01 April Saturday

ഒരുമാസത്തെ ശമ്പളം നൽകും; ചുവടുറപ്പിച്ച്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

 ഒരുമാസത്തെ വേതനവും അതിലേറെയും ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവന ചെയ‌്ത കുറെപ്പേർ നേരത്തെതന്നെയുണ്ട‌്‌. സ്വമേധയാ ഇങ്ങനെ ചെയ്യുന്നവരുടെ എണ്ണം പരിമിതമായിരുന്നു. എല്ലാവരും  ഇത്‌ ചെയ്താൽ അതൊരു മഹത്തായ കൂട്ടായ‌്മയായിമാറും. സ്വന്തം നാടിനെ രക്ഷിക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുക. അങ്ങനെ ഒരു ആശയം എങ്ങനെ പ്രാവർത്തികമാക്കും? ജനങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ഒരു ഭരണാധികാരിക്ക‌് അതൊരു കടമ്പയായില്ല. ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ‌്താൽ നമ്മുടെ നാടിന്റെ പുനർനിർമാണം എളുപ്പമാകുമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന നാടൊന്നാകെ നെഞ്ചേറ്റിയിരിക്കുന്നു. സംസ്ഥാന ഗവർണർമുതൽ സാധാരണക്കാരൻവരെ. അമേരിക്കയിലെ ടെക‌്നോക്രാറ്റുമുതൽ ഗൾഫിലെ പ്രവാസിവരെ. ജനങ്ങളാണ‌് ശക്തിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, തകർന്നടിഞ്ഞ കേരളത്തിന‌് പുതിയൊരു ഉയിർപ്പായി വഴികാട്ടുന്നു.

ജീവരക്ഷയും ദുരിതാശ്വാസവും പുനരധിവാസവുമൊക്കെ പ്രകൃതിദുരന്തങ്ങളിൽ അനിവാര്യതകളാണ‌്. എന്നാൽ, കേരളം ആവശ്യപ്പെടുന്നത‌് പുനർനിർമാണമാണെന്ന തിരിച്ചറിവാണ‌് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ നയിക്കുന്നത‌്. നഷ്ടക്കണക്കുകൾ അക്കത്തിലാക്കിയാൽ 37,000 കോടി. എങ്ങനെ ജീവിതം തിരിച്ചുപിടിക്കുമെന്ന  ചോദ്യത്തിന‌ുമുന്നിൽ ഉത്തരം മുട്ടരുതെന്ന നിർബന്ധമുള്ളവരാണ‌് മലയാളികൾ. എല്ലാവരും കൈനീട്ടുന്നുണ്ട‌് പിടിച്ചുയർത്താൻ. എന്നാലും എത്രവരും എന്ന ആശങ്ക എല്ലാ മുഖങ്ങളിലുമുണ്ട‌്‌. ലോകരാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നതിലുള്ള സാങ്കേതികക്കുരുക്കുകൾ വേറെയും.

വിഭവങ്ങളുടെ പങ്കുവയ‌്പിൽ  വ്യക്തമായ വ്യവസ്ഥകളുള്ള ഭരണസംവിധാനമാണ‌് നമ്മുടെ ഫെഡറൽ ജനാധിപത്യം. സംസ്ഥാനങ്ങൾ വീണുപോകുമ്പോൾ താങ്ങിനിർത്തേണ്ടത‌് കേന്ദ്രമാണ‌്. ആ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ നിർവഹിക്കുമോ എന്നു കണ്ടറിയണം. ഇതുവരെ പ്രഖ്യാപിച്ച 600 കോടിയും സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക‌് നൽകിയതായി പറയുന്ന 562 കോടിയും ചേർത്താലും സംഭവിച്ച നഷ്ടത്തിന്റെ  മൂന്നുശതമാനമേ വരികയുള്ളൂ. വിദേശസഹായം അനിശ‌്ചിതത്വത്തിലായ സാഹചര്യം കേരളത്തെ വല്ലാതെ അങ്കലാപ്പിലാക്കുന്നുണ്ട‌്. അറബ‌്നാടുകളിൽ വിയർപ്പൊഴുക്കുന്ന  ലക്ഷക്കണക്കിന‌് മലയാളികളോടുള്ള ഐക്യദാർഢ്യമാണ‌് യുഎഇ ഭരണാധികാരി പ്രകടിപ്പിച്ചത‌്. എന്നാൽ, അത‌് തുറന്നമനസ്സോടെ പ്രയോജനപ്പെടുത്താൻ സാധിക്കാത്തതിനുപിന്നിൽ രാഷ്ട്രീയകാരണങ്ങളല്ലാതെ മറ്റെന്താണ‌്.

