27 May Monday

അഫ്‌ഗാനിൽ ഇന്ത്യയുടെ നയതന്ത്രവീഴ്‌ച

വെബ് ഡെസ്‌ക്‌Updated: Saturday Aug 28, 2021


അഫ്‌ഗാനിസ്ഥാൻ താലിബാന്റെ പിടിയിലമർന്നിട്ട്‌ 12 ദിവസത്തിനുശേഷമാണ്‌ മോദി സർക്കാർ പ്രതിപക്ഷ കക്ഷി നേതാക്കളെ വിളിച്ച്‌ കാര്യങ്ങൾ വിശദീകരിച്ചത്‌. വൈകിയാണെങ്കിലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമം സ്വാഗതാർഹംതന്നെ. പ്രശ്‌നത്തിന്റെ ഗൗരവം പൂർണമായും ഉൾക്കൊണ്ടിരുന്നെങ്കിൽ പ്രധാനമന്ത്രി നേരിട്ടുതന്നെ യോഗത്തിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ, വിദേശമന്ത്രി എസ്‌ ജയശങ്കറിനെ ചുമതല ഏൽപ്പിച്ച്‌ പ്രധാനമന്ത്രി മാറിനിൽക്കുകയാണുണ്ടായത്‌. അഫ്‌ഗാൻ വിഷയത്തിൽ ഇന്ത്യൻ നയതന്ത്രം പരാജയപ്പെട്ടെന്ന പൊതുധാരണ ശക്തിപ്പെടുന്നതിനാലായിരിക്കണം പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങളെ നേരിടാനാകാതെ പ്രധാനമന്ത്രി വിട്ടുനിന്നത്‌. ആഗസ്‌ത്‌ 15ന്‌ താലിബാൻ എന്ന മതഭീകരപ്രസ്ഥാനം കാബൂൾ പിടിച്ചടക്കിയതുമുതൽ വല്ലാത്ത അനാഥത്വം അനുഭവിക്കുന്ന, മേഖലയിലെ ഏക വൻ ശക്തിയാണ്‌ ഇന്ത്യയെന്ന്‌ പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്‌. താലിബാനോടുള്ള നയം വ്യക്തമാക്കാൻ ഇനിയും സർക്കാരിന്‌ കഴിഞ്ഞിട്ടില്ല. യുഎൻ രക്ഷാസമിതിയിലും യുഎൻ മനുഷ്യാവകാശ കമീഷനിലും താലിബാൻ എന്ന പേരുപോലും ഇന്ത്യ ഉച്ചരിച്ചില്ല. ഇതിൽനിന്ന്‌ മോദി സർക്കാരിന്റെ നയതന്ത്ര പരാജയത്തിന്റെ ആഴം അളക്കാനാകും.

