26 April Friday

തനത് നാടകവേദിയുടെ കുലപതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2016


മണ്ണിന്റെ മണമുള്ള കലയ്ക്കും സാഹിത്യത്തിനും ക്ളാസിക്കല്‍ പരിവേഷം നല്‍കാന്‍ കഴിയുക എന്നത് കലയില്‍ അസാധാരണമാണ്. നാടിന്റെ പാരമ്പര്യമെല്ലാം ക്ളാസിക്കല്‍ കലയിലാണെന്ന ധാരണ പരത്തുക വര്‍ഗപരവും വര്‍ണപരവുമായ അധീശശക്തികളുടെ ആവശ്യമാണ്. സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ കലകള്‍ നാടോടിക്കലകള്‍ എന്ന പേരില്‍ രണ്ടാംകിടയാക്കിയാണ് അവര്‍ ഈ അധീശത്വം നേടുന്നത്. 20–ാംനൂറ്റാണ്ടും അത്യാധുനികതയും നാടകവേദിയിലുണ്ടാക്കിയ മാറ്റങ്ങളെ നന്നായി നിരീക്ഷിച്ചശേഷമാണ് 'തനത് നാടകവേദി' എന്ന നാടകസംസ്കാരം കേരളത്തില്‍ പിറവികൊണ്ടത്. ആ നാടകവേദിയുടെ ആചാര്യന്‍ എന്ന നിലയില്‍ മാത്രമല്ല, കേരളീയമായ സംഗീത, കാവ്യ, താള പാരമ്പര്യങ്ങളുടെ ശക്തനായ പ്രയോക്താവും പ്രചാരകനുമെന്ന നിലയിലും കാവാലം നാരായണപ്പണിക്കരെ രാജ്യം എക്കാലവും ഓര്‍മിക്കും.

തനത് നാടകവേദി അക്ഷരാര്‍ഥത്തില്‍ കേരളത്തിന്റെ തനത് കലാപാരമ്പര്യങ്ങളുടെ സംസ്കരിച്ച രൂപമായി. തൊഴിലും അതുമായി ബന്ധപ്പെട്ട സാമൂഹ്യജീവിതത്തില്‍നിന്നും ഉയിര്‍ക്കൊണ്ട യഥാര്‍ഥ പാട്ടും താളവും വാക്കുകളും നാടകവേദിയില്‍ തിളങ്ങിവരാന്‍ തുടങ്ങി. സംഗീതത്തില്‍ കുളിച്ചുനിന്ന പുരാണനാടകങ്ങള്‍ക്കും ജനകീയപ്രസ്ഥാനങ്ങളുടെ ഉല്‍പ്പന്നമായി ഉയര്‍ന്നുവന്ന ജനകീയ നാടകങ്ങള്‍ക്കുംശേഷം കേരളത്തില്‍ ഉയര്‍ന്നുവന്ന തനത് നാടകവേദിക്ക് കേരളത്തിന്റെ ഗന്ധം ലഭിച്ചുവെന്നത് യാദൃച്ഛികമല്ല. മണ്ണില്‍നിന്ന് ഊറ്റിയെടുത്ത് സംസ്കരിച്ചുണ്ടാക്കിയതാണ് ആ ഗന്ധം. കുട്ടനാട് തനതുജീവിതത്തിന്റെ ഭൂമികയാണ്; നാട്യങ്ങളില്ലാത്ത ജനജീവിതത്തിന്റെ മണ്ണും; കാര്‍ഷികജീവിതത്തിന്റെ നന്മയും വേദനകളും അവയുടെ ജീവനും താളവുമെല്ലാം അടങ്ങിയ ഇടം. അവിടെ ജനിക്കുകയും ഇന്ദ്രിയങ്ങള്‍ സചേതനമാക്കി ജീവിക്കുകയും ചെയ്തതിന്റെ കരുത്ത് കാവാലം നാരായണപ്പണിക്കര്‍ തന്റെ കലാജീവിതത്തില്‍ പ്രതിഫലിപ്പിച്ചു.

സാക്ഷി, തിരുവാഴിത്താന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ, കരിങ്കുട്ടി തുടങ്ങിയ നാടകങ്ങള്‍ കാവാലത്തിനെ ആധുനിക മലയാള നാടകവേദിയില്‍ ലബ്ധപ്രതിഷ്ഠനാക്കി. ഭാസന്റെ അഞ്ചു നാടകങ്ങളും ഭഗവദജ്ജുകം, മത്തവിലാസം തുടങ്ങിയ സംസ്കൃതനാടകങ്ങളും കേരളീയച്ഛായ നല്‍കി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുട്ടനാടിന്റെയും അതുവഴി കേരളത്തിന്റെയും തനത് കലാപാരമ്പര്യങ്ങളെ ഇവയിലേക്ക് സന്നിവേശിപ്പിച്ചുവെങ്കിലും കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ളാസിക്കല്‍ കലകളുടെ സാരാംശവും കൂട്ടിയോജിപ്പിച്ചു. ഒരു ധാര ശ്രേഷ്ഠമെന്നും മറ്റൊന്ന് അധമമെന്നുമുള്ള സവര്‍ണസങ്കല്‍പ്പങ്ങളെ അങ്ങനെ വെല്ലുവിളിക്കുകയാണ് കാവാലം തന്റെ കലാസപര്യയിലൂടെ ചെയ്തത്. കേരളീയ ബിംബങ്ങളും വാക്കുകളുംകൊണ്ട് ഗാനരചനയിലും അദ്ദേഹം വിസ്മയം തീര്‍ത്തു. കലാലോകവും ജനങ്ങളും അദ്ദേഹത്തിന്റെ സേവനങ്ങളെ എന്നും ഓര്‍ക്കും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top