20 April Saturday

ഭരണം പിടിക്കാൻ വഴിവിട്ട ചിന്ത

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2022


തുടരെയുണ്ടാകുന്ന തെരഞ്ഞെടുപ്പ്‌ പരാജയങ്ങളിൽനിന്ന്‌ കരകയറാൻ വഴിതേടിയാണ്‌ മാർച്ച്‌ 13നു ചേർന്ന കോൺഗ്രസ്‌ പ്രവർത്തക സമിതിയോഗം ചിന്തൻ ശിബിർ സംഘടിപ്പിക്കാൻ തീരുമാനിച്ചത്‌. പഞ്ചാബ്‌ ഭരണംകൂടി നഷ്ടപ്പെട്ടതിന്റെ ആഘാതം ചെറുതായിരുന്നില്ല. രണ്ടു മാസം തികയുമ്പോൾ, രാജസ്ഥാനിലെ ഉദയ്‌പുരിൽ ദേശീയ ചിന്തൻ ശിബിർ ചേർന്നു. രാജ്യവും പാർടിയും നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളൊന്നും അവിടെയുണ്ടായ ചർച്ചകളിലോ പ്രഖ്യാപനങ്ങളിലോ കണ്ടില്ല. കൊട്ടിഘോഷിച്ച ഒറ്റപ്പദവി, ഒരു കുടുംബത്തിന്‌ ഒറ്റ സീറ്റ്‌ എന്നീ നിർദേശങ്ങൾ അട്ടിമറിക്കപ്പെട്ടു. ഇതുൾപ്പെടെ സ്ഥാനലബ്ധിയുമായി ബന്ധപ്പെട്ടതായിരുന്നു തീരുമാനങ്ങളേറെയും. രാഹുലിന്റെ തിരിച്ചുവരവിനുവേണ്ടിയുള്ള നിലവിളിയായിരുന്നു ചർച്ചയിലുടനീളം. പരിഷ്‌കരണവാദികളായ ജി 23നെ അടിച്ചിരുത്തലായിരുന്നു മറ്റൊരു അജൻഡ. മോദി ഭരണത്തിന്റെ ഫാസിസ്റ്റ്‌ ഭീഷണിയും ജനദ്രോഹവും ചിന്തയിൽ വന്നില്ല. ജനങ്ങൾ അധികാരം നൽകിയ സംസ്ഥാനങ്ങൾപോലും ബിജെപിക്ക്‌ അടിയറവച്ച്‌, രണ്ട്‌ സംസ്ഥാനത്തിൽ ഒതുങ്ങിയ അവസ്ഥയിലും ആത്മപരിശോധന ആവശ്യമായില്ല.

കേരളത്തിലെ ചിന്തൻ ശിബിർ അതിലുമേറെ കൗതുകമുള്ളതായി. ജീവിതഗുണമേന്മയിൽ ഒന്നാം സ്ഥാനത്താണെങ്കിലും കേരളം നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്‌. അടിസ്ഥാന പശ്ചാത്തലവികസനം, വ്യാവസായിക–- കാർഷിക വളർച്ച തുടങ്ങിയ വിഷയങ്ങളിൽ നിലപാട്‌ വ്യക്തമാക്കാൻ കോൺഗ്രസിനായില്ല. ഇനി സംഘടനാ നവീകരണത്തിനു മാത്രമാണ്‌ ചിന്തൻ ശിബിർ ആണെന്നാണ്‌ വാദമെങ്കിൽ, കേരളത്തിൽ കോൺഗ്രസ്‌ നടത്തുന്ന പ്രവർത്തനങ്ങൾ വിശകലനം ചെയ്യാൻ തയ്യാറാകേണ്ടേ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ ദേശീയപാത, കേരള ബാങ്ക്‌, ലൈഫ്‌ ഭവനപദ്ധതി തുടങ്ങിയ വികസന പദ്ധതികൾക്കെതിരെ നിരന്തര സമരത്തിലായിരുന്നു കോൺഗ്രസ്‌. എന്നിട്ടും 99 സീറ്റുമായി എൽഡിഎഫ്‌ തുടർഭരണംനേടി. കഴിഞ്ഞ സർക്കാർ ആവിഷ്‌കരിച്ച്‌ ഇക്കുറി സർവേ തുടങ്ങിയ സിൽവർ ലൈൻ പദ്ധതിക്ക്‌ എതിരെയായി പിന്നീട്‌ സമരം. കേരളത്തിന്റെ വികസനക്കുതിപ്പിനുതകുന്ന വേഗ റെയിൽ തകർക്കുകയാണ്‌ ലക്ഷ്യം. നിഷേധാത്മകമല്ലാതെ, ജനങ്ങളെ സ്‌പർശിക്കുന്ന ഒരു വിഷയമെങ്കിലും ഉയർത്താൻ കോൺഗ്രസിനും മുന്നണിക്കും കഴിയുന്നുണ്ടോ. വികസന, ജനക്ഷേമ പദ്ധതികളോടുള്ള തെറ്റായ സമീപനം തിരുത്താതെ ഏങ്ങനെ സംഘടന മെച്ചപ്പെടും.

