10 June Saturday

തൊഴിൽ കോഡ‌് കടുത്ത വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019ട്രേഡ‌് യൂണിയനുകളുടെ എതിർപ്പ‌് അവഗണിച്ച‌് തൊഴിൽ നിയമഭേദഗതിക്കുള്ള ബില്ലുകൾ ലോക‌്സഭയിൽ അവതരിപ്പിച്ച കേന്ദ്ര നടപടി തൊഴിലെടുത്ത‌് ജീവിക്കുന്നവർക്ക‌ു മുന്നിൽ കടുത്ത വെല്ലുവിളിയാണ‌്  സൃഷ്ടിക്കുന്നത‌്. സർക്കാർ ഏകപക്ഷീയമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ശക്തമായ ‌പ്രക്ഷോഭത്തിന്‌ തയ്യാറെടുക്കുകയാണ‌് കേന്ദ്ര ട്രേഡ‌് യൂണിയനുകൾ. വേതനം, തൊഴിൽ സുരക്ഷ, ആരോഗ്യ–-തൊഴിൽ സാഹചര്യം എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളാക്കി രാജ്യത്തെ തൊഴിൽ നിയമങ്ങളെയാകെ പൊളിച്ചെഴുതാനാണ‌് മോഡി സർക്കാരിന്റെ തീരുമാനം. തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി പല ഘട്ടത്തിലായി രൂപപ്പെടുത്തിയതാണ‌് നാൽപ്പതിലേറെ തൊഴിൽ നിയമങ്ങൾ.  ഇത‌് കേവലം നാല‌് കോഡുകളാക്കി പരിമിതപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ‌്.

തൊഴിലാളികൾക്ക‌് ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുക അല്ലെങ്കിൽ ഇല്ലാതാക്കുക. കോർപറേറ്റ‌് ഭീമന്മാരാണ‌് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ.
ഫാക്ടറി, ഖനി, തുറമുഖം, നിർമാണം, തോട്ടം, കരാർ, തൊഴിൽ കുടിയേറ്റം, പത്രവ്യവസായം, വർക്കിങ് ജേർണലിസ‌്റ്റ‌്, മോട്ടോർ, സെയിൽസ‌് പ്രൊമോഷൻ, ബീഡി–-സിഗാർ, സിനിമ തുടങ്ങിയ സുപ്രധാന തൊഴിൽ മേഖലകളിൽ ന്യായവേതനവും തൊഴിലാളി സൗഹൃദാന്തരീക്ഷവും ഉറപ്പുവരുത്തുന്ന 13 കേന്ദ്ര നിയമങ്ങളാണ‌് ഒറ്റയടിക്ക‌് പിൻവലിക്കുന്നത‌്. ഓരോ മേഖലയുടെയും പ്രത്യേകതയും  സമൂഹത്തിൽ, ആ വിഭാഗങ്ങൾ ചെലുത്തുന്ന സ്വാധീനവുമൊക്കെ കണക്കിലെടുത്ത‌് രൂപംനൽകിയ നിയമങ്ങളാണ‌് പിച്ചിച്ചീന്തുന്നത‌്. നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ‌് ന്യായം. നിയമങ്ങൾ ഏകീകരിക്കുമ്പോൾ പുലർത്തേണ്ട സൂക്ഷ‌്മതയോ ബന്ധപ്പെട്ടവർക്ക‌് ക്ഷതമേൽക്കാതിരിക്കാനുള്ള ജാഗ്രതയോ ഉണ്ടായില്ല. കോർപറേറ്റുകളുടെ സേവകവേഷമാടുന്ന മോഡി സർക്കാരിന‌് ഈ അന്യായത്തെ സാധൂകരിക്കാൻ വസ‌്തുതകളുടെ പിൻബലവുമില്ല.

ഒന്നാം മോഡി സർക്കാർ തൊഴിൽ നിയമങ്ങ‌ളുടെമേൽ കൈവയ്‌ക്കാൻ നീക്കംനടത്തിയ ഘട്ടത്തിൽ ശക്തമായ എതിർപ്പാണ‌് തൊഴിലാളി സംഘടനകൾ ഉയർത്തിയത‌്. തൽക്കാലം പിൻവാങ്ങിയെങ്കിലും ഇത്തവണ അധികാര മുഷ‌്കുമായാണ‌് കേന്ദ്ര സർക്കാർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത‌്. ബിഎംഎസ‌്  ഒഴികെയുള്ള മുഴുവൻ കേന്ദ്ര ട്രേഡ‌് യൂണിയനുകളും കടുത്ത വിയോജിപ്പ‌് രേഖപ്പെടുത്തിയ വിഷയത്തിൽ പ്രാഥമിക കൂടിയാലോചനയ‌്ക്ക‌ുപോലും തയ്യാറായില്ല. കേന്ദ്ര മന്ത്രിസഭ ബില്ലിന‌് അംഗീകാരം നൽകിയതായി ജൂലൈ10ന‌് തൊഴിൽ മന്ത്രി സന്തോഷ‌്കുമാർ ഗാങ‌്‌വാർ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ കുറഞ്ഞകൂലിയും പരസ്യപ്പെടുത്തി. മിനിമം വേജ് ഉപദേശകസമിതി യോഗംപോലും ചേരാതെ, മന്ത്രി ദേശീയ മിനിമം വേതനം പ്രഖ്യാപിച്ചത‌് ഞെട്ടലുളവാക്കി.

