26 April Friday

നിക്കാരാഗ്വയെ അസ്ഥിരീകരിക്കാൻ വലതുപക്ഷ നീക്കം

വെബ് ഡെസ്‌ക്‌Updated: Monday May 28, 2018



മധ്യ അമേരിക്കൻരാഷ്ട്രമായ നിക്കാരാഗ്വ ഇന്ന് പ്രക്ഷുബ്ധമാണ്. ഏപ്രിൽ 18ന് ഡാനിയൽ ഒർടേഗയുടെ നേതൃത്വത്തിലുള്ള സാൻഡിനിസ്റ്റ ഗവൺമെന്റ് പ്രഖ്യാപിച്ച പരിഷ്കാരങ്ങളുടെപേരിൽ വലതുപക്ഷമാണ‌് കലാപം നടത്തുന്നത‌്. സാമൂഹ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് നിക്കാരാഗ്വ രൂപംകൊടുത്ത പ്രശസ്ത സ്ഥാപനമാണ് സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട്. പെൻഷൻ, ആരോഗ്യസുരക്ഷ തുടങ്ങിയ സേവനങ്ങളാണ് ഈ സ്ഥാപനത്തിന്റെ ചുമതലയിലുള്ളത്. 1980കളുടെ രണ്ടാംപകുതിമുതൽ ഒന്നര ദശാബ്ദം തുടർന്ന വലതുപക്ഷ ഭരണകാലത്ത്, ഏറെ അവഗണിക്കപ്പെട്ട സ്ഥാപനമായിരുന്നു ഇത്. ഫണ്ടും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. പല സേവനങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കവുമുണ്ടായി. ഈ ഘട്ടത്തിലാണ് 2007ൽ ഡാനിയൽ ഒർടേഗയുടെ നേതൃത്വത്തിലുള്ള സാൻഡിനിസ്റ്റ ദേശീയ വിമോചനസേനയുടെ (എഫ്എസ്എൽഎൻ) നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരത്തിൽവന്നത്. ഫണ്ട് ദുരുപയോഗംകാരണം ധനകമ്മി നേരിടുന്ന സ്ഥാപനമായി ഇത് മാറിയിരുന്നു. 2016ൽ തുടർച്ചയായി മൂന്നാമതും പ്രസിഡന്റായി അധികാരമേറിയതോടെയാണ് സാമൂഹ്യസുരക്ഷാ പദ്ധതി ഫണ്ട് വർധിപ്പിക്കാൻ ചില നീക്കങ്ങളുണ്ടായത്. ഇതിന്റെ ഭാഗമായി തൊഴിലുടമ നൽകേണ്ട വിഹിതം മൂന്നര ശതമാനമായി വർധിപ്പിച്ചു. തൊഴിലാളികളും ജീവനക്കാരും 0.75 ശതമാനം വിഹിതം കൂടുതൽ നൽകാനും ഉത്തരവായി. അധികമായി ലഭിക്കുന്ന തുകയിൽനിന്ന് അഞ്ചുശതമാനം മെഡിക്കൽ സർവീസിലേക്ക് മാറ്റുകയും പെൻഷൻ പറ്റുന്നവർക്ക് മെഡിക്കൽ സർവീസ് ലഭ്യമാക്കുകയും ചെയ്തു.

