24 April Wednesday

മറയ്ക്കാനാകാതെ കോഴ ഇടപാടുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Apr 27, 2016

തെരഞ്ഞെടുപ്പുരംഗത്തെ ചര്‍ച്ചകള്‍ വഴിമാറ്റാന്‍ നാനാവിധത്തില്‍ ശ്രമിക്കുമ്പോഴും സ്വന്തം അഴിമതിയും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും മൂടിവയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുഡിഎഫ് സര്‍ക്കാര്‍. വിവാദ സ്വാമി സന്തോഷ് മാധവനുമായി സര്‍ക്കാര്‍ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ് അത്തരത്തിലൊന്നാണ്. സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിനാണ് ഭൂപരിഷ്കരണനിയമത്തില്‍ ഇളവുനല്‍കി 112 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാര്‍ നല്‍കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രിസഭായോഗങ്ങളില്‍ എടുത്ത പകുതി തീരുമാനങ്ങളും ഭൂമിയുമായി ബന്ധപ്പെട്ടതാണ്. പരിസ്ഥിതിപ്രാധാന്യമുള്ളതടക്കം ഭൂമി, മാനദണ്ഡങ്ങളും നിയമവ്യവസ്ഥകളും മറികടന്ന് സ്വകാര്യ കോര്‍പറേറ്റുകള്‍ക്കും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും പതിച്ചുനല്‍കുകയാണുണ്ടായത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ വെള്ളംചേര്‍ത്തും ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ലംഘിച്ചുമാണ് ഇത്തരം തീരുമാനങ്ങളുണ്ടായത്.
യുഡിഎഫ് ഭൂമിദാന പരമ്പരയിലൊന്നാണ് സന്തോഷ് മാധവനുമായി ബന്ധപ്പെട്ടത്. ആദര്‍ശ് പ്രൈം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കര്‍ നിലവും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മഠത്തുംപടി വില്ലേജില്‍ 32.41 ഏക്കര്‍ നിലവും 2006ലാണ് വാങ്ങിയത്. ഈ ഭൂമി 1964ലെ കേരള ഭൂപരിഷ്കരണനിയമത്തിലെ 81(3) വകുപ്പുപ്രകാരം സര്‍ക്കാര്‍ മിച്ചഭൂമിയായി 2009 ജനുവരിയില്‍ ഏറ്റെടുത്തു. ഇതിനെതിരെ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതാണ്. ഈ ഭൂമിയില്‍ ഹൈടെക് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ സന്തോഷ് മാധവന് ബന്ധമുള്ള സ്ഥാപനം അപേക്ഷ നല്‍കിയിരുന്നു. അതിന്റെ മറവിലാണ് ഭൂപരിഷ്കരണനിയമത്തിലെ 81(3) വകുപ്പിന് ഇളവ് അനുവദിച്ച് 2016 മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വലിയ വിവാദമുയര്‍ന്നതിനെതുടര്‍ന്ന് ഗത്യന്തരമില്ലാതെ മാര്‍ച്ച് 23ന് ഈ ഉത്തരവ് പിന്‍വലിക്കേണ്ടിവന്നു.

ഇതുസംബന്ധിച്ച് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണെന്നുമാണ് കോടതി കണ്ടെത്തിയത്. ഈ ഭൂമിയുടെ ഫയല്‍ എങ്ങനെ ക്യാബിനറ്റിനുമുന്നില്‍ എത്തി എന്നതിനെക്കുറിച്ചുപോലും സര്‍ക്കാരിന് ഉത്തരം പറയാനാകുന്നില്ല. സംഭവത്തില്‍ റവന്യൂമന്ത്രിക്ക് പങ്കില്ലെന്നും വ്യവസായമന്ത്രിയാണ് ഫയല്‍ മന്ത്രിസഭയ്ക്കുമുന്നില്‍ ഔട്ട് ഓഫ് അജന്‍ഡയായി കൊണ്ടുവന്നതെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏത് സാഹചര്യത്തിലാണ് ഫയല്‍ ഔട്ട് ഓഫ് അജന്‍ഡയായി എത്തിയതെന്ന് വ്യക്തമാക്കുന്നില്ലെന്ന് കോടതി കണ്ടെത്തി. കോടതിയുടെ സുപ്രധാനമായ ഒരു പരാമര്‍ശം, ഇതിനുപിന്നില്‍ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്നതാണ്. ഭൂമിദാനവും അതോടനുബന്ധിച്ച ഗൂഢാലോചനയും പരിശോധിക്കാന്‍ ജുഡീഷ്യറി നിര്‍ദേശിക്കുമ്പോള്‍, മുഖ്യമന്ത്രിമുതല്‍ ഇതുമായി ബന്ധപ്പെട്ട ഫയലില്‍ ഒപ്പുവച്ച ഉദ്യോഗസ്ഥര്‍വരെ പ്രതിക്കൂട്ടിലെത്തുകയാണ്. മെയ് അഞ്ചിന് കേസ് പരിഗണിക്കുന്നതിനുമുമ്പ് വിശദമായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്.

