29 March Friday

നവകേരളത്തിന്റെ നാന്ദി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2016


അഭിമാനത്തിന്റെ ഉത്തുംഗശൃംഗത്തിലാണ് കേരളം. അപമാനത്തിന്റെ പാതാളഗര്‍ത്തത്തില്‍നിന്നാണ് കേരളത്തിന്റെ ഈ ആരോഹണം. കേരളം ലോകത്തിനുമുന്നില്‍ ശിരസ്സുതാഴ്ത്തിനില്‍ക്കാന്‍ കാരണമായ ജനവിരുദ്ധവാഴ്ചയ്ക്ക് അന്ത്യംകുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയത് നിറഞ്ഞ മനസ്സോടെയാണ് കേരളം കണ്ടത്. സത്യപ്രതിജ്ഞ നടന്ന തിരുവനന്തപുരം നഗരത്തിലും കേരളമെമ്പാടും ലക്ഷക്കണക്കിന് ജനങ്ങള്‍ അത്യാവേശത്തോടെയാണ് പുതിയ സര്‍ക്കാരിനെ വരവേറ്റത്.

സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ നടത്തിയ ഉജ്വല പോരാട്ടങ്ങളുടെ മഹത്തായ പാരമ്പര്യം കേരളം ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന അഭിമാനം ചെറുതല്ല. ഏകാധിപത്യത്തിനും ജനവിരുദ്ധതയ്ക്കും അധാര്‍മികതയ്ക്കും അഴിമതിക്കുമെതിരെ പോരാടാനും നാടിനെ പ്രതിലോമദിശയിലേക്ക് നയിക്കുന്ന ശക്തികളെ കുടഞ്ഞെറിയാനുമുള്ള കേരളത്തിന്റെ രാഷ്ട്രീയക്കരുത്തിന്റെ വിളംബരംകൂടിയാണ് പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍. അനിവാര്യമായ അരുണോദയത്തെ തടഞ്ഞുനിര്‍ത്താന്‍ എത്ര കടുത്ത തമസ്സിനും കഴിയില്ലെന്ന പ്രഖ്യാപനമാണിത്.

1957 മുതലുള്ള കമ്യൂണിസ്റ്റ്–ഇടതുപക്ഷ സര്‍ക്കാരുകളാണ് ആധുനികകേരളത്തെ രൂപകല്‍പ്പന ചെയ്തത്. ഇടതുപക്ഷ സര്‍ക്കാരുകളുടെ ഇച്ഛാശക്തിയുടെയും ഭാവനയുടെയും ഉല്‍പ്പന്നങ്ങളായ ഈ മുന്നോട്ടുപോക്കിനെ തടഞ്ഞുനിര്‍ത്താനും നാടിനെ പിന്നിലേക്ക് നയിക്കാനും ഇടയ്ക്കിടയ്ക്ക് വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ അധികാരത്തിലേറിയതാണ് കേരളരാഷ്ട്രീയത്തില്‍ നിലനിന്ന ഒരു വൈപരീത്യം. 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വളരെ കുറച്ചുമാത്രം വോട്ടുകള്‍ക്ക് ഇടതുസര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച കൈവിട്ടുപോയത് ഏറെ ദുഃഖത്തോടെയാണ് കേരളം നേരിട്ടത്. ആ തെറ്റ് തിരുത്തി വര്‍ധിച്ച ജനപിന്തുണയോടെ ഒരു പുതിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റിരിക്കയാണ്.

ഒരുവശത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യമുന്നണിയും മറുവശത്ത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വര്‍ഗീയ ഫാസിസ്റ്റ് മുന്നണിയുമാണ് എല്‍ഡിഎഫിനെ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. നേര്‍ക്കുനേര്‍ എല്‍ഡിഎഫിനെ എതിര്‍ക്കാന്‍ കഴിവില്ലാത്ത ആ മുന്നണികള്‍ പലയിടത്തും കൈകോര്‍ത്ത് ഇടതുപക്ഷ വിജയത്തെ തടയാന്‍ ശ്രമിച്ചു. എന്നാല്‍, മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ധാര്‍മികതയുടെയും മൂല്യങ്ങള്‍ സമൂഹത്തിലും ഭരണതലത്തിലും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍ കേരളത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനായി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്നില്‍ ശക്തമായി അണിനിരന്നു. അതാണ് എല്‍ഡിഎഫിന്റെ ഉജ്വലവിജയത്തിനുപിന്നിലെ ശക്തി. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. ഒരു വര്‍ഗീയശക്തിയെയും എല്‍ഡിഎഫ് പ്രീണിപ്പിച്ചില്ല. നാടിന്റെയും ജനങ്ങളുടെയും നിലനില്‍പ്പിന് വിഘാതമാകുന്ന എല്ലാത്തരം ശിഥിലീകരണചിന്തകളോടും അകലെ എന്ന് ഉറക്കെ കല്‍പ്പിച്ചാണ് കേരളസമൂഹത്തിന്റെ പിന്തുണ എല്‍ഡിഎഫ് തേടിയത്. ജനങ്ങള്‍ കാലഘട്ടത്തിന്റെ വിളി കേട്ടുണരുകയും തികഞ്ഞ രാഷ്ട്രീയബോധത്തോടെ പ്രതികരിക്കുകയുംചെയ്തു.
അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം തകര്‍ത്തിട്ട കേരളത്തെയാണ് പുതിയ എല്‍ഡിഎഫ് സര്‍ക്കാരിന് നേരിടേണ്ടത്. മുന്നില്‍ വെല്ലുവിളികളുടെ നീണ്ടനിരതന്നെയുണ്ട്. തകര്‍ന്നുപോയ സമ്പദ്വ്യവസ്ഥയും കാര്‍ഷിക–വ്യാവസായികമേഖലകളും ഉണര്‍ത്തിയെടുക്കേണ്ടതുണ്ട്. നികുതിപിരിവില്‍ വന്‍ചോര്‍ച്ചയാണുണ്ടായിരിക്കുന്നത്. അഴിമതിയിലൂടെ പൊതുപണം സ്വകാര്യവ്യക്തികളുടെ പോക്കറ്റിലെത്തി. പൊതു ഉടമസ്ഥതയിലായിരുന്ന ഭൂമിയും പ്രകൃതിവിഭവങ്ങളും ചുളുവില്‍ കൈമാറ്റംചെയ്ത് സ്വകാര്യവ്യക്തികളുടെ സാമ്പത്തികശേഷി വര്‍ധിപ്പിച്ചപ്പോള്‍ കേരളത്തിന്റെ പൊതുപണമാണ് ചോര്‍ന്നത്.

