26 April Friday

പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


ലോകായുക്ത നിയമത്തിലെ ഭരണഘടനാവിരുദ്ധമായ വ്യവസ്ഥ നീക്കാൻ ഓർഡിനൻസ്‌ ഇറക്കുന്നതിനെ വിവാദമാക്കുന്നതിന്‌ പിന്നിൽ പ്രതിപക്ഷത്തിന്റെ നിക്ഷിപ്‌ത രാഷ്ട്രീയതാൽപ്പര്യം. വസ്‌തുത എന്താണെന്നറിയാതെയാണ്‌ കോൺഗ്രസും ബിജെപിയും എൽഡിഎഫ്‌ സർക്കാരിനെതിരെ രംഗത്തുവരുന്നത്‌. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി എന്താണെന്ന്‌ മനസ്സിലാക്കാനെങ്കിലും ആദ്യം തയ്യാറാകണം. ലോകായുക്ത നിയമഭേദഗതിയിലൂടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്‌ക്കുകയല്ല, മറിച്ച് ഭരണഘടനയുടെ163, 164 അനുച്ഛേദത്തിന്‌ അനുസരിച്ച്‌ മാറ്റം വരുത്തുകയാണ്‌. ലോകായുക്ത നിയമത്തിലെ ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകളെ ഭരണഘടനാനുസൃതമാക്കുകയാണ്‌. നിയമസഭ പാസാക്കിയ ഒരു നിയമത്തിലെ ഭരണഘടനാവിരുദ്ധമായ വ്യവസ്ഥ മാറ്റുക എന്നത്‌ ഭരണഘടനാനുസൃതം പ്രവർത്തിക്കുന്ന ഒരു സർക്കാരിന്റെ പ്രധാന കടമയാണ്‌. പൊടുന്നനെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല ഭേദഗതി. 2021 ഏപ്രിലിൽ തന്നെ ഇതിനുള്ള നിയമോപദേശം ലഭിച്ചിരുന്നു. എല്ലാതലത്തിലും പരിശോധിച്ചാണ്‌ ഭേദഗതിക്ക് തീരുമാനിച്ചത്‌. വിവിധ ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും വിധികളും നിർദേശങ്ങളും ലോക്‌പാൽ നിയമവും മറ്റു സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും പരിശോധിച്ചാണ്‌ ഓർഡിനൻസ്‌ ഇറക്കുന്നത്‌.

ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെ അയോഗ്യനാക്കാൻ കേരളത്തിലൊഴികെ രാജ്യത്ത്‌ ഒരിടത്തും ലോകായുക്ത നിയമം അനുവദിക്കുന്നില്ല. നിയമത്തിലെ വകുപ്പ്‌ 14ൽ മന്ത്രി നിയമലംഘനമോ ചട്ടലംഘനമോ നടത്തിയതായി ലോകായുക്ത കണ്ടെത്തിയാൽ പദവിയിൽനിന്നു പുറത്താക്കാൻ നിയമനാധികാരി നിർബന്ധിതനാണ്‌. അതിനു മുകളിൽ അപ്പീലിനും വ്യവസ്ഥയില്ല. ഇത്‌ ഭരണഘടനയുടെ 164 അനുച്ഛേദത്തിന്റെ അന്തഃസത്തയ്‌ക്കു നിരക്കുന്നതല്ല. നിയമനിർമാണ സഭകൾ നിയമം നിർമിക്കുമ്പോൾ പാലിക്കേണ്ട പ്രധാനപ്പെട്ട വ്യവസ്ഥകൾ ഭരണഘടനയിലെ അനുച്ഛേദം 13ൽ വ്യക്തമാക്കുന്നുണ്ട്‌. ആദ്യം പരിശോധിക്കുന്നത്‌ നിയമത്തിലെ എതെങ്കിലും വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണോ എന്നാണ്‌. ഭരണഘടനാവിരുദ്ധ വ്യവസ്ഥ ഉണ്ടെന്നു കണ്ടെത്തിയാൽ അത്തരം വ്യവസ്ഥകൾ ഭേദഗതി ചെയ്യാം. സുപ്രീംകോടതിയും ഹൈക്കോടതിയും ജുഡീഷ്യൽ റിവ്യൂവിന്‌ വിധേയമാക്കി നിയമം റദ്ദാക്കുകയോ ഭേദഗതി വരുത്താൻ നിർദേശിക്കുകയോ ചെയ്യാറുണ്ട്‌. ഭരണഘടനാ വിരുദ്ധമായ 14–-ാം വകുപ്പാണ്‌ ഭേദഗതി ചെയ്യുന്നത്‌.

