26 April Friday

സമരാഭാസം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2016

തെരുവിലിറങ്ങി അക്രമം കാട്ടിയാല്‍മാത്രമേ പ്രതിപക്ഷത്തെ മുഖ്യകക്ഷിക്ക് ശ്രദ്ധ കിട്ടുകയുള്ളൂവെന്ന ഗതികേട് ജനാധിപത്യത്തിന് ഭൂഷണമല്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ അതാണ്. ജനകീയപ്രശ്നങ്ങളില്‍ ബന്ധപ്പെട്ടവരെ അണിനിരത്തി പ്രക്ഷോഭം നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശത്തെ ആരും ചോദ്യംചെയ്യില്ല. എന്നാല്‍, തിങ്കളാഴ്ചയും രണ്ടുനാള്‍മുമ്പും കോണ്‍ഗ്രസ് നടത്തിയ സമരത്തെ ഈ ഗണത്തില്‍ പെടുത്താനാകില്ല. ഏഴുദിവസമായി സെക്രട്ടറിയറ്റ് നടയില്‍ സമരമിരിക്കുന്ന യൂത്ത്കോണ്‍ഗ്രസുകാരെ ആരും തിരിഞ്ഞുനോക്കാത്തത്, ഉന്നയിക്കുന്ന വിഷയത്തിന്റെ പൊള്ളത്തരംകൊണ്ടുതന്നെ. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിച്ചെന്ന് ആരോപിച്ചായിരുന്നു സമരം. അനിശ്ചിതകാല സമരമായിട്ടും ആരുമറിഞ്ഞില്ല. അങ്ങനെ ഒരു ആവലാതി ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ സമരം ഇങ്ങനെ വിസ്മൃതിയില്‍ ആകുമായിരുന്നോ? അപ്പോള്‍പ്പിന്നെ അക്രമമുണ്ടാക്കി വാര്‍ത്തയിലിടംനേടുക മാത്രമാണ് പോംവഴി. അതാണ് കെഎസ്യു മാര്‍ച്ചിന്റെ മറവില്‍ സെക്രട്ടറിയറ്റിനുമുന്നില്‍ നടന്ന അഴിഞ്ഞാട്ടം.

നിയമസഭയില്‍ പ്രശ്നമുന്നയിച്ച പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ യൂത്ത്കോണ്‍ഗ്രസ് സമരം ചര്‍ച്ചചെയ്യണമെന്നതിലാണ് ഊന്നിയത്്. സ്വാശ്രയവിഷയത്തില്‍ സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാടിനു മുന്നില്‍ പ്രതിപക്ഷം നിരായുധരായി. അനുരഞ്ന ചര്‍ച്ചയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിളിക്കാമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത് പ്രതിപക്ഷത്തിന് ആശ്വാസമായി. അക്രമത്തിലൂടെ കൂടുതല്‍ തുറന്നുകാട്ടപ്പെടുമെന്നും പരിഹാസ്യരാകുമെന്നും ബോധ്യപ്പെട്ടതായാണ് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

സ്വാശ്രയ മെഡിക്കല്‍പ്രവേശനം കഴിഞ്ഞ അഞ്ചുവര്‍ഷവും സ്വകാര്യകോളേജുകാര്‍ക്ക് ചാകരയായിരുന്നു. പൊതുമാനദണ്ഡം ഉണ്ടാക്കാതെ തരാതരംപോലെ കാരാറുകളുണ്ടാക്കി സീറ്റുകള്‍ കച്ചവടംചെയ്തു. മെറിറ്റില്‍ ഒരുസീറ്റുപോലും നല്‍കാതെ മുഴുവന്‍ കച്ചവടംചെയ്ത മാനേജ്മെന്റുകള്‍ക്കും സര്‍ക്കാര്‍ഭാഗത്തുനിന്ന് ഒരുനിയന്ത്രണവും ഉണ്ടായില്ല. മേയില്‍ ചുമതലയേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗുണപരമായ മാറ്റംകൊണ്ടുവന്നു. കേന്ദ്രം നിര്‍ദേശിച്ചതുപോലെ മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലെയും പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. ഹൈക്കോടതിയെ സമീപിച്ച മാനേജ്മെന്റുകള്‍ സ്റ്റേ സമ്പാദിച്ചു. ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി മാനേജ്മെന്റുകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായി. ചര്‍ച്ചയില്‍ പൊതുതല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച സര്‍ക്കാര്‍നിലപാടിന് കൂടുതല്‍ നേട്ടം ഉണ്ടാക്കാനായി. 25,000 രൂപ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനാകുന്ന വിദ്യര്‍ഥികളുടെ എണ്ണം 294ല്‍നിന്ന് 449 ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചു.

പ്രവേശനം പൂര്‍ണമായും നീറ്റ് മെറിറ്റ് അടിസ്ഥാനപ്പെടുത്തയാകുമെന്ന വ്യവസ്ഥയില്‍, മെഡിക്കല്‍വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിര്‍ബന്ധബുദ്ധിയോടെയാണ് മാനേജ്മെന്റ് സീറ്റിലെ നേരിയ ഫീസ് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചത്. നീറ്റ് പ്രവേശനമാകുമ്പോള്‍ ലേലംവിളിച്ച് തലവരിപ്പണം ഉയര്‍ത്താനുള്ള സാധ്യതയാണ് മാനേജ്മെന്റുകള്‍ക്കു മുന്നില്‍ കൊട്ടിയടച്ചത്. ഹൈക്കോടതി ഇടപെടലിന്റെ ബലത്തില്‍ എല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കിയെന്ന് അഹങ്കരിച്ച  മാനേജ്മെന്റുകളെ സര്‍ക്കാര്‍ വരച്ചവരയില്‍ നിര്‍ത്തി. സര്‍ക്കാര്‍ഫീസുള്ള സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം പ്രവേശനവും ഫീസും മേല്‍നോട്ടസമിതിയായ ജയിംസ് കമ്മിറ്റിയുടെ കര്‍ശനനിയന്ത്രണത്തിലാക്കി. ഇത്തരത്തില്‍ മെഡിക്കല്‍വിഭ്യാഭ്യാസരംഗം കുറ്റമറ്റതാക്കി മുന്നോട്ടുപോകുമ്പോഴാണ് വഴിമുടക്കികളായി യൂത്ത്കോണ്‍ഗ്രസുകാര്‍ ചാടിവീഴുന്നത്.