പ്രഖ്യാപിച്ച കുറഞ്ഞ കൂലിയാകട്ടെ തൊഴിലാളികളെ അപമാനിക്കുന്നതും. ഏഴാം ശമ്പള കമീഷൻ ശുപാർശ ചെയ്‌ത കുറഞ്ഞകൂലി 692 രൂപയാണ‌്. കേന്ദ്ര തൊഴിൽ മന്ത്രാലയം നിയോഗിച്ച വിദഗ‌്ധസമിതി 2018 ജനുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന കുറഞ്ഞകൂലി 447 രൂപയും. പ്രധാനമായും നിശ‌്ചിത കലോറി ഊർജം ലഭിക്കാൻ ആവശ്യമായ ഭക്ഷണത്തിനുള്ള ചെലവ‌് അടിസ്ഥാനപ്പെടുത്തിയാണ‌് ഈ കണക്ക‌്. ട്രേഡ‌് യൂണിയനുകൾ ആവശ്യപ്പെടുന്നത‌് 600 രൂപയാണ‌്. എന്നാൽ, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ വിവിധ തൊഴിൽ മേഖലകളിൽ 400 മുതൽ 800 രൂപവരെയാണ‌് നിയമാനുസൃതമായി നിലവിലുള്ള കുറഞ്ഞകൂലി. ഈ പശ‌്ചാത്തലത്തിലാണ‌് 178 രൂപ പ്രഖ്യാപിച്ചുകൊണ്ട‌് കേന്ദ്ര സർക്കാർ പരിഹാസ്യമായത‌്. വേതനവുമായി ബന്ധപ്പെട്ട നിലപാട‌് എത്രമാത്രം തൊഴിലാളി വിരുദ്ധമാണെന്ന‌് കുറഞ്ഞകൂലി പ്രഖ്യാപനം വ്യക്തമാക്കുന്നുണ്ട‌്.

ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിന‌ുമുമ്പ‌് തൊഴിലാളികളിൽനിന്നോ ട്രേഡ‌് യൂണിയനുകളിൽനിന്നോ എന്തെങ്കിലും നിർദേശങ്ങൾ ചോദിച്ചതായി അറിവില്ല. ചട്ടങ്ങൾ നടപ്പാക്കുന്നതിന‌് എൻഫോഴ‌്സ‌്മെന്റ‌് സംവിധാനമോ വീഴ‌്ച വരുത്തുന്ന തൊഴിലുടമകൾക്കെതിരെ നടപടിയോ ചട്ടത്തിൽ നിർദേശിക്കുന്നില്ല. അപകടസാധ്യതയുള്ള തൊഴിലുകളിൽ മരണമോ അംഗഭംഗമോ സംഭവിക്കുന്നവർക്കും ആശ്രിതർക്കും അർഹമായ ആനുകൂല്യം ഉറപ്പുവരുത്തുന്നതല്ല പുതിയ കോഡ‌്. കൺകറന്റ‌് ലിസ‌്റ്റിൽപ്പെട്ട തൊഴിൽ നിയമങ്ങളിൽ സുപ്രധാന ദേഭഗതി വരുത്തുന്നതിന‌ുമുമ്പ‌് സംസ്ഥാനങ്ങളുമായി ആവശ്യമായ ആശയവിനിമയവും അഭിപ്രായസമന്വയവും നടത്താൻ കേന്ദ്രം തയ്യാറാകാത്തത‌് ബോധപൂർവമാണ‌്. ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനവുമാണിത‌്. നിലവിൽ മെച്ചപ്പെട്ട നിയമങ്ങളും ആനുകൂല്യങ്ങളും നിലവിലുള്ള സംസ്ഥാനങ്ങളിൽപോലും കേന്ദ്രനിയമം ദോഷകരമായി  ബാധിക്കുമെന്നതാണ‌് യാഥാർഥ്യം. സമ്പന്നർക്കായി ഭരണവും നിയമങ്ങളും വഴിമാറുമ്പോൾ ശക്തമായ പോരാട്ടവും ചെറുത്തുനിൽപ്പും മാത്രമാണ‌് സാധാരണക്കാർക്ക‌് മുന്നിലുള്ള പോംവഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top