എന്നാൽ, പെൻഷൻകാരുടെ ഫണ്ടിൽനിന്ന‌് അഞ്ചുശതമാനം മെഡിക്കൽ സേവനങ്ങളിലേക്ക് മാറ്റുന്നതോടെ പെൻഷൻ കുറയുമെന്ന ധാരണ പരന്നു. സാമൂഹ്യസുരക്ഷയും ഇല്ലാതാകുകയാണെന്ന ഭയം വ്യാപകമായി. കോർപറേറ്റ് മാധ്യമങ്ങളുംമറ്റും സാമൂഹ്യസുരക്ഷാസംവിധാനങ്ങൾക്ക് പൊതുവെ എതിരാണെങ്കിലും, നിക്കാരാഗ്വയിൽ നേർവീപരീതമായ സമീപനമാണ് സ്വീകരിച്ചത്. സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം നിക്കാരാഗ്വയിലെങ്ങും പ്രതിപക്ഷം തെരുവിലിറങ്ങി. സർവകലാശാലകളിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ ഒരുവിഭാഗം വിദ്യാർഥികളും സമരത്തിൽ അണിനിരന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു പ്രധാനമായും സർക്കാർ വിരുദ്ധ പ്രചാരണം. സർക്കാർ കെട്ടിടങ്ങൾ വ്യാപകമായി തകർക്കപ്പെട്ടു. തലസ്ഥാനമായ മന്വാനയിലും ദിരിയാമ്പയിലും എസ‌്റ്റേലിയിലും സമരക്കാരും സാൻഡിനിസ്റ്റുകളുംതമ്മിൽ ഏറ്റുമുട്ടി. 43 പേർ കൊല്ലപ്പെട്ടു. അഞ്ചേൽ ഗഹോന എന്ന മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത് വലതുപക്ഷത്തിന് സർക്കാർ വിരുദ്ധ പ്രചാരണം ശക്തമാക്കാൻ സഹായകമായി. പോപ്പ് പോലും നിക്കാരാഗ്വൻ സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. പാശ്ചാത്യമാധ്യമങ്ങൾ 'ഏപ്രിൽ 19 പ്രസ്ഥാനം' എന്ന് പേരിട്ട് വിളിക്കുന്ന ഈ സർക്കാർ വിരുദ്ധ സമരം ഒർടേഗ സർക്കാരിനെ അസ്ഥിരീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നാണ് സാൻഡിനിസ്റ്റ പ്രസ്ഥാനവും ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും വിലയിരുത്തുന്നത്. 'ഏപ്രിൽ 19 പ്രസ്ഥാനത്തിന്' തുടക്കമായതോടെതന്നെ സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് പരിഷ്കാരങ്ങൾ പിൻവലിച്ചിരുന്നു. അനിഷ്ടസംഭവങ്ങളെക്കുറിച്ച് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. കാത്തോലിക്ക ചർച്ചും ബിസിനസ് സമൂഹവും മുൻകൈയെടുത്ത് അനുരഞ്ജനശ്രമങ്ങളുമുണ്ടായി. എന്നാൽ, ഇതിൽ നിന്നെല്ലാം പിൻവാങ്ങി പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് വലതുപക്ഷനേതാവ് കാർലോസ് ഫെർണാണ്ടോ ചമോറയുടെ തീരുമാനം. സ്വാഭവികമായും ഇത് സാൻഡിനിസ്റ്റ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമല്ലേയെന്ന് സംശയിക്കണം. വെനസ്വേലയിലെ സോഷ്യലിസ്റ്റ‌് ഗവർമെന്റിനെ അസ്ഥിരീകരിക്കാൻ നടക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് നിക്കാരാഗ്വയിലും നടക്കുന്നത്.

ലാറ്റിനമേരിക്കയിൽ ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്ന സർക്കാരാണ് വെനസ്വേലയിലേത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ (ഭരണഘനാ സഭ, ഗവർണർ, പ്രസിഡന്റ്) ഭൂരിപക്ഷം നേടിയ സോഷ്യലിസ്റ്റ‌്പാർടി സർക്കാരിനെ അട്ടിമറിക്കാനാണ് അമേരിക്കയും കൂട്ടരും ശ്രമിക്കുന്നത്. നിക്കോളസ് മഡൂറോ വൻ ഭൂരിപക്ഷത്തിന് ജയിച്ചിട്ടും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ വെനസ്വേലയ‌്ക്കെതിരെ ഉപരോധം ശക്തമാക്കി 'ഭരണമാറ്റം' എന്ന അജൻഡ പ്രാവർത്തികമാക്കാനാണ് അമേരിക്കയും കൂടെയുള്ള രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. വെനസ്വേല സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന രാഷ്ട്രമാണ് നിക്കാരാഗ്വ. സായുധസമരത്തിലൂടെ സമോസ സർക്കാരിനെ പുറത്താക്കിയാണ് സാൻഡിനിസ്റ്റകൾ നിക്കാരാഗ്വയിൽ അധികാരമേറിയത്. ഒന്നര ദശാബ്ദത്തെ ഇടവേളയ‌്ക്കുശേഷം അതേ സാൻഡിനിസ്റ്റ പ്രസ്ഥാനമാണ് ഇന്നും അധികാരത്തിലുള്ളത്. 2007 മുതലുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിൽ ഡാനിയൽ ഒർടേഗയാണ് വിജയിച്ചത്. 2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ 70 ശതമാനം വോട്ട് നേടിയാണ് എഫ്എസ്എൽഎൻ പ്രസ്ഥാനം വിജയിച്ചത്. അധികാരത്തിൽ തിരിച്ചുവരാമെന്ന പ്രതിപക്ഷത്തിന്റെ പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും വലതുപക്ഷ വോട്ടുകൾ കുറയുകയാണ്. ഈ അങ്കലാപ്പാണ് വലതുപക്ഷത്തെ ഒർടേഗ വിരുദ്ധ സമരത്തിലേക്ക് നയിച്ചത്. അമേരിക്കയാകട്ടെ വലതുപക്ഷ പ്രക്ഷോഭത്തെ ആളും അർഥവും നൽകി സഹായിക്കുകയുമാണ്. നിക്കാരാഗ്വൻ സർക്കാരിനെ അസ്ഥിരീകരിക്കുക ലക്ഷ്യമിട്ടുള്ള പ്രക്ഷോഭമെന്ന ക്യൂബയുടെ വിലയിരുത്തൽ ശരിയാകുന്നത് ഈ പാശ്ചാത്തലത്തിലാണ്. സമോസയെ തോൽപ്പിച്ച സാൻഡിനിസ്റ്റ പ്രസ്ഥാനത്തിന് ഈ പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top