23 September Saturday

സംവാദങ്ങളെ ഭയക്കുന്നവര്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 27, 2017

ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ് സംവാദം. അത് തടയാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നുമാത്രമല്ല, ജനാധിപത്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണ്. ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ സംവാദം തടയുകമാത്രമല്ല, അതിന് തയ്യാറെടുത്ത വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദിക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ വിദ്യാര്‍ഥിവിഭാഗമായ എബിവിപിക്കാരാണ് രാംജാസ് കോളേജില്‍ അഴിഞ്ഞാടിയത്. അറിവിന്റെയും യുക്തിയുടെയും മറ്റും കേന്ദ്രമായ സര്‍വകലാശാല എന്ന ആശയത്തെത്തന്നെയാണ് അഖില്‍ ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് തകര്‍ത്തെറിഞ്ഞത്.

രാംജാസ് കോളേജിലെ ഇംഗ്ളീഷ് ഡിപ്പാര്‍ട്മെന്റാണ് 'പ്രതിഷേധ സംസ്കാര'ത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചത്. ജെഎന്‍യുവില്‍ കഴിഞ്ഞവര്‍ഷം നടന്ന കാവിവിരുദ്ധ വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ കനയ്യകുമാറിനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഉമര്‍ ഖാലിദിനെയും ഷെഹ്ല റഷീദിനെയും സംസാരിക്കാന്‍ ക്ഷണിച്ചതാണ് എബിവിപിയെ പ്രകോപിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റത്തിന് കേസ് നേരിടുന്നവരായതുകൊണ്ടുതന്നെ ഇവര്‍ ദേശവിരുദ്ധരാണെന്നും അവരെ പങ്കെടുപ്പിച്ചുള്ള ഒരു പരിപാടിയും നടത്താന്‍ അനുവദിക്കില്ലെന്നുമായിരുന്നു എബിവിപിയുടെ ആക്രോശം. കേസില്‍ അന്തിമവിധിന്യായം വരുന്നതുവരെയും ഉമര്‍ ഖാലിദും മറ്റും ദേശവിരുദ്ധരാണെന്ന് വിധിപറയാന്‍ എബിവിപിക്കുമാത്രമേ കഴിയൂ. ദേശീയ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കാത്തതിന് ബ്രിട്ടീഷുകാരില്‍നിന്ന് നല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ആര്‍എസ്എസിന്റെ വിദ്യാര്‍ഥിവിഭാഗമാണ് എബിവിപി എന്നകാര്യം മറന്നുപോകരുത്. ഈ സംഘടനകളുടെതന്നെ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന നാഥുറാം വിനായക് ഗോഡ്സെയാണ് രാഷ്ട്രപിതാവ് ഗാന്ധിജിയെ വധിച്ചത്. എന്നിട്ടും ഈ ശക്തികളാണ് ഇന്ന് ദേശസ്നേഹത്തിന്റെ അളവുകോലുയര്‍ത്തി കലാലയങ്ങളെമാത്രമല്ല,  പൊതുസമൂഹത്തെയും അസ്വസ്ഥമാക്കുന്നത്. എബിവിപിക്കാര്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ അവഗണിച്ച് പരിപാടിയുമായി മുന്നോട്ടുപോകുന്നതിനുപകരം ഉമര്‍ ഖാലിദിനും മറ്റും നല്‍കിയ ക്ഷണം പിന്‍വലിച്ച രാംജാസ് കോളേജിന്റെ നടപടിയും അപലപനീയംതന്നെ. പരിപാടിക്ക് സംരക്ഷണം നല്‍കേണ്ട ഡല്‍ഹി പൊലീസാകട്ടെ എബിവിപിക്കാര്‍ക്കൊപ്പം ചേര്‍ന്ന് സെമിനാര്‍ നടത്താന്‍ തയ്യാറായ വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദിക്കുകയാണ് ചെയ്തത്. ബിജെപിയുടെ സേനയായി ഡല്‍ഹി പൊലീസ് അധഃപതിക്കുന്ന കാഴ്ചയാണ് രാംജാസില്‍ കണ്ടത്.

