21 September Thursday

ദളിതരും മനുഷ്യരാണ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2016

ഏറ്റവുമൊടുവില്‍ കേട്ടത്, വടക്കന്‍ ഡല്‍ഹിയില്‍ ജനനേന്ദ്രിയത്തിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതമേറ്റ്, ആസിഡോ കീടനാശിനിയോ ആമാശയത്തെ ദ്രവിപ്പിച്ച് വേദനയുടെ കൊടുമുടികയറിയാണ് ദളിത് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത് എന്ന വാര്‍ത്തയാണ്. അതിക്രമം ആ മരണംകൊണ്ടും അവസാനിച്ചിട്ടില്ല. മുഖ്യപ്രതിയുടെ ഗുണ്ടകള്‍ തന്റെ മകനെയും മകളെയും ഭീഷണിപ്പെടുത്തുകയാണെന്നും ആഴ്ചകളായി മകന്‍ സ്കൂളില്‍ പോകുന്നില്ലെന്നും ഇളയ മകളെയും അക്രമികള്‍ തട്ടിക്കൊണ്ടുപോകുമോ എന്ന ഭയംകാരണം ഉറങ്ങാനാകുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ ലോകത്തോട് വിളിച്ചുപറയുകയാണ്.  പെണ്‍കുട്ടിയെ ശിവശങ്കറും കൂട്ടരുമാണ് ബലാത്സംഗംചെയ്തത്.  ബലാത്സംഗത്തിന് ഇരയാക്കിയശേഷം മെയ് 15ന് പ്രതികള്‍ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി. മെയ് 26 വരെ അജ്ഞാതകേന്ദ്രത്തില്‍ ക്രൂരമായി പീഡിപ്പിച്ചു. ആഴ്ചകള്‍നീണ്ട കൂട്ടബലാത്സംഗത്തിലും മര്‍ദനത്തിലും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് തിരികെ ലഭിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ ദളിത് ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പെണ്‍കുട്ടിയുടെ അനുഭവം.  

ഗുജറാത്തിലേക്ക് നോക്കുക. ജൂലൈ 11ന് ഗുജറാത്തിലെ സൌരാഷ്ട്രമേഖലയിലെ ഗ്രാമത്തില്‍ ചത്ത പശുവിന്റെ തോല്‍ ശേഖരിച്ചതിന്റെ പേരില്‍ ദളിത് യുവാക്കളെ സംഘപരിവാറുകാരായ ഗോസംരക്ഷകര്‍ കെട്ടിയിട്ട് തല്ലിച്ചതയ്ക്കുകയും നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയുംചെയ്തു. പൊലീസ് സ്റ്റേഷനു മുന്നിലൂടെയാണ് പശുസംരക്ഷകര്‍ ഈ ദളിത് യുവാക്കളെ നഗ്നരാക്കി ഇരുമ്പുദണ്ഡുകൊണ്ട് തല്ലിച്ചതച്ച് നടത്തിച്ചത്. ജൂലൈ ആദ്യം പോര്‍ബന്ധറിനടുത്ത് ദളിത് കൃഷിക്കാരന്‍ പൊതു മേച്ചില്‍സ്ഥലത്തിനു സമീപം കൃഷിചെയ്തെന്ന് ആരോപിച്ച് സവര്‍ണരായ ഗ്രാമീണര്‍ തല്ലിക്കൊന്നിരുന്നു. അഹമ്മദാബാദില്‍ കോടതി ക്ളര്‍ക്കായിരുന്ന കേതന്‍ കൊരാഡിയ എന്ന ദളിത് യുവാവ് ആത്മഹത്യചെയ്തത് ഓഫീസില്‍ സഹപ്രവര്‍ത്തകരില്‍നിന്നും അധികാരികളില്‍നിന്നും നേരിടേണ്ടിവന്ന ജാതിവിവേചനത്തിലും അവഹേളനത്തിലും മനംനൊന്താണ്. ഗുജറാത്ത് ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനസാതന്ത്യ്രമില്ല.

ചായക്കടകളിലിരിക്കാനോ ഭക്ഷണം കഴിക്കാനോ അനുവാദമില്ല. പൊതുശ്മശാനങ്ങളില്‍ ശവസംസ്കാരം നിഷിദ്ധം. ഹരിയാനയില്‍ ദളിത് കുട്ടികളെ ചുട്ടുകൊന്നപ്പോള്‍ കേന്ദ്രമന്ത്രി വി കെ സിങ് പട്ടിക്കുട്ടികള്‍ കൊല്ലപ്പെട്ടതിനോടാണ് ഉപമിച്ചത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ ദുരന്തം ദളിതരോടുള്ള മനോഭാവത്തിന്റെ മറ്റൊരു സൂചികയാണ്.

