29 March Friday

കുത്തിത്തിരിപ്പിന്‌ അതിരുവേണം

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020


ലോകത്തെ സുസജ്ജമായ രാജ്യങ്ങളും ആധുനിക ചികിത്സാസംവിധാനങ്ങളും നിസ്സഹായമായി നിൽക്കുന്ന അസാധാരണ സാഹചര്യമാണ്‌‌ മനുഷ്യരാശി അഭിമുഖീകരിക്കുന്നത്‌. ഒരു പകർച്ചവ്യാധിക്കുമുന്നിൽ അശരണരും പരാജിതരുമായ അവസ്ഥ. ഏത്‌ നിമിഷവും കോവിഡിന്റെ നീരാളിക്കൈയിൽ പെടുമെന്ന ഭീതിയാണെങ്ങും. ഈ പേടിപ്പെടുത്തുന്ന സാഹചര്യത്തെ കൃത്യമായ നടപടികളിലൂടെ ചെറുക്കുകയാണ്‌ കേരളം. എന്നാൽ, അപകടമുനമ്പിൽ പക്വതയോടും സാമൂഹ്യ ഉത്തരവാദിത്തത്തോടും പ്രവർത്തിക്കാൻ കേരളത്തിലെ ചില മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്ന്‌ പറയുന്നതിൽ ഞങ്ങൾക്ക്‌ ഖേദമുണ്ട്‌. ‘പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം ഒരു പത്രം പ്രസിദ്ധീകരിച്ച ഒന്നാം പേജ്‌ വാർത്തയടക്കം ഒട്ടേറെ ഉദാഹരണങ്ങളുണ്ട്‌. സങ്കുചിതവും അപകടകരവുമായ ജന്മലക്ഷ്യങ്ങൾ സാധിക്കാൻ രോഗപ്പകർച്ചയെ അവസരമാക്കാനാണ്‌ ഈ സഹജീവികളുടെ ശ്രമം.

മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ ഞൊടിയിടയിൽ പകരുന്ന രോഗത്തിനുമുന്നിൽ സമൂഹം പകച്ചുനിൽക്കുമ്പോൾ വാർത്ത എങ്ങനെ കൈകാര്യം ചെയ്യണമെന്നുപോലും ചിലർക്ക്‌ തിരിച്ചറിവില്ല. വിശ്വാസ്യതയില്ലാത്ത വാർത്താവിവാദങ്ങൾ സൃഷ്‌ടിക്കുന്ന പതിവ്‌ മട്ടിലാണ്‌ അവർ കോവിഡിനെയും സമീപിക്കുന്നത്‌. സ്വയം വാർത്ത പടച്ചുവിട്ട്‌ രാത്രി ചർച്ച നടത്തി വിധിപറയുന്ന ചില ടെലിവിഷൻ ചാനലുകൾ ലോകം അംഗീകരിച്ച ആരോഗ്യവിദഗ്‌ധർമാർക്കുനേരെയും അതേ രീതി പ്രയോഗിക്കുന്നു‌. സംസ്ഥാനത്ത്‌ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിയിൽനിൽക്കുന്ന ആരോഗ്യവിദഗ്‌ധർക്ക്‌ വാർത്താവതാരകരുടെ അറിവില്ലായ്‌മയ്‌ക്കും അസഹിഷ്‌ണുതയ്‌ക്കുമെതിരെ പ്രതികരിക്കേണ്ടിവരുന്നത്‌ വെറുതെയല്ല. പകർച്ചവ്യാധി തടയാൻ സ്വീകരിക്കുന്ന മാനദണ്ഡങ്ങളെയും ശാസ്‌ത്രീയമാർഗങ്ങളെയും കുറിച്ച്‌ മനസ്സിലാക്കാത്ത അവതാരകരുടെ മറുചോദ്യങ്ങൾക്ക്‌ സമയം കളയേണ്ടവരല്ല നമ്മുടെ പ്രഗൽഭരായ ആരോഗ്യവിദഗ്‌ധർ. കോവിഡിനെ പ്രതിരോധിക്കാൻ ശാസ്‌ത്രീയപദ്ധതികൾക്ക്‌ രൂപം നൽകി ലോകത്തിന്റെ ആദരം നേടിയവരാണവർ. ആരോഗ്യപ്രവർത്തകരും സംസ്ഥാന സർക്കാരും ചേർന്ന്‌ സൃഷ്‌ടിച്ച സുരക്ഷയിലിരുന്നാണ്‌ സാമാന്യബോധമില്ലാതെ തർക്കിക്കുന്നതെന്ന്‌ വിവാദസ്രഷ്‌ടാക്കൾ തിരിച്ചറിയണം.

പ്രവാസികളുടെയും കുടുംബങ്ങളുടെയും സുരക്ഷയാണ്‌ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്‌. രോഗമില്ലാത്തവരും രോഗബാധിതരും ഒരേ വിമാനത്തിൽ യാത്രചെയ്യുന്നത്‌ പകർച്ചയ്‌ക്ക്‌ ഇടയാക്കുമെന്ന നിലപാട്‌ തികച്ചും ശാസ്‌ത്രീയമാണ്‌. വിദേശരാജ്യങ്ങളുമായി ചർച്ച ചെയ്‌‌ത്‌  പരിശോധനാസംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിനേ കഴിയൂ.

