25 June Saturday

സിറിയയില്‍ സമാധാനം പുലരുമോ

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

പശ്ചിമേഷ്യയില്‍ ഒരു കൊടുങ്കാറ്റിന്റെ വേഗതയോടെ പ്രത്യക്ഷപ്പെടുകയും ഇറാഖിലും സിറിയയിലും സ്വാധീനം നേടുകയും ചെയ്ത ഭീകരവാദപ്രസ്ഥാനമാണ് ഇസ്ളാമിക സ്റ്റേറ്റ്. ഇരുരാജ്യങ്ങളുടെയും പകുതിയോളം പ്രദേശങ്ങളുടെ നിയന്ത്രണം നേടിയ ഐഎസ് 2014ല്‍ കാലിഫൈറ്റ് പ്രഖ്യാപനവും നടത്തി. എന്നാല്‍, ഇറാഖില്‍ ഹവിജ നഗരവും സിറിയയിലെ ഡിര്‍ എസ്സോര്‍ പ്രവിശ്യയിലെ അബു കമാല്‍ നഗരവും നഷ്ടപ്പെട്ടതോടെ രണ്ടു രാജ്യങ്ങളിലെയും ഭൂപ്രദേശങ്ങള്‍ ഏതാണ്ട് പൂര്‍ണമയും ഐഎസിന് നഷ്ടമായി.  അമേരിക്കന്‍ സേനയുടെ പിന്തുണയോടെയാണ് ഹവിജ നഗരം ഇറാഖി സേന കീഴ്പ്പെടുത്തിയതെങ്കില്‍ റഷ്യന്‍ സൈന്യത്തിന്റെയും ഇറാന്‍ വിപ്ളവ ഗാര്‍ഡുകളുടെയും ഹിസബൊള്ളയുടെയും  പിന്തുണയോടെയാണ് സിറിയയിലെ ബഷര്‍ അല്‍ അസദ് സര്‍ക്കാര്‍ അബു കമാല്‍ കീഴ്പ്പെടുത്തിയത്. ഇതോടെ ഇറാഖിലെയും സിറിയയിലെയും ഐഎസ് ഭരണത്തിന് അന്ത്യമായി. ഇറാഖ് സിറിയന്‍ അതിര്‍ത്തിയിലെ ചില പ്രദേശങ്ങളില്‍മാത്രമാണ് ഇപ്പോള്‍ ഐഎസിന്് സാന്നിധ്യമുള്ളത്.

'സിറിയയെ അര്‍ബുദം പോലെ ബാധിച്ച ഐഎസില്‍നിന്ന് പൂര്‍ണമായി മോചനമായെന്ന്'അല്‍മാസ്ദര്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഐഎസിന്റെ നേതൃത്വമാകട്ടെ ചിന്നിച്ചിതറി. പാശ്ചാത്യമാധ്യമങ്ങള്‍ തീര്‍ത്തും അവഗണിച്ച വാര്‍ത്തയായിരുന്നു ഇത്. റഷ്യക്ക് മേല്‍ക്കൈ ഉണ്ടാകുന്ന വാര്‍ത്തയായതുകൊണ്ടായിരിക്കണം ഈ തമസ്കരണം. 
ഏഴ് വര്‍ഷം നീണ്ട യുദ്ധത്തിനും 3,30,000 പേരുടെ മരണത്തിനും ശേഷമാണെങ്കിലും സിറിയ സമാധാനത്തിലേക്ക് നീങ്ങുകയാണിന്ന്. ഇറാഖില്‍ സദ്ദാംഹുസൈനെ പോലെ, ലിബിയയില്‍ കേണല്‍ ഗദ്ദാഫിയെ പോലെ, സിറിയയിലെ ബഷര്‍ അല്‍ അസദിനെയും അധികാരത്തില്‍നിന്ന് പുറത്താക്കി വധിക്കുകയെന്ന അമേരിക്കന്‍- ഇസ്രയേല്‍- സൌദി അജന്‍ഡയാണ് തകര്‍ന്നടിഞ്ഞത്. യുദ്ധത്തിന് വിരാമമായതോടെ അഭയാര്‍ഥികളാക്കപ്പെട്ടവര്‍ കൂട്ടംകൂട്ടമായി സ്വദേശത്തേക്ക് മടങ്ങുകയാണിപ്പോള്‍. ആറ് ലക്ഷത്തോളംപേര്‍ ഇങ്ങനെ മടങ്ങിയെത്തിയെന്നാണ് കണക്ക്.  സിറിയയില്‍ത്തന്നെ യുദ്ധമില്ലാത്ത പ്രദേശങ്ങളിലേക്ക് പോയവരാണ് പ്രധാനമായും മടങ്ങിവന്നവരില്‍ 84 ശതമാനവും. ഇവരുടെ പുനരധിവാസമാണ് ഇനി സിറിയന്‍ സര്‍ക്കാരിനുമുന്നിലുള്ള പ്രധാന വെല്ലുവിളി.

