28 March Thursday

തിരോധാനത്തിനു പിന്നിലെ കാണാച്ചരടുകള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2016

ദുരൂഹസാഹചര്യത്തില്‍ നാടുവിട്ടവരെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ രണ്ടുപേരെ കേരള പൊലീസ് അറസ്റ്റ് ചെയ്തത് കേസില്‍ പ്രധാന തുമ്പായി മാറുമെന്ന് പ്രതീക്ഷിക്കാം. ഇവരെ കൊച്ചിയിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചു വരികയാണ്. നിര്‍ബന്ധിത മതംമാറ്റവും തീവ്രമതബോധനവുമാണ് തിരോധാനത്തിനു പിന്നിലെന്നാണ് സൂചന. സംശയിച്ചപോലെ അന്താരാഷ്ട്രഭീകരവാദവുമായി ഇതിനെ ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

അര്‍ഷിദ് ഖുറേഷി, റിസ്വാന്‍ ഖാന്‍ എന്നിവരാണ് കൊച്ചിയിലെ മെറിന്‍ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മെറിന്റെ സഹോദരന്‍ എബിന്‍ ജേക്കബ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രത്യേക പൊലീസ് സംഘം ഖുറേഷിയെയും തുടര്‍ന്ന് റിസ്വാനെയും അറസ്റ്റ് ചെയ്തത്. മറിയ– യാഹ്യ വിവാഹത്തിന് കാര്‍മികത്വം വഹിച്ചത് അറസ്റ്റിലായവരാണെന്ന് പൊലീസിന് തെളിവു ലഭിച്ചു. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മെറിന്‍ ഇസ്ളാംമതം സ്വീകരിച്ചതിനുപിന്നില്‍ ഖുറേഷിയുടെ പ്രേരണയാണെന്ന് എബിന്‍ പരാതിപ്പെട്ടിരുന്നു. സഹോദരിയെമാത്രമല്ല, തന്നെയും മതംമാറ്റാന്‍ ഇയാള്‍ നിര്‍ബന്ധിച്ചെന്നും എബിന്‍ വെളിപ്പെടുത്തി. സംഭവം അന്വേഷിച്ച കേന്ദ്ര– സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ആദ്യഘട്ടത്തില്‍ 'ഐഎസ്' ബന്ധത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ല. എന്നാല്‍, അന്ധമായ മതബോധത്തിലേക്ക് ആളുകളെ ഒറ്റയ്ക്കും കൂട്ടായും നയിക്കുന്ന സംഘടനകളെയും വ്യക്തികളെയുംകുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. മുബൈയിലെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. യുഎപിഎ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. 

അന്തര്‍ദേശീയ ഭീകരവാദത്തിന്റെ കണ്ണികള്‍ ഇവിടെയും ചുവടുറപ്പിക്കുന്നെന്ന സമീപകാല വാര്‍ത്തകള്‍ ഉള്‍ക്കിടിലത്തോടെയാണ് കേരളജനത ശ്രവിച്ചത്. സംശയസാഹചര്യങ്ങളില്‍ നാടുവിട്ടുപോയ ഏതാനും പേര്‍ അറേബ്യന്‍ നാടുകളിലെ 'ഐഎസ്' കേന്ദ്രങ്ങളിലെത്തിയെന്ന വാര്‍ത്തയ്ക്ക് ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തോടെ നാടുവിട്ട ചിലരില്‍നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച ചില സന്ദേശങ്ങളാണ് 'ഐഎസ്' ബന്ധത്തിന്റെ സംശയം ഉണര്‍ത്തിയത്. 'നരകത്തില്‍നിന്ന് സ്വര്‍ഗത്തിലേക്കാണ് തങ്ങള്‍ പോന്നത്' എന്ന ചിലരുടെ സന്ദേശത്തില്‍ തെളിയുന്ന തീവ്രവികാരം നിരന്തരമായ മതബോധനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നതാണെന്ന സംശയമാണ് ഉയര്‍ന്നത്. ശ്രീലങ്കയിലും മറ്റും മതപഠനത്തിനെന്നു പറഞ്ഞ് പോയവരാണ് പിന്നീട് ഏതാണ്ട് ഒരേസമയത്ത് നാടുവിട്ടത്. ഇവരില്‍ ഭൂരിപക്ഷംപേരും കുടുംബ–വിവാഹ ബന്ധങ്ങളാല്‍ കണ്ണിചേര്‍ക്കപ്പെട്ടവരാണ്. ചിലര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സഹപാഠികളും. കഴിഞ്ഞ ദിവസവും ഇവരില്‍ ചിലരുടെ സമാന സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചു.

