26 September Tuesday

വൈകിയെത്തുന്ന നീതി

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2016

മഹാരാഷ്ട്രയിലെ മലേഗാവ് പള്ളിയില്‍ 2006 സെപ്തംബര്‍ എട്ടിനുണ്ടായ ബോംബ്സ്ഫോടനത്തിന്റെ ഉത്തരവാദികളെന്ന് ആരോപിച്ച് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ്ചെയ്ത് ജയിലിലടച്ച ഒമ്പത് പ്രതികളെയും പ്രത്യേക മകോക കോടതി കഴിഞ്ഞദിവസം വെറുതെവിട്ടു. ഇവര്‍ കുറ്റം ചെയ്തതിന് തെളിവില്ലെന്നും അതുകൊണ്ടുതന്നെ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും ജഡ്ജി വി വി പാട്ടീല്‍ വിധിന്യായത്തില്‍ പറയുന്നു. പത്തുവര്‍ഷം മുമ്പ് മലേഗാവിലെ ഹമീദിയ പള്ളിയില്‍ ജുമാ നമസ്കാരത്തിനുശേഷമായിരുന്നു സ്ഫോടനം. 37 പേര്‍ കൊല്ലപ്പെടുകയും 312 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അന്ന് മഹാരാഷ്ട്രയിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍, ആക്രമണത്തിനു പിന്നില്‍ മുസ്ളിം തീവ്രവാദികളാണെന്ന നിഗമനത്തില്‍ എത്തുകയും മുംബൈയിലെയും മലേഗാവിലെയും സിമി പ്രവര്‍ത്തകരെയും മറ്റും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭീകരവിരുദ്ധ സ്ക്വാഡിന്റെ ഈ നിഗമനംതന്നെയായിരുന്നു സിബിഐയും പങ്കുവച്ചത്. 

എന്നാല്‍, 2008 സെപ്തംബറില്‍ മലേഗാവ് പള്ളിക്കു സമീപം വീണ്ടും ബോംബ് സ്ഫോടനം നടക്കുകയും എട്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. അതേക്കുറിച്ച് അന്നത്തെ എടിഎസ് മേധാവിയും ഉന്നതപൊലീസ് ഉദ്യോഗസ്ഥനുമായ ഹേമന്ത് കര്‍ക്കറെ അന്വേഷണം നടത്തിയപ്പോഴാണ് ഈ സംഭവത്തിന് സമകാലീന ബോംബ്സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയത്.  2007 ഫെബ്രുവരിയില്‍ 68 പേരുടെ മരണത്തിനിടയാക്കിയ സംഝോത എക്സ്പ്രസ് ബോംബ്സ്ഫോടനം, അതേവര്‍ഷം മേയില്‍ നടന്ന ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്ഫോടനം, ഒക്ടോബറില്‍ അജ്മീറിലെ ദര്‍ഗയില്‍ നടന്ന ബോംബ്സ്ഫോടനം, 2008ല്‍ ഗുജറാത്തിലെ മൊദാസയില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കയ സ്ഫോടനം എന്നിവയുമായി മലേഗാവ് സ്ഫോടനത്തിന് ബന്ധമുണ്ടെന്നും ചില ഹിന്ദുത്വതീവ്രവാദ സംഘടനകളാണ് ഇതിനു പിന്നിലെന്നും കര്‍ക്കറെ സംശയമുയര്‍ത്തി. ഈ കേസുകളില്‍ കുറ്റാരോപിതനായ സ്വാമി അസീമാനന്ദ 2010ല്‍ മജിസ്ട്രേട്ടിനു മുമ്പില്‍ നല്‍കിയ മൊഴിയില്‍ മലേഗാവ് സ്ഫോടനത്തിനു പിന്നില്‍ അഭിനവ ഭാരത് എന്ന ഹിന്ദുത്വ സംഘടനയാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് കാരവന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഹിന്ദുത്വശക്തികള്‍ നടത്തിയ ഗൂഢാലോചനകള്‍ അസീമാനന്ദ വെളിപ്പെടുത്തി. 2005ല്‍ ഗുജറാത്തിലെ ദാംഗ്സില്‍ അസീമാനന്ദ താമസിക്കുന്ന ക്ഷേത്രത്തില്‍ ആര്‍എസ്എസിന്റെ ഇപ്പോഴത്തെ മേധാവി മോഹന്‍ ഭാഗവതും ആര്‍എസ്എസിന്റെ പ്രമുഖ നേതാവായ ഇന്ദ്രേഷും താനും ചേര്‍ന്നാണ് ആക്രമണ പരമ്പര നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. കേണല്‍ ശ്രീകാന്ത് പുരോഹിത്, പ്രഗ്യാസിങ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ആക്രമണപരമ്പരകള്‍ നടപ്പാക്കിയതെന്നും പിന്നീട് വ്യക്തമാക്കപ്പെട്ടു. എന്‍ഐഎ അന്വേഷണവും ഈ ദിശയിലാണ് മുന്നേറിയത്. ഇതേത്തുടര്‍ന്നാണ് 2013 എപ്രിലില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മലേഗാവ് സ്ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന ഒമ്പതുപേര്‍ക്കെതിരെ തെളിവില്ലെന്ന് എന്‍ഐഎ തന്നെ സമ്മതിച്ചത്. ഇപ്പോള്‍ മകോക കോടതി ഇക്കാര്യം അംഗീകരിച്ച് ഇവരെ വെറുതെവിടുകയും ചെയ്തു.

