27 April Saturday

രാജ്യത്ത് നിയമവാഴ്‌ച അപകടത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2019

മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിലെ ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമവിദ്യാർഥിനിയെ കേസിൽ കുടുക്കി ജയിലിലടച്ച വാർത്ത നടുക്കുന്നതാണ്. സംഘപരിവാർ ക്രിമിനലുകളുടെ അതിക്രമങ്ങൾക്കിരയാകുന്നവർ പരാതിപോലും പറയാതെ നിശ്ശബ്‌ദരായിക്കൊള്ളണമെന്നും ഇല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നുമാണ് ഇതിന്റെ അർഥം. പൊലീസിനെയും നിയമസംവിധാനത്തെയും ഉപയോഗിച്ച് നിസ്സഹായരായ ഇരകളെ വേട്ടയാടുകയാണ് സംഘപരിവാർ. രാജ്യത്ത് നിയമവും നിയമവാഴ്‌ചയും നിലനിൽക്കുന്നുണ്ടോ എന്ന് ആശങ്കപ്പെടേണ്ട ദിനങ്ങൾ എത്തിക്കഴിഞ്ഞുവെന്നാണ് ഇത് കാണിക്കുന്നത്.ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിൽ ഈമാസം ഇരുപതിന് ചിന്മയാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അതിനുശേഷം ചിന്മയാനന്ദ് നൽകിയ കൗണ്ടർകേസിലാണ് ഇരുപത്തിമൂന്നു-കാരിയായ വിദ്യാർഥിനിയെ പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച അറസ്റ്റ് ചെയ്‌തത്. വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ ചിന്മയാനന്ദ് നൽകിയ പരാതി.

ചിന്മയാനന്ദിന്റെ സംഘടന നടത്തുന്ന ലോ കോളേജിൽ പഠിക്കുന്ന തന്നെ ഒരു വർഷത്തോളം ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്‌തിരുന്നു. എന്നാൽ, ചിന്മയാനന്ദിനെതിരെ താരതമ്യേന ചെറിയ വകുപ്പനുസരിച്ചാണ് കേസ് ചാർജ് ചെയ്‌തത്. ലൈംഗികാതിക്രമകേസുകളിൽ സ്ത്രീകൾക്കനുകൂലമായ നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് ഇരയുടെ പരാതിയിൽ ശക്തമായ കേസ് എടുക്കാൻ തയ്യാറാകാതിരുന്നത്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾക്ക് കേസെടുക്കാമെന്ന കാര്യവും അവഗണിച്ചു.

ജനാധിപത്യത്തിന്റെ മറപിടിച്ച് അധികാരത്തിൽ കയറിയ സന്യാസിവേഷം ധരിച്ച ഒരു മുഖ്യമന്ത്രിയുടെ കീഴിൽ ഉത്തർപ്രദേശിൽ പ്രാകൃതനിയമമാണ് നടമാടുന്നതെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം.  ചിന്മയാനന്ദിനെ പാർടി അംഗത്വത്തിൽനിന്ന് പുറത്താക്കിയെന്നാണ് ബിജെപിയുടെ അവകാശവാദം. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ പുറത്താക്കൽ പ്രഖ്യാപിച്ചെങ്കിലും ചിന്മയാനന്ദിനെ സംരക്ഷിക്കാനും ഇരയെ കടന്നാക്രമിക്കാനുമാണ് ഭരണസംവിധാനം ശ്രമിക്കുന്നതെന്ന് ഷഹരാൻപൂരിൽനിന്നുള്ള വാർത്തകൾ കാണിക്കുന്നു. അതിക്രമങ്ങൾക്ക് ഇരയാകുന്നവരെ വേട്ടയാടുന്നത് സംഘപരിവാറിന്റെ പ്രവർത്തനശൈലിയാണ്. ഉന്നാവ്‌ സംഭവത്തിലെ പെൺകുട്ടിയെ വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചതടക്കം എത്രയോ അനുഭവങ്ങൾ രാജ്യത്തിന് മുന്നിലുണ്ട്. സംഘപരിവാറിനെ ചോദ്യംചെയ്യുന്നവർ എത്ര ദുർബലരാണെങ്കിൽപ്പോലും കടന്നാക്രമണത്തിൽനിന്ന് ഒഴിവാക്കില്ല. ഏത് ദുഷ്‌പ്രവൃത്തിയും നിശ്ശബ്‌ദമായി  സഹിക്കണമെന്നും ഇല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും ഇത്തരം അതിക്രമങ്ങളിൽക്കൂടി അവർ മുന്നറിയിപ്പ് നൽകുകയാണ്.

ജനാധിപത്യവിരുദ്ധവും നീതിരഹിതവുമായ പ്രാകൃത മനോനിലയുള്ളവരാണ് രാജ്യം ഭരിക്കുന്നത്. പ്രചാരണ കൊടുങ്കാറ്റ് അഴിച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലേറിയ ഇക്കൂട്ടർ ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാ നന്മകളും ചോർത്തിക്കളയുകയാണ്. എതിർപ്പിന്റെയും വിയോജിപ്പിന്റെയും നേരിയ സ്വരംപോലും അവരെ അസ്വസ്ഥമാക്കുന്നു. അനുസരിച്ചും അനുസരിപ്പിച്ചുംമാത്രം ശീലമുള്ള ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും പ്രാകൃതബോധമാണ് അവരെ നയിക്കുന്നത്.ജനാധിപത്യത്തിന്റെ കണികപോലുമില്ലാത്തവർ ജനാധിപത്യത്തിന്റെ ചെലവിൽ നടത്തുന്ന കപടനാടകം ഏറെക്കാലം തുടരാനാകില്ലെന്ന ചരിത്രപാഠം ആരും മറന്നുകൂടാ. മനുഷ്യാവസ്ഥയ്‌ക്കുമേലുള്ള സംഘപരിവാറിന്റെ കടന്നാക്രമണങ്ങൾക്കെതിരെ രാജ്യമാകെ പ്രതിഷേധം ഉയരേണ്ടതുണ്ട്. നീതിയും നിയമവാഴ്‌ചയും വീണ്ടെടുക്കുന്നതിന് ജനങ്ങൾ ഒരുമിച്ച് നിൽക്കണം. ജനാധിപത്യത്തിന്റെ ഘാതകർ കണക്കുപറയേണ്ടി വരികതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top