27 September Wednesday

കർണാടകം നൽകുന്ന മുന്നറിയിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2019

കർണാടകത്തിൽ ബിജെപി നേതാവ്‌ ബി എസ്‌ യെദ്യൂരപ്പ നാലാമതും മുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കയാണ്‌. പണവും വാഗ്‌ദാനവും നൽകി കോൺഗ്രസ്‌ എംഎൽഎമാരെ വിലയ്‌ക്കെടുത്ത്‌ ജെഡിഎസ്‌–-കോൺഗ്രസ്‌ സഖ്യസർക്കാരിനെ വീഴ്‌ത്തിയാണ്‌ യെദ്യൂരപ്പ 14 മാസത്തിനിടയിൽ രണ്ടാമതും മുഖ്യമന്ത്രിക്കസേരയിലെത്തിയത്‌. പക്ഷേ, ഉറച്ചിരിക്കാനുള്ള ഭൂരിപക്ഷം ഇല്ല. നിലവിലെ സഭയുടെ അംഗസംഖ്യ കണക്കിലെടുത്താൽ കേവല ഭൂരിപക്ഷത്തിന്‌ 113 പേരുടെ പിന്തുണവേണം. എന്നാൽ, ബിജെപിക്ക്‌ 105 പേരുടെ പിന്തുണമാത്രമാണുള്ളത്‌.

കാലുമാറിയ 17 എംഎൽഎമാരെ സ്‌പീക്കർ രമേശ്‌കുമാർ അയോഗ്യരാക്കിയിരിക്കയാണ്‌. വിപ്പ്‌ ലംഘിച്ചതിനും പാർടിവിരുദ്ധപ്രവർത്തനങ്ങൾക്കുമാണ്‌ നടപടി. 13 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന്‌ ജെഡിഎസ്‌, കെപിജെപിയുടെ ഏക എംഎൽഎയുമാണ്‌ അയോഗ്യരാക്കപ്പെട്ടത്‌. ഇതോടെ സഭയുടെ അംഗബലം 207 ആയി കുറഞ്ഞു. ഇത്‌ കണക്കിലെടുത്താൽ കേവല ഭൂരിപക്ഷത്തിന്‌ 104 പേരുടെ പിന്തുണ മതി. തിങ്കളാഴ്‌ച വിശ്വാസവോട്ട്‌ തേടുമ്പോൾ യെദ്യൂരപ്പയ്‌ക്ക്‌ സാങ്കേതികമായി ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കും. കർണാടക നിയമസഭയിൽ ഭൂരിപക്ഷം ജനങ്ങളെ പ്രതിനിധാനംചെയ്യുകയും ഭൂരിപക്ഷം നിയമസഭാംഗങ്ങൾ അണിനിരക്കുകയും ചെയ്‌ത സഖ്യത്തെ ജനാധിപത്യ വിരുദ്ധമാർഗങ്ങളിലൂടെ പുറത്താക്കുകയായിരുന്നു ബിജെപി. കോടികൾ നൽകി 16 കോൺഗ്രസ്‌, ജെഡിഎസ്‌ എംഎൽഎമാരെ ഒപ്പംനിർത്തിയാണ്‌ സഖ്യസർക്കാരിനെ വീഴ്‌ത്തിയത്‌. ദിവസങ്ങളായി ഈ എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിലും റിസോർട്ടിലും താമസിപ്പിച്ചു. ഫലത്തിൽ  ഇവർ തടങ്കലിലായിരുന്നു. വിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാൻപോലും ഇവർക്ക്‌ കഴിഞ്ഞില്ല. 

