27 April Saturday

വിരൽ ആചാര്യയുടെ രാജി നൽകുന്ന സൂചനകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019


കാലാവധി അവസാനിക്കാൻ ആറുമാസംകുടി ശേഷിക്കേ റിസർവ‌്ബാങ്ക‌് ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ രാജിവച്ചൊഴിയുന്നത‌് മോഡി സർക്കാരിന്റെ  സാമ്പത്തിക–-ധന നയത്തെ തുറന്നെതിർത്തുകൊണ്ടാണെന്നത‌് വളരെ  ശ്രദ്ധേയമാണ‌്. റിസർവ‌്ബാങ്കിന്റെ സ്വയംഭരണത്തിനുവേണ്ടി  ശക്തമായി നിലകൊള്ളുകയും പണ–-സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി കടുത്ത ഭിന്നത രേഖപ്പെടുത്തുകയും ചെയ‌്തിട്ടുള്ള വിരൽ ആചാര്യയുടെ രാജി തിങ്കളാഴ‌്ചയാണ‌് റിസർവ‌്ബാങ്ക‌് അധികൃതർ സ്ഥിരീകരിച്ചത‌്. റിസർവ‌്ബാങ്കിന്റെ കരുതൽധനത്തിൽനിന്ന‌് പണം എടുക്കാനുള്ള മോഡി സർക്കാരിന്റെ നീക്കത്തെ എതിർത്തതാണ‌് പെട്ടെന്നുള്ള രാജിക്ക‌് കാരണമെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട‌്.  നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ധനക്കമ്മി കുറച്ചുനിർത്താനും റിസർവ‌്ബാങ്കിന്റെ പക്കലുള്ള അധിക മൂലധനം സർക്കാരിന്റെ ട്രഷറിയിലേക്ക‌് മാറ്റാൻ ആവശ്യപ്പെട്ടതിനെ ആചാര്യ ശക്തിയായി എതിർത്തു. ഇക്കാര്യം ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ സംഘപരിവാർ അനുകൂലികളായ ഡയറക്ടർമാർ അദ്ദേഹത്തെ നിശിതമായി വിമർശിച്ചുവെന്നും ഇതിൽ പ്രതിഷേധിച്ചാണ‌് രാജിയെന്നും  റിപ്പോർട്ടുകളുണ്ട‌്.

റിസർവ‌്ബാങ്കിന്റെ സ്വയം ഭരണത്തിനുവേണ്ടി വാദിച്ച പട്ടേലിന്റെ നിലപാടുകൾ പലതും പുറത്തറിഞ്ഞത‌് ആചാര്യയിലൂടെയായിരുന്നു. സർക്കാരിന്റെ പണ–-ധന നയങ്ങളോടുള്ള വിയോജിപ്പുകൾ പരസ്യമാക്കുന്നതിൽ ആചാര്യ ഒട്ടും മടികാണിച്ചില്ല. ഇപ്പോൾ ആചാര്യയും പടിയിറങ്ങുമ്പോൾ, കോർപറേറ്റുകൾക്കുവേണ്ടി മാത്രമുള്ള സാമ്പത്തികനയത്തെ എതിർക്കുന്ന ആർക്കും ഒരിടത്തും തുടരാനാകില്ലെന്ന‌് വെളിപ്പെടുന്നു

