26 April Friday

ബിജെപിക്ക്‌ തുണ കോൺഗ്രസ്‌ തന്നെ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


കേരളത്തിലെ കോൺഗ്രസിൽ എന്താണ് സംഭവിക്കുന്നത്? അന്ധമായ കമ്യൂണിസ്റ്റ് വിരോധം അവരെ എങ്ങോട്ടാണ് നയിക്കുന്നത്? മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന കോൺഗ്രസ് പൂർണമായും സംഘിവൽക്കരിക്കപ്പെടുകയാണോ? ഏതാനും ദിവസങ്ങളായി കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രസ്താവനകളും പ്രസംഗങ്ങളുമാണ് ഈ ചോദ്യങ്ങൾ ഉയർത്തുന്നത്. സംസ്ഥാനത്ത് ആർഎസ്എസിനും ബിജെപിക്കും വളരാനുള്ള വളക്കൂറുള്ള മണ്ണ് ഒരുക്കുന്ന നീക്കങ്ങളാണ് കോൺഗ്രസിൽനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംഘപരിവാറുമായി രഹസ്യമായും പരസ്യമായും ധാരണയുണ്ടാക്കുക മാത്രമല്ല, അതിനായി മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെപ്പോലും തള്ളിപ്പറയാനും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മടിക്കുന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു കാട്ടിയ ജാഗ്രതയെ തള്ളിപ്പറയാൻ ഹിന്ദുത്വവാദികളുമായി ബന്ധമുള്ള പുരുഷോത്തംദാസ് ഠണ്ഡനും ഗോവിന്ദ് വല്ലഭ പന്തും തയ്യാറായതിന് സമാനമായ നീക്കങ്ങളാണ് ഇപ്പോൾ രമേശ് ചെന്നിത്തലയിൽനിന്നും തിരുവഞ്ചൂർ രാധാകൃഷ്ണനിൽനിന്നും ഉണ്ടാകുന്നത്.

കോവിഡ് മഹാമാരി പടർന്നുപിടിക്കാൻ തുടങ്ങിയതിനുശേഷം ആദ്യമായാണ് വയനാട്ടിൽനിന്നുള്ള ലോക്‌സഭാംഗം കൂടിയായ രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. സ്വാഭാവികമായും അദ്ദേഹം രോഗപ്രതിരോധത്തെക്കുറിച്ച് സംസാരിച്ചു. കേരളത്തിലെ  കോവിഡ് പ്രതിരോധപ്രവർത്തനം മികച്ചതാണെന്നും ശക്തമായ വികേന്ദ്രീകൃതസംവിധാനമാണ് പ്രതിരോധപ്രവർത്തനങ്ങളുടെ കാര്യത്തിൽ കേരളത്തെ വ്യത്യസ്തമാക്കുന്നതെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. മാത്രമല്ല, ഓണക്കാലത്ത് കൂടുതൽ ഇളവനുവദിച്ചുവെന്നും അത് പ്രതിരോധപ്രവർത്തനത്തെ പരാജയപ്പെടുത്തിയെന്നുമുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർധന്റെ പ്രസ്താവനയെ രാഹുൽ ഗാന്ധി വിമർശിക്കുകയും ചെയ്തു. മഹാമാരിയെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി പോരാടേണ്ട സാഹചര്യത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രോഗം തടയുന്നതിൽ പ്രതിപക്ഷത്തിന്‌ പങ്കുവഹിക്കാനുണ്ടെന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. ദേശീയ നേതാവെന്ന നിലയിൽ രാജ്യത്തെ എല്ലാ പ്രതിരോധപ്രവർത്തനങ്ങളെയും മനസ്സിലാക്കുന്നതിനാൽ രാഹുൽഗാന്ധി ഇവിടെ നടക്കുന്നതിനെ പ്രകീർത്തിച്ചത് സ്വാഭാവികം മാത്രമാണെന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.

ഇതോടൊപ്പം ഒരു കാര്യംകൂടി രാഹുൽ ഗാന്ധി പറഞ്ഞു. അത് സിബിഐ, ഇഡി പോലുള്ള കേന്ദ്ര ഏജൻസികളെ രാഷ്‌ട്രീയ പകപോക്കലിനുള്ള ആയുധങ്ങളായി പ്രയോഗിക്കുന്നതിനെക്കുറിച്ചാണ്. താൻ ഉൾപ്പെടെയുള്ള വിവിധ നേതാക്കളെ, അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം പീഡിപ്പിക്കുന്നതായും രാഹുൽ ഗാന്ധി പരാതിപ്പെട്ടു. സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന അഭിപ്രായം പങ്കുവയ്‌ക്കാനും രാഹുൽ ഗാന്ധി തയ്യാറായില്ല. അതായത്, കേരളത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം മുന്നോട്ടു വയ്‌ക്കുന്ന ആവശ്യങ്ങളൊന്നും ശരിയല്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.