ഇസ്ളാമിക സ്റ്റേറ്റിന്റെ ഭീഷണി അവസാനിപ്പിച്ചതോടെ സിറിയന്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം കാണാനുള്ള ശ്രമങ്ങളും റഷ്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. നവംബര്‍ 23ന് കരിങ്കടല്‍ തീരത്തുള്ള റഷ്യന്‍ നഗരമായ സോച്ചിയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനും സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദും ഇറാന്‍ പ്രസിഡന്റ് റൂഹാനിയും തുര്‍ക്കി പ്രതിനിധികളും പങ്കെടുത്ത ആദ്യ യോഗം ചേര്‍ന്നു. അടുത്തവര്‍ഷത്തോടെ സിറിയയില്‍നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് റഷ്യ വ്യക്തമാക്കി.  ഒരു സ്വതന്ത്ര കുര്‍ദിസ്ഥാന്‍ രൂപീകരണം തടയുന്നപക്ഷം സൈന്യത്തെ പിന്‍വലിക്കാന്‍ തുര്‍ക്കിയും സന്നദ്ധത പ്രകടിപ്പിച്ചു. സ്വതന്ത്ര കുര്‍ദിസ്ഥാന്‍ യാഥാര്‍ഥ്യമാകാനുള്ള സാധ്യത വിരളമാണെന്നിരിക്കെ കൂടുതല്‍ സ്വയംഭരണം ഉറപ്പുവരുത്താന്‍ റഷ്യ മുന്‍കൈ എടുക്കുന്ന പക്ഷം സിറിയയില്‍ തുടരാന്‍ കുര്‍ദ് പെഷ്മര്‍ഗ സേനയ്ക്കും താല്‍പ്പര്യമില്ല.  അതായത് സിറിയന്‍ സുരക്ഷ സിറിയന്‍ അറബ് സേനയ്ക്ക് വിട്ടുനല്‍കാന്‍ റഷ്യന്‍ ക്യാമ്പിലുള്ള ഭൂരിപക്ഷം സേനയും തയ്യാറാണെന് സാരം. ജനീവയില്‍ യുഎന്നിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന സമാധാനസംഭാഷണത്തിന്റെ കടിഞ്ഞാണും റഷ്യയുടെ നേതൃത്വത്തിലുള്ള ഈ രാഷ്ട്രങ്ങള്‍ക്കായിരിക്കുമെന്ന് ഈ നയതന്ത്രനീക്കങ്ങള്‍ വ്യക്തമാക്കുന്നു. ജോര്‍ദാനും ഖത്തറും നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്.  ഈജിപ്തും ഈ വിഷയത്തില്‍ റഷ്യക്കൊപ്പമാണ്. 

റഷ്യക്ക് ലഭിച്ച ഈ മുന്‍കൈ അമേരിക്കന്‍പക്ഷത്തെയാണ് അലോസരപ്പെടുത്തുന്നത്. അമേരിക്കന്‍ ക്യാമ്പിലുള്ള സൌദി അറേബ്യക്കും ഇസ്രയേലിനും പശ്ചിമേഷ്യിലെ ഏറ്റവും വലിയ സംഘര്‍ഷം പരിഹരിക്കുന്നതില്‍ നേതൃപരമായ പങ്കില്ലെന്നര്‍ഥം. അതുകൊണ്ടാണ് ഭീകരവാദികളെ മുഴുവന്‍ തുരത്തുന്നതുവരെ സൈന്യത്തെ സിറിയയില്‍നിന്ന് പിന്‍വലിക്കില്ലെന്ന്് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പ്രസ്താവിച്ചത്. മേഖലയിലെ ആരുംതന്നെ കൂടെയില്ല എന്ന യാഥാര്‍ഥ്യം അമേരിക്കയ്ക്ക് കണക്കിലെടുക്കാതിരിക്കാനാകില്ല. അവര്‍ക്കും സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കേണ്ടിവരും. അങ്ങനെവന്നാല്‍ അത് പുതുചരിത്രമാകും. അസദിനെ സിറിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുകയെന്ന ലക്ഷ്യം കാണാതെയുള്ള പിന്മാറ്റമായിരിക്കും അത്. അമേരിക്കന്‍ ആധിപത്യമോഹങ്ങള്‍ക്കാണ് അത് ക്ഷതമേല്‍പ്പിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top