23 April Tuesday

അവ്യക്തമായ യൂറോപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2016

യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ ഹിതപരിശോധനാഫലം ആഗോള രാഷ്ട്രീയ– സാമ്പത്തിക മണ്ഡലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണല്ലോ. ഇതിന്റെ തുടര്‍ചലനങ്ങള്‍ പ്രവചിക്കാന്‍ ലോക രാഷ്ട്രീയ– സാമ്പത്തിക വിശകലന വിദഗ്ധര്‍ മടിച്ചുനില്‍ക്കുകയാണ്. അത്രയേറെ സങ്കീര്‍ണവും അവ്യക്തവുമാണ് വിഷയം. പ്രധാന കാരണം, സംഭവം യൂറോപ്പിലാണെന്നതുതന്നെ. ലോകം കീഴടക്കിവാണ സാമ്രാജ്യത്വശക്തിയാണ് ഗ്രേറ്റ് ബ്രിട്ടന്‍. അമേരിക്കന്‍ ഐക്യനാടുകള്‍പോലും അവരുടെ കോളനിയായിരുന്നു. പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ് എല്ലാം മുന്‍ കൊളോണിയല്‍ സമ്രാട്ടുകള്‍. വ്യാവസായികവിപ്ളവത്തിലൂടെ ആധുനികയുഗത്തിന് തിരിതെളിച്ചവര്‍. മാര്‍ക്സിസത്തിനും ഫാസിസത്തിനും ജന്മം നല്‍കിയ പ്രദേശം. കാള്‍ മാര്‍ക്സും അഡോള്‍ഫ് ഹിറ്റ്ലറും ജീവിച്ച നാട്. രണ്ട് ലോകമഹായുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ട ഭൂപ്രദേശം. മറ്റേത് ഭൂഖണ്ഡത്തേക്കാളും ലോകത്തെ സ്വാധീനിച്ച കേന്ദ്രം.  

രണ്ടാം ലോകമഹായുദ്ധശേഷം കിഴക്കും വടക്കുമായി വിഭജിക്കപ്പെട്ട യൂറോപ്പ് ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയ്ക്കുശേഷമാണ് ഒന്നായി വലത്തോട്ട് മാറിയത്. മതില്‍ പൊളിഞ്ഞ് മൂന്നുവര്‍ഷത്തിനുശേഷം 1992ലാണ് ഇന്നത്തെ രീതിയിലുള്ള യൂറോപ്യന്‍ യൂണിയന്‍ രൂപീകൃതമാകുന്നത്. സോഷ്യലിസ്റ്റ് കിഴക്കന്‍ ജര്‍മനി മുതലാളിത്ത വടക്കന്‍ ജര്‍മനിയില്‍ ലയിച്ചപ്പോള്‍ മോഹം, മോഹഭംഗത്തിന് വഴിമാറാന്‍ കുറച്ചുനാളുകളേ വേണ്ടിവന്നുള്ളൂ.

ശീതയുദ്ധാനന്തരം കാല്‍നൂറ്റാണ്ട് അല്ലലില്ലാതെയാണ് യൂറോപ്പ് കടന്നുപോയതെന്ന് പറയാനേ വയ്യ. യുദ്ധമുണ്ടായില്ലെന്നുമാത്രം. ശതകോടീശ്വരര്‍ കൂടുന്നതനുസരിച്ച് സാധാരണക്കാരന്റെ ജീവിതദുരിതം ഇരട്ടിച്ചു. മുതലാളിത്ത ക്ഷേമരാഷ്ട്ര ഘട്ടത്തിലെ ഗുണഫലങ്ങളെല്ലാം യൂറോപ്യന്‍ യൂണിയനില്‍ ചവിട്ടിമെതിക്കപ്പെട്ടു. രാജ്യം കൈവരിക്കുന്ന സാമ്പത്തികനേട്ടത്തിന്റെ പങ്ക് ലഭിക്കാത്തവരുടെ എണ്ണം കമ്പോളസൂചികകളുടെ ഉയര്‍ച്ച താഴ്ചയ്ക്കുപരിയായി കുത്തനെ ഉയര്‍ന്നു. തൊഴിലില്ലാ കരുതല്‍സേനയുടെ ക്രുദ്ധമൌനം ഒരു വശത്ത്. തൊഴില്‍ നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങുന്നവരുടെ നിസ്സഹായത മറുവശത്ത്. തൊഴിലെടുക്കുന്നവരുടെ ആനുകൂല്യം ഒന്നൊന്നായി കവര്‍ന്നെടുക്കുമ്പോള്‍ തൊഴിലാളിവര്‍ഗത്തിന്റെ രോഷം വന്‍ പണിമുടക്കുകളായി യൂറോപ്പിലെങ്ങും അലയടിക്കുന്നുണ്ട്.

