29 March Friday

തോല്‍ക്കുന്നത് നീതിയും നിയമവും ജനങ്ങളും

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2016


അനാവശ്യവും അനുചിതവുമായ സംഘര്‍ഷം കോടതികളോടനുബന്ധിച്ച് രൂപപ്പെടുന്നുണ്ട്; മൂര്‍ച്ഛിക്കുന്നുമുണ്ട്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ശത്രുപക്ഷങ്ങളില്‍നിന്ന് പോരടിക്കേണ്ടവരല്ല–ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ തങ്ങളുടേതായ പങ്കുവഹിക്കേണ്ടവരാണ്. അവര്‍ പരസ്രം യുദ്ധംചെയ്താല്‍ തോല്‍വി നിയമത്തിനും നീതിക്കും ആത്യന്തികമായി ജനങ്ങള്‍ക്കുമാണുണ്ടാവുക. എറണാകുളത്തുണ്ടായ ഒരു പ്രത്യേക സംഭവത്തിന്റെ പേരില്‍ രൂപപ്പെട്ട സംഘര്‍ഷം നിയന്ത്രിക്കാനും സൌഹാര്‍ദപരമായ അന്തരീക്ഷമുണ്ടാക്കാനും നാനാഭാഗത്തുനിന്നും ശ്രമമുണ്ടായി. മുഖ്യമന്ത്രിയും ന്യായാധിപന്മാരും മുതിര്‍ന്ന അഭിഭാഷകരും മാധ്യമപ്രവര്‍ത്തക സംഘടനയുമെല്ലാം അതില്‍ പങ്കാളികളായി. ഇരുപക്ഷവുമായി നടത്തിയ ചര്‍ച്ചയില്‍, തല്ലുണ്ടാക്കാന്‍ ആരും കോടതിയിലേക്ക് പോകേണ്ടതില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇരുകൂട്ടര്‍ക്കും ബാധകമായ കാര്യമാണ്. എറണാകുളത്തുണ്ടായ പ്രശ്നം അവിടെത്തന്നെ പരിഹരിക്കപ്പെടേണ്ടതായിരുന്നു. ദൌര്‍ഭാഗ്യവശാല്‍ അടുത്തദിവസം അത് തിരുവനന്തപുരത്തേക്കും വ്യാപിച്ചു. 

ഒടുവില്‍ കൊല്ലം ജില്ലാകോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ മണിയന്‍പിള്ള വധക്കേസില്‍ ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്കുണ്ടായപ്പോള്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധശബ്ദവുമായാണ് എത്തിയത്. വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി ജഡ്ജിമാരുടെ ചേംബറിലും സ്റ്റെനോപൂളിലും പോകുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയിലും വിലക്കിയിരിക്കുന്നു.

മിക്ക മാധ്യമങ്ങളുടെയും നിയമകാര്യ ലേഖകര്‍ അഭിഭാഷകരും കൂടിയാണ്. ഹൈക്കോടതിയിലെ വിവിധ  ബെഞ്ചുകളില്‍നിന്നുണ്ടാകുന്ന പ്രധാന ഉത്തരവുകളും അതിനുള്ളിലെ പരാമര്‍ശങ്ങളും വിശദാംശവും അവര്‍ ശേഖരിക്കുന്നത് ജഡ്ജിമാരുടെ ചേംബര്‍ ഓഫീസില്‍നിന്നാണ്. പുതിയ നിയന്ത്രണം നിലവില്‍വന്നതോടെ വാര്‍ത്ത ശേഖരിക്കാന്‍ ആര്‍ക്കും അങ്ങോട്ട് പോകാനാകില്ല. ഉത്തരവുകളിലെ വിശദാംശങ്ങള്‍ എങ്ങനെ ലഭ്യമാക്കുമെന്നതില്‍ വ്യക്തതയുമില്ല. ഒഴിവാക്കപ്പെടേണ്ട സാഹചര്യമാണിത്. ഓരോ കേസും അതുമായി ബന്ധപ്പെടുന്നവരുടെ ജീവിതത്തിലെ മാത്രമല്ല, നിയമവ്യവസ്ഥയിലെ തന്നെ സുപ്രധാന അധ്യായമാണ്. ഹൈക്കോടതി വിധികളും റൂളിങ്ങുകളും പരാമര്‍ശങ്ങളും കക്ഷികള്‍ക്കും അവരുടെ അഭിഭാഷകര്‍ക്കുംമാത്രം അറിയാനുള്ളതല്ല, സമൂഹത്തിനാകെ അറിയാനുള്ളതാണ്. പൌരന്മാര്‍ക്ക് നീതി ലഭ്യമാക്കുന്നതുപോലെയുള്ള പ്രാധാന്യം, കോടതിവിധികള്‍ സമൂഹത്തെ അറിയിക്കുക എന്നതിനുമുണ്ട്. അങ്ങനെ അറിയിക്കാന്‍ കഴിയുന്നത് മാധ്യമങ്ങളിലൂടെയാണ്.

