21 May Tuesday

യുവജനങ്ങൾക്ക് വാക്സിൻ : കേന്ദ്രനയം തിരുത്തണം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 28, 2021


നാടിന്റെ ഓരോ പുലരിയും യുവജനങ്ങളുടേതാണ്. അവരുടെ പുതിയ ശബ്ദമാണ് നാടിന്റെ ചൈതന്യം. അവർ നാടിന്റെ കരുത്തും നട്ടെല്ലുമാണ്. ഏത് ആപത്തിന് നടുവിലും അധൈര്യം കൂടാതെ ഇറങ്ങിത്തിരിക്കേണ്ടവർ. ഇന്ത്യയിൽ 60 കോടിയിലേറെ യുവജനങ്ങളുണ്ട്. ഇവരുടെ രോഗ പ്രതിരോധം രാജ്യത്തിന്റെ പ്രതിരോധമാണ്. അതുകൊണ്ടുതന്നെ, ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ ‘സുനാമി' രാജ്യത്താകെ വ്യാപിക്കുമ്പോൾ യുവജനങ്ങളുടെ രോഗപ്രതിരോധത്തിൽ ഒരു അലംഭാവവും പാടില്ല.

എന്നാൽ, 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യ വാക്സിൻ നൽകേണ്ടതില്ലെന്ന് മോഡി സർക്കാർ പ്രഖ്യാപിച്ചത് രാജ്യത്തെ കോടിക്കണക്കിന് യുവജനങ്ങളെ കോവിഡിന് എറിഞ്ഞു കൊടുത്തതുപോലെയായി. യുവജനങ്ങളിൽ വലിയൊരു വിഭാഗം ഒരു ജോലിയുമില്ലാത്തവരാണ്. കോവിഡ് രൂക്ഷമായതോടെ, ഉള്ള ജോലിയും നഷ്ടപ്പെട്ട അനേകരുമുണ്ട്. പണം നൽകി വാക്സിനെടുക്കാൻ കഴിയാത്ത ദരിദ്രരും പാവപ്പെട്ടവരുമാണ് ഏറെയും. ഇവരെയാണ് കേന്ദ്രം കൈയൊഴിഞ്ഞിരിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നയത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയരുകയാണ്. കേരളത്തിന്റെ വീട്ടുമുറ്റങ്ങളിൽ ബുധനാഴ്ച കേന്ദ്ര നയത്തിനെതിരെ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകളുയരും. കേരളമടക്കം ഏതാനും സംസ്ഥാനങ്ങൾ യുവജനങ്ങൾക്കും സൗജന്യ വാക്സിൻ നൽകാൻ നടപടി സ്വീകരിച്ചുവരികയാണ്. ഇവിടെ ഇതു സംബന്ധിച്ച നടപടികൾ നല്ല തോതിൽ പുരോഗമിച്ചു കഴിഞ്ഞു. മറ്റു പല സംസ്ഥാനങ്ങളുടെയും സ്ഥിതി ഇതല്ല.

മെയ് ഒന്നുമുതൽ, രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ നടത്തുമെന്ന് അറിയിച്ച കേന്ദ്ര ഗവൺമെന്റ്, ഇതിനാവശ്യമായ വാക്സിൻ സംസ്ഥാനങ്ങൾ കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങണമെന്നും പ്രഖ്യാപിക്കുകയായിരുന്നു. മരുന്നു കമ്പനികൾ ഉല്പാദിപ്പിക്കുന്ന വാക്സിനിൽ പകുതി കേന്ദ്രത്തിന് നൽകണമെന്നും പകുതി പൊതു കമ്പോളത്തിൽ വിൽക്കാമെന്നുമായിരുന്നു പുതിയ നയ പ്രഖ്യാപനം. സംസ്ഥാനങ്ങൾ പണം നൽകി വാക്സിൻ വാങ്ങണം. കേന്ദ്രം പണം നൽകില്ല. സംസ്ഥാന സർക്കാരുകൾക്കൊപ്പം സ്വകാര്യ ആശുപത്രികൾക്കും കമ്പോളത്തിൽനിന്ന് വാക്സിൻ വാങ്ങാം.

