29 March Friday

ജപ്പാൻ പ്രധാനമന്ത്രിയും അഴിമതിക്കയത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 27, 2018


ഇന്ത്യയിൽ നരേന്ദ്ര മോഡിയെ പോലെ ജപ്പാനിൽ ഷിൻ ഷോ ആബെയും സങ്കുചിത ദേശീയവാദവും സൈനികശേഷിയും ഉയർത്തിക്കാട്ടിയാണ് അധികാരക്കസേര ഉറപ്പിക്കാൻ ശ്രമിക്കുന്നത്. ഉത്തരകൊറിയയുടെ ആണവഭീഷണിയും ചൈനയുടെ വൻ സാമ്പത്തികശക്തിയായുള്ള വളർച്ചയും ഉയർത്തിക്കാട്ടി ഇവ നേരിടാൻ ശക്തനായ ഭരണാധികാരിക്ക് മാത്രമേ കഴിയൂ എന്ന് പറഞ്ഞാണ് ഷിൻ ഷോ ആബെ അധികാരത്തിൽ തുടരുന്നത്. കഴിഞ്ഞ ഒക്ടോബറിൽനടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയാണ് ലിബറൽ ഡെമോക്രാറ്റിക് പാർടി നേതാവായ ആബെ അധികാരമുറപ്പിച്ചത്. സമാധാനത്തിൽ ഊന്നുന്ന ഭരണഘടനയിൽ മാറ്റംവരുത്തി അന്യരാജ്യങ്ങളിൽ പോയി പോലും യുദ്ധംചെയ്യാൻ ജപ്പാൻ സേനയെ അനുവദിക്കുന്നവിധം ഭരണഘടനയിൽ മാറ്റം വരുത്താനുള്ള തീവ്രശ്രമത്തിലാണ് ആബെ.  എന്നാൽ, ദേശീയതയെക്കുറിച്ചുള്ള ഈ ഓർമപ്പെടുത്തലുകൾ അഴിമതിയും സ്വജനപക്ഷപാതവും മറച്ചുപിടിക്കാനാണെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഒരോദിവസവും ജപ്പാനിൽനിന്ന് പുറത്തുവരുന്നത്. അഴിമതിയാരോപണങ്ങളുടെ പരമ്പരതന്നെയാണ് ആബെക്കെതിരെ ഉയർന്നിട്ടുള്ളത്. ഇതോടെ ആബെയുടെ ജനപ്രീതി കുത്തനെ താഴ്ന്നു.  സെപ്ംബറിൽ പാർടിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ജയിച്ചുകയറുക വിഷമമാണെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഇതേ തുടർന്ന് രാജിവയ്ക്കാനുള്ള ഒരുക്കത്തിലാണ് ആബെയെന്നും സൂചനയുണ്ട്.

പ്രധാനമായും രണ്ട് അഴിമതിയാരോപണങ്ങളാണ് ആബെക്കെതിരെ ഉയർന്നത്. ഒന്നാമതായി അടുത്ത ഒരു സുഹൃത്തിന് ഒരു വെറ്ററിനറി കോളേജ് സ്ഥാപിക്കുന്നതിന് അംഗീകാരം നൽകുന്നതിൽ നേരിട്ട് ഇടപെട്ടു.  രണ്ടാമതായി മറ്റൊരു വിദ്യാഭ്യാസസ്ഥാപനത്തിന് തുച്ഛവിലയ്ക്ക് സർക്കാർ ഭൂമി നൽകി. ഈ രണ്ട് ആരോപണങ്ങളിലും ആബെ നേരിട്ട് ഇടപെട്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് എൽഡിപി സർക്കാർ വെട്ടിലായത്.