ഏതാനും ചിലരുടെ വാശിയോ ആവേശമോകൊണ്ട് തീരുമാനിക്കപ്പെടേണ്ട വിഷയമല്ല ഇത്. തര്‍ക്കമോ സംഘര്‍ഷമോ വരുമ്പോള്‍  ഇരുവിഭാഗത്തും പരിക്കേല്‍ക്കും. ശരിതെറ്റുകള്‍ ഇരുവശത്തും കാണും. എന്നാല്‍, ഒരു തര്‍ക്കം ശാശ്വതമായ ശത്രുതയ്ക്കുള്ള ഇന്ധനമാക്കുന്നത് ശരിയായ രീതിയല്ല. സംഘടിത മിടുക്കും വാര്‍ത്താതമസ്കരണവും ആശാസ്യമായ വഴികളുമല്ല. മാധ്യമപ്രവര്‍ത്തകരുടെ ജോലി സംഭവങ്ങള്‍ ജനങ്ങളിലെത്തിക്കലാണ്. അഭിഭാഷകരുടെ ജോലി കക്ഷികള്‍ക്ക് നീതി ലഭ്യമാക്കലും. രണ്ടും തമ്മില്‍ കൂട്ടിമുട്ടേണ്ടതല്ല. നിയമം അതിന്റെ വഴിക്കുതന്നെ പോകണം. ഇരുകൂട്ടരും വാശിപിടിച്ച് ജനങ്ങള്‍ക്ക് നീതി നിഷേധിക്കരുത്. കോടതിക്ക് പുറത്തുനിന്ന് അഭിഭാഷകരെ വെല്ലുവിളിക്കുന്നതും കോടതിനടപടി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ് അധിക്ഷേപിക്കുന്നതും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്. സ്വത്വത്തെക്കുറിച്ചുള്ള ചിന്ത വല്ലപ്പോഴുമുണ്ടാകുന്നത് എല്ലാവര്‍ക്കും നല്ലതാണ്. മാധ്യമപ്രവര്‍ത്തകര്‍ വിട്ടുനിന്നാല്‍ കോടതി തീരുമാനങ്ങളാകെ എക്കാലത്തേക്കുമായി ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കപ്പെടില്ല. അഭിഭാഷകര്‍ വാശിപിടിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ പണി നിര്‍ത്തുകയുമില്ല. സംഘര്‍ഷം ആഘോഷമാക്കുന്ന കുബുദ്ധികളുടെ താല്‍പ്പര്യത്തിലേക്ക് ഇരുകൂട്ടരും താണുപോകാനിടയാകരുത്. മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണം. തീരുമാനങ്ങള്‍ നടപ്പാകണം. ന്യായാധിപന്മാരും മുതിര്‍ന്ന അഭിഭാഷകരും മാധ്യമപ്രവര്‍ത്തക സംഘടനകളും വിഷയത്തില്‍ സജീവമായി ഇടപെടണം.

ഹൈക്കോടതിയുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനവും സംഘംചേരലും നിരോധിച്ച നടപടി സംസ്ഥാനത്തെ മുഴുവന്‍ കോടതി പരിസരങ്ങളിലേക്കും വ്യാപിപ്പിച്ചതിന് ന്യായീകരണമൊന്നുമില്ല. ജില്ലാഭരണത്തിന്റെ ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് മിക്ക സ്ഥലങ്ങളിലും കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങള്‍ സാധാരണമാണുതാനും. അപ്രതീക്ഷിതമായുണ്ടായ ഒരു സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി കൈക്കൊണ്ട ഒരു തീരുമാനം ജനങ്ങളുടെ അവകാശസമരങ്ങളെ തടയാനുള്ള ഉപകരണമായിക്കൂടാ. ഈ തീരുമാനം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി തയ്യാറാകണം. ഇതിനകം സംഭവിച്ച കുറ്റങ്ങളുടെ നിയമപരമായ പരിശോധനകളും അന്വേഷണങ്ങളും അതിന്റെ വഴിക്ക് നടക്കട്ടെ. നിലനില്‍ക്കുന്ന ഭിന്നതകള്‍ ഒരാളുടെയും തൊഴില്‍ചെയ്യാനുള്ള സ്വാതന്ത്യ്രത്തിന്റെ നിഷേധമായി പരിണമിക്കരുത്. സമചിത്തതയോടെ, അവധാനതയോടെ പ്രശ്നപരിഹാരം കാണാനുള്ള ശേഷി മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കുമുണ്ട് എന്നാണ് വിശ്വാസം. ആ വഴിക്കാണ് നീങ്ങേണ്ടത്. പ്രശ്നം മൂര്‍ച്ഛിപ്പിക്കാനുള്ള ഒരു ശ്രമവും പ്രോത്സാഹിപ്പിക്കപ്പെടരുത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top