24 April Wednesday

ഇനി ഉത്തരം പറയേണ്ടത്‌ വ്യാജ പ്രചാരണക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 27, 2019


ഓച്ചിറയിൽ കാണാതായ പെൺകുട്ടിയെ മുംബൈയിൽനിന്ന് കേരള പൊലീസ് ഒരു യുവാവിനോടൊപ്പം കണ്ടെത്തി. രാജസ്ഥാനിൽനിന്ന് എത്തി തെരുവോരത്ത് താമസിച്ച് ശിൽപ്പങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടിയെയാണ് മാർച്ച് 18ന് കാണാതായത്. പെൺകുട്ടിയുമായി മുഹമ്മദ് റോഷൻ എന്ന പ്രതി ബംഗളൂരുവിലും രാജസ്ഥാനിലും പോയശേഷമാണ് മഹാരാഷ്ട്രയിൽ എത്തിയത്. കാണാതായി 10 ദിവസം ആകുന്നതിനു മുമ്പ് തന്നെ പെൺകുട്ടിയെ പിടികൂടാൻ കഴിഞ്ഞത് കേരള പൊലീസിന്റെ അഭിനന്ദനാർഹമായ നടപടിയാണ്. ഈ സംഭവത്തിന്  ഏതെങ്കിലും രാഷ്ട്രീയകക്ഷിയുമായി ബന്ധമില്ല. പൊലീസ് ആകട്ടെ പരാതി ലഭിച്ച നിമിഷംമുതൽ കൃത്യമായ ദിശയിൽ അന്വേഷണം നടത്തുകയും ഒട്ടും വൈകാതെ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്‌തു. സമൂഹത്തിൽ നടക്കുന്ന അനേകം കുറ്റകൃത്യങ്ങളിൽ ഒന്നാണിത്. തീർച്ചയായും എതിർക്കപ്പെടേണ്ടതും ശക്തമായ നടപടി ആവശ്യമായതും ആയ കുറ്റകൃത്യം. സംസ്ഥാന പൊലീസ് ഇക്കാര്യത്തിൽ കാണിച്ച ജാഗ്രതയും അന്വേഷണമികവും പ്രശംസനീയമാണ്‌.

ഇത്തരം ഒരു കുറ്റകൃത്യം നടന്നാൽ പ്രതികളെ കണ്ടെത്തുക, പെൺകുട്ടിയെ രക്ഷപ്പെടുത്തുക എന്നത് നാടിന്റെ പൊതു ആവശ്യമാണ് എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ വ്യത്യസ‌്ത രാഷ്ട്രീയ പാർടികൾ അഭിപ്രായപ്രകടനം നടത്തുന്നതിലും മാധ്യമങ്ങൾ വാർത്ത എഴുതുന്നതിലും അസ്വാഭാവികതയുമില്ല. എന്നാൽ, ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചക്കാലം കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും നടത്തിയ പ്രകടനം അസ്വാഭാവികമാണ് എന്ന് പറയാതെ വയ്യ. അത്തരം അസ്വാഭാവികവും അസാധാരണവുമായ ഇടപെടൽ നടത്തിയത്‌ സംസ്ഥാനം മൂന്നുവർഷം മുമ്പ് വരെ ഭരിച്ച മുഖ്യമന്ത്രിയും ഇന്നത്തെ പ്രതിപക്ഷനേതാവ് കൂടിയായ മുൻ ആഭ്യന്തരമന്ത്രിയും അദ്ദേഹത്തിന്റെ പാർടിയുടെ ജില്ലാ അധ്യക്ഷയും കേന്ദ്ര ഭരണ കക്ഷിയുടെ പാർലമെന്റ‌് അംഗവും ഒക്കെയാണ്. ഈ സാഹചര്യത്തിലാണ്‌  എന്തായിരുന്നു അവരുടെ ഉദ്ദേശ്യം എന്നും എന്തൊക്കെ കാര്യങ്ങളാണ് അവർ വിളിച്ചുപറഞ്ഞത് എന്നും പരിശോധിക്കേണ്ടിവരുന്നത്.

കേരളത്തിലെ പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന പ്രസ‌്താവന നടത്തി കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നുവെന്നാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പറഞ്ഞത്. ആൺവേഷം കെട്ടിച്ച് പെൺകുട്ടികളെ വളർത്തേണ്ട അവസ്ഥയാണ് കേരളത്തിൽ എന്ന് പരിഹാസപൂർവം പറഞ്ഞത‌് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന പ്രസ‌്താവന നടത്തി കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നുവെന്നാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പറഞ്ഞത്. ആൺവേഷം കെട്ടിച്ച് പെൺകുട്ടികളെ വളർത്തേണ്ട അവസ്ഥയാണ് കേരളത്തിൽ എന്ന് പരിഹാസപൂർവം പറഞ്ഞത‌് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതികളെ പിടികൂടാത്തത്‌ ഭരണകക്ഷിയുടെ സ്വാധീനം മൂലമാണ് എന്ന ആരോപണവും ഉന്നയിച്ചു. പിണറായി വിജയന്റെ ആയിരം ദിനങ്ങളിൽ ആയിരം പീഡനം നടന്നുവെന്ന് ആരോപിച്ച് ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകരുമായി മാർച്ച് നടത്താനാണ് ഡിസിസി പ്രസിഡന്റ്‌ ബിന്ദു കൃഷ്ണ തയ്യാറായത്. അതുകഴിഞ്ഞ് അവർ അവിടെ ഒരു ഉപവാസ സമരവും നടത്തി. പോരാഞ്ഞ് പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുംവിധം സാമൂഹ്യമാധ്യമങ്ങളിൽ ചിത്രം പ്രസിദ്ധീകരിച്ചു. ഓച്ചിറയിൽ ചെന്ന് ബിജെപിയുടെ പാർലമെന്റംഗം സുരേഷ് ഗോപി സിനിമാസ്റ്റൈലിൽ പൊലീസ് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു.