ഫലത്തിൽ, വാക്സിൻ കിട്ടാൻ കമ്പോളത്തിൽ സംസ്ഥാന സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിൽ മത്സരിക്കേണ്ട സാഹചര്യം. സാർവത്രികവും സൗജന്യവുമായ വാക്സിനേഷനിൽനിന്ന് കേന്ദ്ര ഗവൺമെന്റ് ഒഴിഞ്ഞുവെന്നു മാത്രമല്ല, വാക്സിൻ വിതരണത്തിൽ കടുത്ത അസമത്വത്തിനും കേന്ദ്രനയം വഴി വയ്ക്കും. കേന്ദ്രം നൽകുന്നതിനേക്കാൾ കൂടുതൽ പണം നൽകിയാണ് സംസ്ഥാനങ്ങൾ വാക്സിൻ വാങ്ങേണ്ടതും. കമ്പനികൾ വില തീരുമാനിക്കും. വില നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി പറഞ്ഞതിന് ഈ സാഹചര്യത്തിൽ വലിയ പ്രാധാന്യമുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ യുവജനങ്ങൾക്കിടയിൽ വൈറസ് വ്യാപനം ശക്തമാണ്. വീടിനു പുറത്തു പോകുന്നവരിൽ ഏറെയും യുവജനങ്ങളാണ്. അതുകൊണ്ടുതന്നെ ഇവരിൽ വൈറസ് വ്യാപന സാധ്യത കൂടുതലുമാണ്. അപ്പോൾ, പ്രായഭേദമില്ലാതെ എല്ലാവരുടെയും വാക്സിനേഷൻ ഉറപ്പാക്കേണ്ടതുണ്ട്. വാക്സിനേഷൻ മാത്രമാണ്, നിലവിൽ കോവിഡ് പ്രതിരോധത്തിന് ഏകമാർഗമെന്നിരിക്കെ, ജനകോടികൾക്ക് വാക്സിൻ നൽകാൻ കഴിയാതെ വന്നാൽ വലിയ ആപത്തുണ്ടാകും. കോടിക്കണക്കിന് മനുഷ്യരുടെ ജീവനും ജീവിതവും അപകടത്തിലാകും. അതുകൊണ്ട് കേന്ദ്ര നയം അടിയന്തരമായി തിരുത്തണം.

കോവിഡ് വാക്സിനേഷന് കേന്ദ്ര ഗവൺമെന്റ് ബജറ്റിൽ 35,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പണം ചെലവാക്കുമെന്നും പറഞ്ഞിരുന്നു. 45 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ സൗജന്യ വാക്സിൻ നൽകുകയുള്ളൂവെങ്കിൽ 10000 കോടി മാത്രം മതിയാകുമെന്നാണ് വിലയിരുത്തൽ. പണമില്ലാത്തതുകൊണ്ടല്ല കേന്ദ്രനയം മാറ്റിയതെന്ന് ഇവിടെ വ്യക്തമാകുന്നുണ്ട്. വാക്സിനേഷന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കുമേൽ കെട്ടിവയ്ക്കലും സ്വകാര്യ കമ്പനികളെ സഹായിക്കലുമാണ് നടന്നത്.

ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറിയ കേന്ദ്രം ആവശ്യത്തിന് വാക്സിൻ വിതരണം ചെയ്യാനും നടപടിയെടുത്തിട്ടില്ല. ഈ വർഷം അവസാനമായാൽ പോലും രാജ്യത്ത് പൂർണ വാക്സിനേഷന് സാധിക്കുമോ എന്നറിയില്ല. രോഗവ്യാപനം തടയാൻ കഴിയാത്ത ആപൽക്കരമായ സാഹചര്യമുണ്ടെന്ന് ചുരുക്കം. ഇന്ത്യയിൽ ഒരിടത്തും ആവശ്യത്തിന് വാക്സിൻ ലഭ്യമല്ല. വാക്സിൻ നിർമിക്കുന്ന പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രതിദിന ഉല്പാദനം 24 ലക്ഷം ഡോസ് കോവിഷീൽഡാണ്. പ്രതിമാസം ആറരക്കോടിയോളം ഡോസ്. ജൂൺ,- ജൂലൈ ആകുന്നതോടെ പ്രതിമാസം 10 കോടി ഡോസ് ഉല്പാദിപ്പിക്കാൻ കഴിഞ്ഞേക്കും. കോവാക്സിൻ നിർമിക്കുന്ന ഭാരത് ബയോടെക് ഇപ്പോൾ പ്രതിമാസം ഉല്പാദിപ്പിക്കുന്നത് ഒരു കോടി ഡോസ്. സെപ്തംബറോടെ അത് പത്തു കോടിയായേക്കും. നിലവിൽ രാജ്യത്ത് നിർമിക്കുന്ന വാക്സിൻകൊണ്ട് ഒരിടത്തുമെത്തില്ലെന്ന് വ്യക്തം. അപ്പോൾ, ഇറക്കുമതി വേണം. അതും സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ നടത്തിക്കോട്ടെ എന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം സ്വീകരിച്ച നിലപാട്. ചുരുക്കി പറഞ്ഞാൽ, യുവജനങ്ങളും കുട്ടികളുമടക്കം രാജ്യത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കുന്നതടക്കം കോവിഡുമായി ബന്ധപ്പെട്ട എല്ലാ നയവും കേന്ദ്രം പൊളിച്ചെഴുതണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top