25 April Thursday

ചൈനാവിരുദ്ധ സഖ്യത്തിലും വിള്ളൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019



ചൈനയ്‌ക്കെതിരെ അമേരിക്ക കെട്ടിപ്പൊക്കിയ സഖ്യം തകരുകയാണോ എന്ന സംശയം  പല കോണുകളിൽനിന്നും ഉയർന്നിരിക്കുന്നു. ഏഷ്യയിലും പസഫിക്‌ മേഖലയിലും ചൈനയ്‌ക്കെതിരെ അമേരിക്ക വർഷങ്ങളായി രൂപപ്പെടുത്തിയ  സഖ്യത്തിലാണ് വിള്ളൽ വീണിരിക്കുന്നത്. ഒരു ഭാഗത്ത്, സഖ്യത്തിലെ പ്രമുഖ അംഗമായ ജപ്പാനും ദക്ഷിണ കൊറിയയും തമ്മിൽ ആരംഭിച്ച വ്യാപാരത്തർക്കം മൂർച്ഛിക്കുമ്പോൾ മറുഭാഗത്ത് ചൈനയും റഷ്യയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുകയുമാണ്. ഈ രണ്ട് സംഭവവികാസങ്ങളും അമേരിക്കയുടെ ചൈനാവിരുദ്ധ നീക്കത്തെയാണ് തളർത്തുന്നത്.

ലോകത്തെ രണ്ടാമത്തെ സാമ്പത്തിക സൈനികശക്തിയായി ഉയരുന്ന ചൈനയെ തളയ്‌ക്കുക ലക്ഷ്യമാക്കിയാണ് അമേരിക്ക ജപ്പാനെയും ആസ്ട്രേലിയയെയും ഇന്ത്യയെയും കൂടെനിർത്തി ഏഷ്യൻ നാറ്റോയ്‌ക്ക് രൂപം നൽകാൻ പദ്ധതിയിട്ടത്. ഈ സഖ്യത്തിലെ പ്രധാന പങ്കാളിയായാണ് ദക്ഷിണ കൊറിയയെയും അമേരിക്ക വീക്ഷിച്ചിരുന്നത്. കാരണം, എന്നും അമേരിക്കൻ പക്ഷത്ത് നിലയുറപ്പിച്ച രാജ്യങ്ങളാണ് ജപ്പാനും ദക്ഷിണ കൊറിയയും.  എന്നാലിപ്പോൾ ഇരുരാജ്യങ്ങളും  തമ്മിലുള്ള ബന്ധം നാൾക്കുനാൾ വഷളാകുകയാണ്. സെമി കണ്ടക്ടറുകളും ഡിസ്‌പ്ലേ സ്ക്രീനുകളും നിർമിക്കുന്നതിനാവശ്യമായ സാധനങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് തുടക്കമായത്. ദക്ഷിണ കൊറിയൻ സാങ്കേതിക വ്യവസായത്തിന്റെ അടിത്തറ ഇളക്കുന്നതായിരുന്നു ഈ തീരുമാനം. മാത്രമല്ല, ഏറ്റവും വിശ്വസനീയ വ്യാപാര പങ്കാളികളുടെ വൈറ്റ് ലിസ്റ്റിൽനിന്ന്‌ ജപ്പാൻ ദക്ഷിണ കൊറിയയെ ഒഴിവാക്കിയപ്പോൾ ഏറ്റവും താൽപ്പര്യമുള്ള വ്യാപാരപങ്കാളി സ്ഥാനത്തുനിന്ന്‌ ജപ്പാനെ ദക്ഷിണ കൊറിയയും ഒഴിവാക്കി.

ജാപ്പ് സാധനങ്ങളും സർവീസുകളും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമുണ്ടായി.  ജപ്പാന്റെ പതാക പലയിടത്തും കത്തിച്ചു. ജപ്പാന്റെ മൂന്നാം അധിനിവേശമായാണ് ഇറക്കുമതി നിയന്ത്രണം വിശേഷിപ്പിക്കപ്പെടുന്നത്. ഇക്കുറി ദക്ഷിണ കൊറിയയെ കീഴ്പ്പെടുത്താൻ ജപ്പാന് കഴിയില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ്‌ മൂൺ ജായ് ഇൻ വെല്ലുവിളിച്ചു

ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് കൊളോണിയൽ കാലം മുതലുള്ള ശത്രുതയും കാരണമാണ്. നേരത്തെ ജപ്പാൻ ദക്ഷിണ കൊറിയയുടെ കോളനിമേധാവിയായിരുന്നു.  1592 ലായിരുന്നു ആദ്യ ജാപ്പ് അധിനിവേശം. തുടർന്ന് 1910 മുതൽ 1945 വരെയും ദക്ഷിണ കൊറിയ അടക്കിഭരിച്ചത് ജപ്പാനായിരുന്നു. ഇക്കാലത്ത് ദക്ഷിണ കൊറിയൻ സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്‌ത ജപ്പാൻകാർ തൊഴിലാളികളെ അടിമകളെ പോലെ പണിയെടുപ്പിക്കുകയും ചെയ്‌തു.  രണ്ടാം ലോകയുദ്ധത്തിന് ശേഷം ജാപ്പ് മേധാവിത്വത്തിൽനിന്ന്‌ ദക്ഷിണ കൊറിയ മോചിതമായെങ്കിലും കൊളോണിയൽ ഭൂതകാലം ഇരു രാജ്യങ്ങളും തമ്മിൽ പല അസ്വാരസ്യങ്ങളും സൃഷ്ടിച്ചു. അതിലൊന്നാണ്  അടുത്തയിടെയുണ്ടായ ദക്ഷിണ കൊറിയൻ സുപ്രീംകോടതിയുടെ വിധിന്യായം. രണ്ടാം ലോകയുദ്ധ കാലത്ത് നിർബന്ധിച്ച് വേലചെയ്യിച്ച തൊഴിലാളികൾക്ക്‌ ജപ്പാൻ നഷ്ടപരിഹാരം നൽകണമെന്നതായിരുന്നു വിധി. 1965 ൽ 80 ദശലക്ഷം ഡോളർ ജപ്പാൻ നഷ്ടപരിഹാരമായി ദക്ഷിണ കൊറിയക്ക് നൽകിയിരുന്നു. തുടർന്നും പണം നൽകണമെന്ന വിധി ജപ്പാനെ ചൊടിപ്പിച്ചു. സ്വാഭാവികമായും ഷിൻഷോ ആബെയുടെ നേതൃത്വത്തിലുള്ള ജപ്പാനിലെ വലതുപക്ഷ സർക്കാർ തിരിച്ചടിച്ചു. ദക്ഷിണ കൊറിയയിലേക്കുള്ള  കയറ്റുമതിക്ക് ജപ്പാൻ നിയന്ത്രണമേർപ്പെടുത്തി. 

ഇതോടെ ജാപ്പ് മേധവിത്വത്തിനെതിരെ ദക്ഷിണ കൊറിയയിലെങ്ങും ശക്തമായ വികാരം ഉയർന്നു.  ജാപ്പ് സാധനങ്ങളും സർവീസുകളും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമുണ്ടായി.  ജപ്പാന്റെ പതാക പലയിടത്തും കത്തിച്ചു. ജപ്പാന്റെ മൂന്നാം അധിനിവേശമായാണ് ഇറക്കുമതി നിയന്ത്രണം വിശേഷിപ്പിക്കപ്പെടുന്നത്. ഇക്കുറി ദക്ഷിണ കൊറിയയെ കീഴ്പ്പെടുത്താൻ ജപ്പാന് കഴിയില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ്‌ മൂൺ ജായ് ഇൻ വെല്ലുവിളിച്ചു.

ഇന്തോ പസഫിക്‌ സഖ്യത്തിന്റെ അവിഭാജ്യഘടകമായ സൈനികവിവരങ്ങൾ പരസ്‌പരം കൈമാറുന്ന ജനറൽ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇൻഫർമേഷൻ എഗ്രിമെന്റിൽ നിന്ന്‌ പിൻവാങ്ങുമെന്ന് ദക്ഷിണ കൊറിയ ഭീഷണി മുഴക്കിയിരിക്കുകയാണിപ്പോൾ. ഉത്തര കൊറിയയുടെയും ചൈനയുടെയും പ്രധാന നീക്കങ്ങൾ പരസ്‌പരം കൈമാറുന്ന കരാറിൽനിന്ന്‌ ദക്ഷിണകൊറിയ പിൻവാങ്ങുന്നത് സഖ്യത്തിന് വൻ തിരിച്ചടിയാകും.  പ്രത്യേകിച്ചും ഉത്തര കൊറിയ ആണവ മിസൈൽ പരീക്ഷണം പുനരാരംഭിച്ച സ്ഥിതിയിൽ. വിശ്വസ്‌തരായ പങ്കാളികൾ തമ്മിലുള്ള തർക്കം എങ്ങനെ പരിഹരിക്കണമെന്നറിയാതെ കുഴങ്ങുകയാണ് അമേരിക്ക. ആസിയൻ ഉച്ചകോടി വേളയിൽ മധ്യസ്ഥത്തിനായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചില ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.

അതിനിടയിലാണ് റഷ്യയും ചൈനയും തമ്മിലുള്ള അടുപ്പത്തിന്റെ വാർത്തകളും അമേരിക്കയെ അസ്വസ്ഥമാക്കുന്നത്. പാശ്ചാത്യശക്തികളുടെ ജിഹ്വയായി അറിയപ്പെടുന്ന ‘ഇക്കോണമിസ്റ്റ്‌' വാരിക ഈ ചങ്ങാത്തം ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് കവർസ്റ്റോറി എഴുതി.  ഇരുരാഷ്ട്രങ്ങളും തമ്മിൽ നടത്തിയ ആദ്യ വ്യോമാഭ്യാസം അമേരിക്കവിരുദ്ധ നീക്കത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുടെ ചൈനാവിരുദ്ധ അച്ചുതണ്ട് തകരുകയാണെന്നതിന്റെ സൂചനകളാണിതെല്ലാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top