01 December Friday

ചോദ്യങ്ങള്‍കൊണ്ട് അസംബന്ധ നാടകം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 26, 2016

ചോദ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള മത്സരത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ക്കുനേരെ ഉയരുന്ന ഒരു ചോദ്യത്തിനും മറുപടി പറയാതെ, സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശങ്ങളില്‍ തൊടാതെ, പ്രകടനപത്രികയെക്കുറിച്ച് ഉരിയാടാതെ, തെരഞ്ഞെടുപ്പിനുമുന്നിലുള്ള പ്രസക്തമായ വിഷയങ്ങളെ സ്പര്‍ശിക്കാതെ ചോദ്യോല്‍പ്പാദനം നടത്തി നിര്‍വൃതികൊള്ളുന്നതിന്റെ രസതന്ത്രം ലളിതമാണ്–ജനങ്ങള്‍ യുഡിഎഫിന്റെ അഴിമതി ചര്‍ച്ചചെയ്യരുത്; ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കൊള്ളരുതായ്മകളിലേക്ക് സ്വാഭാവികമായി എത്തുന്ന ചര്‍ച്ചകള്‍ക്ക് തടയിടണം. സര്‍ക്കാരിനൊപ്പംനില്‍ക്കുന്ന ചില മാധ്യമങ്ങളുടെയും പബ്ളിക് റിലേഷന്‍സ് കമ്പനികളുടെയും സഹായത്തോടെ തെരഞ്ഞെടുപ്പു പ്രചാരണത്തെ വഴിതിരിച്ചുവിട്ട് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ് ഈ ചോദ്യോല്‍പ്പാദനം. 

സോളാര്‍, ബാര്‍കോഴ, ടൈറ്റാനിയം, പാമൊലിന്‍, റേഷന്‍ മൊത്തവ്യാപാര ഡിപ്പോ കോഴ, പാറ്റൂര്‍–കടകംപള്ളി–കളമശേരി ഭൂമി തട്ടിപ്പുകള്‍, ബേക്കറിയുടമകളും മില്ലുടമകളും സ്വര്‍ണവ്യാപാരികളും നികുതി ഒഴിവാക്കാന്‍ കോഴനല്‍കിയത്, ചിന്നക്കനാല്‍ റിസോര്‍ട്ട് അഴിമതി, കണ്‍സ്യൂമര്‍ഫെഡ് അഴിമതി, സിവില്‍ സപ്ളൈസ് അഴിമതി, വിദ്യാഭ്യാസവകുപ്പിലെ ഭൂമിദാനമുള്‍പ്പെടെയുള്ള അഴിമതികള്‍, പ്ളസ്ടു സ്കൂളുകളും അധികബാച്ചുകളും അനുവദിച്ചതിലെ അഴിമതി, സ്വര്‍ണ കള്ളക്കടത്ത് കേസിലെ ഉന്നതബന്ധം, വ്യാജ നേഴ്സിങ് റിക്രൂട്ട്മെന്റ്, പൊതുമരാമത്ത് വകുപ്പ്  മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ കോഴഇടപാട് നടന്നതായി നിയമസഭയില്‍ ഉയര്‍ന്ന ആരോപണം, ദേശീയ ഗെയിംസ് അഴിമതി, കെഎംഎംഎല്‍ സ്പോഞ്ച് യൂണിറ്റിലെ നിയമനത്തില്‍ നടന്ന കോടികളുടെ അഴിമതി, ഹോര്‍ട്ടികോര്‍പ്പ് അഴിമതി, ആരോഗ്യവകുപ്പിലെ അഴിമതി, 2004 മുതല്‍ 2006 വരെ അടൂര്‍ പ്രകാശ് ഭക്ഷ്യമന്ത്രിയായിരുന്ന കാലയളവില്‍ റേഷന്‍ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ മന്ത്രി വിചാരണ നേരിടണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ, കാക്കനാട്ട് സ്മാര്‍ട്ട് സിറ്റിക്ക് സമീപത്തെ ഭൂമി സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞനിരക്കില്‍ രജിസ്റ്റര്‍ചെയ്ത് 1.32 കോടിയുടെ നഷ്ടമുണ്ടാക്കിയ കേസ്– ഇങ്ങനെ എണ്ണിപ്പറയാന്‍ പ്രയാസകരമായ പട്ടിക കേരളത്തിലെ ജനങ്ങള്‍ക്കുമുന്നിലുണ്ട്. ചിലത് കോടതിയിലാണ്, ചിലത് അന്വേഷണത്തിലാണ്, മറ്റുചിലത് സര്‍ക്കാരിന്റെ അവിഹിത ഇടപെടലുകളുടെ ഫലമായി മരവിച്ചുകിടക്കുകയാണ്.