കോവിഡ്‌ ബാധിച്ച്‌ വിദേശത്ത്‌ മരിച്ച മലയാളികളുടെ ചിത്രങ്ങൾ ചേർത്ത ഒന്നാം പേജുമായി കേരളത്തിൽമാത്രം ഇറങ്ങിയ പത്രം ഒരേസമയം പല ലക്ഷ്യങ്ങളോടെ തയ്യാറാക്കിയതാണെന്ന്‌ വ്യക്തം. മടങ്ങിവരുന്ന പ്രവാസികൾ കോവിഡ്‌ പരിശോധന നടത്തണമെന്ന ഉത്തരവിന്റെ പേരുപറഞ്ഞ്‌ പ്രവാസികളെയും കുടുംബാംഗങ്ങളെയും പിണറായി സർക്കാരിനെതിരെ തിരിച്ചുവിടാമെന്ന്‌ അവർ വ്യാമോഹിക്കുന്നു. കോവിഡ്‌‌ പ്രതിരോധത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ പ്രതിപക്ഷത്തെയും രാഷ്‌ട്രീയ ലക്ഷ്യങ്ങളുള്ള ചില സംഘടനകളെയും മാധ്യമ ഉടമകളെയും കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്‌. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ സർക്കാരിനെതിരെ സൃഷ്‌ടിച്ച വിവാദങ്ങളെല്ലാം പൊളിയുകയായിരുന്നല്ലോ. വിദേശ ‌രാജ്യങ്ങളിൽ മലയാളികൾ ചികിത്സ കിട്ടാതെ മരിക്കുകയാണെന്നാണ്‌ നേരത്തേ പറഞ്ഞ ഒന്നാം പേജ്‌ വാർത്ത. എന്നാൽ, വിദേശത്ത്‌ മലയാളികളാരും ചികിൽസ കിട്ടാതെ മരിച്ചിട്ടില്ല. കഠിനമായ രോഗം ബാധിച്ച ചിലരെ രക്ഷിക്കാനായില്ലെന്നത്‌‌ സത്യമാണ്‌. മലയാളികൾ ചികിത്സ കിട്ടാതെ മരിക്കുന്നുവെന്ന പരാമർശം പ്രവാസികളെയും അവരെ സംരക്ഷിക്കുന്ന രാജ്യങ്ങളെയും ആക്ഷേപിക്കുന്നതാണ്‌. അതുകൊണ്ടാണ്‌ കുത്തിത്തിരിപ്പിനൊക്കെ ഒരതിരുവേണമെന്ന്‌ മുഖ്യമന്ത്രിക്കുതന്നെ പറയേണ്ടിവന്നത്‌.

പ്രവാസികളുടെയും കുടുംബങ്ങളുടെയും സുരക്ഷയാണ്‌ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്‌. രോഗമില്ലാത്തവരും രോഗബാധിതരും ഒരേ വിമാനത്തിൽ യാത്രചെയ്യുന്നത്‌ പകർച്ചയ്‌ക്ക്‌ ഇടയാക്കുമെന്ന നിലപാട്‌ തികച്ചും ശാസ്‌ത്രീയമാണ്‌. വിദേശരാജ്യങ്ങളുമായി ചർച്ച ചെയ്‌‌ത്‌  പരിശോധനാസംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിനേ കഴിയൂ. തൽക്കാലം പരിശോധന സാധിക്കില്ലെന്ന്‌‌ കേന്ദ്രം അറിയിച്ചതനുസരിച്ചാണ്‌ തിരിച്ചുവരുന്ന  പ്രവാസികൾ പിപിഇ കിറ്റ്‌ ധരിച്ചാൽ മതിയെന്ന്‌ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. ഇതിന്റെ പേരിൽ സർക്കാർ പിറകോട്ടുപോയി എന്ന്‌ പ്രചരിപ്പിക്കാനാണ്‌ മാധ്യമങ്ങളുടെ ശ്രമം. രോഗം പടരുന്നത്‌ തടയാനാണ്‌ പരിശോധന നിർദേശിച്ചത്‌. പരിശോധനയില്ലെങ്കിൽ പിപിഇ കിറ്റെങ്കിലും വേണമെന്നതും ആരോഗ്യവിദഗ്‌ധരുടെ നിർദേശമനുസരിച്ചുള്ള തീരുമാനമാണ്‌.

നാലു മാസത്തിലധികമായി ജീവൻപോലും പണയംവച്ച്‌ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം വിവാദങ്ങളിൽ തകരാനിടയാകരുത്‌. സ്വന്തം കുടുംബത്തെപ്പോലും മറന്ന്‌ കടുത്ത മാനസികസംഘർഷം അനുഭവിച്ചാണ്‌ അവർ ജോലി ചെയ്യുന്നത്‌.  ചെറിയ നോട്ടപ്പിശകുകൾ ഏത്‌ പ്രവർത്തനത്തിലും വന്നേക്കാം. അവയെല്ലാം പർവതീകരിച്ച്‌ ആരോഗ്യപ്രവർത്തകരെയും സംവിധാനങ്ങളെയും തളർത്തിയാൽ കേരളം വലിയ വില നൽകേണ്ടിവരും. മലയാളികളുടെ ജീവൻവച്ച്‌ ആരും വിലപേശരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top