കേരളത്തില്‍ സമ്പത്തിന്റെ വികേന്ദ്രീകരണത്തിന് കാരണമായ വിപ്ളവകരമായ ഭൂപരിഷ്കരണനടപടികളെ ദുര്‍ബലമാക്കി പഴയ ഭൂമികേന്ദ്രീകരണത്തിലേക്ക് നാടിനെ നയിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. പഴയ നാടുവാഴി പ്രഭുക്കളുടെ സ്ഥാനത്ത് പുതിയ റിയല്‍ എസ്റ്റേറ്റ് പ്രഭുക്കളെ അവരോധിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. കയര്‍, കശുവണ്ടി, കൈത്തറി മേഖലകളെ നശിപ്പിച്ച് ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതമാര്‍ഗം മുടക്കി. റബര്‍, നാളികേര കര്‍ഷകര്‍ വമ്പിച്ച സാമ്പത്തിക–ജീവിതത്തകര്‍ച്ചയെയാണ് നേരിടുന്നത്. ഉല്‍പ്പാദനമേഖല നാമാവശേഷമായി. പൊതുസേവന മേഖലകളെ ദുര്‍ബലമാക്കി. ഇങ്ങനെ നാനാമേഖലകളിലും തകര്‍ച്ചയുടെയും ദുരിതത്തിന്റെയും ചിത്രങ്ങളാണ്. ഇവയെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ മാറ്റിയെടുത്ത് അഴിമതിമുക്ത വികസിത കേരളം യാഥാര്‍ഥ്യമാക്കുകയെന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിതലക്ഷ്യമാണ്.
കക്ഷിരാഷ്ട്രീയത്തിനും ജാതിമതവ്യത്യാസങ്ങള്‍ക്കും അതീതമായി എല്ലാ പൌരജനങ്ങളുടെയും സര്‍ക്കാരാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഈ സര്‍ക്കാരിന്റെ മുഖവാചകമാണ്. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയമത്സരം കഴിഞ്ഞു. ഇനി നാടിന്റെ പുരോഗതിക്കും സമാധാനപൂര്‍ണവും ക്ഷേമസമ്പൂര്‍ണവുമായ നിലനില്‍പ്പിനുംവേണ്ടി എല്ലാ ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണം. പുതിയ പദ്ധതികള്‍ ഏറ്റെടുക്കണം. താറുമാറായ ക്ഷേമസംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണം. കേരളത്തിന്റെ അഭിമാനമായിരുന്ന മികച്ച പൊതുവിതരണസംവിധാനത്തെ വീണ്ടെടുക്കണം. അഴിമതിയുടെ കറ പൂര്‍ണമായും കഴുകിക്കളഞ്ഞ് കേരളത്തിന്റെ അന്തസ്സ് വീണ്ടെടുക്കണം. സ്ത്രീകള്‍ക്ക് അന്തസ്സോടും ആത്മാഭിമാനത്തോടുംകൂടി സഞ്ചരിക്കാനും ജീവിക്കാനും കഴിയുന്ന നാട് തന്നെയാകണം കേരളം. അതിനുള്ള ഉറച്ച ചുവടുവയ്പ്പുകള്‍ ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

മികച്ച രാഷ്ട്രീയനേതൃത്വമാണ് കേരളത്തിന്റെ ഭരണം നയിക്കുന്നത്. പുതിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നുതന്നെ കരുതാം. കേന്ദ്ര സര്‍ക്കാരിന്റെ സഹായവും പിന്തുണയും സംസ്ഥാനങ്ങളുടെ നിലനില്‍പ്പിനും മുന്നോട്ടുപോക്കിനും അനിവാര്യമാണ്. നല്ല കേന്ദ്ര–സംസ്ഥാന ബന്ധമാണ് കേരളം ആഗ്രഹിക്കുന്നത്. അതനുസരിച്ചുള്ള നല്ല ഫലങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാം. പരിമിതികള്‍ ജനങ്ങളോട് തുറന്നുപറഞ്ഞും കഴിവിന്റെ പരമാവധി ജനസേവനം നടത്തിയും കേരളത്തിന്റെ പൊതുജീവിതത്തെ കൂടുതല്‍ ദീപ്തമാക്കാന്‍ പുതിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് കഴിയുമെന്ന് പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top