പണകൊഴുപ്പും  ജാതിസമവാക്യങ്ങളും നിയന്ത്രിക്കുന്ന കർണാടക രാഷ്ട്രീയത്തിൽ ജനാധിപത്യത്തെ വിലയ്‌ക്കുവാങ്ങി സംസ്ഥാന ഭരണം ബിജെപി പിടിച്ചടക്കുന്നത്‌ ഇത്‌ ആദ്യമല്ല. നാലുതവണ കർണാടകത്തിൽ സർക്കാർ ഉണ്ടാക്കിയെങ്കിലും ഒറ്റത്തവണപോലും ബിജെപിക്ക്‌ കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ജനാധിപത്യവിരുദ്ധമാർഗങ്ങളിലൂടെ സർക്കാർ രൂപീകരിച്ചശേഷം എതിർചേരിയിലെ എംഎൽഎമാരെ വിലയ്‌ക്കെടുത്താണ്‌ ഭൂരിപക്ഷം ഉറപ്പിച്ചിരുന്നത്‌. സംസ്ഥാനത്തെ ഖനി, ഭൂമാഫിയകളുടെ പണമാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. ഇത്തവണയും ആവർത്തിച്ചത്‌ ഓപ്പറേഷൻ താമരയെന്ന ‘കർ’നാടകമാണ്‌. 
2018 മെയിൽ നടന്ന തെഞ്ഞെടുപ്പിൽ തൂക്കുസഭയാണ്‌ നിലവിൽ വന്നത്‌. തെരഞ്ഞെടുപ്പുഫലം വന്ന ഉടൻ കോൺഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കി 117 അംഗങ്ങളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. ഇത‌് അംഗീകരിക്കാതിരുന്ന ഗവർണർ 104 സീറ്റുള്ള ബിജെപിയെ ക്ഷണിച്ചു. ബി എസ്‌ യെദ്യൂരപ്പ മുഖ്യമന്ത്രിയായി. ഇതിനെതിരെ ജെഡിഎസും കോൺഗ്രസും സുപ്രീംകോടതിയെ സമീപിച്ചു. ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപിയെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ചത്‌ തെറ്റാണെന്ന്‌ സുപ്രീകോടതി അന്ന്‌ വ്യക്തമാക്കി. കോടികൾ ഒഴുക്കി ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ  56 മണിക്കൂർമാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന യെദ്യൂരപ്പ നിയമസഭയിൽ  രാജി പ്രഖ്യാപിച്ചു. തുടർന്നാണ്‌ സഖ്യസർക്കാർ അധികാരമേറ്റത്‌. എന്നാൽ, കോൺഗ്രസും ജെഡിഎസും തമ്മിൽ തുടക്കംമുതൽ രൂപപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും കോൺഗ്രസ്‌ എംഎൽഎമാരുടെ വിമതനീക്കങ്ങളും സർക്കാരിനെ പലപ്പോഴും പ്രതിസന്ധിയിലാക്കി. കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയുടെ നോട്ടുകെട്ടുകൾക്കു മുന്നിൽ വീണത്‌ സർക്കാരിന്റെ പതനത്തിന്‌ കാരണമായി. സഖ്യസർക്കാരിന്റെ വീഴ്‌ചയ്‌ക്ക്‌ കോൺഗ്രസും ഉത്തരവാദിയാണ്‌. മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള കോൺഗ്രസ്‌ നേതാക്കളുടെ ആർത്തിയാണ്‌ വിമതരെ ബിജെപി പാളയത്തിലെത്തിച്ചത്‌.
 2007 നവംബർ 12നാണ്‌ യെദ്യൂരപ്പ ആദ്യമായി കർണാടക മുഖ്യമന്ത്രിയാകുന്നത്‌. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ ഏഴ്‌ ദിവസത്തിനുശേഷം അന്ന്‌ രാജിവയ്‌ക്കേണ്ടിവന്നു. 2008 മെയിലെ  തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും  സ്വതന്ത്രരെ വിലയ്‌ക്കെടുത്തും കോൺഗ്രസ്‌, ജെഡിഎസ്‌ എംഎൽഎമാരെ രാജിവയ്‌പിച്ചും സർക്കാർ കേവല ഭൂരിപക്ഷം ഉറപ്പിച്ചു. ‘ഓപ്പറേഷൻ താമര’ എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ ഈ ജനാധിപത്യ കുരുതിക്ക്‌ കോടിക്കണക്കിനു രൂപയാണ്‌ ഒഴുക്കിയത്‌. അനധികൃത ഖനനകേസിൽ ഉൾപ്പെട്ട ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങളെ മുന്നിൽനിർത്തിയായിരുന്നു ‘ഓപ്പറേഷൻ താമര’. ഒടുവിൽ അഴിമതി കേസിൽപ്പെട്ട്‌ യെദ്യൂരപ്പയ്‌ക്ക്‌ രാജിവയ്‌ക്കേണ്ടിവന്നു. നാലാംതവണ അധികാരത്തിലെത്തിയെങ്കിലും എത്രനാൾ എന്ന ചോദ്യം ഉയർന്നുകഴിഞ്ഞു.  മന്ത്രിസ്ഥാനം  ലഭിക്കാത്ത സ്വന്തം പാർടിയിലെ എംഎൽഎമാർ ഉയർത്തുന്ന ഭീഷണി ചെറുതല്ല. അതുകൊണ്ടുതന്നെ ഈ സർക്കാരിന്‌ സ്ഥിരതയുണ്ടാകില്ല.

കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏതു വിധേനയും ബിജെപിക്ക‌് സർക്കാർ രൂപീകരിക്കാനായി ഗവർണർ വജുഭായ‌് വാല നടത്തിയ രാഷ്ട്രീയക്കളിയും പ്രധാനമാണ്‌. നിയമസഭയുടെ അധികാരത്തിൽ കൈകടത്താൻവരെ ഗവർണർ ശ്രമിച്ചു. ജനാധിപത്യമെന്നത് ജനങ്ങളുടെ ആധിപത്യമാണ്. അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഭൂരിപക്ഷം ജനങ്ങളുടെ ഹിതമാണ‌്. ഭൂരിപക്ഷം ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളാണ് സർക്കാർ രൂപീകരിക്കുന്നത്. കർണാടക നിയമസഭയിൽ ഭൂരിപക്ഷം ജനങ്ങളെ പ്രതിനിധാനംചെയ്യുകയും ഭൂരിപക്ഷം നിയമസഭാംഗങ്ങൾ അണിനിരക്കുകയും ചെയ്യുന്ന സഖ്യത്തെ പുറത്തുനിർത്താനും ന്യൂനപക്ഷ സർക്കാരിനെ അവരോധിക്കാനും സംസ്ഥാന ഗവർണർതന്നെ കൂട്ടുനിൽക്കുകയായിരുന്നു മുമ്പും ഇപ്പോഴും. തങ്ങളുടെ പാർടിയുടെ യുക്തിരഹിതമായ രാഷ്ട്രീയ തീരുമാനമാണ് ശരിയെന്ന് ഭരണകക്ഷി കരുതുകയും അത് നടപ്പാക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ നിർലജ്ജം പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന അപകടമാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇതിലൂടെ ജനാധിപത്യത്തെ തകർക്കുകയാണ് കേന്ദ്ര സർക്കാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top