27 May Monday

നെറികേടിന് വെള്ളപൂശുന്ന മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


കടുത്ത ഇടതുപക്ഷവിരുദ്ധതയാണ്‌ കേരളത്തിലെ മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റെയും മുഖമുദ്ര. _ദേശീയ, രാജ്യാന്തര തലത്തിലാകട്ടെ മാധ്യമസ്വാതന്ത്ര്യം എന്നത്‌ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോർപറേറ്റുകളുടെ താൽപ്പര്യസംരക്ഷണമായി ചുരുങ്ങിയിട്ടുണ്ട്‌. അതിനാൽ അവരുടെ പക്ഷപാതത്തെക്കുറിച്ചുള്ള ചർച്ചയിൽ പുതുമയില്ല. എന്നിരുന്നാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നിഷ്‌പക്ഷതയുടെ മുഖംമൂടി അണിയാൻ മാധ്യമങ്ങൾ ശ്രമിച്ചുവരാറുണ്ട്‌. തീരെ ഒഴിവാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ വലതുപക്ഷത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ച്‌ വിമർശിക്കാനും അതുവഴി സ്വന്തം വിശ്വാസ്യത പേരിനെങ്കിലും നിലനിർത്താനും മാധ്യമങ്ങളിൽ ഏറിയപങ്കും തയ്യാറായതിന്റെ അനുഭവങ്ങളുണ്ട്‌.

എന്നാൽ,_തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്‌ നേരെയുണ്ടായ ഹീനമായ സൈബർ ആക്രമണവും അതിനോട്‌ മാധ്യമങ്ങൾ പൊതുവെ സ്വീകരിച്ച സമീപനവും ഞെട്ടിപ്പിക്കുന്നതാണ്‌. ദിവസങ്ങളായി _ജോ ജോസഫിനുനേരെ സമൂഹമാധ്യമങ്ങൾവഴി അപവാദപ്രചാരണം നടക്കുകയായിരുന്നു. എല്ലാം അറിയുന്നുവെന്ന്‌ നടിക്കുന്ന മാധ്യമങ്ങൾ ഇക്കാര്യം മറച്ചുവച്ചു. ജോ ജോസഫിനെ അപകീർത്തിപ്പെടുത്താൻ യുഡിഎഫ്‌ വ്യാജവീഡിയോ ദൃശ്യം പ്രചരിപ്പിക്കുന്നതായി മന്ത്രി പി രാജീവും എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറി എം സ്വരാജും വാർത്താസമ്മേളനത്തിൽ തെളിവുസഹിതം വിശദീകരിച്ചത്‌ മാധ്യമങ്ങൾ പൊതുവിൽ തമസ്‌കരിച്ചു. നാക്കുപിഴകളും പ്രസംഗങ്ങൾക്കിടെ കടന്നുവരുന്ന പ്രയോഗങ്ങളുംപോലും വൻവിവാദമാക്കാൻ _മത്സരിക്കുന്ന മാധ്യമങ്ങൾ ഇതിനോട്‌ ലജ്ജാകരമായ മൗനംപുലർത്തി. എൽഡിഎഫ്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്‌ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്‌തതോടെ മാധ്യമങ്ങൾക്ക്‌ ഇക്കാര്യം മറച്ചുവയ്‌ക്കാൻ കഴിയാത്ത സ്ഥിതിയായി.