ഇതിനൊപ്പമാണ് യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്കിടയിലും പുറത്തുനിന്നും തൊഴില്‍ തേടിയുള്ള കുടിയേറ്റം. തനിക്ക് കുടിവെള്ളം കിട്ടാത്തതിന് കാരണം അയല്‍ക്കാരനാണെന്ന് കരുതുമ്പോലെ കുടിയേറ്റവിരുദ്ധവികാരം യൂറോപ്പിലെങ്ങും ശക്തമാണിന്ന്. കുടിയേറ്റവിരുദ്ധരാഷ്ട്രീയം യൂറോപ്പില്‍മാത്രമല്ല, അമേരിക്കന്‍ ഐക്യനാടുകളിലും പ്രഥമസ്ഥാനത്താണിപ്പോള്‍.  അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ 'ട്രംപ്കാര്‍ഡ്' കുടിയേറ്റവിരുദ്ധതയാണ്. ബ്രിട്ടനില്‍ 'ബ്രെക്സിറ്റ്' കേവലം രണ്ടില്‍ താഴെ ശതമാനം വോട്ടിന് വിജയിക്കാന്‍ കാരണവും കുടിയേറ്റവിരുദ്ധവികാരം കുത്തിപ്പൊക്കിയതാണ്. ജൂതവിരുദ്ധവികാരം കുത്തിയിളക്കി ഭൂമിയെ സര്‍വനാശത്തിന്റെ വക്കിലേക്ക് നയിച്ച യൂറോപ്പില്‍ നവനാസിസം പ്രചാരണകോലാഹലങ്ങളില്ലാതെ പടിപടിയായി വളരുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കപ്പെടാതെ പോകുന്നുമുണ്ട്. അമേരിക്കയിലാകട്ടെ, ജൂത– ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ സംയുക്ത ചേരുവ റിപ്പബ്ളിക്കന്‍ പാര്‍ടിയില്‍ മേല്‍ക്കൈ നേടാന്‍ ശ്രമിക്കുകയുമാണ്.