 

ഓണക്കാലത്തെ നിയന്ത്രണത്തോടെയുള്ള ഇളവുകളേക്കാൾ പ്രതിപക്ഷസമരമാണ് രോഗവ്യാപനത്തിന്ന് ഇടയാക്കിയതെന്നതാണ് വസ്തുത. എന്നാൽ, ഇക്കാര്യം ഹർഷ്‌വർധൻ മറച്ചുവച്ചു. വളർന്നുവരുന്ന ബിജെപി–-കെപിസിസി രാഷ്ട്രീയ ഐക്യത്തിന്റെ ഭാഗമായേ ഇതിനെ കാണാൻ കഴിയൂ. അതുപോലെ, കോൺഗ്രസിന്റെ ദേശീയനേതാവിനെപ്പോലും സിബിഐ വേട്ടയാടുമ്പോൾ ആ ഏജൻസിയെ വിമർശിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തയ്യാറല്ല. മറ്റിടങ്ങളിലേതുപോലെ പകപോക്കൽനയം സിബിഐക്ക് ഇവിടെ ഇല്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. ശരിയാണ്.

ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇബ്രാഹിം കുഞ്ഞും ഉൾപ്പെട്ട 68 കോടി രൂപയുടെ ടൈറ്റാനിയം അഴിമതിക്കേസ് ഏറ്റെടുക്കാൻ സിബിഐ തയ്യാറായില്ല. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട് ഒരു വർഷം കാത്തിരുന്നശേഷമാണ് അന്വേഷണം ഏറ്റെടുക്കാനില്ലെന്ന് സിബിഐ വ്യക്തമാക്കിയത്. ഇതും നേരത്തെ സൂചിപ്പിച്ച രാഷ്ട്രീയധാരണയുടെ ഭാഗംതന്നെ. രാഹുൽ ഗാന്ധിക്കുപോലും സ്വാധീനിക്കാൻ കഴിയാത്ത സിബിഐയെ സ്വാധീനിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കഴിഞ്ഞിരിക്കുന്നു.  കോൺഗ്രസ് എംഎൽഎ അയച്ച ഒരു കത്തിന്റെ ബലത്തിലാണ് ഫെഡറൽ തത്വങ്ങളെപ്പോലും കാറ്റിൽപറത്തി ലൈഫ്മിഷൻ കേസ് സിബിഐ ഏറ്റെടുത്തത്. സിപിഐ എമ്മിനെയും എൽഡിഎഫിനെയും തോൽപ്പിക്കാൻ ബിജെപിയും കേരളത്തിലെ കോൺഗ്രസും ഒരു അവിശുദ്ധസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇസ്ലാമിക രാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നിവയുമായുള്ള കൂട്ടുകെട്ടുകളും സഖ്യവും അന്തിമമായി ആർഎസ്എസിന് വളമേകുകയാണ് ചെയ്യുക എന്ന് ആർക്കാണ് അറിയാത്തത്.

ഇതിൽനിന്ന്‌ വ്യക്തമാകുന്നത് ഹിന്ദുത്വശക്തികളെ വളർത്താൻ ഹ്രസ്വകാല,- ദീർഘകാല പദ്ധതികളാണ് ബിജെപിയും ചെന്നിത്തലയും കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വവും തമ്മിൽ രൂപം കൊടുത്തിട്ടുള്ളത്. - ഹ്രസ്വകാലനേട്ടം കോൺഗ്രസിനാണെങ്കിൽ ദീർഘകാലനേട്ടം ബിജെപിക്കായിരിക്കും. ആ ഘട്ടമാകുമ്പോഴേക്കും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഭൂരിപക്ഷവും കാവിയണിഞ്ഞിരിക്കും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്  രാഹുൽ ഗാന്ധിയോടുപോലും പ്രാദേശിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കേണ്ട എന്നു പറയാനുള്ള അഹങ്കാരം ചെന്നിത്തല ആർജിച്ചത്. രാഹുലിനെ വയനാട്ടിലേക്ക് ആനയിച്ചവരാണ് ഇപ്പോൾ പ്രാദേശികവിഷയം മിണ്ടിപ്പോകരുതെന്ന് പറയുന്നത്. ഇത് ബിജെപിയെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്താനല്ലെങ്കിൽ പിന്നെന്താണ്?

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top