നൂറ്റാണ്ടിന്റെ പഴക്കമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ബന്ധമാണ്‌ ഇരു രാജ്യവും തമ്മിലുള്ളത്‌. 1996ൽ താലിബാൻ അധികാരത്തിൽ വരുമ്പോഴുള്ള അഫ്‌ഗാനിസ്ഥാനേക്കാളും അടുത്ത ബന്ധമാണ്‌ 20 വർഷത്തിനുള്ളിൽ ഇന്ത്യ ആ രാജ്യവുമായി ഉണ്ടാക്കിയിട്ടുള്ളതെന്നാണ്‌ മോദി സർക്കാർ അവകാശപ്പെട്ടിരുന്നത്‌. 400 കോടിയോളം ഡോളറിന്റെ 500ൽ അധികം പദ്ധതി അഫ്‌ഗാനിൽ നടപ്പാക്കിവരികയാണ്‌. പാർലമെന്റ്‌ മന്ദിരനിർമാണം മാത്രമല്ല, അഫ്‌ഗാന്‌ ഒരു ഭരണഘടന നൽകുന്നതിലും തെരഞ്ഞെടുപ്പ്‌ നടത്തുന്നതിലും ഇന്ത്യ പ്രധാന പങ്ക്‌ വഹിച്ചു. ഉദ്യോഗസ്ഥർക്കും സൈനികർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകി. എല്ലാ മേഖലയിലും ആഴത്തിലുള്ള ബന്ധം ഉണ്ടാക്കിയിട്ടും താലിബാനികൾ കാബൂളിലെത്തി രണ്ട്‌ ദിവസത്തിനകം എല്ലാ മിഷനുകളും എംബസിതന്നെയും അടച്ചുപൂട്ടിയത്‌ നയതന്ത്രജ്ഞതയില്ലായ്‌മയുടെ സാക്ഷ്യപത്രമാണ്‌. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ എംബസികൾ പ്രവർത്തിക്കുമ്പോഴാണ്‌ അവരേക്കാളും അഫ്‌ഗാനികൾ സ്‌നേഹിക്കുന്ന ഇന്ത്യ എംബസി പൂട്ടിക്കെട്ടിയത്‌. അഫ്‌ഗാനിൽ ഉരുത്തിരിയുന്ന രാഷ്ട്രീയസാഹചര്യങ്ങളിൽ സജീവമായി ഇടപെടാനുള്ള ഇന്ത്യയുടെ അവസരമാണ്‌ കളഞ്ഞുകുളിച്ചത്‌. എംബസി അടയ്‌ക്കാനുള്ള തീരുമാനത്തിനെതിരെ പ്രമുഖ നയതന്ത്രജ്ഞർ രംഗത്ത്‌ വന്നതും ഇതുകൊണ്ടാണ്‌. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്‌ ചേരാത്തവിധം ഹിന്ദുക്കളെയും സിഖുകാരെയും തിരിച്ചെത്തിക്കുന്നതിന്‌ മുൻഗണന നൽകുമെന്ന പ്രസ്‌താവനയും ഒഴിവാക്കേണ്ടതായിരുന്നു. ഈ പ്രസ്‌താവനയിൽ ഏറ്റവും നിരാശരായവർ ഇന്ത്യയിൽ അഭയം തേടാൻ ലക്ഷ്യമിട്ട അഫ്‌ഗാനികളായിരുന്നു. അഫ്‌ഗാൻ ജനങ്ങളുമായുള്ള അടുത്ത ബന്ധമാണ്‌ ഇന്ത്യയുടെ കരുത്ത്‌ എന്ന്‌ തിരിച്ചറിയാൻ കഴിയാത്തവരാണ്‌ രാജ്യം ഭരിക്കുന്നത്‌.

എംബസിയിൽനിന്ന്‌ 10 കിലോമീറ്റർ കുറവ്‌ ദൂരമുള്ള കാബൂൾ വിമാനത്താവളത്തിലേക്ക്‌ ഇന്ത്യൻ സംഘത്തിന്‌ എത്താൻ അഞ്ച്‌ മണിക്കൂർ എടുക്കേണ്ടിവന്നുവെന്നത്‌ ഇന്ത്യൻ ഒറ്റപ്പെടൽ വ്യക്തമാക്കുന്നു. സ്വതന്ത്രവിദേശനയം ഉപേക്ഷിച്ച്‌ അമേരിക്കയുടെ സാമന്തരാജ്യമായി ഇന്ത്യയെ മാറ്റിയതിന്റെ ദുരന്തഫലംകൂടിയാണ്‌ ഇത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയിൽത്തന്നെ അഫ്‌ഗാനിൽനിന്ന്‌ സേനാപിന്മാറ്റം ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഈ ഘട്ടത്തിൽ അഫ്‌ഗാൻ ഉൾപ്പെടുന്ന മേഖലയിലെ രാഷ്ട്രങ്ങൾ താലിബാനുമായും അഫ്‌ഗാനിലെ ഇതര ശക്തികളുമായും അടുത്തബന്ധം പുലർത്തി. എന്നാൽ, അമേരിക്കയെ പൂർണമായും വിശ്വസിച്ച ഇന്ത്യ അതിനൊന്നും മുതിർന്നില്ല. 2018 ജൂലൈയിൽ ദോഹവട്ടം ചർച്ച ആരംഭിച്ചശേഷം അഫ്‌ഗാനിൽ എന്താണ്‌ നടക്കുന്നതെന്ന്‌ ഇന്ത്യയെ അറിയിക്കാൻ ഒരു ശക്തിയും തയ്യാറായില്ലെന്നതും വസ്‌തുതയാണ്‌. ഇന്ത്യയുടെ നയതന്ത്ര പങ്കാളിയും ക്വാഡ്‌ സഖ്യത്തിന്റെ തലവനുമായ അമേരിക്കയോ ഇന്ത്യയുടെ പരമ്പരാഗത സുഹൃത്ത്‌ റഷ്യയോ ചർച്ചകളുടെ സാരാംശം പങ്ക്‌ വയ്‌ക്കാൻ തയ്യാറായില്ല. അന്ധമായ അമേരിക്കൻ വിധേയത്വം റഷ്യയടക്കമുള്ള സുഹൃത്തുക്കളെപ്പോലും ഇന്ത്യയിൽനിന്ന്‌ അകറ്റിയപ്പോൾ അമേരിക്കയാകട്ടെ ഇന്ത്യയെ പൂർണമായും ഇരുട്ടിൽ നിർത്തുകയും ചെയ്‌തു. ഇതിന്റെ ഫലമായാണ്‌ ഇന്ത്യക്കാരെ യഥാസമയം ഒഴിപ്പിക്കാൻ കഴിയാത്ത ദയനീയാവസ്ഥയിൽ എത്തിച്ചത്‌.