എൽഡിഎഫിലെ കക്ഷികളെ യുഡിഎഫിലേക്ക്‌ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന്‌ കേരള കോൺഗ്രസും എൽജെഡിയും ചുട്ടമറുപടി നൽകിയിട്ടുണ്ട്‌. അവർ എന്തുകൊണ്ട്‌ യുഡിഎഫ്‌ വിട്ടു എന്ന പരിശോധനയ്‌ക്ക്‌ കോൺഗ്രസ്‌ തയ്യാറായിട്ടുണ്ടോ. യുഡിഎഫ്‌ ചർച്ച ചെയ്യാത്ത കാര്യങ്ങൾ ഏകപക്ഷീയമായി പറയുന്നതിനെ മുസ്ലിംലീഗും കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗവും ചോദ്യം ചെയ്‌തിട്ടുമുണ്ട്‌. രാഷ്‌ട്രീയ പാപ്പരത്തം പുറത്തുചാടി എന്നതുമാത്രമല്ല, അവശിഷ്ട മുന്നണി ഒന്നുകൂടി ദുർബലപ്പെട്ടു എന്നതും ചിന്തൻ ശിബിറിന്റെ ബാക്കിപത്രമാണ്‌. ബഹിഷ്‌കരണവും വിശദീകരണം തേടലുമായി അന്തഃഛിദ്രവും മൂർച്ഛിച്ചു. മറ്റ്‌ പ്രഖ്യാപനങ്ങളിലേക്ക്‌ കടന്നാൽ, ബൂത്തുതലംമുതൽ കെപിസിസി വരെ സമ്മേളനം, ഭാരവാഹികൾക്ക്‌ കാലപരിധി; ഇതൊക്കെ നടപ്പായാൽ ക്രമസമാധാനപാലനത്തിന്‌ ഇവിടെയുള്ള പൊലീസും ചികിൽസിക്കാൻ ആശുപത്രികളും മതിയാകില്ല. വനിതാ പ്രവർത്തകരുടെ പരാതി പരിഹരിക്കാൻ ആഭ്യന്തര സെൽ നല്ല തീരുമാനമാണ്‌. യൂത്ത്‌ കോൺഗ്രസിൽ ഇത്‌ മുൻകൂട്ടി നടപ്പാക്കിയതിന്റെ പുകയടങ്ങിയിട്ടില്ല.

ഈവർഷം അവസാനവും അടുത്തവർഷവും തുടർന്ന്‌ ലോക്‌സഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ്‌ സംഘപരിവാറിന്റെ കരുനീക്കങ്ങൾ. സമ്പദ്‌വ്യവസ്ഥ കോർപറേറ്റുകളുടെ പിടിയിലാണ്‌. രാജ്യത്തിന്റെ ഫെഡറൽഘടനയും ബഹുസ്വരതയും മതനിരപേക്ഷതയും തകർത്ത്‌, ഏകരൂപ രാഷ്‌ട്രമാണ്‌ ബിജെപിയുടെ ലക്ഷ്യം. ന്യൂനപക്ഷങ്ങൾ ഭീതിയിലാണ്‌. ഇതിനെതിരെ പോരാടാനല്ല, അധികാരത്തിലേക്ക്‌ മൃദുഹിന്ദുത്വത്തിലൂടെ കുറുക്കുവഴി തേടാനാണ്‌ കോൺഗ്രസിന്റെ നോട്ടം. ഇത്‌ രാജ്യത്തെ കൂടുതൽ അപകടാവസ്ഥയിലേക്ക്‌ നയിക്കും. കേരളത്തിൽ എൽഡിഎഫ്‌ ഭരണത്തുടർച്ച ഉൾക്കൊള്ളാൻ സാധിക്കാത്ത കോൺഗ്രസ്‌ എന്തു സാഹസത്തിനും മുതിരുമെന്നാണ്‌ കോഴിക്കോട്‌ ചിന്തൻ ശിബിറിൽ വ്യക്തമായത്‌. അളവറ്റ മാധ്യമ പിന്തുണയ്‌ക്കിടയിലും കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്താൻ ഇത്‌ കാരണമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top