09 May Thursday

കരുത്താർജിക്കുന്ന കർഷക പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021


ഇന്ത്യയുടെ ഹൃദയമെന്ന്‌ രാഷ്ട്രപിതാവ്‌ ഗാന്ധിജി വിശേഷിപ്പിച്ച ഗ്രാമങ്ങൾ തദ്ദേശീയ‐ ബഹുരാഷ്ട്ര കോർപറേറ്റുകളുടെ ദത്തുപുത്രനായ നരേന്ദ്ര മോഡിയുടെ ഭരണത്തിൻകീഴിൽ ചോരവറ്റി വിറങ്ങലിച്ചുനിൽക്കുന്ന കാഴ്‌ചയാണിപ്പോൾ. കൃഷിത്തകർച്ചയും വിളനഷ്ടവും കടക്കെണിയും കൊടുംപട്ടിണിയും ദാരിദ്ര്യവും പകർച്ചവ്യാധികളും അതേത്തുടർന്നുള്ള കൂട്ടപ്പലായനങ്ങളും ആത്മഹത്യകളും നിത്യസംഭവങ്ങളായിരിക്കുന്നു. അപ്പോഴും പൗരന്മാരോട്‌ കൊഞ്ഞനംകുത്തുകയാണ്‌ ഭരണകൂട സംവിധാനങ്ങൾ. വിലക്കയറ്റമടക്കമുള്ള ജനദ്രോഹ നയങ്ങൾക്കൊപ്പം ധൂർത്തിന്റെയും കെടുകാര്യസ്ഥതയുടെയും സാമ്പത്തിക അരാജകത്വത്തിന്റെയും മുൻഗണനാ അട്ടിമറിയുടെയും കെടുതികൾ വേറെ. പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്‌ പൊടിക്കുന്ന ആകെ തുക 20,000 കോടി രൂപയാണ്‌. പ്രധാനമന്ത്രിക്ക്‌ ഉലകം ചുറ്റാൻ 8400 കോടിയുടെ ആഡംബര ആകാശവാഹനം. ഔദ്യോഗിക വസതിയിൽനിന്ന്‌ പാർലമെന്റിലേക്ക് പോകാൻ തുരങ്കപാത‐ തുടങ്ങി പഞ്ചനക്ഷത്ര സൗകര്യങ്ങളുടെ പട്ടിക നീളുകയാണ്‌. മോഡിയുടെ ഇതുവരെയുള്ള വിദേശയാത്രയ്ക്ക് 2000 കോടിയിലധികം ചെലവഴിച്ചു. പട്ടേൽ പ്രതിമയ്ക്ക് മൂവായിരം കോടി, കുംഭമേളയ്ക്ക് അയ്യായിരം കോടി, പശു സംരക്ഷണത്തിന്‌ 150 കോടി‐ കോവിഡ്‌ ജീവൻ കവർന്നവരുടെ ജഡങ്ങൾ പുല്ലിൻകൂനപോലെ കൂട്ടിയിട്ടു കത്തിക്കുന്ന ശവപ്പറമ്പായ ഉത്തരേന്ത്യയുടെ മുഖചിത്രമാണിത്‌.

കർഷകരും തൊഴിലാളികളും ആദിവാസികളുമടക്കം അടിസ്ഥാനവിഭാഗങ്ങളെ കുത്തുപാളയെടുപ്പിക്കുന്ന നയങ്ങൾക്കെതിരെ രാജ്യമാകെ വിവരണാതീതമായ അസംതൃപ്‌തി പടരുകയാണ്‌. ചർച്ചകളില്ലാതെ കേന്ദ്രം അടിച്ചേൽപ്പിച്ച, ബഹുരാഷ്ട്ര ഭീമന്മാർക്കുമാത്രം തുണയാകുന്ന, അമിത വാണിജ്യവൽക്കരണം ലക്ഷ്യമാക്കുന്ന പുതിയ കാർഷികനിയമങ്ങൾ തുറന്നുകാട്ടി രാജ്യതലസ്ഥാനത്ത്‌ കിസാൻ സംഘടനകളുടെ സംയുക്തസമിതി ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭം ഏഴു മാസം തികഞ്ഞിരിക്കുകയാണ്‌. കോവിഡ്‌ മഹാമാരിയുടെ രണ്ടാം വ്യാപനത്തിന്റെ തീവ്രതയും അനിശ്‌ചിതത്വവും അപകടസാധ്യതയും കുറഞ്ഞുതുടങ്ങിയതിനാൽ ചെറുത്തുനിൽപ്പ്‌ കൂടുതൽ ഊർജിതമാക്കാനാണ്‌ തീരുമാനം.

‘കൃഷി സംരക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന സുപ്രധാന ആവശ്യം മുറുകെ പിടിച്ച്‌ കർഷകർ ഇന്ന്‌ അഖിലേന്ത്യാ തലത്തിൽ രാജ്‌ഭവനുകൾ ഉപരോധിക്കും. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടായ, പൗരാവകാശങ്ങൾക്ക്‌ വിലങ്ങിട്ട, അഭിപ്രായസ്വാതന്ത്ര്യം കുഴിച്ചുമൂടിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ നാൽപ്പത്തിയാറാം വാർഷികംകൂടി ഓർമപ്പെടുത്തിയാണ്‌ രാജ്യവ്യാപക പ്രതിഷേധം. സംഘപരിവാർ കാർമികത്വത്തിൻകീഴിൽ മോഡിയുടെ നേതൃത്വത്തിൽ രാജ്യത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌ നടമാടുന്നതെന്ന്‌ കർഷക നേതാക്കൾ മുന്നറിയിപ്പുനൽകിയതും പ്രധാനം. രാഷ്ട്രീയ‐ സാമ്പത്തിക‐ സാംസ്‌കാരിക മേഖലകളിലെല്ലാം അതിന്റെ ആഴത്തിലുള്ള മുറിപ്പാടുകളുണ്ട്‌.