റിസർവ‌്ബാങ്കിന്റെ അധികധനം സർക്കാരിന‌് കൈമാറുന്നതുമായി ബന്ധപ്പെട്ട‌് നേരത്തെയും ബാങ്കും കേന്ദ്ര സർക്കാരും തമ്മിൽ ഇടഞ്ഞിരുന്നു.  ഈ ഏറ്റുമുട്ടലിനെ  തുടർന്നാണ‌്  അന്നത്തെ ഗവർണർ ഉർജിത‌് പട്ടേൽ 2018 ഡിസംബറിൽ രാജിവച്ചത‌്. അന്ന‌് ഉർജിത‌് പട്ടേലിനൊപ്പംനിന്ന വിരൽ ആചാര്യയും ഇപ്പോൾ രാജിവച്ചിരിക്കുന്നു. റിസർവ‌്ബാങ്കിന്റെ സ്വയം ഭരണത്തിനുവേണ്ടി വാദിച്ച പട്ടേലിന്റെ നിലപാടുകൾ പലതും പുറത്തറിഞ്ഞത‌് ആചാര്യയിലൂടെയായിരുന്നു. സർക്കാരിന്റെ പണ–-ധന നയങ്ങളോടുള്ള വിയോജിപ്പുകൾ പരസ്യമാക്കുന്നതിൽ ആചാര്യ ഒട്ടും മടികാണിച്ചില്ല. ഇപ്പോൾ ആചാര്യയും പടിയിറങ്ങുമ്പോൾ, കോർപറേറ്റുകൾക്കുവേണ്ടി മാത്രമുള്ള സാമ്പത്തികനയത്തെ എതിർക്കുന്ന ആർക്കും ഒരിടത്തും തുടരാനാകില്ലെന്ന‌് വെളിപ്പെടുന്നു. അവരെത്ര വിദഗ‌്ധരായാലും കാര്യമില്ല. ന്യൂയോർക്ക‌് സർവകലാശാലയിലെ സ‌്റ്റേൺ സ‌്കൂൾ ഓഫ‌് ബിസിനസിൽ സാമ്പത്തികശാസ‌്ത്രം അധ്യാപകനായിരുന്നു 2017 ജനുവരിയിൽ ആർബിഐയിൽ ഡെപ്യൂട്ടി ഗവർണറായി നിയമിതനായ ആചാര്യ . ഉർജിത‌് പട്ടേലിനു മുന്നേ ഗവർണറായിരുന്ന രഘുറാം രാജനും കാലാവധി തീരുംമുമ്പേ സ്ഥാനമൊഴിയുകയായിരുന്നുവെന്ന‌് ഇവിടെ ഓർക്കേണ്ടതുണ്ട‌്.  രാജ്യത്തിന്റെ സമ്പദ‌്‌വ്യവസ്ഥയെ തകർക്കുന്ന നോട്ടുനിരോധത്തെ രഘുറാം രാജൻ എതിർത്തിരുന്നു. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ നാടിന്റെ സാമ്പത്തിക മേഖലയിലാകെ അപകടത്തിന്റെ കൂട്ടമണി മുഴങ്ങുന്നുവെന്നാണ‌് റിസർവ‌്ബാങ്കിൽനിന്ന‌് പുറത്തുവരുന്ന സൂചനകൾ.

റിസർവ‌്ബാങ്കിന്റെ സ്വയംഭരണത്തിനു പുറമെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം, സാമ്പത്തികവളർച്ച, പണപ്പെരുപ്പം അഥവാ വിലക്കയറ്റം, ധനക്കമ്മി നിയന്ത്രണം എന്നീ കാര്യങ്ങളിലെല്ലാം സർക്കാരിന്റെ നിലപാടുകളോട‌്  ആചാര്യ വിയോജിച്ചിരുന്നു. തുടർച്ചയായി പലിശനിരക്ക‌് കുറയ‌്ക്കൻ ആർബിഐ ഗവർണർ ശശികാന്ത‌് ദാസ‌് സ്വീകരിച്ച നിലപാടിനെ ഫെബ്രുവരിയിലേയും  ഏപ്രിലിലേയും പണനയസമിതി യോഗത്തിൽ ആചാര്യ എതിർത്തു. പലിശനിരക്കുകൾ കുറയ്‌ക്കുന്നത‌് പണപ്പെരുപ്പം വർധിക്കാനിടയാക്കുമെന്ന‌് പണനയ സമിതിയിലെ പ്രധാനിയായിരുന്ന ആചാര്യ വാദിച്ചു. ഗവർണറുമായുള്ള വിയോജിപ്പുകളും രാജിയിലേക്ക‌് നയിച്ചു.  വൻകിട കോർപറേറ്റുകൾ എടുത്ത വായ‌്പകൾ തിരിച്ചടയ‌്ക്കാതെ കിട്ടാക്കടത്തിലൂടെ പ്രതിസന്ധിയിലായ ബാങ്കുകൾക്ക‌്  മൂലധനമായി റിസർവ‌് ബാങ്കിൽനിന്നും  മറ്റു ബാങ്കുകളിൽനിന്നും പണം നൽകുന്നതിനോടും അദ്ദേഹം വിയോജിച്ചിരുന്നു.  കോർപറേറ്റുകൾ അപഹരിച്ച പണം ജനങ്ങളിൽനിന്ന‌് ഈടാക്കുന്നതിന‌് തുല്യമാണിത‌്.  രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സ്വീകരിക്കുന്ന നിലപാടുകൾ അംഗീകരിക്കപ്പെടാതെ വരികയും സംഘപരിവാർ അനുകൂലികളായ ഡയറക‌്ടർമാരുടെ നിലപാടുകൾ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ‌് ആചാര്യ പടിയിറങ്ങാൻ തീരുമാനിച്ചതെന്ന‌് കരുതാം.