ജനങ്ങളെയും നിയമത്തെയും കബളിപ്പിച്ചാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഓരോ ചുവടും നീങ്ങിയത്. മിച്ചഭൂമിയായി ഏറ്റെടുത്ത വയലാണ് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ എന്ന പേരില്‍ തിരികെ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇടപാടില്‍ അഴിമതി നടന്നതുകൊണ്ടാണ് വിവാദ ഉത്തരവ് പിന്‍വലിച്ചതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഐടി പദ്ധതിയെക്കുറിച്ചും അത് സ്ഥാപിതമായാല്‍ ലഭ്യമാകുന്ന തൊഴിലവസരങ്ങളെക്കുറിച്ചും വ്യാജക്കഥകള്‍ പ്രചരിപ്പിച്ചു. വികസനവും തൊഴിലും എന്ന വാഗ്ദാനത്തിന്റെ മറവില്‍ മിച്ചഭൂമി തട്ടിപ്പുകമ്പനിക്ക് ഏല്‍പ്പിച്ചുകൊടുക്കുകയാണുണ്ടായത്.

വന്‍ കോഴ ലക്ഷ്യമാക്കി സര്‍ക്കാര്‍ നടത്തിയ ഭൂമി ഇടപാടുകളില്‍ ഒന്നുമാത്രമാണിത്. മെത്രാന്‍ കായല്‍, കടമക്കുടി, പീരുമേട് ഹോപ് പ്ളാന്റേഷന്‍, നെല്ലിയാമ്പതി കരുണ തുടങ്ങിയവയുടെ ശ്രേണിയിലാണ് ഇതും വരുന്നത്. ഇതില്‍ പലതും സര്‍ക്കാരിനുതന്നെ റദ്ദാക്കേണ്ടിവന്നു എന്നത് വലിയ ക്രമക്കേടും അഴിമതിയും ഇവയ്ക്കുപിന്നിലുണ്ട് എന്നതിന്റെ തെളിവാണ്. ഇത്തരം വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ പുതിയ തന്ത്രങ്ങളാണ് യുഡിഎഫ് പയറ്റുന്നത്. അത്തരം വഴിതിരിച്ചുവിടലുകളല്ല 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരിഗണനയില്‍ വരികയെന്ന് ഇതിനകം പുറത്തുവന്ന അഭിപ്രായസര്‍വേകളിലൂടെ വ്യക്തമായിക്കഴിഞ്ഞു. യുഡിഎഫ് നടത്തുന്ന വ്യാജപ്രചാരണങ്ങളോടൊപ്പമല്ല, യുഡിഎഫിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും അഴിമതിക്കും എതിരെയാണ് ജനങ്ങളുടെ വികാരം. അതുകൊണ്ടുതന്നെ കുറ്റകൃത്യത്തിലേര്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്ന സന്തോഷ് മാധവനെപ്പോലുള്ളവര്‍ക്ക് മിച്ചഭൂമി സ്വന്തമാക്കാന്‍ അവസരം നല്‍കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടി, കോടതിയിലും ജനങ്ങള്‍ക്കിടയിലും ഒരുപോലെ വിചാരണ ചെയ്യപ്പെടും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top