   കേരളത്തിലെ ആബാലവൃദ്ധവും ഇതരസംസ്ഥാനങ്ങളും സ്ഥാപനങ്ങളും പ്രമുഖ വ്യക്തിത്വങ്ങളുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ആകുംവിധം സംഭാവന നൽകുന്നുണ്ട‌്. ഇതുകൊണ്ടുമാത്രം കരകയറാവുന്ന പതനത്തിലല്ല കേരളം. ഇത്തരമൊരു സാഹചര്യത്തിലാണ‌് നാടിനെ വീണ്ടെടുക്കുകയെന്ന പ്രാഥമിക കർത്തവ്യം നാംതന്നെ ഏറ്റെടുക്കുക എന്ന ആശയം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ചത‌്‌. മൂന്നരക്കോടി മലയാളികളുടെ ആത്മാഭിമാനത്തെ ഏറെ പ്രചോദിപ്പിച്ച ഈ ആഹ്വാനം ഇപ്പോൾ ലോകമാകെ അലയടിക്കുകയാണ‌്. സമ്പന്നർക്കുമാത്രമല്ല, സാധാരണ വരുമാനക്കാർക്കും ദുരിതാശ്വാസനിധിയിലേക്ക‌് നിർണായകമായി സംഭാവന നൽകാനാകുമെന്ന‌് തെളിഞ്ഞു. ഒരുമാസം മൂന്നുദിവസത്തെ വേതനം എന്ന നിലയിൽ പത്തുമാസംകൊണ്ട‌് ഒരുമാസത്തെ വേതനം നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യർഥന. ഒരുമാസത്തെ വരുമാനം സംഭാവന നൽകിയാൽ എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന‌് ഏറ്റവും പ്രായോഗികമായ മറുപടി. സഹജീവികളുടെ കണ്ണീരൊപ്പാൻ സാധ്യമായതെല്ലാം ചെയ്യാൻ ആഗ്രഹിച്ച ജനങ്ങൾക്കുമുന്നിൽ പുതിയൊരു വഴി തെളിഞ്ഞു. എന്റെ നാടിന്റെ രക്ഷയ‌്ക്ക‌് എന്റെ പങ്ക‌് എന്ന ഉന്നതബോധത്തിലേക്ക‌് ഒരു ജനതയെയാകെ ഉയർത്തിയ മുഖ്യമന്ത്രിക്ക്‌ കലവറയില്ലാത്ത പിന്തുണയാണ‌് ലഭിക്കുന്നത‌്. ജനകീയ വിഭവസമാഹരണത്തിൽ കേരളം സൃഷ്ടിച്ച മഹനീയ മാതൃക.

പുറത്തുനിന്നുള്ള ധനസഹായം, ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന തുടങ്ങിയവയിൽ പരിമിതപ്പെടുന്നതല്ല സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങൾ. ജിഎസ‌്ടിയിൽ സെസ‌്, മദ്യനികുതിവർധന, പ്രത്യേക ഭാഗ്യക്കുറി, ബോണ്ടുകൾ തുടങ്ങിയ സാധ്യതകളും ഉപയോഗപ്പെടുത്തുന്നുണ്ട‌്. മറ്റു മാർഗങ്ങളിലേക്കും സർക്കാരിന്റെ ശ്രദ്ധ തിരിയണമെന്ന നിർദേശങ്ങളും ഉയർന്നുവന്നു. ഇതരസംസ്ഥാനങ്ങളിലെ ജീവനക്കാരിൽനിന്നും തൊഴിലാളിവിഭാഗങ്ങളിൽനിന്നും കുറഞ്ഞത‌് ഒരുദിവസത്തെ വേതനം സംഭാവനയായി അഭ്യർഥിക്കണമെന്നതാണ‌് പ്രധാന നിർദേശം. മറ്റ‌് സംസ്ഥാനങ്ങൾ  ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഈ കൂട്ടായ‌്മ തുടരണം. പുനർനിർമാണപ്രവർത്തനങ്ങൾക്കായി പലിശയില്ലാവായ‌്പകൾ നൽകാൻ തയ്യാറുള്ളവരെ കണ്ടെത്തി ധനസമാഹരണം നടത്തണം തുടങ്ങിയവയാണ‌് മറ്റ‌ു നിർദേശങ്ങൾ.

    എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ സമാഹരിക്കുന്ന ധനം വിനിയോഗിക്കുന്നതിലെ വിശ്വാസ്യതയും സുതാര്യതയുമൊക്കെ ചോദ്യംചെയ്യപ്പെടുന്നുണ്ടെങ്കിൽ, അത‌് കേരളത്തിന്റെ പിന്നിട്ട വഴികളിലെ പാളിച്ചകൾതന്നെ. കരാറുകാരന്റെ വിഹിതം പറ്റുന്ന എൻജിനിയറും വരുമാന സർട്ടിഫിക്കറ്റിന‌് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനും നമ്മുടെ ദുരിതാശ്വാസത്തിലും കൈയിട്ടുവാരുമെന്ന ഭയം ജനങ്ങളിലുണ്ട‌്. എന്നാലിനി വേറിട്ട അനുഭവത്തിലേക്കാണ‌് കേരളത്തിന്റെ യാത്രയെന്ന ഉറപ്പുനൽകുന്നത‌് എൽഡിഎഫ‌് സർക്കാർതന്നെയാണ‌്. ജനങ്ങൾ നൽകുന്ന പണം ഏറ്റവും മികച്ച രീതിയിൽ തികച്ചും സുതാര്യമായി ചിട്ടയായ പരിശോധനകളിലൂടെ വിനിയോഗിക്കുമെന്നതിന‌് മുഖ്യമന്ത്രിയുടെ വാക്കുകൾ സാക്ഷ്യം. അടിച്ചുമാറ്റപ്പെടുമെന്ന ആശങ്ക മുന്നിൽനിർത്തി ഈ ജനകീയ യജ്ഞത്തെ പിന്നോട്ടുതള്ളാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട‌്. അതെല്ലാം അവഗണിച്ച‌് ഒന്നിച്ചുനിന്ന‌് എല്ലാ വെല്ലുവിളികളും നേരിടാനുള്ള സമയമാണിത‌്. അത്തരം പ്രതികരണങ്ങളാണ‌് എല്ലാ ഭാഗത്തുനിന്നും വരുന്നത‌്. ഈ ഒത്തൊരുമ പുതിയൊരു സംസ‌്കൃതിയിലേക്ക‌് കേരളത്തെ നയിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top