26 May Sunday

ഇസ്രയേല്‍ലക്ഷ്യം കിഴക്കന്‍ ജറുസലേം

വെബ് ഡെസ്‌ക്‌Updated: Thursday Jul 27, 2017


കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിക്കുമുമ്പില്‍ രണ്ടാഴ്ചമുമ്പ് സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കാന്‍ ഇസ്രയേല്‍ സുരക്ഷാസേന തയ്യാറായി എന്ന വാര്‍ത്ത ആശ്വാസം പകരുന്നതാണ്. പലസ്തീന്‍ ജനതയുടെയും സമാധാനകാംക്ഷികളായ ലോകജനതയുടെയും കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണ് മെറ്റല്‍ ഡിറ്റക്ടറുകള്‍ മാറ്റാന്‍ ഇസ്രയേല്‍ തയ്യാറായിട്ടുള്ളത്. എന്നാല്‍, പള്ളികവാടത്തിലും അകത്തും സ്ഥാപിച്ച നിരീക്ഷണ-ചാര ക്യാമറകള്‍ നീക്കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പള്ളിക്കുപുറത്ത് സമാധാനപരമായി പ്രാര്‍ഥന നടത്തിക്കൊണ്ടുള്ള പലസ്തീന്‍ പ്രതിഷേധം തുടരാനാണ് സാധ്യത.

കിഴക്കന്‍ ജറുസലേമില്‍ ഇസ്രയേല്‍ സേനയ്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജൂലൈ 14ന് ഹാരം അല്‍ ഷരിഫ് കോമ്പൌണ്ടിലെ അല്‍ അഖ്സ പള്ളിയില്‍ മെറ്റല്‍ ഡിറ്റക്ടറുകളും നിരീക്ഷണ ക്യാമറകളും ഘടിപ്പിക്കാന്‍ ഇസ്രയേല്‍ സേന തീരുമാനിച്ചത്. മെക്കയും മെദീനയും കഴിഞ്ഞാല്‍ ലോക മുസ്ളിങ്ങളുടെ ഏറ്റവും പ്രധാന ആരാധനാകേന്ദ്രമാണ് അല്‍ അഖ്സ പള്ളി. മെക്കയിലെ മസ്ജിദ് അല്‍ഹാര കഴിഞ്ഞാല്‍ ഏറ്റവും വലിയ പള്ളിയും അല്‍ അഖ്സയാണ്. അഞ്ചുശതാബ്ദമായി  ജോര്‍ദാനിലെ പണ്ഡിതസഭയാണ് ഈ പള്ളിയുടെ ഭരണം നടത്തിവരുന്നത്. എന്നാല്‍, ഇവരോട് പോലും ആലോചിക്കാതെയാണ് ഇസ്രയേല്‍ സേന ഏകപക്ഷീയമായി നിരീക്ഷണസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. സ്വാഭാവികമായും പണ്ഡിതസഭയും പലസ്തീന്‍ജനതയും ഈ നടപടിയില്‍ പ്രതിഷേധിച്ചു. ആരാധനാസ്വാതന്ത്യ്രത്തെ അട്ടിമറിക്കുംവിധമുള്ള സുരക്ഷാക്രമീകരണങ്ങള്‍  പാടില്ലെന്ന ഐക്യരാഷ്ട്രസംഘടനാ ചട്ടങ്ങളുടെ നഗ്നമായ ലംഘനംകൂടിയായിരുന്നു ഇസ്രയേല്‍ നടപടി. ഇതോടെ പുരോഹിതര്‍ പള്ളിയിലേക്ക് പ്രവേശിക്കാതായി. അവര്‍ പള്ളിക്കുമുമ്പില്‍ കൂട്ടപ്രാര്‍ഥന നടത്താന്‍ ആരംഭിച്ചു.

ഇസ്രയേല്‍ ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ പിന്‍വലിക്കുന്നതുവരെയും പുറത്തുള്ള പ്രാര്‍ഥന തുടരുമെന്നും പലസ്തീന്‍ ജനത വ്യക്തമാക്കി. അതിനിടെ 50 വയസ്സിനുതാഴെയുള്ളവരെ പള്ളിസന്ദര്‍ശനത്തില്‍നിന്ന് വിലക്കിയത് സംഘര്‍ഷം വര്‍ധിപ്പിച്ചു. പലസ്തീന്‍ ജനതയും ഇസ്രയേല്‍ സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ഭരണത്തിന്‍കീഴിലുള്ള ഗാസയിലേക്കും ഇസ്രയേല്‍ ബോംബാക്രമണം നടത്തി. ഹമാസിന്റെ ഖാന്‍ യുനിസ് താവളം ലക്ഷ്യമാക്കി ഇസ്രയേല്‍ ടാങ്കറുകള്‍ നീങ്ങി. ഇസ്രയേല്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 900 പേര്‍ക്ക് പരിക്കേറ്റു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്രയേല്‍ സ്ഥാനപതികാര്യാലയത്തിനുമുമ്പിലുള്ള പ്രതിഷേധ പ്രകടനത്തെയും ഇസ്രയേല്‍സേന തോക്കുകൊണ്ട് നേരിട്ടു. രണ്ടുപേര്‍ കൊല്ലപ്പെട്ടു. പലസ്തീന്‍ അതോറിറ്റിയുടെ ആസ്ഥാനമായ രാമള്ളയിലെ ക്വലാന്‍ദിയ ചെക്ക്പോയിന്റില്‍ നടന്ന കൂട്ടപ്രാര്‍ഥനയ്ക്ക് നേരെയും വെടിവയ്പുണ്ടായി. ഇസ്രയേലിന്റെ നടപടി മേഖലയിലാകെ സംഘര്‍ഷം വിതച്ചിരിക്കയാണ്.

പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി അവര്‍ കരുതുന്ന പ്രദേശമാണ് കിഴക്കന്‍ ജറുസലേം. 1967ലെ ആറു ദിന യുദ്ധത്തിലൂടെയാണ് ഈ പുരാതന നഗരത്തിന്റെ നിയന്ത്രണം ഇസ്രയേല്‍ നേടുന്നത്. 1981ല്‍ അനധികൃതമായി കിഴക്കന്‍ ജറുസലേമിനെ ഇസ്രയേലിനൊപ്പം കൂട്ടിച്ചേര്‍ക്കാനും ടെല്‍ അവീവിലെ ഭരണാധികാരികള്‍ തയ്യാറായി. ഇതോടെ പശ്ചിമതീരത്തേതുപോലെ കിഴക്കന്‍ ജറുസലേമിലും ഇസ്രയേല്‍ ഭരണകൂടം അധികൃത കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. യുഎന്നും അന്താരാഷ്ട്രസമൂഹവും ഇന്നും കിഴക്കന്‍ ജറുസലേമിനെ പലസ്തീന്‍പ്രദേശമായി പരിഗണിക്കുമ്പോഴാണ് ഈ പ്രദേശം അനധികൃതമായി കൈവശംവയ്ക്കാനും ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കാനും ഇസ്രയേല്‍ തയ്യാറാകുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് 15,000 വീടുകള്‍ കിഴക്കന്‍ ജറുസലേമില്‍ പണികഴിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞത്. ഇതിനെതിരെ യുഎന്‍ പൊതുസഭയും യുനെസ്കോയും പ്രമേയം പാസാക്കി. 2334-ാമത് യുഎന്‍ പ്രമേയം കിഴക്കന്‍ ജറുസലേമിലെ ജൂത കുടിയേറ്റം നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേലിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍, നെതന്യാഹു സര്‍ക്കാര്‍ ഇതിന് തയ്യാറായില്ലെന്ന് മാത്രമല്ല, പലസ്തീന്‍ജനത അവരുടെ പ്രധാന ആരാധനാ കേന്ദ്രമായി കരുതുന്ന അല്‍ അഖ്സ പള്ളിയും വരുതിയിലാക്കാനുള്ള ശ്രമത്തിനാണ് തുടക്കമിട്ടത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് അല്‍ അഖ്സ പള്ളിയില്‍നിന്നുള്ള പ്രാര്‍ത്ഥനാ(ബാങ്ക്)വിളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രി 11മുതല്‍ രാവിലെ ഏഴുവരെയുള്ള പ്രാര്‍ഥനാവിളിക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. അതായത് രാവിലത്തെ പ്രാര്‍ഥനാവിളിക്ക് ഇതോടെ നിരോധനമായി. മാത്രമല്ല, പ്രാര്‍ഥനാവിളിയുടെ ശബ്ദം കുറയ്ക്കാനും നിയമനിര്‍മാണത്തിലൂടെ ആഹ്വാനമുണ്ടായി. ആരാധനാസ്വാതന്ത്യ്രത്തിന്‍മേലുള്ള കൈകടത്തലായിരുന്നു ഇത്. വംശീയവിവേചനമാണിതെന്നും ആക്ഷേപമുയര്‍ന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അല്‍ അഖ്സ പള്ളി ഇനി എല്ലാകാലത്തും ഇസ്രയേല്‍ പരമാധികാരത്തിന്‍കീഴിലായിരിക്കുമെന്ന പ്രഖ്യാപനം ബെന്യാമിന്‍ നെതന്യാഹുവില്‍നിന്നുണ്ടായത്. 1962ലെ ആറുദിനയുദ്ധത്തിന്റെ 50-ാം വാര്‍ഷികാഘോഷവേളയില്‍ സംസാരിക്കവെ ജൂണ്‍ മാസമാണ് തെന്യാഹുവിന്റെ ഈ പ്രഖ്യാപനം ഉണ്ടാകുന്നത്. പ്രഖ്യാപനം വന്ന് രണ്ടാഴ്ചയ്ക്കുശേഷമാണ് അല്‍ അഖ്സ പള്ളിയില്‍ സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കിയത്. പലസ്തീന്‍പ്രദേശമായ കിഴക്കന്‍ ജറുസലേം ഇസ്രയേലിന്റെ ഭാഗമാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് അല്‍ അഖ്സയിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയത് എന്നര്‍ഥം.

ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസംഘടനയും എതിര്‍ത്തിട്ടുപോലും കിഴക്കന്‍ ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമാക്കാന്‍ നെതന്യാഹുവിന് ധൈര്യംപകരുന്നത് അമേരിക്കയുടെ അടിയുറച്ച പിന്തുണയാണ്. കടുത്ത ഇസ്രയേല്‍ പക്ഷപാതിയെ, ഡോണള്‍ഡ് ട്രംപ് ടെല്‍ അവീവില്‍ അമേരിക്കന്‍ അംബാസഡറായി നിയമിച്ചതും അമേരിക്കന്‍ സ്ഥാനപതികാര്യാലയംതന്നെ ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനവും നെതന്യാഹുവിന് പകരുന്ന ധൈര്യം ചെറുതല്ല. ട്രംപും നെതന്യാഹുവുംചേര്‍ന്ന് ഈ മേഖലയെ അന്തമില്ലാത്ത സംഘര്‍ഷത്തിലേക്കാണ് നയിക്കുന്നത്. അതിന്റെ ബഹിര്‍സ്ഫുരണംമാത്രമാണ് അല്‍ അഖ്സയിലേത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top