26 April Friday

ചങ്ങലയ്ക്കിടണം ഈ അസഹിഷ്ണുതയെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019



പശുഭീകരതയുടെയും ജയ് ശ്രീറാം‐ ഭാരത് മാതാ  വിളികളുടെയും മറവിൽ ഉത്തരേന്ത്യയാകെ കലാപകലുഷിതമാക്കുന്ന കാവിപ്പട അതിന്റെ ആയുധങ്ങൾ കേരളത്തിലും മൂർച്ചകൂട്ടാൻ തുടങ്ങിയിരിക്കുന്നു. മലയാളസിനിമയുടെ യശസ്സ് ലോകത്തിന്റെ നെറുകയിലെത്തിച്ച വിഖ്യാത ചലച്ചിത്ര പ്രതിഭ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ നടത്തിയ  ആക്രമണം അതിന്റെ ഏറ്റവും പുതിയ തെളിവാണ്. ഏറിവരുന്ന ആൾക്കൂട്ട കൊലപാതകം,  മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയിൽ ആശങ്ക പ്രകടിപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 49 സാംസ്കാരികപ്രവർത്തകർ അയച്ച  കത്തിൽ അടൂർ ഒപ്പിട്ടതാണ്  പ്രകോപനമായത്.

ജയ് ശ്രീറാം  യുദ്ധത്തിനുള്ള മുറവിളിയായെന്നും അതിൽ ദുഃഖമുണ്ടെന്നും സൂചിപ്പിച്ച സാംസ്കാരികനായകർ, ഭൂരിപക്ഷസമുദായം പാവനമായി കാണുന്ന പേരാണ് രാം എന്നും  രാമന്റെ പേര് കളങ്കപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും  ആവശ്യപ്പെടുകയുണ്ടായി. മുസ്ലിങ്ങൾ, ദളിതർ തുടങ്ങിയവർക്കെതിരായ ആൾക്കൂട്ട കൊലപാതകങ്ങൾ ഉടൻ അവസാനിപ്പിക്കണം.   ദളിതർക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 2016ൽ 840ലേറെ കേസ് രജിസ്റ്റർ ചെയ്തു.  അതിൽ ശിക്ഷിക്കപ്പെട്ടവരുടെ ശതമാനത്തിൽ വൻ ഇടിവുണ്ടായി.  2009 ജനുവരി ഒന്നിനും 2018 ഒക്ടോബർ 29നുമിടയിൽ മതവുമായി ബന്ധപ്പെട്ട 254 വിദ്വേഷ കുറ്റകൃത്യങ്ങളാണ് നടന്നത്. അതിൽ 91 പേർ  കൊല്ലപ്പെട്ടു.  579 പേർക്ക് പരിക്കേറ്റു.  63 ശതമാനം  കേസുകളിലും മുസ്ലിങ്ങളാണ് പ്രധാന ഇരകൾ. ആൾക്കൂട്ട ആക്രമണങ്ങളെ പാർലമെന്റിൽ  വിമർശിച്ചിട്ടുണ്ട്. അതുകൊണ്ടായില്ല. കുറ്റവാളികൾക്കെതിരെ എന്ത് നടപടിയാണ് കൈക്കൊണ്ടത്? അഭിപ്രായഭിന്നതയില്ലാതെ ജനാധിപത്യമില്ല. സർക്കാരിനെതിരെ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയെന്നതിനാൽ  ആളുകളെ ദേശവിരുദ്ധരോ അർബൻ നക്സലുകളോ ആയി മുദ്രകുത്തരുതെന്നും  മണി രത്നം, കൗശിക് സെൻ, അപർണ സെൻ, കൊങ്കണ സെൻ ശർമ, സൗമിത്ര ചാറ്റർജി, രേവതി, ശ്യാം ബെനഗൽ, റിദ്ധി സെൻ, ബിനായക് സെൻ തുടങ്ങിയവർ കത്തിൽ ആവശ്യപ്പെട്ടു. അതിൽ പ്രമുഖ ബംഗാളി നടൻ കൗശിക് സെന്നിനെതിരെ വധഭീഷണിയുയർത്തുകയുണ്ടായി കാവിപ്പട. 

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ  പേര് മാറ്റി അന്യഗ്രഹങ്ങളിൽ  പോകുന്നതാണ് നല്ലതെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ ഭീഷണി. കൃഷ്ണനും രാമനും ഒന്നാണ്; പര്യായപദങ്ങളാണ്. ഇത് രാമായണമാസമാണ്. ഇന്ത്യയിലും അയൽരാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും. കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരിക്കോട്ടയിൽ രജിസ്റ്റർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം. ഇന്ത്യയിൽ ജയ് ശ്രീറാം മുഴക്കാൻതന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും.  ഇന്ത്യയിൽ വിളിച്ചില്ലെങ്കിൽ പിന്നെയെവിടെ വിളിക്കും.  ഇപ്പോൾ ജയ് ശ്രീറാം വിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണെന്ന് അറിയാം. കേന്ദ്രസർക്കാരിൽനിന്ന് ഒന്നും കിട്ടാത്തതിനോ അതോ കിട്ടാനോ ആണെന്നും സാമൂഹ്യനിരക്ഷരതയ്ക്കും രാഷ്ട്രീയ നിരുത്തരവാദത്തിനും പേരുകേട്ട ബി ഗോപാലകൃഷ്ണൻ കളിയാക്കുമ്പോൾ  അടൂരിനെ തേടിയെത്താത്ത സാർവദേശീയ‐ ദേശീയ അംഗീകാരങ്ങളില്ലെന്നത് വിസ്മരിക്കുകയാണ്.