അമേരിക്കയുടെ യഥാർഥ താൽപ്പര്യം മനസ്സിലാക്കുന്നതിലും താലിബാന്റെ ശക്തി അളക്കുന്നതിലും ഗനി സർക്കാർ ദുർബലമാണെന്ന വസ്‌തുത ഉൾക്കൊള്ളുന്നതിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. പ്രഖ്യാപിച്ചതിലും നേരത്തേ അമേരിക്ക പിന്മാറ്റം നടത്തുന്നതും അടുത്ത നയതന്ത്ര പങ്കാളി ഇന്ത്യയെ അറിയിച്ചില്ലെന്നത്‌ അവരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന്‌ ഒരിക്കൽക്കൂടി വ്യക്തമാക്കി. അമേരിക്കയെ അമിതമായി വിശ്വസിച്ചാൽ അവർ ചതിക്കുമെന്നതിന്‌ മറ്റൊരു ഉദാഹരണംകൂടിയാണ് ഇത്‌. താലിബാന്റെ മതഭീകരതയെ ചോദ്യം ചെയ്യാൻ അഫ്‌ഗാൻ പൗരന്മാരോട്‌ ആവശ്യപ്പെട്ട അമേരിക്ക ഇപ്പോൾ അതേ മതഭീകരർക്ക്‌ അധികാരം നൽകി പിൻവാങ്ങുമ്പോൾ താലിബാനെ എതിർത്ത അഫ്‌ഗാൻ ജനതയെയാണ്‌ അവർ വഞ്ചിക്കുന്നത്‌. ഇന്ന്‌ അഫ്‌ഗാൻ ജനതയാണെങ്കിൽ നാളെ അത്‌ ഇന്ത്യൻ ജനതയായിരിക്കും. അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറിയും നയതന്ത്ര വിദഗ്ധനുമായ ഹെൻറി കിസിഞ്ചർ പറഞ്ഞതുപോലെ ‘അമേരിക്കയുടെ ശത്രുവായിരിക്കുന്നത്‌ അപകടകരമാണ്‌. അതോടൊപ്പം അമേരിക്കയുടെ ചങ്ങാതിയാകുന്നത്‌ മാരകമാണ്‌.’ അതിനാൽ, അമേരിക്കൻ ചങ്ങാത്തം ഇനിയെങ്കിലും ഉപേക്ഷിച്ച്‌ സ്വതന്ത്ര വിദേശനയത്തിലേക്ക്‌ ഇന്ത്യ തിരിച്ചുപോകുകയാണ്‌ വേണ്ടത്‌. അങ്ങനെ ചെയ്യുന്നപക്ഷം അഫ്‌ഗാനിൽ സംഭവിച്ച നയതന്ത്രപാളിച്ച ആവർത്തിക്കാതിരിക്കാനെങ്കിലും കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top