ഗുജറാത്തിലെ ദളിത് ജനവിഭാഗത്തിന്റെ രോഷം തിളച്ചുമറിഞ്ഞു. ഇരുപതോളം ദളിത് യുവാക്കള്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ആത്മഹത്യക്കൊരുങ്ങി. ഒരാള്‍ വിഷദ്രാവകം ഉള്ളില്‍ച്ചെന്ന് മരണമടഞ്ഞു. സൌരാഷ്ട്ര കലക്ടറേറ്റിനുമുന്നില്‍ പ്രതിഷേധപ്രകടനക്കാര്‍ ചത്തമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍കൊണ്ടിട്ട്  രോഷം പ്രകടിപ്പിച്ചു. ഈ രോഷത്തിന്റെ പ്രതിഫലനം പാര്‍ലമെന്റിലുമുണ്ടായി. അതോടെ, ബിജെപിയും മോഡിസര്‍ക്കാരും പ്രതികരിക്കേണ്ടിവന്നു. ബിജെപിയുടെ ദളിത് വിരുദ്ധ മുഖം ലോകത്തിനുമുന്നില്‍ തുറന്നുകാട്ടപ്പെട്ട അനുഭവമാണിത്. അതേസമയം തന്നെയാണ്, ബിഎസ്പി നേതാവ് മായാവതിയെ യുപിയിലെ ബിജെപി വൈസ് പ്രസിഡന്റ് ദയാശങ്കര്‍ സിങ് ലൈംഗികത്തൊഴിലാളികളോട് ഉപമിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിഷേധമുയര്‍ന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ ദയാശങ്കറിനെ ഭാരവാഹിത്വത്തില്‍നിന്ന് നീക്കംചെയ്യാന്‍ ബിജെപി നിര്‍ബന്ധിതമായി.

രാജ്യത്തെ ദളിതരെ രഷിക്കാനല്ല, ശിഷിക്കാനാണ് ബിജെപി യുടെ എക്കാലത്തെയും ശ്രമം. ദളിതരെ മനുഷ്യരായിപ്പോലും കണക്കാക്കാത്ത പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസിന്റേത്. അതിന്റെ ബഹിര്‍സ്ഫുരണമാണ് അടിക്കടിയുണ്ടാകുന്ന ദളിത് വിരുദ്ധ ആക്രമണങ്ങളില്‍ കാണാനാവുക. രോഹിത് വെമുല ദളിതനല്ലെന്നു സ്ഥാപിക്കാന്‍ രേഖചമയ്ക്കാന്‍ ശ്രമിച്ചതുമുതല്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ ഈ മനോഭാവം തെളിയിക്കാനായി ചൂണ്ടിക്കാട്ടാവുന്നതാണ്. ദളിതര്‍ മനുഷ്യരാണെന്നു സ്ഥാപിക്കാന്‍ പോരാടേണ്ടിവരുന്ന അവസ്ഥയിലാണ് ഇന്നത്തെ ഇന്ത്യ. ദളിത് ജീവിതത്തിനുമുന്നില്‍ പുരോഗതിയുടെ വഴി കൊട്ടിയടച്ചത് കോണ്‍ഗ്രസാണെങ്കില്‍, ദളിത് പീഡനത്തിന്റെ പുത്തന്‍വഴികളിലൂടെ സഞ്ചരിക്കുന്നത് സംഘപരിവാറാണ്. വോട്ടുയന്ത്രങ്ങള്‍ മാത്രമായി ദളിത് ജനതയെ കാണുകയും അതിനായി ഇരുളടഞ്ഞ ലോകത്ത് അവരെ തളച്ചിടാന്‍ ശ്രമിക്കുകയുംചെയ്യുന്ന രാഷ്ട്രീയത്തെയാണ് ബിജെപിയും കോണ്‍ഗ്രസും പ്രതിനിധാനംചെയ്യുന്നത്. ആ രാഷ്ട്രീയത്തിന്റെ തണലിലാണ് ദളിത് പെണ്‍കുട്ടിക്ക് നരകയാതനയനുഭവിച്ച് മരിക്കേണ്ടിവരികയും ഇരയുടെ കുടുംബം വീണ്ടും വേട്ടയാടപ്പെടുകയും ചെയ്യുന്നത്. ഇതിനെതിരായ പോരാട്ടം ദളിതരുടെ സ്വകാര്യതയല്ല. സമൂഹമാകെ അതില്‍ അണിചേരേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top