20 June Thursday

ജനങ്ങളെ ഭയക്കുന്ന മോഡി ഭരണം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019കശ്‌മീരിലെ ജനാധിപത്യ അവകാശങ്ങൾ പൂർണമായും നിഷേധിക്കപ്പെട്ടിട്ട് മൂന്നാഴ്‌ച പിന്നിട്ടു. എന്നിട്ടും അവ  പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സൂചനയും ലഭ്യമല്ല. ഗ്രേറ്റർ കശ്‌മീർ പോലുള്ള പ്രമുഖ മാധ്യമസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ കശ്‌മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാൻ കഴിയുന്നില്ല.

ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ് പോലുള്ള പാശ്ചാത്യമാധ്യമങ്ങൾ ജനങ്ങളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയുമാണ്. സ്ഥിതിഗതികൾ സാധാരണനിലയിലാണെന്ന് മോഡി സർക്കാരും ജമ്മു കശ്‌മീർ ഗവർണറും ആവർത്തിക്കുമ്പോഴും സാധാരണ ജനജീവിതം അസാധ്യമാക്കി കർഫ്യൂ തുടരുകയാണ്. അവശ്യസാധനങ്ങൾക്കും ജീവൻരക്ഷാ ഔഷധങ്ങൾക്കുപോലും കടുത്തക്ഷാമം നേരിടുന്നുവെന്നാണ് റിപ്പോർട്ട്‌.

സംസ്ഥാനത്തെ പ്രത്യേകിച്ചും കശ്‌മീരിലെ സ്ഥിതിഗതികൾ സ്‌‌തോഭജനകമായി തുടരുകയാണെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പ്രതിപക്ഷനേതാക്കളെ ശ്രീനഗർ സന്ദർശിക്കാൻ അനുവദിക്കാത്തത്. ശനിയാഴ്‌ചയാണ്‌ 12 പ്രതിപക്ഷനേതാക്കൾ വിമാനമാർഗം ഡൽഹിയിൽനിന്നു ശ്രീനഗറിൽ എത്തിയത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ലോക്‌താന്ത്രിക് ജനതാദൾ നേതാവ് ശരദ്‌ യാദവ് തുടങ്ങിയ ദേശീയ നേതാക്കളാണ് സംസ്ഥാനത്തെ ജനങ്ങളുമായി സംവദിക്കുന്നതിനും ചർച്ച നടത്തുന്നതിനുമായി ജമ്മു കശ്‌മീർ തലസ്ഥാന നഗരിയിലെത്തിയത്. ഗവർണർ സത്യപാൽ മലിക്കിന്റെ ക്ഷണമനുസരിച്ചായിരുന്നു ഈ സന്ദർശനം. കശ്‌മീരിലെ സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കാൻ പ്രത്യേക വിമാനംതന്നെ അയച്ചുതരാമെന്ന് ആഗസ്‌ത്‌ 12നു രാഹുൽ ഗാന്ധിയോട് ഗവർണർ പറഞ്ഞിരുന്നു. ആ ക്ഷണം സ്വീകരിച്ചാണ് പ്രതിപക്ഷനേതാക്കൾ ശ്രീനഗറിലെത്തിയത്. ഒമ്പത് രാഷ്‌ട്രീയ പാർടികളെയാണ് ഈ നേതാക്കൾ പ്രതിനിധാനംചെയ്‌തത്‌. എന്നാൽ, അവരെ വിമാനത്താവളത്തിൽനിന്ന്‌ പുറത്തുകടക്കാൻ  അനുവദിച്ചില്ല. തീർത്തും ജനാധിപത്യവിരുദ്ധമായ നടപടിയാണിത്. ജനപ്രതിനിധികളെ ഭയക്കുകയും വിലക്കുകയും ചെയ്യുന്നവർ ജനവിരുദ്ധ പാതയിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് നിസ്സംശയം പറയാം.

ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അബുദാബിയിൽ പറഞ്ഞത് കശ്‌മീരിന്റെ ഒറ്റപ്പെടൽ അവസാനിപ്പിക്കാനാണ് അനുച്ഛേദം 370 റദ്ദാക്കിയത് എന്നാണ്. തീർത്തും ജനാധിപത്യപരവും തുറന്നതും സുതാര്യവും ഭരണഘടനാപരവുമായ നടപടിയാണ് സ്വീകരിച്ചതെന്നും പ്രധാനമന്ത്രി വിശദീകരിക്കുകയുണ്ടായി. അങ്ങനെയെങ്കിൽ പ്രതിപക്ഷനേതാക്കളെ ശ്രീനഗറിൽ തടഞ്ഞത് എന്തിനാണ്? കശ്‌മീരിന്റെ ഒറ്റപ്പെടൽ അവസാനിപ്പിക്കുകയല്ല യഥാർഥ ലക്ഷ്യമെന്ന് വ്യക്തം. നടപടി ജനാധിപത്യപരമോ സുതാര്യമോ അല്ലെന്നും പ്രതിപക്ഷനേതാക്കളെ തടഞ്ഞതിലൂടെ വ്യക്തമാകുന്നു. ഇതാദ്യമായൊന്നുമല്ല പ്രതിപക്ഷനേതാക്കളുടെ സന്ദർശനം മുടക്കുന്നത്. നേരത്തെ യെച്ചൂരിയെയും ഡി രാജയെയും ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. തടങ്കലിൽ കഴിയുന്ന സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ അനുവദിക്കണമെന്ന ആവശ്യംപോലും അംഗീകരിക്കപ്പെടുകയുണ്ടായില്ല. തരിഗാമിയെ എവിടെയാണ് തടങ്കലിലിട്ടത് എന്നുപോലും വ്യക്തമല്ല. അതിനാലാണ് സിപിഐ എം ഹേബിയസ് കോർപസ് ഹർജി നൽകാൻ തയ്യാറായിട്ടുള്ളത്. മുൻ മുഖ്യമന്ത്രിമാരെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തുനിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും സന്ദർശനാനുമതി നിഷേധിക്കുകയുണ്ടായി. ജമ്മു വഴിയും ശ്രീനഗർ വഴിയും സംസ്ഥാനത്ത് കടക്കാൻ ശ്രമിച്ച ഗുലാം നബിയെ അധികൃതർ തടയുകയായിരുന്നു.

രാഷ്ട്രീയ നേതൃത്വത്തെയാകെ തടവിലിട്ടും അവർക്ക് സംസ്ഥാനത്തേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചും ജമ്മു കശ്‌മീരിൽ സമാധാനം സ്ഥാപിക്കാൻ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണ്. ജനങ്ങളെ തോക്കിൻമുനയിൽ നിർത്തി അവരുടെ എല്ലാ പൗരാവകാശങ്ങളും ലംഘിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാൻ കഴിയില്ല. രാജ ഹരിസിങ്ങിന്റെ കീഴിൽ ജമ്മു കശ്‌മീർ സ്വതന്ത്ര രാഷ്‌ട്രമായി പ്രഖ്യാപിച്ചപ്പോഴും സമാനസ്ഥിതി ഉണ്ടായിരുന്നു. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുമായി ചേർന്നുനിൽക്കാൻ ആഗ്രഹിച്ച കശ്‌മീരിലെ ജനങ്ങളെയും ഷെയ്‌ഖ്‌ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസിനെയും തോക്കിൻമുനയിൽ നിർത്തി അനുനയിപ്പിക്കാനാണ് രാജാവ് ശ്രമിച്ചത്. അന്ന് രാജാവാണ് പരാജയപ്പെട്ടതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. പ്രജാപരിഷത്ത് എന്ന സംഘടനയായിരുന്നു അന്ന് രാജാവിനെ പിന്തുണച്ചത്. ആ സംഘടനയുടെ ഇന്നത്തെ രൂപമാണ് ബിജെപി. അന്നും ഇന്നും സാമ്രാജ്യത്വ, ഫ്യൂഡൽ അനുകൂല ഹിന്ദുത്വ രാഷ്ട്രീയ ആദർശമാണ് അവർ ഉയർത്തിപ്പിടിക്കുന്നത്. അന്നും ഇന്നും കശ്‌മീരിലെ ജനവികാരത്തെ ചവിട്ടിമെതിച്ചുകൊണ്ടാണ് ഹിന്ദുത്വശക്തികൾ മുന്നോട്ടുപോകുന്നത്. അവരെ സംബന്ധിച്ച് കശ്‌മീർ ഒരു ഭൂപ്രദേശം മാത്രമാണ്. അവിടത്തെ ജനങ്ങൾ അവർ മുസ്ലിങ്ങളായതുകൊണ്ടുതന്നെ അവരുടെ കണക്കുകൂട്ടലുകളിൽ ഇല്ല. ജനങ്ങളില്ലാതെ ഒരു രാഷ്ട്രമില്ലെന്നത് രാഷ്ട്രീയത്തിലെ പ്രാഥമിക പാഠമാണ്. ബിജെപിക്കും മോഡിക്കും അതംഗീകരിക്കേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top