എന്ത് അപമാനം സഹിച്ചും മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ഉമ്മന്‍ചാണ്ടിയോട് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രാജിവയ്ക്കൂ എന്ന് ആവശ്യപ്പെടുന്നതില്‍ വലിയ അര്‍ഥമുണ്ടാകില്ല. എങ്കിലും പറയട്ടെ, മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി നിങ്ങള്‍ അധികാരസ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനകരമാണ്
കേരളത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും അഴിമതിക്കേസില്‍ ഒരു ജുഡീഷ്യല്‍ കമീഷനുമുമ്പാകെ വിസ്തരിക്കപ്പെടാനായി പോയി നിന്നുകൊടുക്കേണ്ടിവന്നിട്ടില്ല. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ത്തന്നെ സമാനമായ ഒരു സംഭവം ഉണ്ടായതായി ആര്‍ക്കും അറിവില്ല. ഈ കേരളത്തിന് ജുഡീഷ്യല്‍ കമീഷനാല്‍ വിസ്തരിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയുള്ള സംസ്ഥാനം എന്ന 'പദവി' അങ്ങ് 'നേടി'ക്കൊടുത്തു. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?
പത്ത് പതിനാലു മണിക്കൂര്‍ കേരളത്തിന്റെ മുഖ്യമന്ത്രി തുടര്‍ച്ചയായി വിസ്തരിക്കപ്പെടുമ്പോള്‍ ഓരോ പൌരന്റെയും ആത്മാഭിമാനമുള്ള മനസ്സാണ് പൊള്ളിയത്. ഇങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയാല്‍ ഭരിക്കപ്പെടുന്ന ദുര്‍വിധിയാണല്ലോ ഉണ്ടായത് എന്ന ചിന്തയാല്‍ കേരളത്തിന്റെ അഭിമാനം ശിരസ്സുതാഴ്ത്തിയ നിമിഷങ്ങളായിരുന്നു അത്. ഈ സംസ്ഥാനത്തെയും ഈ ജനതയെയും ലോകസമക്ഷം ഇങ്ങനെ അപമാനിക്കാന്‍ ഈ പൌരസമൂഹവും നാടും അങ്ങയോട് എന്ത് തെറ്റുചെയ്തു മുഖ്യമന്ത്രീ– അങ്ങയെ മുഖ്യമന്ത്രിയാക്കിപ്പോയി എന്നതിനപ്പുറം!
ഒരു ട്രെയിന്‍ പാളം തെറ്റിയപ്പോള്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച ലാല്‍ബഹദൂര്‍ ശാസ്ത്രിയെപ്പോലുള്ളവര്‍ ഉണ്ടായിരുന്ന നാടാണിത്. ആ നാട്ടിലെ ഒരു സംസ്ഥാനത്താണ് എന്ത് അപമാനം സഹിച്ചും മുഖ്യമന്ത്രിക്കസേരയില്‍ തുടരുമെന്ന് ഒരു വ്യക്തി പ്രഖ്യാപിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ ആ പ്രഖ്യാപനം വന്ന ഘട്ടത്തിലൊന്നും ഇത്ര വലിയ അപമാനത്തിന്റെ ജീര്‍ണമായ വിഴുപ്പുകൊണ്ട് മൂടപ്പെടാന്‍ പോവുകയാണ് അദ്ദേഹമെന്ന് കേരളീയര്‍ കരുതിക്കാണില്ല. മുഖ്യമന്ത്രിക്കറിയാമായിരുന്നു. കാരണം, അദ്ദേഹം ചെയ്തുകൂട്ടിയ ദുഷ്കൃത്യങ്ങള്‍ അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നല്ലോ. പടിപടിയായി എല്ലാം പുറത്തുവരുമെന്നും അദ്ദേഹം അറിഞ്ഞിരിക്കണം. അതുകൊണ്ടാണല്ലോ, "എത്ര വലിയ അപമാനം സഹിച്ചും...'' എന്ന ആ വാചകം നേരത്തെതന്നെ അദ്ദേഹത്തില്‍നിന്നുണ്ടായത്. അദ്ദേഹം പ്രതീക്ഷിച്ച വഴിക്കുതന്നെ നീങ്ങി കാര്യങ്ങള്‍. അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങി നിവര്‍ന്നുനില്‍ക്കുകയാണ് മുഖ്യമന്ത്രി. താന്‍ ജുഡീഷ്യല്‍ കമീഷന്‍ ഏര്‍പ്പെടുത്തി എല്ലാം പരിശോധിപ്പിക്കുകയല്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ചെറുക്കാനാകാത്ത ജനരോഷത്തിന്റെ സമ്മര്‍ദത്തില്‍പ്പെട്ട് നിവൃത്തിയില്ലാതെയാണ് ജുഡീഷ്യല്‍ കമീഷന്‍ അന്വേഷണം പ്രഖ്യാപിച്ചത് എന്നത് ആര്‍ക്കാണറിയാത്തത്?
