23 April Tuesday

രാജ്യതലസ്ഥാനത്തും കേരളവിരുദ്ധ സമരം

വെബ് ഡെസ്‌ക്‌Updated: Saturday Mar 26, 2022


കേരളത്തിന്റെ സർവതോന്മുഖമായ കുതിപ്പിന്‌ ഊർജംനൽകുന്ന സിൽവർ ലൈൻ പദ്ധതിക്ക്‌ കേന്ദ്രാനുമതി ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പങ്കുവച്ചത്‌. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ദ്രോഹിച്ച്‌ പദ്ധതി നടപ്പാക്കില്ലെന്നും ആരും കിടപ്പാടമില്ലാത്തവരായി മാറില്ലെന്നും വീടും ജീവിതോപാധിയും ഉറപ്പാക്കുമെന്നും പിണറായി വ്യക്തമാക്കി. ജനക്ഷേമ പദ്ധതികളാണ്‌ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത്‌ തുടർഭരണത്തിന്‌ വഴിയൊരുക്കിയതെന്ന്‌ മനസ്സിലാക്കി നിഷേധാത്മക രാഷ്ട്രീയം പയറ്റി  തടസ്സമുണ്ടാക്കുകയാണ്‌ പ്രതിപക്ഷം. ഗെയിലും ദേശീയപാതാ വികസനവും അട്ടിമറിക്കാൻ കഴിയുംവിധം  ശ്രമിച്ചു. തീവ്രവാദ ശക്തികളുമായും പരിസ്ഥിതി മൗലികവാദികളുമായിപ്പോലും കൈകോർത്ത്‌ സമരപരമ്പരകൾ അഴിച്ചുവിട്ടു. സിൽവർ ലൈന്‌ തുരങ്കംവയ്‌ക്കാൻ ‘വിശാല ഇടതുപക്ഷ വിരുദ്ധ മുന്നണി’ പ്രാദേശികമായി അക്രമസമരങ്ങൾക്ക്‌ തീകൊളുത്തുന്നു. ജനപിന്തുണ ഇല്ലെങ്കിലും ചില മാധ്യമങ്ങൾ എണ്ണയൊഴിച്ച്‌ അതിനൊപ്പമുണ്ട്‌.

പിണറായിയുടെ കൂടിക്കാഴ്‌ചയ്‌ക്കുമുമ്പ്‌ സിൽവർലൈൻ പദ്ധതിക്കെതിരായ കള്ളപ്രചാരണങ്ങളുമായി പതിവു ചേരുവകളോടെ രാജ്യതലസ്ഥാനത്ത്‌ അരങ്ങേറിയ യുഡിഎഫ്‌ എംപിമാരുടെ പ്രതിഷേധ നാടകം തീർത്തും പരിഹാസ്യമായി. അതീവ ജാഗ്രതാ മേഖലയായ പാർലമെന്റിലേക്ക്‌ മാർച്ച്‌ ചെയ്‌ത അവരെ തടഞ്ഞ അമിത്‌ ഷാ നയിക്കുന്ന ഡൽഹി പൊലീസിന്റെ നടപടിക്ക്‌ പിന്നിൽ എൽഡിഎഫ്‌ സർക്കാരാണെന്ന വിതണ്ഡവാദവും നിരത്തി. ഇന്ത്യയിൽ ബിജെപി, കോൺഗ്രസ്‌ ഭരണം നിലനിൽക്കുന്ന എട്ട്‌ സംസ്ഥാനത്തിൽ ഇത്തരം പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണ്‌. അവിടെയൊന്നും ഒരുവിധ പ്രതിഷേധവുമില്ല, സമരവുമില്ല; കുറ്റി പിഴുതെറിയലുമില്ല. കേരളത്തിൽമാത്രം തടസ്സപ്പെടുത്താനാണ്‌ ജനവിരുദ്ധ ശക്തികളുടെ സംഘടിതശ്രമം. കല്ലിട്ടയുടൻ ഭൂമി ഏറ്റെടുക്കാൻ പോകുന്നില്ല. മതിയായ നഷ്‌ടപരിഹാരം നൽകിയേ അതുണ്ടാകൂ. ജനങ്ങളുമായി പൂർണമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