സെമിനാര്‍ നടത്താന്‍ അനുവദിച്ചില്ലെന്നുമാത്രമല്ല, അത് തടഞ്ഞ എബിവിപിയുടെയും പൊലീസിന്റെയും നടപടിയില്‍ പ്രതിഷേധിക്കാന്‍പോലും കാവിപ്പട അനുവാദം നല്‍കിയില്ല. ഒരു ആശയഗതിമാത്രം രാജ്യത്തിന് മതി. മറ്റുള്ളവരെല്ലാം അത് അംഗീകരിക്കാന്‍ തയ്യാറാകണമെന്ന ഫാസിസ്റ്റ് തത്വശാസ്ത്രമാണ് രാംജാസ് സംഭവത്തില്‍ നിഴലിച്ചുനില്‍ക്കുന്നത്. ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും നൂതനാശയങ്ങളുടെയും കേന്ദ്രമായ സര്‍വകലാശാലകളെ സങ്കുചിത ദേശീയവാദത്തിന്റെ തൊഴുത്തായി മാറ്റുകയെന്നത് സംഘപരിവാറിന്റെ അജന്‍ഡയാണ്. കഴിഞ്ഞവര്‍ഷം ജെഎന്‍യുവില്‍ കണ്ടത് അതാണ്. രോഹിത് വെമുലവിഷയം ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. അവസാനമായി ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസിലും അത് ആവര്‍ത്തിച്ചു. തൊട്ടടുത്ത ഖല്‍സ കോളേജിലും നടത്താനിരുന്ന തെരുവുനാടക ഉത്സവം അധികൃതര്‍ ഉപേക്ഷിച്ച് കാവി അജന്‍ഡയ്ക്ക് കീഴടങ്ങി. ഇതില്‍ അവതരിപ്പിക്കുന്ന ചില നാടകങ്ങള്‍ ദേശവിരുദ്ധമാണെന്നാണ് എബിവിപി പ്രചാരണം. രാംജാസിലെ എബിവിപി ആക്രമണം രാജ്യത്തെ മുഴുവന്‍ ക്യാമ്പസുകളിലും സജീവമായി ചര്‍ച്ച ചെയ്യപ്പെടണം. അധ്യാപകരെയും വിദ്യാര്‍ഥികളെയും മര്‍ദിച്ച എബിവിപിക്ക് കലാലയരാഷ്ട്രീയത്തില്‍ എന്ത് പ്രസക്തിയാണുള്ളതെന്ന ചോദ്യം പലകോണുകളില്‍നിന്നും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. പുണെയിലെ സാവിത്രി ഭായ് ഫൂലേ സര്‍വകലാശാലയില്‍ ഈ വിഷയത്തില്‍ എബിവിപിയും എസ്എഫ്ഐയും കൊമ്പുകോര്‍ക്കുകയുണ്ടായി.

ഇന്ത്യ എന്ന ആശയത്തിന്റെ അടിത്തറതന്നെ ജനാധിപത്യമാണ്. എന്നാല്‍, ആ ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമാണ് രാഷ്ട്രസേവനം എന്നാണ് എബിവിപിയുടെ ധാരണ. ഉമര്‍ ഖാലിദും മറ്റും പങ്കെടുക്കുന്നത് തടയുന്നതിലെ രാഷ്ട്രീയം, കാവിപ്പട മുന്നോട്ടുവയ്ക്കുന്ന സങ്കുചിത ദേശസ്നേഹത്തെ ആരും വിമര്‍ശിക്കരുതെന്നാണ്.

ഇന്ത്യന്‍ സംസ്കാരം എന്നും തുറന്നസംവാദത്തെയും ചര്‍ച്ചകളെയും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. വേദങ്ങളെ തുറന്നെതിര്‍ത്തുകൊണ്ടാണ് ശ്രീബുദ്ധന്‍ ബുദ്ധമതത്തിന് രൂപംനല്‍കിയത്. അസത്യങ്ങളുടെ ക്രോഡീകരണമാണ് വേദങ്ങളെന്ന് ചാര്‍വാകന്‍ വിമര്‍ശിക്കുകയുണ്ടായി. ശങ്കരാചാര്യര്‍ രാജ്യത്തുടനീളം നടത്തിയ താര്‍ക്കിക യാത്രകളാണ് ഹിന്ദുമതത്തിന് വീണ്ടും ജീവന്‍ പകര്‍ന്നത്. സംവാദങ്ങള്‍, ചര്‍ച്ചകള്‍ ഇല്ലാതാകുന്നതോടെ ജനാധിപത്യം ക്ഷയിക്കും. സംഘപരിവാറിന്റെ ആവശ്യവും അതാണ്. ജനാധിപത്യസംവിധാനം ഇല്ലാതായാലേ ഹിറ്റ്ലേറിയന്‍ ഭരണരീതിയിലേക്ക് അവര്‍ക്ക് കടക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top