അഴിമതിക്കേസുകളിൽ അന്വേഷണം നടത്താനോ റിപ്പോർട്ട്‌ സമർപ്പിക്കാനോ ആവശ്യമെങ്കിൽ വിചാരണയ്‌ക്ക്‌ ശുപാർശ ചെയ്യാനോ ഉള്ള അധികാരം ചോദ്യം ചെയ്യുന്നില്ല. മന്ത്രിമാർക്കെതിരെയും പൊതുപ്രവർത്തകർക്കെതിരെയും പരാതി കിട്ടിയാൽ അന്വേഷിച്ച് തീർപ്പുകൽപ്പിക്കുന്ന ലോകായുക്തയ്‌ക്ക്‌ വകുപ്പ് 12 (2) പ്രകാരം ഒരു പ്രഖ്യാപനം നടത്താം. അവർ തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ല എന്ന പ്രഖ്യാപനം. വകുപ്പ് 14 പ്രകാരം ലോകായുക്ത പ്രഖ്യാപനം അടങ്ങിയ റിപ്പോർട്ട് ഗവർണർക്കോ മുഖ്യമന്ത്രിക്കോ നൽകുകയും നടപടി സ്വീകരിച്ച്‌ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്യാം. ലോകായുക്തയുടെ ഈ പ്രഖ്യാപനം ഗവർണറോ മുഖ്യമന്ത്രിയോ അംഗീകരിക്കണമെന്നാണ് 14–-ാം വകുപ്പ്‌ നിർദേശിക്കുന്നത്. ഇതനുസരിച്ച് മന്ത്രിയോ പൊതുപ്രവർത്തകനോ സ്ഥാനം രാജിവച്ചശേഷമേ ഭരണഘടന അനുച്ഛേദം 226 പ്രകാരം ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനാകൂ. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാഭാവിക നീതിക്കെതിരാണ്. ഭരണഘടന 164 അനുച്ഛേദപ്രകാരം മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണറാണ്‌ മന്ത്രിമാരെ നിയമിക്കുന്നത്. 163 പ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണഘടനാ സ്ഥാപനമാണ്‌. ഭരണഘടനാ സ്ഥാപനത്തിലിരിക്കുന്നവരെ അയോഗ്യനാക്കുക എന്നത്‌ കോടതികളുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന്‌ സുപ്രീംകോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്‌.

ലോകായുക്ത ഒരു ഭരണഘടനാ സ്ഥാപനമോ ഭരണഘടനാ കോടതിയോ അല്ല. നിയമസഭയ്‌ക്കുള്ള അധികാരം ഉപയോഗിച്ച്‌ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനം മാത്രമാണ്‌. അതായത്‌ ഒരു അർധ നീതിന്യായ സംവിധാനം. അതിന്റെ വിധികൾ വെറും നിർദേശം മാത്രമാണെന്നും അവ നിർബന്ധിതമായും നടപ്പാക്കേണ്ടതില്ലെന്നും കോടതി ഉത്തരവുകളുമുണ്ട്‌. കോൺഗ്രസിനും ബിജെപിക്കും നിയമഭേദഗതിയെ ചോദ്യംചെയ്യാൻ ഒരു അവകാശവുമില്ല. കോൺഗ്രസ്‌ കേന്ദ്രം ഭരിക്കുമ്പോൾ അഴിമതി കൊടികുത്തി വാഴുകയായിരുന്നു. ഈ ഘട്ടത്തിൽ ലോക്‌പാൽ കൊണ്ടുവരണമെന്ന്‌ നിരന്തരം ആവശ്യപ്പെട്ടിട്ടും കൊണ്ടുവന്നില്ല. ഒടുവിൽ നിയമം കൊണ്ടുവന്നപ്പോൾ പ്രധാനമന്ത്രിയെ ഉൾപ്പെടുത്തിയില്ല. കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതുതന്നെയാണ്‌.

മുഖ്യമന്ത്രിമാരും മന്ത്രിമാരും നിയമത്തിനു പുറത്താണ്‌. പഞ്ചാബിൽ 2020ൽ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരെ പുറത്താക്കാൻ ലോകായുക്തയ്‌ക്ക്‌ അധികാരമില്ലെന്ന ഭേദഗതി കൊണ്ടുവന്നു. ബിജെപി ഭരിക്കുന്ന കർണാടകത്തിലും ഗുജറാത്തിലും ഹരിയാനയിലും ഇത്തരത്തിലുള്ള വ്യവസ്ഥകൾ കൊണ്ടുവന്നു. എന്നാൽ, 14–-ാം വകുപ്പ്‌ ഭേദഗതിയിലൂടെ കേരളത്തിലെ നിയമത്തിൽനിന്ന്‌ ആരെയും മാറ്റി നിർത്തിയിട്ടില്ല. മാത്രമല്ല, ലോകായുക്ത റിപ്പോർട്ട്‌ പരിശോധിച്ച്‌ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന്‌ വ്യവസ്ഥയുമുണ്ട്‌. ലോകായുക്ത റിപ്പോർട്ടുകൾ പൂഴ്‌ത്തിവയ്‌ക്കാതെ എത്രയും വേഗം തീർപ്പുണ്ടാക്കാൻ എൽഡിഎഫ്‌ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top