കാണാതായവരുടെ ബന്ധുക്കള്‍ പൊലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ ഗൌരവപൂര്‍ണമായ അന്വേഷണമാണ് നടന്നുവരുന്നത്. 'ഐഎസ് ബന്ധം' സൃഷ്ടിക്കുന്ന ഭീതിയില്‍ കുറെ കുടുംബങ്ങളെയോ സമുദായത്തെ ആകമാനമോ സംശയത്തിന്റെ നിഴലില്‍നിര്‍ത്തുന്നത് ഒഴിവാക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഒപ്പംതന്നെ ദുരൂഹ തിരോധാനത്തിനുപിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരാനുള്ള സമഗ്രമായ നടപടികള്‍ക്കും തുടക്കമിട്ടു. ഇതിന് കേന്ദ്രത്തിന്റെയും ഇതര സംസ്ഥാനങ്ങളുടെയും അന്വേഷണ ഏജന്‍സികളുമായി ഏകോപിച്ച പ്രവര്‍ത്തനം സാധ്യമാക്കുകയുംചെയ്തു.

മതതീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും ശക്തികളോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനവും തുടര്‍ന്നുനടന്ന ഫലപ്രദമായ അന്വേഷണവും സംസ്ഥാനത്തെ ജനങ്ങളില്‍ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. തിരോധാനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട ആശങ്കയുടെ അന്തരീക്ഷത്തിന് അയവുവന്നിരിക്കുന്നു. നാടുവിട്ടു പോകുന്നവരെല്ലാം ഭീകരത്താവളങ്ങളിലേക്ക് ചേക്കേറുന്നുവെന്ന ഭീതിതമായ ചിത്രം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ഭൂരിപക്ഷവര്‍ഗീയശക്തികള്‍ ശ്രമിക്കുമെന്ന തിരിച്ചറിവോടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പക്വമായ സമീപനവും നടപടികളുമാണ് അന്വേഷണം ശരിയായ ദിശയിലേക്ക് നയിക്കാന്‍ സഹായകമായത്.

തീവ്രവാദബന്ധമെന്ന സെന്‍സേഷനിലൂടെ കേരളജനതയ്ക്ക് ആകമാനം അപമാനം സൃഷ്ടിക്കുന്ന മാധ്യമപ്രചാരണമാണ് തിരോധാനവുമായി ബന്ധപ്പെട്ടുണ്ടായത്. ലോകത്തിന്റെ നാനാഭാഗത്തും വിവിധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി യുവജനങ്ങളെക്കുറിച്ച് അവമതിപ്പ് സൃഷ്ടിക്കുന്നതായിരുന്നു അതിശയോക്തി കലര്‍ന്ന ഈ വാര്‍ത്തകള്‍. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍, വ്യക്തമായ തെളിവോ അറിവോ ഇല്ലാതെ 'ഐഎസ് റിക്രൂട്ട്മെന്റ് കേന്ദ്ര'മായി കേരളം ചിത്രീകരിക്കപ്പെട്ടത് അക്ഷന്തവ്യമായ അപരാധമാണ്. എന്നാല്‍, അന്താരാഷ്ട്ര ഭീകരവാദത്തിന്റെ വിഷവേരുകള്‍ കേരളത്തിലേക്ക് പടരുന്നത് തടയാന്‍ അതീവ ജാഗ്രത ആവശ്യമുള്ള കാലഘട്ടമാണിത്. മതപഠനവും പ്രചാരണവുമൊക്കെ തീവ്രവാദത്തിന് മറയാക്കുന്നതിനെ കരുതിയിരിക്കണം. ഒപ്പം, ലോകത്തും രാജ്യത്തും നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം ന്യൂനപക്ഷവിഭാഗങ്ങളില്‍ ചിലരെയെങ്കിലും അന്ധമായ മതബോധത്തിലേക്ക് നയിക്കുന്നു എന്ന യാഥാര്‍ഥ്യം എല്ലാവരും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

കശ്മീരില്‍ ഉള്‍പ്പെടെയുള്ള സമീപകാല തീവ്രവാദപ്രവര്‍ത്തനങ്ങളെ ഈ പശ്ചാത്തലത്തില്‍വേണം വിലയിരുത്താന്‍. മുന്‍കാലങ്ങളില്‍ അതിര്‍ത്തികടന്നുള്ള ഭീകര പ്രവര്‍ത്തനമായിരുന്നെങ്കില്‍ ഇന്ന് അവിടങ്ങളിലെ യുവമനസ്സുകളില്‍ത്തന്നെ അസ്വസ്ഥതയുടെ വിത്ത് വീണിരിക്കുന്നു. അന്താരാഷ്ട്രരംഗത്ത് സാമ്രാജ്യത്വം ഭീതകരതയ്ക്ക് വിത്ത് പാകുമ്പോള്‍ ഇന്ത്യയില്‍ ഭൂരിപക്ഷവര്‍ഗീയത അതിന് വെള്ളംകോരുന്നു. ബാബറി മസ്ജിദുമുതല്‍ ഗോവധവും ഏക സിവില്‍കോഡുംവരെ അതിനുള്ള ആയുധങ്ങളായി അവര്‍ പരുവപ്പെടുത്തുന്നു. ഈ ആപത്തുകള്‍ക്ക് നടുവിലും മതനിരപേക്ഷതയുടെയും മതമൈത്രിയുടെയും കൊടിക്കൂറ കേരളത്തില്‍ ഉയര്‍ന്നുപാറുകയാണ്. അത് കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നാടിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമുണ്ട് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top