സമരനേതാക്കളുമായി വീണ്ടും കൂടിയാലോചനയ്‌ക്ക്‌ തയ്യാറാണെങ്കിലും നിയമങ്ങൾ പിൻവലിക്കില്ലെന്ന ധാർഷ്ട്യത്തിലാണ്‌ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമർ. എന്നാൽ, നിയമങ്ങൾ പൂർണമായും പിൻവലിക്കുംവരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്‌ കർഷകസംഘടനകൾ. പ്രശ്‌നം ചർച്ചചെയ്യാൻ ഇടയ്‌ക്ക്‌ മോഡി നയങ്ങളുടെ സ്‌തുതിപാഠകരെയും വരേണ്യവാദ നിലപാടുകളുടെ പ്രചാരകരെയും തിരുകിക്കയറ്റിയ വിദഗ്‌ധസമിതിയെ നിയമിച്ച്‌ കർഷകരെ കബളിപ്പിക്കാനും ശ്രമമുണ്ടായി. പക്ഷേ, ആ കെണിയിൽ വീഴാതിരിക്കാൻ അവർ ജാഗ്രതകാട്ടി.


 

രാജ്യാതിർത്തിയിൽ 2020 നവംബർ 26നാണ്‌ ദേശീയപാതകൾ ഉപരോധിച്ച്‌ ഗതാഗതം സ്‌തംഭിപ്പിച്ചുള്ള പ്രതിഷേധത്തിന്‌ കർഷകർ തുടക്കമിട്ടത്‌. മരംകോച്ചുന്ന തണുപ്പിനെയും ഉരുകിയൊലിപ്പിക്കുന്ന ചൂടിനെയും വകവയ്‌ക്കാതെയായിരുന്നു വന്ദ്യവയോധികരും കൊച്ചുകുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ള ജനസഞ്ചയം പ്രക്ഷോഭത്തിന്റെ ഭാഗമായി റോഡുകളിലും തെരുവിലും ടെന്റുകളിലും കഴിയുന്നതും. രണ്ടാം ഘട്ടമായി, തങ്ങളുടെ നിത്യജീവിതം താറുമാറാക്കിയ സമ്പന്നാനുകൂല നിലപാടുകൾക്കെതിരെ ഉത്തർപ്രദേശ്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, ഹരിയാന, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ കർഷകർ സമര കേന്ദ്രത്തിലേക്ക്‌ ഒഴുകി. പലരും ട്രാക്ടറുകളിലാണ്‌ എത്തിയത്‌. ഭക്ഷണം പാകംചെയ്യാനും വിശ്രമിക്കാനും ഉറങ്ങാനും കൊച്ചുകുട്ടികളെ ഊഞ്ഞാലാട്ടാനും അത്‌ ഉപയോഗിക്കുന്നു. മോഡി ഭരണത്തിന്റെയും അതിന്റെ അനുബന്ധമായ ഡൽഹി പൊലീസിന്റെയും പലവിധ അടിച്ചമർത്തൽ നീക്കങ്ങൾ പരാജയപ്പെടുത്തിയായിരുന്നു അത്‌. പൊലീസ്‌‐ പട്ടാള വാഹനങ്ങൾ ഓടിച്ചുകയറ്റിയും കണ്ണീർവാതക ഷെല്ലുകളും വെടിയുണ്ടകളും വർഷിച്ചും കർഷകരോഷത്തെ ചോരയിൽ മുക്കിക്കൊല്ലാനും ശ്രമമുണ്ടായി. ജെഎൻയു വിദ്യാർഥിപ്രതിഷേധ നാളുകളിലെന്നപോലെ ഗുരുതര വകുപ്പുകൾ ചുമത്തിയുള്ള കള്ളക്കേസുകൾ മറ്റൊരു തന്ത്രം. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തെ ‘ദേശവിരുദ്ധ ശക്തികളുടെ പ്രവർത്തനം’ എന്നാണ്‌ അപഹസിക്കപ്പെട്ടത്‌. അതിന്റെ ചുവടുപിടിച്ച്‌ ഹീനമായ അപവാദ പ്രചാരണങ്ങളുടെ പെരുമഴയായിരുന്നു പിന്നീട്‌. ഗവൺമെന്റ്‌ അനുകൂല മാധ്യമശൃംഖലകളുടെയും കോർപറേറ്റ്‌ നുണനാവുകളുടെയും കള്ളക്കഥകൾ അതിജീവിച്ചാണ്‌ കർഷകസമരം പിടിച്ചുനിൽക്കുന്നതും മുന്നേറുന്നതും. സുപ്രധാന ട്രേഡ്‌ യൂണിയനുകളും വിദ്യാർഥി, യുവജന, സ്‌ത്രീ സംഘടനകളും ആക്ടിവിസ്‌റ്റുകളും കലാകാരന്മാരും ഐക്യദാർഢ്യവുമായി രംഗത്തുണ്ടെന്നത്‌ ആവേശകരവുമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top