കുറ്റംചെയ്യാതെ തടവില്‍ കഴിഞ്ഞ ഇവര്‍ക്ക് ആരാണ് നഷ്ടപരിഹാരം നല്‍കുക? പത്തുവര്‍ഷം ഇവര്‍ അനുഭവിച്ച മാനസികപീഡനം എന്തേ അധികാരികള്‍ കാണാതെ പോകുന്നു? നമ്മുടെ അന്വേഷണ ഏജന്‍സികളും മറ്റും മുന്‍വിധിയോടെ പ്രശ്നങ്ങളെ കാണുന്നതിന്റെ ഫലമല്ലേ ഇതെന്നതും ഗൌരവമായി ആലോചിക്കേണ്ടതുണ്ട്. മലേഗാവ് കേസിലെ പ്രതികളോട് മൃദു സമീപനം സ്വീകരിക്കാന്‍ എന്‍ഐഎതന്നെ ആവശ്യപ്പെട്ടുവെന്ന പബ്ളിക് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തലും അന്വേഷണ സംവിധാനത്തിന്റെ നിഷ്പക്ഷതയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു.

ഇതോടൊപ്പംതന്നെ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. ഇവരല്ല കുറ്റം ചെയ്തതെങ്കില്‍ യഥാര്‍ഥ പ്രതികള്‍ക്കെതിരെ എന്തുകൊണ്ടാണ് ജുഡീഷ്യല്‍–അന്വേഷണ നടപടികള്‍ പുരോഗമിക്കാത്തത് എന്നത്. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന പ്രഗ്യാസിങ്ങിന്റെയും മറ്റും വിചാരണപോലും ആരംഭിച്ചിട്ടില്ലെന്നതാണ് വസ്തുത. പാര്‍ലമെന്റ് ആക്രമണക്കേസിലും മറ്റും വിചാരണ പൂര്‍ത്തിയാക്കുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ഹിന്ദുത്വ തീവ്രവാദികള്‍ ഉള്‍പ്പെട്ട കേസുകളില്‍ ആ വേഗത ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം സ്വാഭാവികമായും ഉയരും. യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാരും ഒരുപോലെ ഇക്കാര്യത്തില്‍ അലംഭാവം കാട്ടി എന്നതും വസ്തുതയാണ്. ഏതായാലും രാജ്യത്തെ അന്വേഷണ ഏജന്‍സികളും ജുഡീഷ്യറിയും കൂടുതല്‍ കാര്യക്ഷമതയോടെ ഇത്തരം കേസുകളെ സമീപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top