സംസ്ഥാനത്ത് സര്‍വത്ര അഴിമതിയാണെന്നും വിദ്യാഭ്യാസ, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകളില്‍ അഴിമതി നടക്കുന്നുണ്ടെന്നും എന്തുകാര്യം നടക്കണമെങ്കിലും കൈക്കൂലി കൊടുക്കണമെന്നും പറഞ്ഞത് കോണ്‍ഗ്രസിന്റെ സമുന്നതനേതാവ് എ കെ ആന്റണിയാണ്. ഉമ്മന്‍ചാണ്ടിയും സോളാര്‍ തട്ടിപ്പും തമ്മിലുള്ള ബന്ധമെന്തെന്ന് ജസ്റ്റിസ് ശിവരാജന്‍ കമീഷന്റെ രേഖകളില്‍ തെളിഞ്ഞുകിടപ്പുണ്ട്. കെ ബാബു, അടൂര്‍ പ്രകാശ് എന്നിവരുള്‍പ്പെടെയുള്ള അഞ്ചുപേരെ സ്ഥാനാര്‍ഥി ആക്കരുതെന്നാവശ്യപ്പെട്ടത് വി എം സുധീരനാണ്. അവര്‍ കളങ്കിതരായത് അഴിമതി നടത്തിയതുകൊണ്ടാണ്. ആ കളങ്കിതരില്‍ ഒരാളൊഴികെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിക്കുകയാണ്. വിവിധ കേസുകളില്‍ വിജിലന്‍സ് കോടതിമുതല്‍ ഹൈക്കോടതിവരെ നടത്തിയ പരാമര്‍ശങ്ങള്‍ സമാഹരിച്ചാല്‍, നീതിപീഠത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങളേറ്റുവാങ്ങിയതിന്റെ റെക്കോഡും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സ്വന്തമാകും.

രാഷ്ട്രീയകാര്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍, സംസ്ഥാനത്ത് രൂപപ്പെട്ട വിചിത്രമായ വലതുപക്ഷ സഖ്യത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാകുക. ഉമ്മന്‍ചാണ്ടിയും സുധീരനുമടക്കമുള്ള ഒരു കോണ്‍ഗ്രസ് നേതാവില്‍നിന്നും സംഘപരിവാറിനെതിരായ ചെറുവിമര്‍ശംപോലും കേള്‍ക്കാനില്ല. സംഘപരിവാര്‍ നേതൃത്വം ഉമ്മന്‍ചാണ്ടിക്കെതിരെയും ശബ്ദിക്കുന്നില്ല. ആര്‍എസ്എസ് പൊലീസിനെ പോലും നിയന്ത്രിക്കുന്നു. ചില മണ്ഡലങ്ങള്‍ തെരഞ്ഞെടുത്ത് വോട്ട് കച്ചവടം നടത്താനുള്ള അജന്‍ഡ തയ്യാറാക്കിയതായി നിരവധി വാര്‍ത്തകള്‍ വന്നിട്ടും നേതൃത്വത്തിന്റെ വിശദീകരണം ഉണ്ടായില്ല. സ്വന്തം മുഖം വികൃതമാണെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും തിരിച്ചറിയുന്നുണ്ട്. തുടരെത്തുടരെവന്ന അഭിപ്രായസര്‍വേകളിലൂടെ, വരാനിരിക്കുന്ന പരാജയം കനത്തതാകുമെന്ന് അവര്‍ മനസ്സിലാക്കുന്നു. അതിലുള്ള പരിഭ്രമമാണ് പരിഹാസ്യമായ നടപടികളിലേക്ക് അവരെ നയിക്കുന്നത്. അതിന്റെ ഭാഗമായാണ്, ജനശ്രദ്ധ തിരിച്ചുവിടാനുള്ള ചോദ്യങ്ങള്‍ എല്ലാ ദിവസവും തൊടുത്തുവിടുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പുചര്‍ച്ചകള്‍ ഈ ചോദ്യങ്ങളില്‍ ഒതുങ്ങി യുഡിഎഫ് വരച്ച വരയില്‍ നില്‍ക്കണം എന്ന വ്യാമോഹമാണിതിനുപിന്നില്‍. സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ വെല്ലുവിളിക്കുമുന്നില്‍നിന്ന്  ലജ്ജാകരമായ ഒളിച്ചോട്ടം നടത്തിയ ഉമ്മന്‍ചാണ്ടിയുടെയും അഴിമതിഭരണത്തിന്റെ സംരക്ഷകനായ വി എം സുധീരന്റെയും പങ്കാളിയായ രമേശ് ചെന്നിത്തലയുടെയും ഈ അപഹാസ്യമായ അസംബന്ധനാടകം കേരളരാഷ്ട്രീയത്തെയും തെരഞ്ഞെടുപ്പിന്റെ ജനാധിപത്യപരമായ ചര്‍ച്ചകളെയും മലീമസമാക്കുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top