വധാഹ്വാനം മുഴക്കിയും   മർദിച്ചും ആളുകളെ   നിശ്ശബ്ദമാക്കുക ആർഎസ്എസ് എക്കാലവും പയറ്റുന്ന തന്ത്രമാണ്. ബുദ്ധിജീവികളെയും എഴുത്തുകാരെയും കലാകാരന്മാരെയും ഇതുവരെ പാകിസ്ഥാനിലേക്ക് നാടുകടത്തുമെന്നായിരുന്നു ഭീഷണി.  ചന്ദ്രനിലേക്ക് അയക്കുമെന്ന്് ഇപ്പോൾ പറയുന്നത് അടിഞ്ഞുകൂടിയ  ധാർഷ്ട്യത്തിന്റെ ഭാഗമാണ്

ഏതെങ്കിലും സർക്കാരിനെതിരായ പ്രസ്താവനയല്ല താനടക്കമുള്ള ചലച്ചിത്ര‐  സാംസ്കാരികപ്രവർത്തകരുടെ കത്ത് എന്നും പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അടൂർ പറഞ്ഞു.  വിയോജിക്കുന്നവരെല്ലാം രാജ്യശത്രുക്കളാണെന്ന്  കരുതുന്നത് തെറ്റാണ്. ബിജെപി  ജനങ്ങൾ ഭരിക്കാനേൽപ്പിച്ച പാർടി മാത്രമാണ്. രാജ്യം അവരുടേതാണെന്ന് അതിനർഥമില്ല. രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഇരകളാക്കപ്പെടുന്നവരുടെമാത്രം പ്രശ്നമല്ലിത്.  രാജ്യത്ത് പടരുന്ന  ഭയാശങ്കകളാണ്  സർക്കാരുമായി പങ്കുവച്ചത്. അതുകൊണ്ടാണ് കൃത്യമായ നടപടിയെടുക്കണമെന്ന്  ആവശ്യപ്പെട്ടതും.  ഇപ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ഇത് സംഭവിക്കുന്നത്. എന്നാൽ, അത് കൂടിവരുന്നു. എല്ലാ പൗരന്മാർക്കും സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശമുണ്ട്. ഏത് മതക്കാരനായാലും ഏത് സമുദായക്കാരനായാലും ഒരേ അവകാശമാണ്.  ഭൂരിപക്ഷസമുദായത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങളോട് ഈ രീതിയിൽ പെരുമാറുന്നത്  ആപൽക്കരമാണ്. അത് തെറ്റാണ്. ഒരിക്കലും പാടില്ലാത്തതുമാണെന്നും  അടൂർ വിശദീകരിച്ചിട്ടും അസഹിഷ്ണുതയുടെ കാടൻപ്രയോഗങ്ങൾ അവസാനിച്ചില്ല.  അടൂരിനെതിരായ സംഘപരിവാർ ഭീഷണിക്കെതിരെ ദേശവ്യാപകമായ പ്രതിഷേധം അലയടിക്കുകയാണ്.  വിയോജനാഭിപ്രായമുള്ളവരെ നാട്ടിൽനിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ടെന്നും  ആ വഴിക്കുള്ള നീക്കങ്ങൾ  അനുവദിക്കുന്ന പ്രശ്നമില്ലെന്നുമുള്ള മുഖ്യമന്ത്രി  പിണറായി വിജയന്റെ പ്രതികരണം കേരള മനഃസാക്ഷിയുടെ മുന്നറിയിപ്പുകൂടിയാണ്.

വധാഹ്വാനം മുഴക്കിയും   മർദിച്ചും ആളുകളെ   നിശ്ശബ്ദമാക്കുക ആർഎസ്എസ് എക്കാലവും പയറ്റുന്ന തന്ത്രമാണ്. ബുദ്ധിജീവികളെയും എഴുത്തുകാരെയും കലാകാരന്മാരെയും ഇതുവരെ പാകിസ്ഥാനിലേക്ക് നാടുകടത്തുമെന്നായിരുന്നു ഭീഷണി.  ചന്ദ്രനിലേക്ക് അയക്കുമെന്ന്് ഇപ്പോൾ പറയുന്നത് അടിഞ്ഞുകൂടിയ  ധാർഷ്ട്യത്തിന്റെ ഭാഗമാണ്. സംഘപരിവാരത്തിന്റെ സ്വകാര്യസ്വത്തല്ല ശ്രീരാമൻ. നമ്മുടെ  പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും അന്തഃസത്ത തിരിച്ചറിയാനാകാത്തവരാണ് കാവിപ്പട. രാമനെ ദൈവമായി ആരാധിക്കുന്നവരും ഇതിഹാസപുരുഷനെന്ന തരത്തിൽ  കണക്കാക്കുന്നവരും ഇന്ത്യയിലുണ്ട്. രാമനെ ഏറ്റവും ആരാധിച്ച ഗാന്ധിജിയുടെ    ജീവൻ അവസാനിപ്പിച്ച ഹിന്ദുത്വഭീകരരെ  രാജ്യസ്നേഹികളും വീരസന്താനങ്ങളുമായി പൂജിക്കുന്ന അഭിനവ  രാമഭക്തിക്കുപിന്നിലെ  കുടിലതയും ആക്രമണോത്സുകതയും   തുറന്നുകാട്ടണം.  ഒപ്പം കേരളത്തിലേക്ക് ഇറക്കുമതിചെയ്യാൻ ശ്രമിക്കുന്ന അസഹിഷ്ണുതയെ അടിയന്തരമായി ചങ്ങലയ്ക്കിടേണ്ടതുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top