11 May Saturday

നീതിപീഠങ്ങൾ സമ്മർദത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020


 

ഡൽഹി കലാപത്തിന്‌ കാരണമായ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശിച്ച ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ എസ്‌ മുരളീധറിനെ രായ്‌ക്കുരാമാനം പഞ്ചാബ്‌–-ഹരിയാന ഹൈക്കോടതിയിലേക്ക്‌ സ്ഥലം മാറ്റിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌. ആയിരക്കണക്കിനാളുകളെ തീരാദുരന്തത്തിലേക്ക്‌ വലിച്ചെറിഞ്ഞ കലാപത്തിന്‌ ആഹ്വാനവും പിന്തുണയും നൽകിയവരെ നിയമത്തിനു മുന്നിലെത്തിക്കാൻ കോടതികളെപ്പോലും അനുവദിക്കില്ലെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ്‌ കേന്ദ്ര സർക്കാർ. ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ഭാവിയെക്കുറിച്ച്‌ വലിയ ചോദ്യങ്ങളും ഏറെ ആശങ്കകളും ഉയർത്തുന്നതുമാണ്‌ കോടതികളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്കുമേലുള്ള ഈ കടന്നാക്രമണം.

നിരവധി പേരുടെ മരണത്തിനിടയാക്കിയ കലാപം അമർച്ച ചെയ്യാൻ പൊലീസും കേന്ദ്ര സർക്കാരും ബോധപൂർവം മടിച്ചുനിൽക്കുമ്പോഴാണ്‌  കലാപത്തിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിലെത്തിക്കാൻ ബുധനാഴ്‌ച ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ഉറച്ച ശബ്‌ദത്തിൽ നിർദേശിച്ചത്‌. കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂർ, പർവേശ്‌ വർമ എംപി, അഭയ്‌ വർമ എംഎൽഎ, കപിൽ മിശ്ര എന്നിവർ നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ വീഡിയോ തുറന്ന കോടതിയിൽ കണ്ടശേഷമാണ്‌ എല്ലാ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ ജസ്റ്റിസ്‌ എസ്‌ മുരളീധർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്‌ ആവശ്യപ്പെട്ടത്‌. ചൊവ്വാഴ്‌ച അർധരാത്രി സ്വന്തം വീട്ടിൽ മറ്റൊരു ഹർജിയിൽ വാദംകേട്ട ജസ്റ്റിസ്‌ എസ്‌ മുരളീധറും ജസ്‌റ്റിസ്‌ തൽവന്ത്‌ സിങ്ങും കലാപത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന്‌ സുരക്ഷയൊരുക്കാനും പൊലീസിനോട്‌ നിർദേശിച്ചിരുന്നു.


 

നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ പരീക്ഷിച്ച കൂട്ടക്കൊലയുടെ ഇന്ത്യൻ പതിപ്പ്‌ തയ്യാറാക്കുന്ന പണിയാണ്‌ യഥാർഥത്തിൽ ഡൽഹി കലാപത്തിൽ കണ്ടത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ സംഘപരിവാർ  കൂടുതൽ പ്രാകൃതമായ അതിക്രമങ്ങളിലേക്കും കലാപങ്ങളിലേക്കും നീങ്ങിത്തുടങ്ങി. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെ പൊലീസിന്റെ സഹായത്തോടെ കടന്നാക്രമിച്ച്‌ ഉത്തർപ്രദേശിലും മംഗലാപുരത്തും ഏറ്റവുമൊടുവിൽ ഡൽഹിയിലും അതിന്റെ  പരീക്ഷണമാണ്‌ നടത്തിയത്‌. 

ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളും തൂണുകളുമെല്ലാം പിഴുതെറിഞ്ഞും മാറ്റിപ്പണിതും ഇന്ത്യയെന്ന ആശയത്തെ തരിപ്പണമാക്കുകയാണ്‌ മോഡി സർക്കാർ. ഭീഷണിയിലൂടെയും സമ്മർദത്തിലൂടെയും ദേശീയമാധ്യമങ്ങളെ നേരത്തെ സംഘപരിവാർ അനുകൂലമാക്കിയിരുന്നു. രാജ്യത്തെ ഉന്നതോദ്യോഗസ്ഥരിൽ ഒരു വിഭാഗം പരമ്പരാഗതമായി സംഘപരിവാർ മനസ്സുള്ളവരാണ്‌. മാധ്യമങ്ങളെയും ഉദ്യോഗസ്ഥരെയും വരുതിയിലാക്കിയ മോഡി സർക്കാർ ഒടുവിൽ നീതിപീഠങ്ങളെ ലക്ഷ്യമിട്ടു. സമ്മർദവും പ്രലോഭനവും  ഭീഷണിയുമെല്ലാം പ്രയോഗിക്കുന്നുണ്ടെന്നാണ്‌ അനുഭവസാക്ഷ്യം. ജഡ്‌ജിമാരെ സ്ഥലംമാറ്റിച്ചും ഇഷ്‌ടമില്ലാത്തവരുടെ നിയമനം മാറ്റിവച്ചും കോടതികളെ സമ്മർദത്തിലാക്കുന്നുവെന്നും പരാതിയുണ്ട്‌. അയോധ്യാ വിധിന്യായം, കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാതിരുന്നത്‌ തുടങ്ങി സുപ്രീംകോടതി സ്വീകരിച്ച പല നിലപാടുകളും സംശയാസ്‌പദമാകുന്നത്‌ ഈ പശ്‌ചാത്തലത്തിലാണ്‌.