മോഡി സർക്കാർ റിസർവ‌്ബാങ്കിന്റെ സ്വയംഭരണം തകർക്കാൻ നിരന്തരം ശ്രമിക്കുന്നുവെന്ന ആരോപണം ശക‌്തിപ്പെടുത്തുന്നതാണ‌് പുതിയ സംഭവ വികാസങ്ങളത്രയും. ഉർജിത‌് പട്ടേൽ ഗവർണറായിരിക്കെ പാർലമെന്ററി സമിതി മുമ്പാകെ അദ്ദേഹം ഈ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. സ്വയംഭരണം കാക്കേണ്ടതിന്റെ അനിവാര്യത, പണനയം തീരുമാനിക്കുന്നതിനുള്ള റിസർവ‌്ബാങ്കിന്റെ പ്രത്യേകാധികാരം, വർധിച്ചുവരുന്ന കിട്ടാക്കടം എന്നിവയാണ‌് വീരപ്പമൊയ‌്‌ലി അധ്യക്ഷനായ സമിതി മുമ്പാകെ പട്ടേൽ ചൂണ്ടിക്കാണിച്ചിരുന്നത‌്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന‌്  കോടിക്കണക്കിന‌് രൂപ വായ‌്പയെടുത്ത‌് തിരിച്ചടയ‌്ക്കാതെ കിട്ടാക്കടമാക്കിയ വമ്പൻമാരെക്കുറിച്ച‌് രഘുറാം രാജൻ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചിരുന്ന കാര്യവും ഇതോടൊപ്പം കൂട്ടിവായിക്കണം. ഈ വമ്പൻമാരുടെ പേര‌് വെളിപ്പെടുത്താനോ നടപടിയെടുക്കാനോ പ്രധാനമന്ത്രി ചെറുവിരൽപോലും അനക്കിയില്ല. കോർപറേറ്റ‌് കൊള്ളയ‌്ക്ക‌് കൂട്ടുനിൽക്കുന്ന മോഡി സർക്കാരിന‌് അരുനിന്നുകൊള്ളണമെന്നാണ‌് മോഡിഭരണം ഇവർക്കെല്ലം നൽകിയ സൂചനകൾ. അല്ലാത്തവർക്കെല്ലാം പുറത്തുപോകാം.  അപ്പോൾ, ആചാര്യയുടെ രാജിയിൽ വെളിപ്പെടുന്നത‌് മോഡി ഭരണത്തിൽ വരാൻപോകുന്ന വലിയ ആപത്തുകളുടെ സൂചനയാണ‌്. കേവലം പലിശനിരക്ക‌് നിശ‌്ചയിക്കുന്നതിനപ്പുറം രാജ്യത്തെ ബാങ്കിങ‌് വ്യവസ‌്ഥയെ നിയന്ത്രിക്കുന്നതിലും നിരീക്ഷിക്കുന്നതിനും റിസർവ‌്ബാങ്കിന‌് വലിയൊരു ചുമതലയുണ്ട‌്. അത‌് മോഡി സർക്കാർ അനുവദിക്കില്ലെന്ന‌് ചുരുക്കം.  വിരൽ ആചാര്യയുടെ രാജിയിൽനിന്ന‌് രാജ്യം വായിച്ചെടുക്കേണ്ടത‌് അതാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top