പ്രതിഷേധമറിയിക്കാന്‍ ഭരണാധികാരികളെ കരിങ്കൊടി കാണിക്കുന്ന സമരരീതി പുതിയതല്ല. ഉയര്‍ത്തുന്ന മുദ്രാവാക്യത്തിനുപിന്നില്‍ അണിനിരക്കുന്നവരുടെ വികാരപ്രകടനമായേ അതിനെ കാണേണ്ടതുള്ളൂ. പൊതുപരിപാടികളിലാണ് സാധാരണ അത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. എന്നാല്‍, തങ്ങളുടെ സമരപ്പന്തലിനു മുന്നിലൂടെ കടന്നുപോകുന്ന മന്ത്രിവാഹനങ്ങള്‍ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ഒരുപറ്റം യൂത്തുകോണ്‍ഗ്രസുകാരെയാണ് കഴിഞ്ഞദിവസം തലസ്ഥാനം ദര്‍ശിച്ചത്. മന്ത്രി കെ രാജുവിന്റെ കാറിനുനേരെ ഇഷ്ടിക, വടി, കസേര എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. സെക്രട്ടറിയറ്റിനു മുന്നിലുണ്ടായിരുന്ന പൊലീസുകാരുടെ സമയോചിതമായ ഇടപെടല്‍കാരണം മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തിയശേഷവും അനുയായികള്‍ നഗരത്തില്‍ അഴിഞ്ഞാടി. സെക്രട്ടറിയറ്റില്‍നിന്ന് പുറത്തേക്കുപോയ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിനുനേരെയും ആക്രമണശ്രമമുണ്ടായി. തിങ്കളാഴ്ചയും കടുത്ത പ്രകോപനമാണ് സെക്രട്ടറിയറ്റിനു മുന്നില്‍ അരങ്ങേറിയത്.

കണ്ണൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കു നേരെയും അക്രമത്തിന് നീക്കമുണ്ടായി. ഇവിടെയും പ്രക്ഷോഭത്തിന്റെ  സാമാന്യരീതിയിലായിരുന്നില്ല യൂത്ത്കോണ്‍ഗ്രസുകാരുടെ പെരുമാറ്റം. ആറുപേര്‍ അക്രമസജ്ജരായി മന്ത്രിക്കടുത്തേക്ക് നീങ്ങുകയായിരുന്നു. ഭീകരപ്രവര്‍ത്തകരെപ്പോലെ പൊടുന്നനെ ചാടിവീണ് അക്രമത്തിന് മുതിരുന്ന കോണ്‍ഗ്രസുകാരുടെ ലക്ഷ്യം ക്രമസമാധനപ്രശ്നം സൃഷ്ടിക്കുകമാത്രമാണ്. മുന്‍ഭരണത്തിലേതുപോലെ തോക്കേന്തിയ രക്ഷാഭടന്മാരെ ചുറ്റംനിര്‍ത്തിയല്ല എല്‍ഡിഎഫ് മന്ത്രിമാര്‍ സഞ്ചരിക്കുന്നതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനങ്ങള്‍ നെഞ്ചേറ്റിയ ഈ ഭരണസാരഥികളുടെ രക്ഷാകവചം പൊലീസിന്റെ ആയുധബലമല്ല. ഈ ഭരണം സുഗമമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്ന ജനലക്ഷങ്ങളുടെ മനശ്ശക്തിക്കു മുന്നില്‍ വെറും വായുകുമിളകളാണ് ഇത്തരം മുട്ടുശാന്തിസമരക്കാര്‍.

സ്വന്തംഭരണകാലത്തെ കൊള്ളരുതായ്മകള്‍ ഒന്നൊന്നായി പുറത്തുവരുന്നതും മുന്നണിയിലും പാര്‍ടിയിലും തുടരുന്ന തമ്മില്‍തല്ലും പ്രതിപക്ഷത്തെ മുമ്പില്ലാത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആകട്ടെ തിളങ്ങുന്ന നേട്ടങ്ങളുമായാണ് നിയമസഭാ സമ്മേളനത്തെ അഭിമുഖീകരിക്കുന്നത്. കശുവണ്ടിത്തൊഴിലാളികളും അവശവിഭാഗങ്ങളും സാധാരണ ഉപഭോക്താക്കളുമെല്ലാം സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഈ സര്‍ക്കാരിന് മാര്‍ക്കിട്ടു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ എല്ലാവര്‍ക്കും വീട് ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍മപരിപാടി സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് കേരളത്തെ നയിക്കാനുള്ളതാണ്. ഇതെല്ലാം കൂടുതലായി ജനങ്ങളുടെ മുന്നിലേക്കെത്തുന്ന സഭാസമ്മേളനത്തില്‍ ശകുനംമുടക്കാനുള്ള പേക്കൂത്തായാണ് കോണ്‍ഗ്രസ് സമരത്തെ ജനം വിലയിരുത്തുന്നത്. ജനകീയ സര്‍ക്കാര്‍ കൂടുതല്‍ കരുത്തോടെ മുന്നേറട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top