നീതിപീഠങ്ങളുടെ നിലപാടിൽ ആശങ്കാകുലരായ ജനങ്ങൾക്ക്‌ പ്രതീക്ഷയുടെ പ്രകാശരേഖയായാണ്‌ ബുധനാഴ്‌ച ഡൽഹി ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുണ്ടായത്‌. വിദ്വേഷപ്രസംഗം നടത്തിയവർക്കെതിരെ സമയമാകുമ്പോൾ കേസെടുക്കുമെന്ന്‌ പറഞ്ഞ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയ്‌ക്ക്‌ കോടതി നൽകിയ മറുപടിയിൽ ഇന്ത്യൻ ജുഡീഷ്യറിയുടെ നീതിബോധവും ആജ്ഞാശക്തിയും തുടിച്ചുനിന്നു. ‘‘ഇനി എപ്പോഴാണ്‌ ആ സമയം? എത്ര പേർകൂടി മരിക്കണം? എത്ര നാശനഷ്‌ടങ്ങൾകൂടി സഹിക്കണം? ഈ നഗരം കത്തിയെരിയുന്നത്‌ കാണുന്നില്ലേ’’? എന്നിങ്ങനെ ജസ്‌റ്റിസ്‌ മുരളീധറിന്റെ ഓരോ വാക്കും ഭരണഘടനാ സ്ഥാപനമായ കോടതിയുടെ പരമാധികാരവും അപ്രമാദിത്തവും സ്വാതന്ത്ര്യവും വിളംബരം ചെയ്യുന്നതായിരുന്നു.


 

കോടതികളുടെ ഈ നീതിബോധവും ആജ്ഞാശക്തിയും ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ബുധനാഴ്‌ച രാത്രിതന്നെ ജസ്‌റ്റിസ്‌ മുരളീധറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ്‌. സാമൂഹ്യപ്രവർത്തകനായ ഹർഷ്‌ മന്ദർ സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയിൽ തുടർവാദം കേൾക്കാൻ വ്യാഴാഴ്‌ച ജസ്‌റ്റിസ്‌ മുരളീധർ ഉണ്ടാകില്ലെന്ന്‌ ഉറപ്പാക്കാനാണ്‌ തിരക്കിട്ട്  ഉത്തരവിറക്കിയത്‌. അദ്ദേഹത്തെ സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജീയം ശുപാർശ ചെയ്‌തതാണെന്ന വാദത്തിന്‌ നീതിബോധം ഉയർത്തിപ്പിടിക്കുന്ന ജസ്‌റ്റിസ്‌ മുരളീധർ പലരുടെയും കണ്ണിലെ കരടാണ്‌ എന്നാണ്‌ മറുപടി.

ഭരണഘടനാ ശിൽപ്പികൾ വിഭാവനംചെയ്‌ത ഇന്ത്യയെ നിലനിർത്താനുള്ള ഉത്തരവാദിത്തം ഭരണഘടനാ സ്ഥാപനമായ കോടതികളുടേതുകൂടിയാണ്‌. ജനങ്ങൾക്ക്‌ മാത്രമല്ല, രാജ്യത്തിനും നീതി നൽകാൻ കോടതികൾക്ക്‌ കഴിയണം. ജസ്‌റ്റിസ്‌ മുരളീധറിന്റെ ബുധനാഴ്‌ചത്തെ പരാമർശങ്ങൾ നീതിപീഠങ്ങളെ ശക്തിപ്പെടുത്തുന്നതും ആത്മപരിശോധനയ്‌ക്ക്‌ സഹായിക്കുന്നതുമാണ്‌. ഭരണഘടനാപരവും നിയമപരവുമായ ധാർമികതയും നീതിബോധവും ഉയർത്തിപ്പിടിച്ച്‌ എല്ലാവരും ഒന്നിച്ച്‌ പ്രവർത്തിക്കേണ്ട ചരിത്രസന്ധിയിലാണ്‌ ഇന്ത്യ എത്തിനിൽക്കുന്നതെന്ന്‌ നീതിപീഠങ്ങൾ തിരിച്ചറിയുമെന്ന്‌ പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top