ഇത്തരം പ്രകടനങ്ങൾ നടക്കുമ്പോൾ അവയെ പ്രോത്സാഹിപ്പിച്ച ചില മാധ്യമങ്ങൾ ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതും പീഡിപ്പിച്ചതുമെല്ലാം സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്‌തു. കൃത്യമായി നടക്കുന്ന അന്വേഷണവും അതിലുണ്ടാകുന്ന പുരോഗതിയും അവഗണിച്ചാണ് അവർ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയും  തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന‌് എതിരായ ആയുധമായി ഉപയോഗിക്കാനും ശ്രമിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പാലക്കാട്  ചെർപ്പുളശ്ശേരിയിൽ ഒരു യുവതി ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിലും സമാന രീതിയിലാണ് സർക്കാരിനും സിപിഐ എമ്മിനും എതിരെ വാർത്തകളും രാഷ്ട്രീയ ആരോപണങ്ങളും ഉന്നയിച്ചത്. അവിടെ പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന, പ്രതിസ്ഥാനത്തുള്ള യുവാവിന് ഒരു തരത്തിലുള്ള രാഷ്ട്രീയബന്ധവുമില്ല. പൊലീസ് അന്വേഷണത്തിൽ അങ്ങനെ എന്തെങ്കിലും ബന്ധം കണ്ടെത്തിയിട്ടുമില്ല. എന്നിട്ടും നാട്ടിലെ രണ്ട് പ്രധാന പത്രങ്ങൾ ഇപ്പോഴും വാർത്ത കൊടുക്കുന്നത് സിപിഐ എം ഓഫീസിലെ പീഡനം എന്ന തലക്കെട്ടോടെയാണ്.

ഇതുപോലുള്ള പിത്തലാട്ടംകൊണ്ട് തകർക്കാനാകുന്നതല്ല കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ എന്നും അതിനെ നയിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് എന്നും നിങ്ങൾ പറഞ്ഞില്ലെങ്കിലും ഓരോ കേരളീയനും അറിയാം

തെരഞ്ഞെടുപ്പിൽ, രാഷ്ട്രീയമായി തകർന്നുനിൽക്കുന്ന യുഡിഎഫിനെ സഹായിക്കാൻ ഇത്തരം വ്യാജ ആരോപണങ്ങളും കെട്ടുകഥകളും കൊണ്ട് പ്രതിപക്ഷവും മാധ്യമങ്ങളും ഇറങ്ങുന്നതിന്റെ രാഷ്ട്രീയ ഉദ്ദേശ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, ഇത്രയേറെ സാമൂഹ്യ പുരോഗതി നേടിയ, സാക്ഷരതയിൽ രാജ്യത്തെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്ത് ഇതുപോലുള്ള ഹീന രാഷ്ട്രീയ മാധ്യമപ്രവർത്തനം അനുവദിക്കാമോ എന്ന ചോദ്യം ഉയർന്നു നിൽക്കുന്നുണ്ട്. നാട്ടിൽ നടക്കുന്ന ഏത് അക്രമസംഭവങ്ങളെയും കുറ്റകൃത്യങ്ങളെയും തങ്ങൾക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പാർടിയെ കരിവാരിത്തേക്കാനുള്ള ആയുധമായി ഉപയോഗപ്പെടുത്തുന്ന രീതി പ്രാകൃതമാണ്. അത് മാധ്യമധർമമല്ല; അത് രാഷ്ട്രീയമല്ല. അത് സംസ‌്കാരശൂന്യമായ ഇടപെടലാണ്. 

ഇതുപോലുള്ള പിത്തലാട്ടംകൊണ്ട് തകർക്കാനാകുന്നതല്ല കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ എന്നും അതിനെ നയിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് എന്നും നിങ്ങൾ പറഞ്ഞില്ലെങ്കിലും ഓരോ കേരളീയനും അറിയാം. അതുകൊണ്ടാണ് എത്ര വലിയ അപവാദപ്രചാരണങ്ങളെയും പുറംകാലുകൊണ്ട് തട്ടിയകറ്റി ഇടതുപക്ഷത്തെ, അതിന്റെ മുന്നണിയിലുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കേരള ജനത നെഞ്ചേറ്റുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top