ഇന്ത്യയെ ശ്വാസംമുട്ടിക്കുന്ന സംഘപരിവാര രാഷ്ട്രീയത്തിനെതിരെ പൊരുതാൻ പോയിട്ട്‌ നാവനക്കാൻപോലും കോൺഗ്രസ്‌ തയ്യാറല്ല. അതുകൊണ്ടാണ്‌ സിപിഐ എം 23–-ാം പാർടി കോൺഗ്രസിനോടനുബന്ധിച്ച്‌ കണ്ണൂരിൽ നടക്കുന്ന വിവിധ സെമിനാറുകളിൽ ശശി തരൂരും കെ വി തോമസും മറ്റും എത്തുന്നത്‌ വിലക്കിയത്‌. ഫെഡറലിസം, കേന്ദ്ര ‐സംസ്ഥാന ബന്ധം, ഭരണഘടനാ മൂല്യങ്ങൾ, മതനിരപേക്ഷത തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകളിൽ ബിജെപിയെയും മോദി ഭരണത്തെയും എതിർക്കേണ്ടിവരും. അതിന്‌ നട്ടെല്ലില്ലെന്നു മാത്രമല്ല, ഹിന്ദുത്വത്തിന്റെ മറ്റൊരു പതിപ്പായി അധഃപതിച്ചിരിക്കുന്നു രാഹുൽ കോൺഗ്രസ്‌. പൗരത്വ ഭേദഗതി നിയമം‐ 2019, ദേശീയ പൗരത്വ രജിസ്‌റ്റർ, ജമ്മു കശ്‌മീരിനെ തച്ചുടയ്‌ക്കൽ, സംസ്ഥാനത്തോടുള്ള തുടർച്ചയായ കേന്ദ്ര അവഗണന, തൊഴിൽ നിയമ ഭേദഗതി, കർഷക പ്രക്ഷോഭം, പശുപൂജയുടെ മറവിലെ  ആൾക്കൂട്ട കൊലപാതകങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിക്കാൻ വീരശൂര പരാക്രമികളായ യുഡിഎഫ്‌ പാർലമെന്റംഗങ്ങളുടെ പൊടിപോലും കണ്ടില്ല. അവയിലെല്ലാം ചെങ്കൊടിത്തണലിലായിരുന്നു ഇരകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങിയത്‌. അതേസമയം അഞ്ച്‌ സംസ്ഥാനത്തിൽ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ മരവിപ്പിച്ച ഇന്ധനവിലയിൽ വൻ വർധന വരുത്തിയ ദിവസം ഇടതുപക്ഷവിരുദ്ധ കോലാഹലവുമായി പ്രച്ഛന്നവേഷം കെട്ടുകയായിരുന്നു യുഡിഎഫ്‌ എംപിമാർ. 

എന്നാൽ, എൽഡിഎഫ്‌ എംപിമാർ കേരളത്തിനുള്ള പദ്ധതികൾ മുടക്കാനല്ല, ഉറപ്പിക്കാനാണ്‌ പൊരുതുന്നത്‌. ഉത്സവകാലങ്ങളിൽ സംസ്ഥാനത്തിന്‌ ആവശ്യമായ അരിയും മറ്റും അനുവദിക്കണമെന്ന മുദ്രാവാക്യം പലവട്ടം ഉയർത്തുകയുണ്ടായി. കൊച്ചി മെട്രോക്ക്‌ അനുമതി ആവശ്യപ്പെട്ട്‌ പാർലമെന്റ്‌ വളപ്പിലെ ഗാന്ധിപ്രതിമയ്‌ക്കു മുന്നിൽ സത്യഗ്രഹം നടത്തുകയും ചെയ്‌തു. എന്നാൽ, സംസ്ഥാനത്തിന്റെ വികസന സ്വപ്നവും അഭിമാന സ്‌തംഭവുമായ സിൽവർ ലൈനിനെതിരെ ഡൽഹിയിൽ വേഷംകെട്ടാനും സമര പ്രഹസനം നടത്താനും യുഡിഎഫ്‌ നേതൃത്വത്തിനേ കഴിയൂ. ഇടതുപക്ഷ ഭരണകാലത്ത്‌ ഒരു വികസനവും വേണ്ടെന്നതാണ് വലതുപക്ഷ നിലപാട്‌. ആ അർഥത്തിൽ ബിജെപിയുമായി ചേർന്നുള്ള സംയുക്ത പ്രക്ഷോഭം അജൻഡയിൽ സ്ഥാനംപിടിച്ചിരിക്കുന്നത്‌ അപകടകരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top