31 May Wednesday

മാധ്യമങ്ങൾ; പൊരുതുന്നവയും ഇഴയുന്നവയും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 28, 2018


രണ്ടു വാർത്തയാണ് മാധ്യമങ്ങളെ സംബന്ധിച്ച് ഒരേ ദിവസം വന്നത്. ഒന്നാമത്തേത് മൂന്ന് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതാണ്. വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും മൂന്ന് മാധ്യമ പ്രവർത്തകരെ പൊലീസ് മാഫിയാസംഘം കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ വാർത്താചാനൽ റിപ്പോർട്ടർ സന്ദീപ് ശർമയെ  ട്രക്കിടിച്ചും ബിഹാറിലെ ഭോജ്പുരിൽ പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിലെ മാധ്യമപവർത്തകരായ നവീൻ നിശ്ചൽ, വിജയ് സിങ് എന്നിവരെ ബൈക്കിൽ കാർ കയറ്റിയുമാണ് കൊലപ്പെടുത്തിയത്. ഏതാനും മാസംമുമ്പ് ഉത്തർപ്രദേശിൽ ഹിന്ദുസ്ഥാൻ ലേഖകൻ നവീൻ ഗുപ്തയെ ഒരുസംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. രണ്ടാമത്തെ വാർത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനും വർഗീയകലാപം അഴിച്ചുവിടുന്ന തരത്തിലുള്ള വാർത്തകൾ നിർമിക്കാനും ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ തയ്യാറായി എന്ന കണ്ടെത്തലാണ്.

രാജ്യത്തെ മാധ്യമങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, ഏതുവിധം നിയന്ത്രിക്കപ്പെടുന്നു എന്നതിലേക്കുള്ള ചൂണ്ടുപലകകളാണ് ഈ രണ്ടു വാർത്തയും.
അന്വേഷണാത്മക വാർത്തകളിലൂടെ ശ്രദ്ധ നേടിയ ഓൺലൈൻ ടിവി സ്ഥാപനമായ കോബ്രാ പോസ്റ്റിന്റെ ഓപ്പറേഷൻ 136’ എന്ന പേരിലുള്ള സ്റ്റിങ് ഓപ്പറേഷനിലാണ് പ്രമുഖ മാധ്യമങ്ങൾ ബിജെപിക്കു മുന്നിൽ സ്വയം വിൽപ്പനയ്ക്ക് വച്ചതിന്റെ അമ്പരപ്പിക്കുന്ന ചിത്രം പുറത്തുവന്നത്. രണ്ട് ഡസനോളം  മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളോ  മാധ്യമ പ്രവർത്തകരോ ആയ പ്രമുഖരുമായി സംസാരിച്ചാണ് കോബ്രാ പോസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്ത്യ ടിവി, ദൈനിക് ജാഗരൺ, ഹിന്ദി ഖബർ, സബ് ടിവി, ഡിഎൻഎ, അമർ ഉജാല, വാർത്താ ഏജൻസിയായ യുഎൻഐ, 9എക്സ് തഷാൻ, സമാചാർ പ്ലസ്, എച്ച്എൻഎൻ 24ഃ7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്കൂപ് വൂപ്, റെഡിഫ്, ഇന്ത്യാ വാച്ച്, ആജ്, സാധ്ന പ്രൈം ന്യൂസ് തുടങ്ങിയവയുമായി നടത്തിയ ചർച്ചകളിൽ ആറുകോടി രൂപമുതൽ 50 കോടി രൂപവരെയാണ് വാഗ്ദാനം ചെയ്തത്. പണം കിട്ടിയാൽ എന്ത് വാർത്തയും നൽകാനുള്ള സന്നദ്ധതയാണ് പലരും പ്രകടിപ്പിച്ചത്. വർഗീയ പ്രചാരണവും കലാപസൃഷ്ടിയും നടത്തിക്കൊള്ളാമെന്നു പറയുന്ന മാധ്യമങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള കോടാലിക്കൈകളായി മാറുന്ന ഭീകരാവസ്ഥയാണ് ഇവിടെ തെളിയുന്നത്.

പത്രങ്ങളും ചാനലുകളും ഓൺലൈൻ മീഡിയയും ഇതിൽ വേറിട്ട് നിൽക്കുന്നില്ല. പ്രതിഫലം കള്ളപ്പണമായി വാങ്ങാനാണ് താൽപ്പര്യം. വ്യാജ വാർത്ത നൽകുക, വർഗീയ പ്രസംഗങ്ങൾ പ്രചരിപ്പിക്കുക, ചില നേതാക്കളെ വ്യക്തിഹത്യ ചെയ്യാൻ നിരന്തരം തെറ്റായ വാർത്തകൾ കൊടുക്കുക തുടങ്ങി ഏതിനും മാധ്യമങ്ങൾ തയ്യാറാവുകയാണ്. സമരം ചെയ്യുന്ന കർഷകരെ മാവോയിസ്റ്റുകളുമായി ബന്ധപ്പെടുത്താൻ ആവശ്യപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ, സുപ്രീംകോടതി അഭിഭാഷകരായ ദുഷ്യന്ത് ദവെ, കാമിനി ജയ്സ്വാൾ, ഇന്ദിര ജയ്സിങ് തുടങ്ങിയവർക്കെതിരെ വ്യാജ വാർത്തകൾ സൃഷ്ടിക്കാനും നീതിന്യായ സംവിധാനത്തിന്റെ ചില വിധികളെ ചോദ്യം ചെയ്യാനുള്ള ആവശ്യവും മാധ്യമ പ്രതിനിധികൾ അംഗീകരിച്ചതായി കോബ്ര പോസ്റ്റ് പറയുന്നുണ്ട്.