അറിയാതെപോലും കോൺഗ്രസിനെ വേദനിപ്പിക്കാൻ ആഗ്രഹിക്കാത്ത മാധ്യമങ്ങളുടെ തനിനിറം ഇതിനിടെ പുറത്തുവന്നു. ‘വ്യാജ സമൂഹമാധ്യമഅക്കൗണ്ടുകൾവഴി വീഡിയോദൃശ്യം പ്രചരിപ്പിച്ച അഞ്ചുപേരെക്കൂടി കണ്ടെത്തി’ എന്ന തലക്കെട്ടിൽ മനോരമ ന്യൂസ്‌ ഓൺലൈനിൽ നൽകിയ വാർത്തയോടൊപ്പം നൽകിയത്‌ ഡിവൈഎഫ്‌ഐയുടെ അഞ്ച്‌ സംസ്ഥാന നേതാക്കൾ വാർത്താസമ്മേളനം നടത്തുന്നതിന്റെ ചിത്രമാണ്‌. എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരെ ആസൂത്രിതമായി വ്യാജവീഡിയോ പ്രചരിപ്പിച്ചതാണ്‌ വിഷയമെന്നത്‌ ഇവിടെയും മറച്ചുവയ്‌ക്കാൻ ശ്രമിച്ചു. പ്രതികളുടെ കോൺഗ്രസ്‌ ബന്ധവും വാർത്തയായില്ല. ചാനലിന്റെ അപലപനീയമായ ഈ സമീപനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അലയടിച്ചു. ഇതോടെ ചാനലിന്റെ മാപ്പപേക്ഷയും വിശദീകരണവും വന്നു. ‘തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥിക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ്‌ അനുഭാവി അറസ്റ്റിലായ വാർത്തയ്‌ക്കൊപ്പം ഈ വിഷയത്തിൽ പ്രസ്‌ ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തിയ ഡിവൈഎഫ്‌ഐ നേതാക്കളുടെ ചിത്രം മനോരമ ന്യൂസ്‌ ഫെയ്‌സ്‌ബുക് പേജിലും ട്വിറ്റർ പേജിലും വന്നതിൽ ക്ഷമ ചോദിക്കുന്നു’ എന്ന മാപ്പപേക്ഷയാണ്‌ ചാനലിൽനിന്ന്‌ ഉണ്ടായത്‌. അതേസമയം, യുഡിഎഫിന്റെ നിന്ദ്യമായ ഈ പ്രവൃത്തി ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നതിൽ മനോരമ ന്യൂസിനുള്ള രോഷം തുടരുകയാണ്‌.

‘ഇടതുസ്ഥാനാർഥിക്കെതിരെയുള്ള സൈബർ ആക്രമണത്തെ യുഡിഎഫ്‌ തള്ളിപ്പറയുമ്പോഴും ഈ വിഷയം ജ്വലിപ്പിച്ചുനിർത്തുകയാണ്‌ ഇടതുമുന്നണി’ എന്ന തലക്കെട്ടിൽ അവർ പിന്നീട്‌ വിശകലനം പ്രസിദ്ധീകരിച്ചു. സൈബർ ആക്രമണത്തെ യുഡിഎഫ്‌ തള്ളിപ്പറഞ്ഞെന്ന ആഖ്യാനംതന്നെ വലിയ നുണയാണ്‌. ‘ഇത്തരം ദൃശ്യങ്ങൾ കിട്ടിയാൽ ആരും പ്രചരിപ്പിക്കും’ എന്നാണ്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ അദ്ദേഹത്തിന്റെ അനുയായികളുടെ പ്രവൃത്തിയെ വാർത്താസമ്മേളനത്തിൽ ന്യായീകരിച്ചത്‌. വ്യാജവീഡിയോ പ്രചാരണത്തിന്‌ പ്രത്യക്ഷ പിന്തുണ നൽകുകയാണ്‌ അദ്ദേഹം. സതീശന്‌ ഇങ്ങനെ പറയാനുള്ള ധൈര്യം ലഭിക്കുന്നത്‌ വലതുപക്ഷ മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയിൽനിന്നാണ്‌.

ജീവകാരുണ്യപ്രവർത്തകനും ജനസേവന തൽപ്പരനുമായ ഭിഷഗ്വരൻ എന്നനിലയിലാണ്‌ ജോ ജോസഫ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായി വന്നത്‌. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടതുമുതൽ യുഡിഎഫ്‌ കേന്ദ്രങ്ങളും അവരുടെ ജിഹ്വകളും പരിഭ്രമത്തിലാണ്‌. പലരീതിയിൽ വിവാദങ്ങൾ കുത്തിപ്പൊക്കാൻ ശ്രമിച്ചെങ്കിലും അത്തരം ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പരാജയം _മണക്കുമ്പോൾ രാഷ്‌ട്രീയ എതിരാളികളെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നത്‌ കോൺഗ്രസിന്റെ _സ്ഥിരംതന്ത്രമാണ്‌. ഇതിന്‌ വെള്ളപൂശാൻ ഇറങ്ങിത്തിരിച്ച മാധ്യമങ്ങൾക്ക്‌ ചരിത്രം മാപ്പു നൽകില്ല.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top