അരനൂറ്റാണ്ടിനിടയിൽ ആദ്യമായാണ് ഒരു വെറ്ററിനറി കോളേജിന് ജപ്പാൻ സർക്കാർ അനുമതി നൽകുന്നത്.  ജപ്പാൻ വെറ്ററിനറി മെഡിക്കൽ അസോസിയേഷൻ പുതിയ കോളേജ് തുറക്കുന്നതിനെ ശക്തമായി എതിർത്തിരുന്നു. എന്നിട്ടും ആബെ നേരിട്ട് ഇടപെട്ട് അനുമതി നൽകുകയാണുണ്ടായത്. എന്നാൽ, തനിക്ക് ഇതിൽ പങ്കില്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറാൻ ആബെ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജപ്പാൻ കമ്യൂണിസ്റ്റ് പാർടിയുടെ ഉടമസ്ഥതയിലുള്ള 'അകഹത' പത്രം ആബെയും വെറ്ററിനറി കോളേജ് അധികൃതരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള രേഖകൾ പുറത്തുവിട്ടതാണ് ആബെക്ക് വിനയായത്.  ആബെയുടെ ക്യാബിനറ്റ് ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥൻ ഫുജ്വാര യുതാക്ക, ആബെയുടെ സെക്രട്ടറി തഡാവോ യാൻസി എന്നിവരുമായി സ്കൂൾ അധികൃതർ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് പുറത്തായത്.  സ്കൂൾ സ്ഥാപിക്കപ്പെടുന്ന എഹിമേ പ്രവിശ്യാ ഉദ്യോഗസ്ഥരും സ്കൂൾ സ്ഥാപിക്കുന്ന കകേ ഗാവ്ക്ക അധികൃതരും 2015ൽ പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദർശിച്ച് സ്കൂൾ ലൈസൻസിനെക്കുറിച്ച് ചർച്ചചെയ്തെന്നായിരുന്നു റിപ്പോർട്ടിന്റെ കാതൽ.  പ്രധാനമന്ത്രിക്ക് താൽപ്പര്യമുള്ള പദ്ധതിയാണിതെന്ന് യാൻസീ പറഞ്ഞതായും ഈ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിനായി ഫുജ്വാര വിദ്യാഭ്യാസമന്ത്രാലയത്തിൽ സമ്മർദം ചെലുത്തിയതുമായുള്ള വിവരങ്ങളാണ് അകഹത പുറത്തുവിട്ടത്. 

എന്നാൽ, ഇതിനേക്കാളും വലിയ അഴിമതിയാരോപണം സർക്കാർ ഭൂമി തുച്ഛവിലയ്ക്ക് മൊറിടോമോ ഗൗക്കുവേൻ എന്ന കിന്റർഗാർട്ടൻ ഗ്രൂപ്പ് ഉടമയ്ക്ക് കൈമാറിയെന്നതാണ്. ആബെയുടെ ഭാര്യ അക്കി ആബെ നേരിട്ട് സ്വാധീനിച്ച് നടത്തിയ ഇടപാടിലുടെ സർക്കാരിന് 7.5 ദശലക്ഷം ഡോളർ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. സ്കൂളിന്റെ ഓണററി പ്രിൻസിപ്പലായി അക്കി ആബെയെയാണ് നിശ്ചയിച്ചിരുന്നത്.  കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അസാഹി ഷിംബുൺ എന്ന ദിനപത്രമാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്. ആരോപണം ഉയർന്നതോടെ മൊറിടോമോ ഗൗക്കുവേനെ അറസ്റ്റ് ചെയ്തതോടെയാണ് സർക്കാർ പിടിച്ചുനിന്നത്. എന്നാൽ, ഇതേ പത്രം തുടർന്ന് നടത്തിയ അന്വേഷണാത്മക റിപ്പോർട്ട് മാർച്ചിൽ പ്രസിദ്ധീകരിച്ചതോടെ ആബെ സർക്കാർ വീണ്ടും വെട്ടിലായി. ജപ്പാൻ പാർലമെന്റായ ഡയറ്റിൽ സമർപ്പിക്കുന്നതിന് മുമ്പായി ഭൂമിവിൽപ്പന സംബന്ധിച്ച രേഖകൾ ധനമന്ത്രാലയം തിരുത്തിയെന്നാണ് ഈ റിപ്പോർട്ട്. രേഖകളിൽ നിന്ന് ആബെയുടെയും അക്കി ആബെയുടെ പേര് മായ്ച്ചുകളഞ്ഞെന്നും കണ്ടെത്തി.  അഴിമതി നടത്തിയെന്ന് മാത്രമല്ല അത് മൂടിവയ്ക്കാൻകൂടി ശ്രമിച്ചെന്ന കുറ്റമാണ് ആബെക്കെതിരെ ഉയർന്നത്. ഇതോടെ ആബെയുടെ രാജി ആവശ്യപ്പെട്ട് ജപ്പാനിലെങ്ങും പ്രകടനങ്ങൾ നടക്കുകയാണ്. ഏപ്രിൽ 14ന് ഡയറ്റിന് മുമ്പിൽ അരലക്ഷം പേരുടെ പ്രകടനം നടന്നു. രാജ്യത്തെ ഇരുപതോളം നഗരങ്ങളിലും ആയിരങ്ങൾ പങ്കെടുത്ത പ്രകടനം നടന്നു.  സങ്കുചിത ദേശീയവാദത്തിന്റെ കൊടി ഉയർത്തി അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ആബെയുടെ ശ്രമം വിഫലമാകുമെന്ന് പ്രതീക്ഷിക്കാം. ജപ്പാനിൽ ഒരു ഭരണമാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top