രാജ്യത്തെ മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ഏൽക്കുന്ന ഗുരുതരമായ ആഘാതമാണ് ഈ വെളിപ്പെടുത്തലുകൾ. മാധ്യമങ്ങൾ അന്വേഷിക്കാറേയള്ളൂ. അന്വേഷണത്തിന് വിധേയമാകാറില്ല. വിധേയമാകുമ്പോൾ ഇത്തരം കാര്യങ്ങളാണ് പുറത്തുവരിക എന്നതിലേക്ക് ഈ റിപ്പോർട്ട് വെളിച്ചംവീശുന്നു. മാധ്യമ സ്ഥാപനങ്ങൾ ഇങ്ങനെ എല്ലാ പരിധിയും വിടുമ്പോൾ നിർഭയമായി സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്താനുള്ള മാധ്യമ പ്രവർത്തകരുടെ പരിമിതമായ അവസരംപോലും തട്ടിയെടുക്കപ്പെടുകയാണ്. ഏകപക്ഷീയവും ദുഷ്പ്രേരിതവുമായ നിയന്ത്രണങ്ങളുടെയും നിർദേശങ്ങളുടെയും കുരുക്കിൽനിന്ന് പുറത്തുകടന്ന് ബദൽ മാധ്യമ സാധ്യത ആരായാൻ രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകർ നിർബന്ധിതമാകുന്നതിന്റെ പശ്ചാത്തലം ഇതാണ്. അതിനു പുറമെയാണ് വാർത്തകളുടെ പേരിൽ മാധ്യമ പ്രവർത്തകരെ ഇല്ലാതാക്കാനുള്ള പദ്ധതി. ഗൗരി ലങ്കേഷ് അതിന്റെ ഇരയാണ്. ഇപ്പോൾ കൊല്ലപ്പെട്ട മൂന്ന് മാധ്യമ പ്രവർത്തകരും ഇരകളാണ്.

ബിജെപി നേതൃത്വവുമായി ബന്ധമുള്ള മണൽ മാഫിയ‐ പൊലീസ് അവിശുദ്ധ ബന്ധം തുറന്നുകാട്ടിയതിനാണ് മധ്യപ്രദേശിലെ കോട്വാലിയിൽ സന്ദീപ് ശർമയെ ട്രക്ക് കയറ്റി കൊന്നത്. തനിക്കെതിരെ മണൽ മാഫിയയുടെയും പൊലീസിന്റെയും വധഭീഷണിയുണ്ടെന്നും സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന മനുഷ്യാവകാശ കമീഷൻ എന്നിവർക്കും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രക്ക് കയറ്റി കൊന്നത്. സന്ദീപ് ശർമ ഇരുന്ന ബൈക്കിൽ ട്രക്ക് മനഃപൂർവം ഇടിച്ചുകയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വില്ലേജ് കൗൺസിൽ മേധാവിക്കെതിരെ വാർത്ത കൊടുത്തതിനാണ് ദൈനിക് ഭാസ്കറിലെ നവീൻ നിശ്ചൽ, വിജയ് സിങ് എന്നിവരെ കൊലപ്പെടുത്തിയത്. വാർത്ത കൊടുക്കാനും മുക്കാനും മാധ്യമങ്ങളെ വിലയ്ക്കെടുക്കുക, അഹിതമായ വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകരെ കൊല്ലുക ഇതാണ് ഇന്നത്തെ മാധ്യമരംഗം അഭിമുഖീകരിക്കുന്ന വെല്ലുവിളി. ഇത് ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആയ അവസ്ഥയല്ല.

വർഗീയതയുടെ വെടിമരുന്നുശാലകളിൽ രൂപകൽപ്പന ചെയ്യപ്പെടുന്ന വെടിയുണ്ടകൾ, ഭരണസംവിധാനത്തിന്റെ പിന്തുണയോടെ എതിർശബ്ദം പുറപ്പെടുവിക്കുന്നവരുടെ ശരീരങ്ങളിലേക്ക് തുളച്ചുകയറ്റുകയാണ്. ചിന്തകർ, ബുദ്ധിജീവികൾ, ചലച്ചിത്ര പ്രവർത്തകർ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ, കലാസാഹിത്യ രംഗങ്ങളിലെ പ്രമുഖർ എന്നിവർക്കെതിരെയെല്ലാം വധഭീഷണി ഉണ്ടാവുകയാണ്. ഇത്തരത്തിൽ അസഹിഷ്ണുത നിറഞ്ഞ മറ്റൊരു കാലം ഇതിനുമുമ്പ് രാജ്യത്ത് ഉണ്ടായിട്ടില്ല. സംഹാരാത്മകമായ അസഹിഷ്ണുതയുടെ പതാക വാഹകരായും ആയുധമായും മാധ്യമങ്ങൾ മാറുന്ന അവസ്ഥയ്ക്കെതിരെ ശക്തമായ പ്രതികരണം ഉയർന്നാൽ മാത്രമേ മാധ്യമ പ്രവർത്തകരുടെ ജീവനും മാധ്യമ പ്രവർത്തനത്തിന്റെ ജീവനും സംരക്ഷിക്കപ്പെടുകയുള്ളൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top