'ഇസ്ളാമോ ഫോബിയ'യാണ് ട്രംപിന്റെ തുറുപ്പുചീട്ട്. ബ്രിട്ടീഷ് ഹിതപരിശോധനയില്‍ ഇത് പ്രത്യക്ഷത്തില്‍ പ്രതിഫലിച്ചില്ലെങ്കിലും അന്തര്‍ധാരയിലുണ്ടാകാം. കാരണം, ഭീകരതയുടെ ആധുനിക നാമമായ ഐഎസ് യൂറോപ്പിനെ വിറപ്പിക്കുന്നുണ്ട്. എന്നാല്‍, യൂറോപ്പിലെ വലതുപക്ഷത്തെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളോ നേതാക്കളോ 'ഇസ്ളാമോ ഫോബിയ' ഒരായുധമായി ഉപയോഗിച്ചിട്ടില്ല. ബ്രിട്ടനിലെ ലേബര്‍– ടോറി കക്ഷികളും നേതാക്കളും ബ്രിട്ടന്‍ ഇയുവില്‍നിന്ന് വിട്ടുപോകരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍, അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയം ഈ വിഷയത്തില്‍ വിഭജിക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ടിയുടെ പ്രസിഡന്റ് ബറാക് ഒബാമ ബ്രെക്സിറ്റിനെ പരസ്യമായി എതിര്‍ത്തപ്പോള്‍ റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടന്‍ വിട്ടുപോകണമെന്ന് പ്രസ്താവിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. യൂറോപ്പും അമേരിക്കയും ഇരട്ടപെറ്റ മക്കളാണെന്നത് മറന്നുകൂടാ.
ലേബര്‍–ടോറി കക്ഷികള്‍ ഒന്നിച്ചുനിന്നിട്ടും 'ബ്രെക്സിറ്റ്' ചെറുശതമാനത്തിനെങ്കിലും വിജയിച്ചു. മുഖ്യധാരയില്‍നിന്ന് വിട്ടുനില്‍ക്കുന്ന രാഷ്ട്രീയപാര്‍ടികളാണ് ബ്രിട്ടനില്‍ ഈ വിജയത്തിന്റെ കാരണക്കാര്‍. ബ്രിട്ടനിലെ ലേബര്‍പാര്‍ടി മുമ്പ് ഇടതുപക്ഷമെന്ന് അറിയപ്പെട്ടിരുന്നു. പിന്നീട് മധ്യ ഇടതുപക്ഷം എന്നായി. ഒടുവില്‍ മധ്യ വലതുപക്ഷമെന്ന പേര് വീണു. യൂറോപ്പിലെ മിക്ക ഇടതുപക്ഷരാഷ്ട്രീയങ്ങളും ആശയപ്രതിസന്ധിയിലാണ്. വലതുപക്ഷമാകട്ടെ, തീവ്രവലതുപക്ഷത്തേക്ക് നീങ്ങുന്നു. ഈയിടെ ഫ്രാന്‍സിനെ സ്തംഭിപ്പിച്ച തൊഴിലാളിവര്‍ഗപ്രക്ഷോഭം മുഖ്യധാരയിലേക്ക് വരാതെ പോയി. പകരം ഐഎസിന്റെ രണ്ട് ആക്രമണം യൂറോപ്പിനെ പിടിച്ചുകുലുക്കി. ജനകീയപ്രശ്നങ്ങള്‍ വംശീയതയിലേക്ക് വഴിമാറ്റാനുള്ള ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ ശ്രമമാണിത്.

ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തവരില്‍ ബ്രിട്ടനിലെ തൊഴിലാളിവര്‍ഗവും വര്‍ണവെറിയന്മാരുമുണ്ട്; ഇരുധ്രുവങ്ങളില്‍നിന്ന്. ഇതില്‍ ആര്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും യൂറോപ്പിന്റെ ഭാവി, ലോകത്തിന്റെയും. ബ്രെക്സിറ്റിനെക്കുറിച്ച് വന്ന പ്രതികരണങ്ങളില്‍ ഒന്നിവിടെ ചേര്‍ക്കാം. ജര്‍മന്‍ സോഷ്യോളജിസ്റ്റ് ടെറ്റ്യാന ഹാവ്ലിന്റേതാണത്. "അവര്‍ എന്ത് സമ്പാദിക്കുന്നു എന്നോ അവര്‍ എങ്ങനെ ദൈനംദിനജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു എന്നോ ഭരണകൂടങ്ങള്‍ ചിന്തിക്കാറില്ല. ജനങ്ങള്‍ ദിവസവും ആഗോളവല്‍ക്കരണത്തിനെതിരെ ചിന്തിക്കാറില്ല. അന്നന്ന് തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളെമാത്രമേ അവര്‍ കാണാറുള്ളൂ''


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top