24 April Wednesday

മുറിവുപോലെ മെസിയുടെ മടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2016


കാല്‍പ്പന്തിലെ മാന്ത്രികന്‍ ലയണല്‍ മെസി അന്താരാഷ്ട്ര കളിക്കളത്തോട് വിടപറഞ്ഞു. ലോകമെമ്പാടുമുള്ള കളിയാരാധകരുടെ ഹൃദയം തകര്‍ത്താണ് മെസിയുടെ വിടവാങ്ങല്‍ തീരുമാനം. കോപ അമേരിക്ക കിരീടം തുടര്‍ച്ചയായി രണ്ടാമതും ചിലിക്ക് അടിയറ വയ്ക്കേണ്ടിവന്നത് അര്‍ജന്റീനയുടെ ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടാകും. പക്ഷേ, ഈ മനോഹരമായ കളിയുടെ മിടിപ്പറിയുന്നവര്‍ക്ക് അര്‍ജന്റീനയുടെ 10–ാംനമ്പര്‍ കുപ്പായത്തില്‍ ഇനി മെസിയുണ്ടാകില്ലെന്നത് നീറ്റലോടെ മാത്രമേ ഓര്‍ക്കാന്‍കഴിയൂ.

ദ്യേഗോ മാറഡോണയായിരുന്നു അര്‍ജന്റീനയെ സ്നേഹിക്കാന്‍ ലോകത്തെ പഠിപ്പിച്ചത്. ഇടംവലംകാലില്‍ പന്തിനെ മാറിമാറിക്കൊരുത്ത് പ്രതിരോധങ്ങളെ തട്ടിത്തകര്‍ത്ത് വലകുലുക്കുന്ന ലാറ്റിനമേരിക്കന്‍ സൌന്ദര്യമായിരുന്നു മാറഡോണ. പക്ഷേ, തന്റെ കാലുകളിലൊളിപ്പിച്ച മാസ്മരികതയിലേക്ക് ഫുട്ബോള്‍ലോകത്തെ ചുരുക്കിയ മാന്ത്രികനായിമാറി മെസി. ബാഴ്സലോണയുടെ ഉലയില്‍ കാച്ചിയെടുത്ത കളിക്കാരന്‍, ക്ളബ് ഫുട്ബോളില്‍ നേടാത്തതായി ഒന്നും ശേഷിക്കുന്നില്ല. എന്നാല്‍, സ്വന്തം രാജ്യത്തിന്റെ കുപ്പായത്തില്‍ നേട്ടങ്ങളൊന്നും സ്വന്തമാകാതിരുന്നത് മെസിയുടെ തിളങ്ങുന്ന കളിജീവിതത്തിന് പരോക്ഷമായെങ്കിലും മങ്ങലേല്‍പ്പിച്ചു. അത് ഈ ഇരുപത്തിയൊമ്പതുകാരന്റെ മനസ്സിലേല്‍പ്പിച്ച മുറിവ് ചെറുതായിരുന്നില്ല. ചിലിയോട് പെനല്‍റ്റി നഷ്ടപ്പെടുത്തി കിരീടം കൈവിട്ടപ്പോള്‍ കളത്തില്‍ മുഖംപൊത്തിയിരുന്ന മെസിയുടെ കണ്ണുനീരില്‍ എല്ലാം ഉണ്ടായിരുന്നു. അര്‍ജന്റീനാ ഫുട്ബോള്‍ അസോസിയേഷനില്‍ ഉണ്ടായ എതിര്‍പ്പും മെസിയുടെ തീരുമാനത്തിന് ആക്കംകൂട്ടി.

2005ലാണ് മെസി ആദ്യമായി അര്‍ജന്റീനയുടെ കുപ്പായമണിഞ്ഞത്. അതിന് ഒരുവര്‍ഷംമുമ്പ് ബാഴ്സയില്‍ കളിച്ചുതുടങ്ങി. എട്ട് സ്പാനിഷ് കിരീടവും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി, അഞ്ചുതവണ ലോകതാരത്തിനുള്ള ബാലണ്‍ ദ്യോറും സ്വന്തമാക്കി. അമേരിക്കയില്‍ അവസാനിച്ച ശതാബ്ദി ടൂര്‍ണമെന്റിലും കഴിഞ്ഞപതിപ്പില്‍ ചിലിയിലും 2007ലും അര്‍ജന്റീനയ്ക്കായി കോപയുടെ ഫൈനലിലെത്തിയ മെസിക്ക് കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചില്ല. 2014 ലോകകപ്പിന്റെ അവസാന കടമ്പയില്‍ ജര്‍മനിയോടും അര്‍ജന്റീനയ്ക്ക് കാലിടറി. 2008 ഒളിമ്പിക്സ് കിരീടം മാത്രമാണ് മെസിക്ക് രാജ്യത്തിന്റെ കുപ്പായത്തില്‍ നേടാനായത്.

ക്ളബ് ഫുട്ബോളില്‍ ബാഴ്സയുടെ കുപ്പായത്തില്‍ തുടരുമെങ്കിലും മെസി തീരുമാനം പുനഃപരിശോധിക്കണമെന്നാണ് എതിരാളികള്‍പോലും ആഗ്രഹിക്കുന്നത്. മെസിയില്ലാത്തത് അര്‍ജന്റീനയുടെ മാത്രം നഷ്ടമല്ല, അത് ലോകഫുട്ബോളിന്റെ ആകെ നഷ്ടമാണ്. എന്തെന്നാല്‍ ഇനിയൊരു മെസിക്ക് എത്രനാള്‍ കാത്തിരിക്കണം?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top