മുഖ്യമന്ത്രി ഏഴുകോടി രൂപ കൈക്കൂലി ചോദിച്ചെന്നും ഒരു കോടി തൊണ്ണൂറുലക്ഷം കൊടുത്തെന്നുമാണ് സരിത ജുഡീഷ്യല്‍ കമീഷനുമുമ്പാകെ വെളിപ്പെടുത്തിയത്. ഇത് ആര് വിശ്വസിക്കുമെന്ന് ചോദിക്കുന്ന മുഖ്യമന്ത്രീ, ബിജു രാധാകൃഷ്ണന്‍ സരിതയെയും മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്തി മറ്റൊരു ആരോപണം നേരത്തെ ഉന്നയിച്ചപ്പോള്‍ സരിതയുടെ മൊഴി വിശ്വസിക്കൂ എന്നതായിരുന്നല്ലോ താങ്കളുടെ വാദം! സരിതയെക്കൊണ്ട് ജുഡീഷ്യല്‍ കമീഷനുമുമ്പില്‍ മൊഴിമാറ്റി പറയിക്കാന്‍വേണ്ടി നിയമവിരുദ്ധമായി കെപിസിസി സെക്രട്ടറിയും തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ തമ്പാനൂര്‍ രവിയെ നിയോഗിച്ചത് എന്തിനാണെന്നെങ്കിലും ഉമ്മന്‍ചാണ്ടീ താങ്കള്‍ വിശദീകരിക്കേണ്ടതല്ലേ?
കേസ് തേച്ചുമായ്ച് കളയാനും തെളിവ് നശിപ്പിക്കാനും ഉമ്മന്‍ചാണ്ടി ഭരണാധികാരമുപയോഗിച്ച് നടത്തിയ കള്ളക്കളികളെയൊക്കെ പൊളിച്ചടുക്കുംവിധം ജ്വലിക്കുന്ന സത്യങ്ങള്‍ തുടരെ വന്നുകൊണ്ടിരിക്കുകയാണ്. ജയിലിലായിരുന്ന സരിതയെ സന്ദര്‍ശിക്കാന്‍ ചെന്ന സായുധസംഘത്തെക്കുറിച്ച് അന്വേഷിക്കാതിരുന്നത്, ടി കെ ജോസ് എന്ന ഐജിയെക്കൊണ്ട് ഫോണ്‍കോള്‍ രേഖകള്‍ ഇല്ലാതാക്കിയത്, തമ്പാനൂര്‍ രവിയെക്കൊണ്ട് സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്, അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താതിരുന്നത്, ബലാത്സംഗം ചെയ്തു എന്ന രേഖ കോടതിയിലെത്തിയിട്ടും ബലാത്സംഗക്കാരായ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയുണ്ടാകാത്തത്, സരിത എഴുതിയ 21 പേജുള്ള കത്ത് നാലുപേജായി ചുരുങ്ങിയത്, മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടി വി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായത്– ഒക്കെ തെളിവ് നശീകരണ പ്രക്രിയയിലെ കണ്ണികളാണ്. ഐജി ടി കെ ജോസ് മുതല്‍ തമ്പാനൂര്‍ രവിവരെയുള്ളവര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതെന്തുകൊണ്ടാണ്? ഇതിനുത്തരം ഒന്നേയുള്ളൂ. മുഖ്യമന്ത്രിക്കുവേണ്ടിയാണ് ഇവര്‍ ഇടപെട്ടത് എന്നതുതന്നെ!
ഈ മുഖ്യമന്ത്രിയില്‍നിന്നും അദ്ദേഹത്തിന്റെ വൃത്തികെട്ട അഴിമതി സംഘത്തില്‍നിന്നും കേരളത്തെ മോചിപ്പിക്കണം. ഇത് കേരളത്തിന്റെ പൊതുവായ ആവശ്യമാണ്. പൊതുആവശ്യം എന്നു പറയുമ്പോള്‍ കോണ്‍ഗ്രസിന്റെകൂടി ആവശ്യമാണ്. കാരണം, ശോഷിച്ച നിലയിലെങ്കിലും കോണ്‍ഗ്രസ് ഇവിടെ തുടര്‍ന്ന് നിലനില്‍ക്കണമെങ്കില്‍ ഈ സംഘത്തെ കുടഞ്ഞെറിഞ്ഞു കളയണം. വി എം സുധീരന്‍ ജാഥ നിര്‍ത്തിവച്ച് ജനങ്ങളോട് മാപ്പ് പറയണം. ജുഡീഷ്യല്‍ പ്രക്രിയയില്‍ വഴിവിട്ട് ഇടപെട്ട തമ്പാനൂര്‍ രവിയെ അറസ്റ്റ് ചെയ്യണം. തെളിവ് നശിപ്പിച്ച ടി കെ ജോസിനെതിരെ കേസെടുക്കണം. കൈക്കൂലിയുടെ പശ്ചാത്തലത്തില്‍ ആര്യാടന്‍ മുഹമ്മദിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം. ആര്യാടനേക്കാള്‍ വലിയ തുക വാങ്ങിയ ഉമ്മന്‍ചാണ്ടി സ്വയം പുറത്തുപോകണം. ലജ്ജാകരമായ ഈ ദുരവസ്ഥയില്‍നിന്നു രക്ഷപ്പെടാന്‍ കേരളത്തെ അനുവദിക്കണം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..