ഇതിന് കണ്ടെത്തിയ പരിഹാരം.

പാട്ടത്തിന് നല്‍കാനായി സര്‍ക്കാര്‍ നിശ്ചയിച്ച 408 സ്റ്റേഷനുകളില്‍ 50 എണ്ണം ദക്ഷിണ റെയില്‍വേക്ക് കീഴിലാണ്. നിലവില്‍ കോഴിക്കോട്, ചെന്നൈ സ്റ്റേഷനുകളുടെ ടെന്‍ഡര്‍ നടപടികള്‍ കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും തുടരുകയാണ.്്   പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ 25 സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരണപട്ടികയിലുണ്ട്. ഉയര്‍ന്ന ക്ളാസുകളില്‍ യാത്രചെയ്യുന്നവരുടെ എണ്ണം ഇതര ക്ളാസുകളെ അപേക്ഷിച്ച് ചെറുന്യൂനപക്ഷമാണെന്നിരിക്കെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ സൌകര്യം റെയില്‍വേ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തുന്നതിന്റെ യുക്തി സാമാന്യബോധത്തിന് നിരക്കുന്നതല്ല.

ഹെലിപാഡ്, ബിസിനസ് മാളുകള്‍, ഫുഡ്കോര്‍ട്ടുകള്‍, പോളിക്ളിനിക്കുകള്‍, സ്കില്‍ഡെവലപ്മെന്റ് സെന്റര്‍, വിശാല പാര്‍ക്കിങ് സൌകര്യം തുടങ്ങി പതിനഞ്ചിന വ്യാപാര പ്രവര്‍ത്തനങ്ങളാണ് ആധുനീകരണം എന്നപേരില്‍ റെയില്‍വേ മുന്നോട്ടുവയ്ക്കുന്നത്. നമ്മുടെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള വിശാലമായ സര്‍ക്കാര്‍ഭൂമി സൌജന്യമായി കോര്‍പറേറ്റുകള്‍ക്ക് മറിച്ചുനല്‍കാനുള്ള കുടിലബുദ്ധിയാണ് സ്റ്റേഷന്‍ നവീകരണം എന്നപേരില്‍ അടിച്ചേല്‍പ്പിക്കുന്നത്.  കോഴിക്കോട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട 4.39 ഏക്കര്‍ ഭൂമി ചതുരശ്ര മീറ്ററിന് ഒരു രൂപ പാട്ടത്തിന് നല്‍കാനുള്ള അണിയറനീക്കങ്ങളാണ് തകൃതിയായി നടക്കുന്നത്. ഇപ്പോള്‍ സൌജന്യമായി യാത്രക്കാര്‍ക്ക് ലഭിക്കുന്ന പല സൌകര്യങ്ങള്‍ക്കും ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സ്റ്റേഷനുകളില്‍ നിലവില്‍വരുന്ന സൌകര്യങ്ങളുടെ ചാര്‍ജ് ക്രമേണ യാത്രാടിക്കറ്റില്‍ത്തന്നെ ഉള്‍പ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല.

റെയില്‍വേയെ നിരവധി കോര്‍പറേഷനുകളാക്കി വെട്ടിമുറിച്ച് സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള ബിബേക്ദേബ്റോയ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കാനും പ്രീമിയം, ഫ്ളെക്സി ചാര്‍ജ് ട്രെയിനുകള്‍ വ്യാപകമാക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്്. ബുള്ളറ്റ് ട്രെയിന്‍ പോലുള്ള ആധുനികസംവിധാനങ്ങളിലേക്ക് മുന്‍ഗണന മാറുകയും ചെയ്യുന്നതോടെ സാധാരണക്കാര്‍ക്ക് റെയില്‍വേ അപ്രാപ്യമാകും. വന്‍കിടനിര്‍മാണം, പുതിയ പാതകള്‍, കാറ്ററിങ്, വിദേശ സാങ്കേതിക സഹകരണം, ഭൂമിയേറ്റെടുക്കല്‍, പദ്ധതികളുടെ മേല്‍നോട്ടം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍,  ഖനികള്‍  എന്നിവയുമായി ബന്ധിപ്പിക്കുന്ന റെയില്‍പാതകള്‍ എന്നിവയെല്ലാം   മേലില്‍ പിപിപി സംരംഭങ്ങളായിരിക്കും. അതായത് റെയില്‍വേയില്‍ കോര്‍പറേറ്റുകള്‍ പിടിമുറുക്കിക്കഴിഞ്ഞെന്നര്‍ഥം.

സ്വകാര്യവല്‍ക്കരണം സമ്പൂര്‍ണമാക്കുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റിന്റെ ഓഡിറ്റിങ്ങില്‍നിന്ന് റെയില്‍വേയെ ഒഴിവാക്കിയത്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന  റെയില്‍വേ ബജറ്റ് അവസാനിപ്പിച്ചു. പൊതുബജറ്റില്‍ 1,31,000 കോടി രൂപ റെയില്‍വേക്ക് വകയിരുത്തിയെന്നുപറയുന്നു. എന്നാല്‍,  കേവലം 55,000 കോടി രൂപമാത്രമാണ് സര്‍ക്കാര്‍വിഹിതം. 3500 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പറയുന്നുണ്ടെങ്കിലും തുക വകയിരുത്തിയിട്ടില്ല. സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി വിനിയോഗിക്കുമെന്ന് പറയുന്നു. പക്ഷേ സുരക്ഷയ്ക്ക്  ഉള്‍പ്പെടെ  ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.

മനുഷ്യജീവന്‍ കുരുതികൊടുത്തുകൊണ്ടുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പ്രായോഗികപരിഹാരം ഒന്നും തേടുന്നില്ല. സ്വകാര്യവല്‍ക്കരണ അജന്‍ഡയില്‍ അഭിരമിക്കുന്ന കേന്ദ്രഭരണം റെയില്‍വേ മന്ത്രിമാര്‍ മാറിവരുമ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് പുതിയ മേച്ചില്‍പുറങ്ങള്‍ തുറന്നിടുകയാണ്. റെയില്‍വേലൈനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നകാര്യം സജീവപരിഗണനയിലുണ്ടെന്നാണ്  പുതിയ റെയില്‍മന്ത്രി പിയൂഷ് ഗോയല്‍ ഒടുവില്‍ വെളിപ്പെടുത്തിയത്. സ്വകാര്യമേഖലയ്ക്ക് വഴിതുറക്കുന്നതോടെ മത്സരം അനിവാര്യമാകുമെന്നും യാത്രക്കാര്‍ക്ക് കൂടുതല്‍ സൌകര്യം ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞുവയ്ക്കുമ്പോള്‍ എല്ലാം കൂട്ടിവായിക്കാം. കോഴിക്കോട് മാതൃകയില്‍ ശക്തമായ ജനകീയ ചെറുത്തുനില്‍പ്പ് മാത്രമാണ് പോംവഴി *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top